ദയാവധം: ഇസ്‌ലാമിക വിധി

ഡോ. യൂസുഫുല്‍ ഖറദാവി

വിവ: അഹ്മദ് നസീഫ് തിരുവമ്പാടി

രോഗിയുടെ പ്രയാസം ലഘൂകരിക്കുന്നതിനായി മരണം എളുപ്പമാEuthanasiaക്കികൊടുക്കുന്ന പ്രക്രിയയാണ് ദയാവധം. ക്രിയാത്മകവും നിഷ്‌ക്രിയവുമായിട്ടുമുള്ള രണ്ട് രീതികളാണ് അതിനുള്ളത്. ഉദാഹരണത്തിന്‍ കാന്‍സര്‍ ബാധിച്ച് അതിശക്തമായ വേദനയും ബോധക്ഷയവും അനുഭവിക്കുന്ന രോഗി. ഏത് നിമിഷവും അയാള്‍ മരിക്കാമെന്ന് ഡോക്ടര്‍മാര്‍ വിശ്വസിക്കുന്നു. ആ സന്ദര്‍ഭത്തില്‍ അയാളുടെ ശ്വാസോച്ഛാസം നിലപ്പിക്കാന്‍ മാത്രം ശേഷിയുള്ള അളവില്‍ വേദനാസംഹാരി നല്‍കുന്നു. ഇതാണ് ഒന്നാമത്തെ രീതി.

രോഗിയുടെ ജീവന്‍ അവസാനിപ്പിക്കുന്നതിന് പ്രത്യേകിച്ചൊന്നും ചെയ്യാതെ, ജീവന്‍ നിലനിര്‍ത്താനാവശ്യമായ ചികിത്സകളൊന്നും നല്‍കാതെ മരണം എളുപ്പമാക്കുന്ന രീതിയാണ് രണ്ടാമത്തെത്. മൂര്‍ദ്ധന്യാവസ്ഥിയില്‍ എത്തിയിരിക്കുന്ന കാന്‍സര്‍, തലക്കേറ്റ പരിക്ക് കാരണം ഉണ്ടാകുന്ന അബോധാവസ്ഥ, ചികിത്സയില്‍ പ്രതീക്ഷയില്ലാത്ത മറ്റ് രോഗങ്ങള്‍ ബാധിച്ചിരിക്കുന്നവര്‍ക്ക് ചികിത്സ നിര്‍ത്തി വെച്ച് മരണത്തിന് വിട്ടുകൊടുക്കുകയാണ് അതിനുദാഹരണം.

മരണം വേഗത്തിലാക്കുന്നതിനുള്ള മരുന്ന് നല്‍കുന്ന ദയാവധത്തിന്റെ ഒന്നാമത്തെ രീതി യാതൊരു സാഹചര്യത്തിലും അനുവദനീയമല്ല. എന്നാല്‍ മസ്തിഷ്‌ക മരണം സംഭവിച്ചിരിക്കുന്നുവെന്നും, ഇനി ഒരിക്കലും രോഗിക്ക് ജീവിതത്തിലേക്ക് മടങ്ങി വരാന്‍ സാധിക്കില്ലെന്നും ഡോക്ടര്‍മാരെല്ലാം യോജിപ്പിലെത്തിയാല്‍ ജീവന്‍ നിലനിര്‍ത്തി കൊണ്ടിരിക്കുന്ന കൃത്രിമ സംവിധാനങ്ങള്‍ ഒഴിവാക്കുന്നത് അനുവദനീയമാണ്.

മരുന്ന് നല്‍കി രോഗിയുടെ മരണം വേഗത്തിലാക്കുന്ന ഡോക്ടര്‍ രോഗിയുടെ ജീവന്റെ കാര്യത്തില്‍ ഇടപെടുകയാണ് ചെയ്യുന്നത്. ഉയര്‍ന്ന ഡോസിലുള്ള മരുന്ന് രോഗിക്ക് നല്‍കുന്നതിലൂടെ രോഗിയെ വധിക്കുകയാണ് ചെയ്യുന്നത്. ഏതവസ്ഥയിലാണെങ്കിലും അത് വധം തന്നെയാണ്. വളരെ വേഗത്തില്‍ ഏല്‍ക്കുന്ന വിഷം നല്‍കിയിട്ടാണെങ്കിലും, ഷോക്കേല്‍പ്പിച്ചിട്ടാണെങ്കിലും, അല്ലെങ്കില്‍ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചാണെങ്കിലുമെല്ലാം അത് അല്ലാഹു നിഷിദ്ധമാക്കിയിരിക്കുന്ന വധം തന്നെയാണ്. കേവലം തെറ്റെന്നതിലുപരിയായി വന്‍പാപങ്ങളില്‍ പെട്ടതാണ് വധം. വധിക്കാന്‍ സ്വീകരിച്ച രീതിക്കോ, രോഗിയോടുള്ള ദയ, രോഗിയുടെ പ്രയാസം ലഘൂകരിക്കല്‍ തുടങ്ങിയ പ്രേരകങ്ങള്‍ക്കോ അതില്‍ യാതൊരു പ്രസക്തിയുമില്ല. അവനെ സൃഷ്ടിച്ച അല്ലാഹുവേക്കാള്‍ കാരുണ്യവാനല്ല ഡോക്ടര്‍. അവന്റെ കാര്യം അല്ലാഹുവിന് വിട്ടു കൊടുക്കുകയാണ് വേണ്ടത്. അവനാണ് മനുഷ്യന് ജീവിതം നല്‍കിയത്, അവധിയെത്തുമ്പോള്‍ അത് തിരിച്ചെടുക്കുന്നതും അവന്‍ തന്നെ.

അല്ലാഹുവിന്റെ നടപടിക്രമത്തിന്റെ അടിസ്ഥാനത്തില്‍ കാര്യകാരണ ബന്ധങ്ങള്‍ തിരിച്ചറിഞ്ഞ് രോഗശമനത്തില്‍ യാതൊരു പ്രതീക്ഷയും അവശേഷിക്കുന്നില്ലെന്ന് തര്‍ക്കമില്ലാത്ത രൂപത്തില്‍ ഡോക്ടര്‍മാര്‍ക്ക് ബോധ്യമാവുന്ന ചില സന്ദര്‍ഭങ്ങളുണ്ടാവാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ചികിത്സ നിര്‍ത്തി വെച്ച് മരണം വേഗത്തിലാക്കാറുണ്ട്.
രോഗം വരുമ്പോള്‍ ചികിത്സിക്കലും അതിന് മരുന്ന് നല്‍കലും ഭൂരിപക്ഷം കര്‍മ്മശാസ്ത്രജ്ഞരുടെയും പണ്ഡിതന്‍മാരുടെയും വീക്ഷണത്തില്‍ നിര്‍ബന്ധമുള്ള കാര്യമല്ലെന്നത് ദീനീ പണ്ഡിതന്‍മാര്‍ക്ക് അറിയുന്ന കാര്യമാണ്. ചികിത്സയെ അനുവദനീയമായ (മുബാഹ്) കാര്യങ്ങളുടെ കൂട്ടത്തിലാണ് അവര്‍ എണ്ണിയിട്ടുള്ളത്. ഇമാം ശാഫിയുടെയും അഹ്മദിന്റെയും ശിഷ്യന്മാരായ ചെറിയൊരു ന്യൂനപക്ഷമാണ് അത് നിര്‍ബന്ധമായി കണക്കാക്കിയിട്ടുള്ളത്. ചില പണ്ഡിതന്‍മാര്‍ അതിനെ ഐശ്ചിക കാര്യമായിട്ടാണ് എണ്ണിയിട്ടുള്ളത്.

രോഗത്തിന് ചികിത്സിക്കലോ അതല്ല, സഹനം കൈകൊള്ളുകയാണോ വേണ്ടത് എന്നതില്‍ പണ്ഡിതന്‍മാര്‍ക്ക് വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. സഹനമാണ് ഉത്തമം എന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇബ്‌നു അബ്ബാസ്(റ) ഉദ്ധരിച്ച ഹദീസാണ് അതിന് തെളിവായി അവര്‍ സ്വീകരിച്ചിരിക്കുന്നത്. ഇടക്കിടെ അപസ്മാരം ഉണ്ടാകാറുള്ള ഒരു സ്ത്രീ നബി(സ)യുടെ അടുക്കല്‍ വന്ന് രോഗശമനത്തിന് പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ നബി(സ) പറഞ്ഞു: ‘നീ ക്ഷമിക്കാന്‍ ഇഷ്ടപ്പെടുന്നുവെങ്കില്‍ നിനക്ക് സ്വര്‍ഗമുണ്ട്, നീ താല്‍പര്യപ്പെടുന്നുവെങ്കില്‍ സുഖപ്പെടുത്താനായി അല്ലാഹുവോട് ഞാന്‍ പ്രാര്‍ഥിക്കാം.’ സ്ത്രീ പറഞ്ഞു : ‘എന്നാല്‍ ഞാന്‍ ക്ഷമിക്കാം, എന്റെ നഗ്നത വെളിവാകാറുണ്ട്. നഗ്നത വെളിവാകാതിരിക്കാന്‍ പ്രാര്‍ഥിക്കണം. അതിനായി നബി(സ) പ്രാര്‍ഥിച്ചു. (ബുഖാരി, മുസ്‌ലിം)

രോഗത്തിന് ചികിത്സ നടത്താത്ത സഹാബികളും താബിഈകളും ഉണ്ടായിരുന്നു. രോഗത്തിന് കീഴ്‌പ്പെടുകയായിരുന്നു അവര്‍ ചെയ്തിരുന്നത്. ഉബയ്യ് ബിന്‍ കഅബ്, അബൂദര്‍ തുടങ്ങിയവര്‍ ചികിത്സ നടത്താത്തതിന്റെ പേരില്‍ ആരും അവരെ ആക്ഷേപിച്ചതായി കാണാന്‍ കഴിയില്ല. ഭൂരിപക്ഷം പണ്ഡിതന്മാരും ചികിത്സയെ അനുവദനീയമായ കാര്യമായിട്ടാണ് എണ്ണിയിട്ടുള്ളത്. അതിനെ ഐഛിക കാര്യമായിട്ടും നിര്‍ബന്ധമായിട്ടും കാണുന്നവര്‍ കുറവാണ്.
images. പ്രവാചകന്‍(സ) ചികിത്സിക്കുകയും ചികിത്സിക്കാന്‍ സഹാബിമാരോട് കല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം ഇമാം ഇബ്‌നുല്‍ ഖയ്യിം തന്റെ ‘സാദുല്‍ മആദി’ല്‍ പറയുന്നുണ്ട്. ഏറ്റവും ചുരുങ്ങിയ പക്ഷം ചികിത്സ എന്നത് പ്രവാചക ചര്യയില്‍ പെടുന്ന കാര്യമെങ്കിലുമാണ്. രോഗശമനത്തില്‍ പ്രതീക്ഷയുണ്ടായിരിക്കുമ്പോഴാണ് ചികിത്സ സുന്നത്താകുന്നത്. എന്നാല്‍ രോഗശമനത്തില്‍ പ്രതീക്ഷയില്ലാത്തപ്പോള്‍ അത് സുന്നത്താണെന്ന് ആരും പറയുന്നില്ല.

ചികിത്സ നടത്തുന്നത് കൊണ്ട് വേദനക്ക് കുറവ് വരാതിരിക്കുമ്പോള്‍ പ്രസ്തുത ചികിത്സ തുടരുന്നത് നിര്‍ബന്ധമോ സുന്നത്തോ അല്ല. ഇത്തരം സാഹചര്യത്തില്‍ ചികിത്സ നല്‍കാതെ രോഗിയുടെ മരണം വേഗത്തിലാക്കുന്നത് ദയാവദത്തിന്റെ പരിധിയില്‍ പെടുകയുമില്ല. കാരണം മരണം വേഗത്തിലാക്കുന്നതിന് ഡോക്ടര്‍ ഒന്നും ചെയ്യുന്നില്ല, ഒന്നും ചെയ്യാതെ ഉപേക്ഷിക്കുക മാത്രമാണ് ചെയ്യുന്നത്.
മസ്തിഷ്‌ക മരണം ബാധിച്ച രോഗികളുടെ ജീവന്‍ കൃത്രിമ മാര്‍ഗങ്ങളുപയോഗിച്ച് നിലനിര്‍ത്താറുണ്ട്. വൈദ്യശാസ്ത്രത്തിന്റെ ഭാഷയില്‍ അയാള്‍ മരിച്ചു, അയാള്‍ക്ക് ബോധം ഉണ്ടാവുകയില്ല. അത്തരം സന്ദര്‍ഭത്തില്‍ കൃത്രിമ സംവിധാനങ്ങള്‍ എടുത്തുമാറ്റി മരണം വേഗത്തിലാക്കുന്നതിനെ പറ്റി ചിലര്‍ സംശയം ഉന്നയിക്കാറുണ്ട്. അങ്ങനെ കൃത്രിമ സംവിധാനങ്ങള്‍ മാറ്റിവെക്കുന്നതില്‍ ഞാന്‍ തെറ്റൊന്നും കാണുന്നില്ല. കാരണം ഈ കൃത്രിമ സംവിധാനം ശാശ്വോഛാസം, രക്തചംക്രമണം പോലുള്ള ജീവന്റെ ബാഹ്യമായ പ്രകടനങ്ങളെ മാത്രമേ അവശേഷിപ്പിക്കുന്നുള്ളൂ. എല്ലാ അനുഭവങ്ങളുടെയും കേന്ദ്രമായ അവന്റെ മസ്തിഷ്‌കം നിലച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒന്നും അനുഭവിക്കാന്‍ അവന് കഴിയുകയില്ല. മാത്രമല്ല ഇത്തരം സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള ചികിത്സ വളരെ ചെലവേറിയതുമാണ്. പ്രസ്തുത ഉപകരണങ്ങള്‍ ആവശ്യമുള്ള വേറെയും രോഗികള്‍ ഉണ്ടായിരിക്കെ കാലങ്ങളോളം അതുപയോഗിക്കേണ്ട അവസ്ഥ ഉണ്ടായേക്കാം. അത്രയും കാലം അയാളുടെ ബന്ധുക്കള്‍ അസ്വസ്ഥതയില്‍ കഴിഞ്ഞുകൂടേണ്ടതായും വരുന്നു.

 

Related Post