By:
കോഴിക്കോട് : ഇന്ത്യയിലെ അറബ് സാഹിത്യത്തിന്റെ പൈതൃകവും വളര്‍ച്ചയും വ്യക്തമാക്കുന്ന റഫറന്‍സ് ഗ്രന്ഥം പുറത്തിറങ്ങി. ‘അഅ്ലാമുല് മുഅല്ലിഫീന്‍ ബില്‍ അറബിയ്യ ഫില്‍ ബിലാദില്‍ ഹിന്ദിയ്യ’ എന്ന പ്രസ്തുത ഗ്രന്ഥം രചിച്ചത് വയനാട് മുസ്ലിം ഓര്‍ഫനേജ് ആര്‍ട് ആന്റ് സയന്‍സ് കോളേജ് അറബി വിഭാഗം തലവന്‍ ഡോ. ജമാലുദ്ദീന്‍ ഫാറൂഖിയാണ്. ഇന്ത്യയിലെ പൗരാണികരും ആധുനികരുമായ പണ്ഡിതന്മാരുടെ ജീവചരിത്രം, അറബി ഭാഷക്കും സാഹിത്യത്തിനും അവര്‍ നല്കിയ സംഭാവനകള്‍ തുടങ്ങിയവ സവിസ്തരം ഇതില്‍ പ്രതിപാദിക്കുന്നുണ്ട്. അറബ് ഭാഷയിലുള്ള ലോകോത്തര ഗ്രന്ഥങ്ങള്‍ ഇന്ത്യന്‍ പണ്ഡിതന്മാര് നേരത്തെ തന്നെ രചിച്ചതായി കാണാം. തഫ്സീര്‍, ഹദീസ്, ചരിത്രം, കര്‍മശാസ്ത്രം, കവിത തുടങ്ങിയ ശാഖകളിലെല്ലാം നിരവധി അറബി ഗ്രന്ഥങ്ങള്‍ ഇന്ത്യയില്‍ രചിക്കപ്പെട്ടിട്ടുണ്ട്. യു എ ഇയിലെ ദുബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജുമുഅ അല്‍മാജിദ് സാംസ്കാരിക കേന്ദ്രമാണ് ഗ്രന്ഥം പ്രസിദ്ധീകരിച്ചത്.