Main Menu
أكاديمية سبيلي Sabeeli Academy

തമിഴ്മുസ്‌ലിംകളെക്കുറിച്ച സിനിമയ്ക്ക് അന്താരാഷ്ട്ര അംഗീകാരം

film-on-tamil-muslims-wins-international-award_200_200ചെന്നൈ: തമിഴ്മുസ്‌ലിംകളുടെ ചരിത്രവും സ്വത്വവും അന്വേഷിച്ചുകൊണ്ടുള്ള ഡോക്യുമെന്ററി സിനിമയായ ‘യാദും’ ഹൂസ്റ്റണില്‍ നടക്കുന്ന 48 ാമത് ഇന്റര്‍നാഷണല്‍ ഫിലിംഫെസ്റ്റിവലില്‍ വെങ്കല-റെമി അവാര്‍ഡ് നേടി. സിനിമ മുസ്‌ലിംസമൂഹത്തിന്റെ വേരുകള്‍ തേടിയുള്ള യാത്രയാണെന്ന് നിര്‍മാതാവ് കൊമ്പൈ എസ് അന്‍വര്‍ പറഞ്ഞു. തമിഴ്മുസ്‌ലിംകളെക്കുറിച്ച് വികലമാക്കപ്പെട്ട ചരിത്രമാണ് പാശ്ചാത്യര്‍പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഇസ്‌ലാം അക്രാമകമാര്‍ഗങ്ങളിലൂടെയാണ് പ്രചരിച്ചതെന്ന വാദത്തെ നിരാകരിച്ചുകൊണ്ട് അത് കച്ചവടത്തിനായി വന്ന വ്യാപാരികളിലൂടെയാണെന്ന് സിനിമയിലൂടെ സമര്‍ഥിക്കുകയാണ് . തിരുകുറുങ്കുടി അമ്പലത്തിലെ ചുവര്‍ചിത്രങ്ങള്‍ അറബികളുമായി തദ്ദേശീയര്‍ കടല്‍മാര്‍ഗം കച്ചവടം നടത്തിയിരുന്നുവെന്ന് തെളിയിക്കുന്നതാണ്.’ അന്‍വര്‍ പറയുന്നു.

മരണപ്പെട്ട തമിഴ്എഴുത്തുകാരനായിരുന്ന സുജാത ആയിരക്കണക്കിന് വൈഷ്ണവര്‍ മുസ്‌ലിംകളാല്‍ കൊല്ലപ്പെട്ടുവെന്ന് ആരോപിച്ചിരുന്നു. എന്നാല്‍ പതിനേഴാം നൂറ്റാണ്ടില്‍ ഗ്രാനൈറ്റില്‍ നിര്‍മിതമായ ‘കല്ലുപള്ളി’ സീതാകാത്തി എന്ന ദ്രാവിഡശില്പി പണിതതാണെന്ന ചരിത്രം മുന്‍നിര്‍ത്തി മുസ്‌ലിംകള്‍ ദ്രാവിഡസംസ്‌കാരവുമായി ഇഴുകിച്ചേര്‍ന്നിരുന്നിരുന്നുവെന്ന് അന്‍വര്‍ വിശദീകരിക്കുന്നു. സിനിമയില്‍ ഉദ്ഖനനം, താളിയോലയെഴുത്തുകള്‍, ചുമര്‍ചിത്രങ്ങള്‍, കേരള-തമിഴ്‌നാട് വാസ്തുശില്‍പമാതൃകയിലുള്ള പൗരാണികപള്ളികള്‍ എന്നിവയെല്ലാം കടന്നുവരുന്നുണ്ട്.
—————————-
(islam padasala/15 May 2015)

Related Post