ചോദ്യോത്തരം നിര്‍ബന്ധമായും അറിയേണ്ടത് .

ചോദ്യോത്തരം

ചോദിക്കുന്നവരും ഫത്‌വ കൊടുക്കന്നവരും നിര്‍ബന്ധമായും അറിയേണ്ടത് ?

ചോദ്യോത്തരം നിര്‍ബന്ധമായും അറിയേണ്ടത്

ചോദിക്കുന്നവരും ഫത്‌വ കൊടുക്കന്നവരും 

ചോദ്യം: ഒരാള്‍ ഒരു വിഷയത്തില്‍ അറിവും സൂക്ഷ്മതയുമുള്ള വിശ്വസ്തനായ ഒരു പണ്ഡിതനോട് ഫത്‌വ ചോദിക്കുന്നു. അദ്ദേഹം അതിന് ഫത്‌വ ല്‍കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ ഫത്‌വയുടെ ആധികാരികത ഉറപ്പിക്കുന്നതിനായി ചോദ്യകര്‍ത്താവ് മറ്റൊരു പണ്ഡിതനോട് കൂടി ഫത്‌വ തേടേണ്ടതുണ്ടോ? ഫത്‌വ നല്‍കാന്‍ യോഗ്യതയുള്ളവരായി പരിഗണിക്കപ്പെടുന്നവര്‍ ഒരേ വിഷയത്തില്‍ വ്യത്യസ്തമായ വിധി നല്‍കിയാല്‍ ചോദ്യകര്‍ത്താവ് ഏതാണ് സ്വീകരിക്കേണ്ടത്? തനിക്ക് ഗുണകരമായ ഫത്‌വയാണോ അതല്ല ഏറ്റവും സൂക്ഷ്മമായതാണോ സ്വീകരിക്കേണ്ടത്?

മറുപടി: നിത്യജീനവിതത്തില്‍ കടന്നുവരാറുള്ള വളരെ പ്രധാനപ്പെട്ട ഒരു സംശയമാണ് ചോദ്യകര്‍ത്താവ് ഉന്നയിച്ചിരിക്കുന്നത്. ഒരാള്‍ ഒരു വിഷയത്തില്‍ ഒരു പണ്ഡിതനോട് ഫത്‌വ തേടുന്നു. അദ്ദേഹം അതിന് ഫത്‌വ നല്‍കുകയും ചെയ്യുന്നു. പിന്നെ മറ്റൊരു പണ്ഡിതനോട് ചോദിക്കുമ്പോള്‍ ഒന്നാമത്തെ പണ്ഡിതന്‍ നല്‍കിയ ഫത്‌വയില്‍ നിന്ന് വ്യത്യസ്തമായ മറ്റൊരു ഫത്‌വയാണ് ലഭിക്കുന്നത്.

ചോദ്യകര്‍ത്താവ് പറയുന്ന വിശേഷണങ്ങളുള്ള -അറിവ്, തഖ്‌വ, വിശ്വസ്തത- പണ്ഡിതനാവുകയും അദ്ദേഹത്തിന്റെ ഫത്‌വ ആത്മസംതൃപ്തി നല്‍കുകയും ചെയ്യുന്നുണ്ടെങ്കില്‍ ആ വിഷയത്തില്‍ മറ്റൊരു പണ്ഡിതന്റെ അഭിപ്രായം തേടേണ്ടതില്ല. എന്നാല്‍ അദ്ദേഹത്തിന്റെ മറുപടി കൊണ്ട് തൃപ്തി നല്‍കുന്നില്ലെങ്കില്‍ മറ്റൊരു പണ്ഡിതനോട് ചോദിക്കാവുന്നതാണ്. ഇങ്ങനെ മനസ്സിനെ തൃപ്തപ്പെടുത്തുന്ന ഒരു ഫത്‌വ ലഭിക്കുന്നത് വരെ പണ്ഡിതന്‍മാരെ സമീപിക്കാവുന്നതാണ്.

വൈദ്യശാസ്ത്രവും കര്‍മശാസ്ത്രവും

മുഫ്തിമാര്‍ക്കിടയിലെ അഭിപ്രായാന്തരങ്ങള്‍ ഒരു പ്രശ്‌നം തന്നെയാണ്. പണ്ഡിതന്‍മാര്‍ക്കിടയില്‍ യോജിപ്പുള്ള വിഷയങ്ങളുള്ള പോലെ വിയോജിപ്പുള്ള വിഷയങ്ങളുമുണ്ട്. ഇവിടെ കര്‍മശാസ്ത്രത്തെ ഞാന്‍ വൈദ്യശാസ്ത്രത്തോടാണ് ഉപമിക്കുന്നത്. ഡോക്ടര്‍ രോഗത്തിന് ചികിത്സ നല്‍കുന്നത് പോലെ മുഫ്തി മനസ്സിലുള്ള ആശങ്കകളെയും സംശയങ്ങളെയും തെറ്റിധാരണകളെയും അജ്ഞതയെയുമാണ് ചികിത്സിക്കുന്നത്. രോഗം ബാധിക്കുന്ന മനുഷ്യന്‍ ഡോക്ടറെ സമീപിക്കുന്നു. ചില സന്ദര്‍ഭങ്ങളില്‍ ഡോക്ടര്‍മാരെല്ലാം ഒരേ അഭിപ്രായം പ്രകടിപ്പിക്കുന്നു. മറ്റു ചിലപ്പോള്‍ അവര്‍ ഭിന്നമായ അഭിപ്രായം രേഖപ്പെടുത്തുന്നു. ഡോക്ടര്‍മാര്‍ ഇങ്ങനെ വ്യത്യസ്തമായ അഭിപ്രായം പറയുമ്പോള്‍ രോഗി എന്തു ചെയ്യും? ഏതെങ്കിലും ഒരു അഭിപ്രായത്തിന് അവന്‍ മുന്‍തൂക്കം നല്‍കല്‍ അനിവാര്യമാണ്. വളരെ പ്രസിദ്ധനായ ഡോക്ടറെ സമീപിക്കുന്ന രോഗി ചിലപ്പോള്‍ അദ്ദേഹം പറയുന്നതില്‍ സംതൃപ്തനായി ആ ചികിത്സ സ്വീകരിക്കും. മറ്റുചിലപ്പോള്‍ തന്റെ മനസ്സിന് തൃപ്തിനല്‍കുന്നത് വരെ ഡോക്ടര്‍മാരെ മാറിമാറി സമീപിക്കുകയും ചെയ്യും.

ചിലപ്പോഴെല്ലാം കൂടുതല്‍ ആളുകളുടെ അഭിപ്രായത്തിന് മുന്‍തൂക്കം നല്‍കും. ഒരാള്‍ ഒരഭിപ്രായവും മറ്റ് നാല് പേര്‍ മറ്റൊരു അഭിപ്രായവും പ്രകടിപ്പിച്ചാല്‍ നാല് പേരുടെ അഭിപ്രായത്തിന് മുന്‍തൂക്കം നല്‍കും. ചിലപ്പോള്‍ ഒരാള്‍ സ്വീകരിക്കുന്നത് അയാളെ സംബന്ധിച്ചടത്തോളം ഏറ്റവും വിശ്വാസമുള്ളതായിരിക്കും. താന്‍ തെരെഞ്ഞെടുക്കുന്ന വ്യക്തിയുടെ സൂക്ഷ്മമായ അറിവും ചികിത്സാരംഗത്തെ അനുഭവ സമ്പത്തും അതിന് കാരണമായിരിക്കാം. ഇങ്ങനെ ഒരു ഡോക്ടര്‍ക്ക് മറ്റുള്ളവരേക്കാള്‍ മുന്‍ഗണന നല്‍കുന്നതിന് തങ്ങളുടേതായ മാനദണ്ഡകള്‍ക്ക് ആളുകള്‍ക്കുണ്ടാവും.

കര്‍മശാസ്ത്ര മേഖലയുടെ അവസ്ഥയും ഇതിന് സമാനമാണ്. അതുകൊണ്ടു തന്നെ ഫത്‌വ തേടുന്നവര്‍ അതിനായി ഏറ്റവും നല്ല തെരെഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്. ലഭിക്കുന്ന മറുപടിയില്‍ ആത്മസംതൃപ്തിയും അദ്ദേഹത്തിന്റെ വാക്കുകളില്‍ വിശ്വാസവും ഉണ്ടാവുന്നതിന് അതാവശ്യമാണ്. മറുപടി ഈ തലത്തിലേക്ക് ഉയരുന്നില്ലെങ്കില്‍ അവന്‍ മറ്റൊരാളോട് അതിനെ കുറിച്ച് ചോദിക്കും. മറുപടിയില്‍ മനസ്സിന് തൃപ്തിയും അദ്ദേഹത്തിന്റെ ഫത്‌വയുടെ സാധുതയില്‍ ഉറച്ച ബോധ്യവും വരുന്നത് വരെ അവന്റെ ചോദ്യം തുടരും.

അബൂ ഥഅ്‌ലബഃ അല്‍ഖുശനിയില്‍ നിന്നും ഇമാം അഹ്മദ് നിവേദനം ചെയ്യുന്നു: ഞാന്‍ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, അനുവദനീയമായതും നിഷിദ്ധമായതും എന്തൊക്കെയാണെന്ന് എനിക്ക് അറിയിച്ചു തന്നാലും. എന്റെ നേരെ കണ്ണുകളയച്ചു കൊണ്ട് തിരുമേനി പറഞ്ഞു: നന്മ മനസ്സിന് ശാന്തത നല്‍കുന്നതും ഹൃദയത്തിന് ആശ്വാസം പകരുന്നതുമാണ്. മുഫ്തിമാര്‍ നിനക്കതില്‍ അനുകൂലെ ഫത്‌വ നല്‍കിയിട്ടുണ്ടെങ്കിലും മനസ്സിന് ശാന്തതയും ഹൃദയത്തിന് സ്വസ്ഥതയും നല്‍കാത്തതാണ് പാപം.

ഒരാള്‍ ഒരു പണ്ഡിതന്റെ വാക്കുകളില്‍ തൃപ്തനാവുകയും പിന്നീട് ആ അത് തെറ്റാണെന്ന് വ്യക്തമാവുകയും ചെയ്താല്‍ സത്യം കണ്ടെത്തുന്നതിന് അദ്ദേഹം നടത്തിയ ശ്രമമായിട്ടാണ് അതിനെ കാണേണ്ടത്. അതില്‍ തെറ്റൊന്നുമില്ല.

ഇജ്തിഹാദ്; പണ്ഡിതന്‍മാരുടേതും സാധാരണക്കാരുടേതും

തെളിവുകള്‍ സംന്തുലനം ചെയ്താണ് പണ്ഡിതന്‍ ഇജ്തിഹാദ് ചെയ്യുന്നത്. ഓരോ അഭിപ്രായത്തിന്റെയും തെളിവ് അദ്ദേഹം പരിശോധിക്കുന്നു. തെളിവുകളുടെ അടിസ്ഥാനത്തില്‍ അഭിപ്രായത്തിന് മുന്‍തൂക്കം നല്‍കുകയും ചെയ്യുന്നു. എന്നാല്‍ ഇജ്തിഹാദ് ചെയ്യാനുള്ള യോഗ്യതയില്ലാത്ത, തെളിവുകള്‍ വിലയിരുത്താത്ത സാധാരണക്കാരന്‍ എന്താണ് ചെയ്യുക? കൂടുതല്‍ അറിവും സൂക്ഷ്മതയുമുള്ളവരോട് ചോദിക്കുകയാണ് അവന്റെ ഇജ്തിഹാദ്.

ഇമാം ഖുര്‍തുബി അദ്ദേഹത്തിന്റെ തഫ്‌സീറില്‍ വിവരിക്കുന്നു: ദീനീ വിഷയങ്ങളിലുള്ള അറിവിന്റെ അഭാവം കാരണം തെളിവുകളെ അവയുടെ സ്രോതസ്സില്‍ നിന്ന് നിര്‍ദ്ധാരണം ചെയ്‌തെടുക്കാന്‍ സാധിക്കാത്ത സാധാരണക്കാരന്‍ താന്‍ ജീവിക്കുന്ന കാലത്ത് നാട്ടിലുള്ള ഏറ്റവും അറിവുള്ള ആളെ ആ വിഷയത്തില്‍ സമീപിക്കുകയാണ് വേണ്ടത്. അല്ലാഹു പറയുന്നു: ”നിങ്ങള്‍ക്ക് അറിവില്ലെങ്കില്‍ അറിവുള്ളവരോട് ചോദിച്ചുനോക്കുക.” (അല്‍അമ്പിയാഅ്: 7) അക്കാലത്ത് ഏറ്റവും അറിവുള്ളയാള്‍ ആരാണെന്നതായിരിക്കണം അദ്ദേഹത്തിന്റെ ഇജ്തിഹാദ്. കൂടുതല്‍ ആളുകള്‍ക്ക് യോജിപ്പുള്ള പണ്ഡിതനെ കണ്ടെത്താന്‍ അന്വേഷണം നടത്തണം.

ആരോട് ചോദിക്കണമെന്ന കാര്യത്തില്‍ അവന്‍ ഇജ്തിഹാദ് നടത്തുകയും അതിലൂടെ കണ്ടെത്തിയ പണ്ഡിതനോട് വിധി തേടുകയും ചെയ്താല്‍ അവന്‍ കുറ്റവിമുക്തനായി. കാരണം അല്ലാഹു കല്‍പിച്ച പ്രകാരം അറിവുള്ളവരോട് അവന്‍ ചോദിച്ചിട്ടുണ്ട്. ”ദൈവദൂതനിലേക്കും സമൂഹത്തിലെ ഉത്തരവാദപ്പെട്ടവരിലേക്കും അവരത് എത്തിച്ചുകൊടുത്തിരുന്നുവെങ്കില്‍, നിരീക്ഷണ പാടവമുള്ളവര്‍ അതില്‍ നിന്ന് കാര്യം മനസ്സിലാക്കുമായിരുന്നു.” (അന്നിസാഅ്: 83) എന്നാണ് അല്ലാഹു പറയുന്നത്. ആ വിഷയത്തില്‍ യോഗ്യതയുള്ളവരെ സമീപിക്കുന്നതിലൂടെ അതിന്റെ തെറ്റുകുറ്റങ്ങളില്‍ നിന്നവന്‍ മുക്തനാകുന്നു. അവന് അക്കാര്യത്തില്‍ ഫത്‌വ നല്‍കിയവര്‍ക്കാണ് അതിന്റെ ഉത്തരവാദിത്തം. ”ഉറപ്പില്ലാതെ ഒരാള്‍ ഫത്‌വ നല്‍കിയാല്‍ അതിന്റെ കുറ്റം ഫത്‌വ നല്‍കിയവനാണ്.”

മുഫ്തിക്ക് ധൃതി പാടില്ല
സൂക്ഷ്മവും കൃത്യവുമല്ലാത്ത ഫത്‌വ നല്‍കുന്നത് ഒഴിവാക്കാന്‍ മുഫ്തി ധൃതിവെക്കരുത്. ആരെങ്കിലും വിധി തേടിയാല്‍ തന്റെ അറിവനുസരിച്ച് സ്ഥിരീകരണം നടത്തിയ ശേഷമാണ് ഫത്‌വ നല്‍കേണ്ടത്. അറിയാത്ത വിഷയമാണെങ്കില്‍ ‘എനിക്കറിയില്ല’ എന്ന് തുറന്നു പറണം. എനിക്കറിയില്ല എന്നത് അറിവിന്റെ പാതിയാണ്. എനിക്കറിയില്ല എന്ന് പറഞ്ഞവന്‍ മറുപടി നല്‍കിയിരിക്കുന്നു.

ചിലപ്പോഴെല്ലാം പ്രവാചകന്‍(സ)യോട് ചോദിക്കപ്പെടുമ്പോള്‍ ജിബ്‌രീലിനോട് ചോദിക്കുന്നത് വരെ കാത്തിരിക്കാറുണ്ടായിരുന്നു. ഖുര്‍ആനില്‍ തന്നെ അത്തരം സൂചനകള്‍ കാണാം. ”ഉയിര്‍ത്തെഴുന്നേല്‍പ് നിമിഷം എപ്പോഴാണുണ്ടാവുകയെന്ന് ആളുകള്‍ നിന്നോട് ചോദിക്കുന്നുവല്ലോ.പറയുക: ആ അറിവ് അല്ലാഹുവിങ്കല്‍ മാത്രമാകുന്നു.” (അല്‍അഹ്‌സാബ്: 63)
”ഈ ജനം നിന്നോട് റൂഹിനെക്കുറിച്ചു ചോദിക്കുന്നുവല്ലോ. പറയുക: ‘റൂഹ് എന്റെ നാഥന്റെ ആജ്ഞയാല്‍ വരുന്നതാകുന്നു. പക്ഷേ, ജ്ഞാനത്തില്‍നിന്ന് തുച്ഛമായ ഒരംശം മാത്രമേ നിങ്ങള്‍ക്കു ലഭിച്ചിട്ടുള്ളൂ.” (അല്‍ഇസ്‌റാഅ്: 85)

സൃഷ്ടികളില്‍ ഏറ്റവും അറിവുള്ള പ്രവാചകന്‍(സ) പലപ്പോഴും ‘എനിക്കറിയില്ല’ എന്ന മറുപടി നല്‍കിയിരുന്നെങ്കില്‍ മറ്റുള്ള പണ്ഡിതന്‍മാരുടെ അവസ്ഥയെന്താണ്! വിശ്വസ്തനായ പണ്ഡിതന്‍ തനിക്ക് നല്ല അറിവുള്ള വിഷയത്തില്‍ ഫത്‌വ നല്‍കുന്നു. അത്ര തന്നെ അറിവില്ലാത്ത വിഷയമാകുമ്പോള്‍ മറുപടി നീട്ടിവെക്കുന്നു. അല്ലാഹുവിനാണ് ഏറ്റവും നന്നായി അറിയുക എന്നോ ഞാന്‍ പഠിച്ച് ഒരു നിലപാടിലെത്തുന്നത് വരെ കാത്തിരിക്കുക എന്നോ ആയിരിക്കും അവരുടെ മറുപടി.

ദൈവാനുഗ്രഹത്താല്‍ ഈ രീതിയാണ് ഞാന്‍ സ്വീകരിക്കാറുള്ളത്. പലപ്പോഴും നിലപാടെടുക്കാതെ വിഷയങ്ങള്‍ ഞാന്‍ നീട്ടിവെക്കാറുണ്ട്. അങ്ങനെ മാസങ്ങളോ വര്‍ഷങ്ങളോ അവ മാറ്റിവെക്കാറുണ്ട്. ഇതുവരെ ഒരു നിലപാട് സ്വീകരിക്കാത്ത ചില വിഷയങ്ങളുമുണ്ട്. മനുഷ്യന്‍ അവന് അറിവുള്ളതാണ് പറയുക, അറിവില്ലാത്ത വിഷയത്തില്‍ ‘അല്ലാഹുവാണ് ഏറ്റവും നന്നായി അറിയുക’ എന്നാണ് പറയേണ്ടത്.

അറിവില്ലാതെ നല്‍കുന്ന ഫത്‌വകള്‍

ചിലയാളുകള്‍ അറിവില്ലാതെ നല്‍കുന്ന ഫത്‌വകള്‍ വലിയ അപകടമാണ്. ഇബ്‌നു അബ്ബാസില്‍ നിന്നും നിവേദനം: നബി(സ)യുടെ കാലത്ത് ഒരാള്‍ക്ക് ഒരു മുറിവ് പറ്റി. പിന്നീട് അയാള്‍ക്ക് സ്വപ്‌നസ്ഖലനം ഉണ്ടായപ്പോള്‍ കുളിക്കാനുള്ള ഉപദേശം നല്‍കപ്പെട്ടു. അതിനെ തുടര്‍ന്ന് അദ്ദേഹം മരണപ്പെട്ടു. ഇക്കാര്യം നബി(സ) അറിഞ്ഞപ്പോള്‍ പറഞ്ഞു: ”അവര്‍ അദ്ദേഹത്തെ കൊന്നിരിക്കുന്നു, അല്ലാഹു അവരെയും കൊന്നിരിക്കുന്നു. അജ്ഞതക്കുള്ള ചികിത്സ ചോദ്യം ആയിരുന്നില്ലേ?” ഇത്തരത്തില്‍ അപകടകരമായ ഉപദേശം നല്‍കിയവരെ കൊലയാളികളെന്നാണ് നബി(സ) വിശേഷിപ്പിച്ചത്. അതോടൊപ്പം അവര്‍ക്കെതിരെ ‘അല്ലാഹു അവരെയും കൊന്നിരിക്കുന്നു’ എന്ന് പ്രാര്‍ഥിക്കുകയും ചെയ്തു. തങ്ങള്‍ ഇടപെടേണ്ടതല്ലാത്ത വിഷയത്തില്‍ ഇടപെടുകയും അറിവില്ലാത്ത കാര്യത്തില്‍ ഫത്‌വ നല്‍കുകയും ചെയ്തു. അത് ഒരാളുടെ മരണത്തില്‍ കലാശിക്കുകയും ചെയ്തു എന്നതാണ് അതിന് കാരണം. ചില അപകടകരമായ ഫത്‌വകള്‍ വ്യക്തികളെ മാത്രമല്ല, സമൂഹത്തെ ഒന്നടങ്കം കൊലക്ക് കൊടുക്കുന്നവയാണ്.

ഫത്‌വ നല്‍കാന്‍ യോഗ്യതയില്ലാത്തവര്‍ ഫത്‌വ നല്‍കുന്നതിനെ കുറിച്ച് നബി(സ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നബി(സ) പറഞ്ഞു: ”അല്ലാഹു തന്റെ അടിമകളില്‍ നിന്ന് വിജ്ഞാനത്തെ ഒറ്റയടിക്ക് ഊരിയെടുക്കുകയില്ല. മറിച്ച് പണ്ഡിതന്‍മാരെ പിടികൂടിയാണ് വിജ്ഞാനത്തെ പിടികൂടുക. അങ്ങനെ ഒരു പണ്ഡിതന്‍ പോലും അവശേഷിക്കാത്ത അവസ്ഥയുണ്ടാവും. വിഡ്ഢികളെ ജനങ്ങള്‍ നേതാവാക്കും. അവരോട് ചോദിക്കപ്പെടുമ്പോള്‍ അറിവില്ലാതെ അവര്‍ ഫത്‌വകള്‍ നല്‍കും. അവര്‍ സ്വയം വഴിപിഴക്കുകയും മറ്റുള്ളവരെ വഴിപിഴപ്പിക്കുകയും ചെയ്യും.

വിഡ്ഢികളാ നേതാക്കന്‍മാര്‍ ജനങ്ങളെ നശിപ്പിക്കും. ചോദിക്കപ്പെടുമ്പോള്‍ തങ്ങള്‍ക്കറിയില്ല എന്ന മറുപടി അവര്‍ പറയുകയില്ല. അറിയില്ലെങ്കിലും ഫത്‌വ നല്‍കാന്‍ അവര്‍ ധൈര്യപ്പെടും. നിങ്ങളില്‍ ഫത്‌വ നല്‍കാന്‍ ഏറ്റവും ധൈര്യം കാണിക്കുന്നവര്‍ നരകം ഏറ്റുവാങ്ങാന്‍ ഏറ്റവും ധൈര്യം കാണിക്കുന്നവരാണെന്ന് പറയാറുണ്ട്. അത്തരം അപകടങ്ങളില്‍ നിന്ന് അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ.

ഡോ : യൂസുഫുൽ ഖറദാവി 

Related Post