ഭാര്യയുടെ അവിഹിതടെലിഫോണ്‍ സല്ലാപം: വിവാഹമോചനമാവാമെന്ന് കോടതി

telephone-rouge

കൊച്ചി: ഭര്‍ത്താവ് വിദേശത്തായിരിക്കെ ഭാര്യ കാമുകനുമായി ടെലിഫോണില്‍ക്കൂടി അവിഹിതബന്ധം പുലര്‍ത്തിയതിനാല്‍ വിവാഹമോചനം അനുവദിക്കാമെന്ന് ഹൈക്കോടതി. വിവാഹമോചനം അനുവദിക്കാനാവില്ലെന്നും എന്നാല്‍ നിയമപരമായി അകന്നു ജീവിക്കാമെന്നുമുള്ള തലശ്ശേരി കുടുംബകോടതി വിധിക്കെതിരേ ഭര്‍ത്താവ് നല്‍കിയ അപ്പീലിലാണ് ജസ്റ്റിസുമാരായ ആന്റണി ഡൊമനിക്, പി ഡി രാജന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
2001ല്‍ പ്രണയിച്ച് വിവാഹിതരായ ദമ്പതികള്‍ 2008 മുതല്‍ വേര്‍പിരിഞ്ഞാണു ജീവിക്കുന്നത്.

ഭര്‍ത്താവ്  വര്‍ഷങ്ങളായി സൗദി അറേബ്യയിലാണ്. ഭാര്യ സ്‌കൂള്‍ സഹപാഠിയായ കാമുകനുമായി രാത്രിയില്‍ ദീര്‍ഘനേരം ടെലിഫോണില്‍ സംസാരിക്കുകയും ടെലിഫോണ്‍ ബില്ല് ഉയര്‍ന്നതിനെ തുടര്‍ന്ന് ഭര്‍ത്താവ് വിവരമറിയുകയും ചെയ്തു. തുടര്‍ന്ന് നാട്ടിലെത്തിയ ഭര്‍ത്താവ് വിവാഹമോചനത്തിന് അപേക്ഷ നല്‍കിയെങ്കിലും തലശ്ശേരി കുടുംബ കോടതി അതനുവദിച്ചില്ല. എന്നാല്‍ 2005ലെ ജയചന്ദ്ര-അനില്‍ കൗര്‍ കേസില്‍ സുപ്രിംകോടതി പറഞ്ഞിട്ടുള്ളത് വിവാഹിതര്‍ പങ്കാളി അറിയാതെ മറ്റൊരാളുമായി ബന്ധം പുലര്‍ത്തുന്നത് ക്രൂരതയായി കണക്കാക്കാമെന്നാണ്. കുട്ടികളുണ്ടെന്ന പേരില്‍ ഇത്തരം വേദനകള്‍ സഹിക്കണമെന്നാവശ്യപ്പെടാനാവില്ലെന്നും അതിനാല്‍ വിവാഹമോചനം അനുവദിക്കാമെന്നും കോടതി വ്യക്തമാക്കി.

Related Post