![]() നദികള്‍ ഒരു ഭൂഖണ്ഡത്തിന്റെ ചരിത്രം പ്രതിഫലിപ്പിക്കുന്നു. |
നദികള്‍ ഒരു ഭൂഖണ്ഡത്തിന്റെ ചരിത്രം പ്രതിഫലിപ്പിക്കുന്നു. ഭൂമിയുടെ അകക്കാമ്പില്‍ നിന്നും ഹിമഗിരിശൃംഗങ്ങളില്‍നിന്നും നദി ശീഘ്രം തണുപ്പറിയിച്ച് ഉരുളന്‍ പാറക്കെട്ടുകള്‍ തഴുകി താഴോട്ടൊഴുകുന്നു. കരഭൂമികള്‍ നിശ്ചലം നിലക്കൊള്ളവേ, അലക്ഷ്യഭാവത്തില്‍ വളഞ്ഞുപുളഞ്ഞൊഴുകി നദി ഫലഭൂയിഷ്ഠമായ എക്കല്‍ തടങ്ങള്‍ സൃഷ്ടിച്ച് മുന്നോട്ട് പ്രയാണം തുടരുന്നു.
നദീതടങ്ങളില്‍ ജനതതികളുടെ ചരിത്രമുറങ്ങുന്നു. കാടുകള്‍ വെട്ടിത്തെളിച്ച് ആളുകള്‍ നദീതാഴ്‌വരകളില്‍ കൃഷിയിറക്കി. നദീജലം നിക്ഷേപിക്കുന്ന അവക്ഷിപ്തങ്ങള്‍ താഴ്‌വരകളെ ഫലഭൂയിഷ്ടമാക്കിയിരുന്നു. മലമുകളില്‍ നിന്ന് കുത്തിയൊലിച്ചുവരുന്ന എക്കല്‍മണ്ണും മറ്റവശിഷ്ടങ്ങളും വളഞ്ഞുപളഞ്ഞൊഴുകുന്നതിനിടയില്‍ കരയെ ഇടിച്ചിറക്കി വീതിവിസ്താരവും ആഴമേറിയതുമായി നദിയെ ക്രമേണ മാറ്റിക്കൊണ്ടിരുന്നു. കുന്നിന്‍ പുറങ്ങളിലും ഉയര്‍ന്ന പ്രദേശങ്ങളിലുമൊക്കെയുള്ള
ലോഹഖനികളില്‍ നിന്ന് രാസാവശിഷ്ടങ്ങള്‍ നദീതടങ്ങളെ ക്രമേണ വിഷലിപ്തമാക്കി. റോഡുകളും പ്രധാന വീഥികളും പാലങ്ങളും തീവണ്ടിപ്പാതകളും നദിക്കു കുറുകെയും മറ്റും നിര്‍മിക്കപ്പെട്ടതോടെ നദിയുടെ സ്വാഭാവിക പ്രകൃതിക്ക് ഭംഗം നേരിടാന്‍ തുടങ്ങി.
നദിക്കരയിലെ ജൈവസാന്നിധ്യങ്ങളും മറ്റും ചരിത്രത്തിന്റെ ഏടുകളിലെ അക്ഷരക്കൂട്ടങ്ങളാണ്. 1890കളില്‍ ഖനി പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ള ഒരു നദീതട പ്രദേശം. 21-ാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളില്‍ പ്രസ്തുത നദിയില്‍ വളരെക്കുറച്ച് മത്സ്യങ്ങളും ജലപ്രാണികളും മാത്രമേ കാണപ്പെട്ടിരുന്നുള്ളൂ. ഖനികളില്‍ നിന്ന് ഊറിയിറങ്ങുന്ന വിഷപദാര്‍ഥങ്ങളായിരുന്നു അതിന് കാരണം. 200 വര്‍ഷത്തെ നിരന്തര നദി പ്രവാഹം, അതുകൊണ്ടുവന്നു നിക്ഷേപിച്ച മണ്‍തടങ്ങളില്‍ പോപ്ലാര്‍ വിത്തുകളെ മുളപ്പിച്ചിരുന്നു. അങ്ങനെ പത്ത്, നാല്‍പത്, എണ്‍പത്, നൂറ്റിയെഴുപത്തിയഞ്ച് വര്‍ഷങ്ങള്‍ പിന്നിട്ട ധാരാളം പോപ്ലാര്‍ മരങ്ങള്‍ നദിക്ക് സംഭവിച്ച രാസപരിണാമങ്ങളെ രേഖപ്പെടുത്തി.
നദിയുടെ ഘടനാ സവിശേഷതകളും പരിസ്ഥിതി വ്യൂഹവും നമ്മുടെ ചരിത്ര ശേഷിപ്പുകളുടെ കലവറയാണ്, ചരിത്രശേഷിപ്പുകളില്‍ പലതും വ്യാഖ്യാനവിധേയമല്ലെന്നത് ശരിയാണെങ്കിലും. വ്യത്യസ്ത കാലഘട്ടങ്ങളില്‍ നദിയുടെ ഭൗതിക സ്വഭാവങ്ങളില്‍ മാറ്റം പ്രകടമാവുന്നു. ഉദാ: നദീതടങ്ങളിലെ എക്കല്‍മണ്ണു നിക്ഷേപത്തിന്റെ തിട്ടകള്‍ ഓരോ വര്‍ഷവും അളവുകൂടിവരുന്നു. അതിന്റെ ഘടനയില്‍ ഇടക്കിടെ പ്രത്യക്ഷപ്പെടുന്ന വ്യതിയാനങ്ങള്‍ എന്തുകൊണ്ടുണ്ടാണെന്നറിയാത്തതിനാല്‍ ചരിത്രവികാസത്തിന്റെ തുടര്‍ച്ചയായ വായന പലപ്പോഴും സാധ്യമാകാതെ വരാം. എന്നിരുന്നാലും പലയിടങ്ങളില്‍ നിന്നുള്ള വിവരങ്ങളെല്ലാം ചേര്‍ത്തുവെച്ചാല്‍ ചെറുതെങ്കിലും വ്യക്തതയുള്ള ചരിത്രവായന നമുക്കു ലഭ്യമാകും.
ആരോഗ്യമുള്ള ഒരു നദിയെപ്പറ്റി സാധാരണക്കാരന്റെ സങ്കല്‍പമിതാണ്: തെളിഞ്ഞ വെള്ളമൊഴുകുന്ന സുന്ദരിപ്പുഴ. ഉറപ്പുള്ള കരയും അടിത്തട്ടും. നിറയെ മത്സ്യങ്ങള്‍. നദിക്കരയില്‍ വെള്ളത്തിലേക്ക് നീണ്ടുകിടക്കുന്ന ശാഖകളോടുകൂടിയ മരങ്ങള്‍. നദിയുടെ ദൗത്യമറിയുന്ന ഒരു ശാസ്ത്രകാരന് ഇതെപ്പോഴും അടിസ്ഥാനമാനദണ്ഡമായി കണക്കാക്കാനാകില്ല. നദിയുടെ ധര്‍മത്തെ കൃത്യമായി നിര്‍വചിക്കുക അത്രയെളുപ്പമല്ല. നദിച്ചാലുകള്‍ വെള്ളവും മറ്റു അവശിഷ്ടങ്ങളും ഒഴുകിപ്പോകുന്നതിനുള്ളതാണ്. ഒഴുകിപ്പോകുന്ന ജലത്തിനും ജൈവാവശിഷ്ടങ്ങള്‍ക്കും നദിച്ചാലുകളുടെ വലിപ്പമനുസരിച്ച് വ്യത്യസ്ത ധര്‍മങ്ങളാണ് നിര്‍വഹിക്കാനുണ്ടാവുക. പ്രസ്തുത ധര്‍മങ്ങള്‍ക്കനുസരിച്ചാണ് നദീതട പ്രദേശങ്ങളും അതിന്റെ ഫലഭൂയിഷ്ടതയും വിലമതിക്കപ്പെടുന്നതും തദനുസൃതമുള്ള സസ്യ-ജന്തുജാലങ്ങളും അവിടെ വളരുന്നതും.
നദീ പാരിസ്ഥിതിക വ്യവസ്ഥ അതുകൊണ്ടുതന്നെ നദിക്കു ചുറ്റുമുള്ള ആവാസ വ്യവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു. അന്തരീക്ഷ വായുവിന്റെയും സമുദ്രജല പ്രവാഹത്തിന്റെയും സ്വഭാവ രീതികള്‍ക്കനുസരിച്ചാണ് ജലസംഭരണ മേഖലയിലെ അവക്ഷിപ്തം രൂപപ്പെടുന്നത്. നദീവക്കുകളിലെ ചരിവുകളില്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍കൊണ്ട് രൂപപ്പെടുന്ന മണ്ണിന്റെ ഘടന, പ്രസ്തുത മണ്ണില്‍ വളരുന്ന സസ്യജാലങ്ങളുടെ പ്രത്യേകതകള്‍, സസ്യങ്ങളില്‍ പരാഗണം നടത്തുകയും ആഹാരം കണ്ടെത്തുകയും ചെയ്യുന്ന ജന്തു-പ്രാണീ സമൂഹം, സമീപ പ്രദേശങ്ങളിലേക്ക് വെള്ളം അരിച്ചിറങ്ങിച്ചെല്ലും വിധമുള്ള നദിയുടെ അടിത്തട്ടിലെ മണ്ണിന്റെ ഘടന ഇവയൊക്കെ അത്തരത്തില്‍ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇത്തരത്തില്‍ സങ്കീര്‍ണത നിറഞ്ഞ നദികളുടെ സ്വാഭാവിക ജലപ്രവാഹത്തെ ഏതെങ്കിലും രീതിയില്‍ മാറ്റിമറിക്കുന്നത് (ഉദാ: ഡാം നിര്‍മാണം, ആഴം കൂട്ടല്‍, നദീസംയോജന പ്രക്രിയ…) പ്രകൃതിയില്‍ വീണ്ടെടുക്കാനാകാത്ത പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഡാമുകള്‍ മത്സ്യങ്ങളുടെ മേല്‍-കീഴ് ജലപ്രവാഹങ്ങളിലൂടെയുള്ള സഞ്ചാരത്തെ തടസപ്പെടുത്തുകയും, വിത്ത് വിതരണത്തെ ത്വരിതപ്പെടുത്തുന്ന കീഴ്ജലപ്രവാഹത്തെ ഇല്ലാതാക്കുകയും ചെയ്യും. അതോടൊപ്പം അവക്ഷിപ്തങ്ങളും എക്കലുകളും നദീതടങ്ങളില്‍ തള്ളുന്ന പ്രക്രിയയെ തടസ്സപ്പെടുത്തുന്നുമുണ്ട്. അതുപോലെതന്നെ വര്‍ധിച്ച തോതിലുള്ള വനനശീകരണം മഴവെള്ളത്തെ ഭൂമിയിലേക്കാഴ്ത്തുന്ന സ്വാഭാവിക പ്രതിഭാസം തടസ്സപ്പെടാനും, അതുവഴി ഉയര്‍ന്ന മലനിരകളിലെ മണ്ണും ചെളിയും ദ്രുതഗതിയില്‍ നദിയിലേക്ക് വന്‍തോതില്‍ വന്നടിഞ്ഞുകൂടാനും ഇടവരുത്തുന്നു. കൃത്രിമമായി നിര്‍മിക്കുന്ന ബണ്ടുകളും തടയണകളും വെള്ളപ്പൊക്കസമയത്ത് മത്സ്യങ്ങളുടെ സൈ്വരവിഹാരത്തിനും വേലിയിറക്കസമയത്ത് കരപ്രദേശങ്ങളിലെ പോഷണങ്ങള്‍ വെള്ളത്തില്‍ ലയിക്കുന്നതിനും തടയിടുന്നു. തടയണകളാല്‍ മുറിക്കപ്പെട്ട നദികള്‍ക്ക് സ്വാഭാവിക പോഷണപ്രക്രിയകള്‍ തടയപ്പെട്ട് ജൈവശേഷി വിനഷ്ടമാകുന്നു.
നദിയുടെ ആഴവും വീതിയും കൂട്ടുന്ന പ്രക്രിയകള്‍ കടുത്ത പാരിസ്ഥിതിക ഭീഷണി ഉയര്‍ത്തുന്നുണ്ട്. നദിയുടെ വളവുനിവര്‍ത്തുന്ന പ്രക്രിയയും ഇതേപോലെത്തന്നെ. വളവ് നിവരുകയും ആഴം കൂട്ടുകയും വഴി നദീജലപ്രവാഹത്തിന്റെ വേഗത വര്‍ധിക്കുന്നു. ഇത് ഭൂഗര്‍ഭജലവിതാനത്തിന്റെ തോത് കുറയ്ക്കുകയാണ് ചെയ്യുക. അതുപോലെത്തന്നെ കരഭൂമിയിലേക്കുള്ള അധിജലവ്യാപനംഒഴിവാകുന്നു. മാത്രമല്ല, നദിയുടെ ആഴം കൂടുകവഴി ജലഗതാഗതത്തിന് സുഗമമായ ചാലുകള്‍ സൃഷ്ടിക്കപ്പെടും. നീര്‍ച്ചാലുകളിലൂടെയും അതുപോലുള്ള ജലപ്രവാഹങ്ങളിലൂടെയുമുള്ള ശക്തമായ മണ്ണൊലിപ്പിനെ നേരിടാന്‍ കൃത്രിമചാലുകള്‍ മുഖേന സാധിക്കും. ഈ രീതിയിലുള്ള നിരീക്ഷണങ്ങള്‍ ഉയര്‍ത്തിക്കാണിച്ചുകൊണ്ട് 1940 കള്‍ തൊട്ട് അമേരിക്കയിലെ ഫെഡറല്‍ ഭരണകൂടം അത്തരം ഒട്ടേറെ സംരംഭങ്ങളുമായി മുന്നോട്ടുവന്നു. ഏതാണ്ട് 34,000 മൈല്‍ ദൂരം വരുന്ന നദീജലപാതയെ ഈ രീതിയില്‍ പരിവര്‍ത്തിപ്പിച്ചു. ഇതിന് ആര്‍മി എഞ്ചിനീയര്‍മാരും മണ്ണ് പരിരക്ഷാ സമിതിയുമാണ് മുന്നിട്ടിറങ്ങിയത്.
പക്ഷെ, മൂന്നു ദശാബ്ദങ്ങള്‍ക്കുള്ളില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ കണ്ടുതുടങ്ങി. വെള്ളപ്പൊക്കം നിയന്ത്രിക്കാനെന്ന പേരില്‍ നിര്‍മിച്ച തടയണകളും മഴക്കുഴികളും കൃത്രിമത്തടാകങ്ങളും അവയുടെ മോശം നിര്‍മാണത്തിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ടു. 1973-ല്‍ അമേരിക്കന്‍ കോണ്‍ഗ്രസ് അതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വെള്ളപ്പൊക്കം നിയന്ത്രിക്കുമ്പോഴുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെ വേണ്ടവിധം പഠിക്കാതെ നടപ്പാക്കിയതായിരുന്നു പദ്ധതികളെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി.
നദിയുടെ ആഴം കൂട്ടല്‍ പ്രക്രിയ സൃഷ്ടിക്കുന്ന വിവിധ പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് ശാസ്ത്രജ്ഞന്മാര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. മേല്‍ മണ്ണ് നഷ്ടം, ഈര്‍പനഷ്ടം, നദീതട സസ്യവംശനാശം, നദീഘടന, വെള്ളപ്പൊക്കം മൂലമുള്ള അധിജല വ്യാപനം, ജലജൈവസാന്നിധ്യം എന്നിവയ്ക്കുണ്ടാകുന്ന മാറ്റം തുടങ്ങിയവയൊക്കെ അതില്‍ ചിലതാണ്.
നദിയില്‍ നിന്നുള്ള അധിജലവ്യാപനം വൃഷ്ടി പ്രദേശത്തെ സമതല പ്രദേശങ്ങളിലെ ഭൂഗര്‍ഭജലനിരപ്പിനെ പിടിച്ചുനിര്‍ത്തുന്നു. ചതുപ്പുപ്രദേശത്തെ സസ്യജാലങ്ങള്‍ക്കാവശ്യമായ പോഷണം പ്രദാനം ചെയ്യുന്നു. അതോടൊപ്പം തന്നെ പ്രദേശത്തെ ജന്തു-സസ്യവര്‍ഗങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുന്നതിനെ നിയന്ത്രിച്ചു നിര്‍ത്തുകയും ചെയ്യുന്നു. നദിയുടെ അധിജലവ്യാപനത്തെ നിയന്ത്രിച്ചാല്‍ (നദിയുടെ വലിപ്പം കൂട്ടിയോ നദീസംയോജനം വഴിയോ) ചതുപ്പു പ്രദേശത്തെ ജലവിതാനം താഴുകയും ഭൂഗര്‍ഭജല ശേഖരത്തിന്റെ ക്രമീകരണം നഷ്ടപ്പെടുകയും ചെയ്യും.
ഇടവിട്ടുണ്ടാകുന്ന അധിജലവ്യാപനവും പാര്‍ശ്വസ്ഥഭൂമേഖലയിലൂടെയുള്ള ഒഴുക്കും പ്രകൃതിപരമായ വ്യതിചലനങ്ങളാണ്. ഇതുമൂലം താഴ്‌വാരവനഭൂമിയുടെ വിസ്തൃതി കൂടുന്നു. തന്മൂലം സസ്യവര്‍ഗവൈവിധ്യം യാഥാര്‍ഥ്യമാകുന്നു. നദീജലം കരകവിഞ്ഞൊഴുകുന്നതിനെ നിയന്ത്രിച്ചു നിര്‍ത്തിയാല്‍ അധികജലവ്യാപനത്തെ അതിജീവിക്കാന്‍ ശേഷിയുള്ള സസ്യവര്‍ഗങ്ങളുടെ വംശനാശം സംഭവിക്കുകയായിരിക്കും ഫലം. വെള്ളപ്പൊക്കമേഖലയ്ക്കു പുറത്തുമാത്രം പടര്‍ന്നു പന്തലിച്ചിരുന്ന സസ്യലതാദികള്‍ നദീതടങ്ങളില്‍ ഇടതൂര്‍ന്ന് വളര്‍ന്ന് ഏക ശിലാരൂപത്തിലുള്ള വനവത്കരണത്തിന് വഴിതെളിയിക്കുന്നു. നദിയുടെ വിസ്തൃതി കൂട്ടുന്നതിന്റെ ഭാഗമായി നദീവക്കിലുള്ള വന്‍വൃക്ഷങ്ങള്‍ വെട്ടിവീഴ്ത്തുന്നത് തണല്‍ നഷ്ടപ്പെടുത്തുകയും ഇലകളും മരച്ചില്ലകളും നദീജലത്തില്‍ വീഴുമ്പോഴുണ്ടാകുന്ന ജൈവപോഷണം ഇല്ലാതാക്കുകയും ചെയ്യും. വൃക്ഷങ്ങളും അവയുടെ വേരുകളും മണ്ണൊലിപ്പിനെയും കരയിടിച്ചിലിനെയും തടയുന്നുണ്ട്. ജലപ്രവാഹത്തിന്റെ തോത് അനിയന്ത്രിതമാകുക വഴി നദിയുടെ അടിത്തട്ടിലൂറുന്ന എക്കല്‍, ചെളിമണ്ണ് എന്നിവ തീരത്തടിഞ്ഞ് ഫലഭൂയിഷ്ടമാകുന്നത് നിലച്ചുപോകും. താഴ്‌വര വനമേഖലയിലെ വന്‍ മരങ്ങള്‍ മുറിക്കുന്നത് അസംഖ്യം ജീവജാലങ്ങള്‍ക്കുപയുക്തമായ ആവാസ വ്യവസ്ഥയുടെ തകര്‍ച്ചക്കാണ് വഴിവെക്കുക. അതിനുപുറമേ ജലത്തില്‍ വര്‍ധിച്ച ഓര്‍ഗാനിക് സംയുക്തങ്ങളുടെ സാന്നിധ്യത്തിനും കാരണമാകും.
അമേരിക്കയിലെ ഫ്‌ളോറിഡയിലുള്ള കിസ്സിമീ (Kissimmee) നദി ബാഹ്യഘടനയിലെ വമ്പിച്ച മാറ്റങ്ങള്‍ക്ക് വിധേയമായി. തീര്‍ത്തും സമതല പ്രദേശമാണ് ഫ്‌ളോറിഡ. തെക്കേ ഫ്‌ളോറിഡയിലൂടെ ഈ നദിയൊഴുകുമ്പോള്‍ അതിന്റെ കരഭൂമി ജലനിരപ്പില്‍ നിന്ന് ഏതാണ്ട് 6 മുതല്‍ 10 അടി വരെ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. വളഞ്ഞുപുളഞ്ഞൊഴുകുന്ന ഈ നദി ഒരു ലക്ഷം അടി പിന്നിടുമ്പോള്‍ അതിന്റെ കരഭൂമി 6 മുതല്‍ 9 അടിവരെ ജലവിതാനത്തിന് താഴയായിരിക്കും. തദ്ദേശിയര്‍ ‘സര്‍പ്പിളകല്ലോലിനി (ംശിറശിഴ ൃശ്‌ലൃ) എന്നാണ് ഈ നദിയെ വിളിച്ചത്. ആകാശത്തുനിന്ന് നോക്കിയാല്‍ പായലുകള്‍ നിറഞ്ഞ കുളത്തിലേക്ക് ഉരുളന്‍ കല്ലുകള്‍ എറിഞ്ഞ പ്രതീതി തോന്നിപ്പിക്കുന്നു. താഴെ അടിത്തട്ടുകാണും വിധം തെളിഞ്ഞ വെള്ളത്തിന്റെ സുഷിരങ്ങളെന്നപോലെ.
തെക്കന്‍ ഫ്‌ളോറിഡയിലുള്ള ജല വൃഷ്ടിപ്രദേശത്ത് രൂപം കൊണ്ടിട്ടുള്ള കാര്‍ബണേറ്റ് പാറകള്‍ സംരക്ഷണമൊന്നും കിട്ടാതെ കുറെശ്ശെയായി അലിഞ്ഞലിഞ്ഞുകൊണ്ടിരുന്നു. മഴവെള്ളത്തിന് ചെറിയ തോതില്‍ അമ്ലഗുണമുള്ളതിനാല്‍ കാര്‍ബണേറ്റ് പാറകളില്‍ ദ്വാരങ്ങളും ഗര്‍ത്തങ്ങളും രൂപം കൊണ്ടു. ഗര്‍ത്തങ്ങളില്‍ വെള്ളം നിറഞ്ഞ് ചെറുതടാകങ്ങള്‍ രൂപപ്പെടുകയും പിന്നീട് കവിഞ്ഞൊഴുകി താഴ്ന്ന നിലങ്ങളിലേക്കെത്തുകയും അങ്ങനെ നദിയും ചതുപ്പു നിലങ്ങളും ഉണ്ടാവുകയുമായിരുന്നു. യൂറോപ്പില്‍ നിന്നെത്തിയ വെള്ളക്കാര്‍ ഇടപെടുന്നതുവരെ ഈ ചതുപ്പു പ്രദേശങ്ങള്‍ കുഴപ്പമൊന്നും കൂടാതെ നിലനിന്നുപോന്നു. മഴവെള്ളം വര്‍ഷിക്കുന്നത് അല്‍പാല്‍പമായി ഉര്‍വര പ്രദേശത്ത് അരിച്ചിറങ്ങി ഓരോ ജൈവഘടകങ്ങളെയും തഴുകി നദികളെയും തടാകങ്ങളെയും പുല്‍മേടുകളെയും ചതുപ്പുനിലങ്ങളെയും പോഷിപ്പിച്ചു. ഈ ജലം പിന്നീട് മധ്യഫ്‌ളോറിഡയിലെ കിസ്സിമീ തടാകത്തിലെത്തി അവിടെ നിന്ന് കിസ്സിമീ നദിയില്‍ പതിക്കുന്നു.
വര്‍ഷക്കാലത്ത്, ഈ നദിയിലെ ജലം 3 മൈല്‍ വീതിയില്‍ കരപ്രദേശങ്ങളിലേക്ക് കവിഞ്ഞൊഴുകി പരക്കുന്നു. അവസാനം ഈ വെള്ളമെല്ലാം ഒന്നിച്ച് ഒകിഷബീ തടാകത്തിലെത്തി അവിടെനിന്ന് എവര്‍ഗ്ലേഡ്‌സിലൂടെ ഷീറ്റു വിരിച്ചിട്ടതുപോലെ അരിച്ചിറങ്ങുന്നു. വേനല്‍ക്കാലത്തും ശരത്കാലത്തും പെയ്യുന്ന മഴവെള്ളം മൂന്നുമുതല്‍ 9 മാസം വരെ നദിയുടെ ഇരുകരയിലും നിറഞ്ഞുകിടക്കും. അതിനാല്‍ പലപ്പോഴും വര്‍ഷം മുഴുവന്‍ വെള്ളം മൂടിക്കിടക്കുന്ന അവസ്ഥ സംജാതമാവാറുണ്ട്. ഈ രീതിയിലുള്ള വെള്ളപ്പൊക്കം മൂലം നദിയിലെ നീരൊഴുക്കില്‍ ഉണ്ടാകുന്നതിനെക്കാള്‍ നൂറിരട്ടിയിലധികം എന്ന തോതില്‍ സൂക്ഷ്മ ജീവികളും മറ്റും ചതുപ്പുപ്രദേശങ്ങളില്‍ പെറ്റുപെരുകുന്നുണ്ട്. നദിയിലെ ജലനിരപ്പ് താഴുമ്പോള്‍ ഈ സൂക്ഷ്മജീവികളെല്ലാം നദിയിലേക്ക് ഒലിച്ചിറങ്ങി അവിടെയുള്ള വിവിധ ജന്തുവര്‍ഗങ്ങള്‍ക്ക് ഭക്ഷണമായിത്തീരുന്നു. ഈ പ്രതിഭാസം വര്‍ഷംതോറും നടക്കുന്നു. ജലപക്ഷികളുടെയും മത്സ്യങ്ങളുടെയും ജൈവചക്രം ഇതുമായി ബന്ധപ്പെട്ടതാണ്. കാട്ടുകൊറ്റികള്‍ മഞ്ഞുകാലത്ത് പൊത്തുകളിലും മറ്റും കൂടിയിരിക്കുന്ന മത്സ്യങ്ങളെ ഭക്ഷണമാക്കും. വേലിയേറ്റ-വേലിയിറക്ക പ്രതിഭാസങ്ങള്‍ക്കൊത്ത് മുട്ടയിടുന്ന ഞൗണിക്ക (ഞൗഞ്ഞി)യെ ഭക്ഷണമാക്കുന്ന പക്ഷികളും അവിടെയുണ്ട്. വെള്ളം കയറിക്കിടക്കുന്ന പ്രദേശത്ത് മത്സ്യങ്ങള്‍ സൈ്വരവിഹാരം നടത്തുന്നു. ക്രമപ്രവൃദ്ധമായി വര്‍ധിച്ചുവരുന്ന അധിജലവ്യാപനം 35 ഇനം അപൂര്‍വ മത്സ്യങ്ങള്‍ക്ക് ഏറ്റവും അനുഗുണമായ പരിസ്ഥിതി ഒരുക്കിക്കൊടുക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
രണ്ടാംലോകയുദ്ധത്തിനുശേഷം കിസ്സിമീ നദീതടപ്രദേശത്തേക്ക് വന്‍തോതില്‍ ജനാധിവാസം ആരംഭിച്ചു. 1947-ല്‍ ചീറിയടിച്ച ചുഴലിക്കാറ്റില്‍ കടുത്ത അധിജലവ്യാപനവും മറ്റും മൂലം ഒട്ടേറെ നാശനഷ്ടങ്ങള്‍ ജനങ്ങള്‍ക്കുണ്ടായി. സൈന്യം ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി അവിടെയെത്തി. 1954-ല്‍ അമേരിക്കന്‍ കോണ്‍ഗ്രസ് കിസ്സിമീ നദിയിലെ അധിജലവ്യാപനം ഇല്ലായ്മ ചെയ്യുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കി. 1962 നും 71 നും ഇടക്ക് കിസ്സിമീ തടാകത്തിനും ഒകീഷബി തടാകത്തിനുമിടയില്‍ ലംബകാകൃതിയില്‍ കനാല്‍ കുഴിച്ചുണ്ടാക്കി. പ്രകൃതിദത്തമായ നീര്‍ച്ചാലിന്റെ പത്തിരട്ടി വലിപ്പുമുണ്ടായിരുന്നു സൈന്യത്തിന്റെ എഞ്ചിനീയറിംഗ് വിഭാഗം നിര്‍മിച്ച പ്രസ്തുത കനാലിന്. ആറിടങ്ങളില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജുകളുമായി വെള്ളം തടുത്തുനിറുത്തപ്പെട്ടു. ചുറ്റുമുള്ള പ്രദേശങ്ങളെക്കാള്‍ ഉയരത്തില്‍ റോഡുകളും പാലങ്ങളും നിലകൊണ്ടു.
അധിജലവ്യാപനം ഇല്ലാതായി എന്നതു സത്യം. പക്ഷെ ചതുപ്പുനില സൗഹൃദം പരിസ്ഥിതിക്ക് നഷ്ടപ്പെട്ടു. കനാല്‍ കുഴിച്ചതിന്റെ മണ്ണ് ഒന്നാകെ 6,900 ഏക്കര്‍ ചതുപ്പുനിലം നികത്തി. ഈര്‍പം നിലനിര്‍ത്തിയിരുന്ന 35,000 എക്കര്‍ ഭൂമി സ്വാഭാവികമായും നഷ്ടപ്പെട്ടു. ബണ്ടുകള്‍ക്കപ്പുറത്തേക്ക് നീരോട്ടം നിലച്ചതിനാല്‍ അവിടം മണലാരണ്യങ്ങളായി. മണല്‍പ്പരപ്പില്‍ ചപ്പുചണ്ടികള്‍ കുന്നുകൂടാന്‍ തുടങ്ങി. നീരൊഴുക്ക് നിലച്ച ഭാഗങ്ങളിലെ ജലം മലിനമായി. തന്മൂലം ഓക്‌സിജന്റെ അളവുകുറഞ്ഞ് ജലസസ്യങ്ങളും ജലജന്തുക്കളും വംശനാശത്തിന്റെ വക്കിലെത്തി. നദീതടപ്രദേശങ്ങളില്‍ നാല്‍കാലി ഫാമുകള്‍, കരിമ്പുകൃഷി തുടങ്ങിയ പലതരം മനുഷ്യപ്രവര്‍ത്തനങ്ങളാല്‍ വര്‍ഷംതോറും 100 മുതല്‍ 500 ടണ്‍വരെ ഫോസ്ഫറസ് ഒകീഷബീ തടാകത്തിലേക്ക് കലരാന്‍ തുടങ്ങി.നൈട്രജനും ഫോസ്ഫറസും കലര്‍ന്നുണ്ടാകുന്ന പോഷണ മലിനീകരണം ഗുരുതര പ്രശ്‌നമാണ്. രാസവളങ്ങളില്‍ ഇവയുടെ സാന്നിധ്യം ഏറെയുണ്ടെങ്കിലും ജൈവവളങ്ങളിലും (ചാണകം പോലുളളവ..) ഗാര്‍ഹികമാലിന്യങ്ങളിലും ഇവ കാണപ്പെടുന്നു. വാഹനങ്ങളുടെ പുകയിലും ഇതുണ്ട്. ഇതെല്ലാം തന്നെ നേരിട്ടോ, കരഭൂമിയില്‍ നിന്ന് ഒലിച്ചിറങ്ങിയോ ജലത്തില്‍ കലരുന്നു. പ്രകൃത്യാ പോഷണങ്ങള്‍ അപകടകാരിയല്ലെങ്കിലും അധികമായാല്‍ ജലജൈവവൈവിധ്യം താളം തെറ്റുന്നു. ജലസസ്യങ്ങളും ആല്‍ഗകളും ക്രമാതീതമായി വളര്‍ന്നുപെരുകുകയും സൂര്യപ്രകാശത്തെ തടയുകയും ചെയ്തുകൊണ്ട് മറ്റുജീവികള്‍ക്കാവശ്യമായ ഓക്‌സിജനെ കുറയ്ക്കുന്നു. ഈ വര്‍ധിച്ച പോഷണ ഫലമായി ആല്‍ഗകള്‍ പെരുകി തടാകജലത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞതുകാരണം ശരത്കാല ജീവിവര്‍ഗങ്ങള്‍ കുറഞ്ഞു. ഇതിനെ ഭക്ഷണമാക്കിയിരുന്ന ദേശാടന പക്ഷികള്‍ അതോടെ വരാതെയായി.
1971 ല്‍ നദീവിസ്തൃതി കൂട്ടുന്ന പണി അവസാനിക്കും മുമ്പുതന്നെ ജനങ്ങള്‍ കിസ്സിമീ പരിസ്ഥിതി സംരക്ഷണത്തിനായി രാഷ്ട്രീയ പരിഹാരമാവശ്യപ്പെട്ട് മുറവിളികൂട്ടി. 1976ല്‍ ഫ്‌ളോറിഡ നിയമസഭ കിസ്സിമീ നദീ പുനരുദ്ധാരണ നിയമം പാസ്സാക്കി. അങ്ങനെ നദീവൃഷ്ടി പ്രദേശത്തെ പരിസ്ഥിതി വീണ്ടെടുപ്പിനായി അഞ്ചിന പരിപാടി തയ്യാറാക്കി. പരിസ്ഥിതി ചക്രം കറങ്ങാനാവശ്യമായ ഇന്ധനം നദീജലത്തിന് നല്‍കുക എന്നതായിരുന്നു ഒന്നാമത്തേത്. അതിനായി ജലസസ്യങ്ങളെ അതില്‍ നിക്ഷേപിക്കുന്ന നടപടിക്രമങ്ങള്‍ക്ക് തുടക്കമിട്ടു. രണ്ടാമത്തേത് ജലത്തിന്റെ ഊഷ്മാവ്, ചെളികലക്കം, ഓക്‌സിജന്റെ അളവ് തുടങ്ങിയ ഘടകങ്ങള്‍ പരിശോധിക്കുകയെന്നതായിരുന്നു. ജലപ്രാണികള്‍, മത്സ്യം, ആമകള്‍, മുതലകള്‍ തുടങ്ങിയവയ്ക്ക് ജീവിക്കാന്‍ അനുഗുണമായ ഊഷ്മാവും ഓക്‌സിജന്റെ സാന്നിധ്യവും ഉണ്ടോയെന്നതായിരുന്നു അതില്‍ പ്രധാനം. ജലപ്രവാഹത്തിന്റെ രീതി നിരീക്ഷിച്ച് ഒഴുക്കിന്റെ തീവ്രത, ഒഴുക്കു ജലത്തിന്റെ പരിമാണം, വേഗത, വേഗതയുടെ വ്യതിയാനസ്വഭാവം ഇതൊക്കെ ക്രമീകരിക്കുകയെന്നതായിരുന്നു മൂന്നാമത്തേത്. ആകെ ജലത്തിന്റെ പരിമാണം, അതിന്റെ സമയബന്ധിതമായ സംഭരണശേഷി തുടങ്ങിയവ നിലനിര്‍ത്തുകയായിരുന്നു നാലാമത്തേത്. നദീജലത്തിലെ വ്യത്യസ്ത ജീവി വര്‍ഗങ്ങളുടെ അതിജീവനം, ഇരപിടിത്തം, രോഗബാധ, പരാദജീവിതക്രമം ഇതൊക്കെയുള്‍പ്പെട്ട ജൈവകൈമാറ്റം വീണ്ടെടുക്കുകയെന്നതായിരുന്നു മറ്റൊന്ന്.
പുനരുദ്ധാരണ പ്രക്രിയ:
പ്രൊജക്റ്റ് സയന്റിസ്റ്റുകള്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ പദ്ധതി കൈകാര്യക്കാര്‍ മുന്നിട്ടിറങ്ങി. കൃത്രിമ കനാലുകളിലൂടെ നദീജലം ഒഴുക്കിവിടുന്നതു നിറുത്തി നദിയിലൂടെ തന്നെയാക്കി. അതിനായി രണ്ട് റെഗുലേറ്റര്‍ കം ബ്രിഡ്ജുകള്‍ എടുത്തുമാറ്റി. 22 മൈല്‍ നീളത്തില്‍ കനാല്‍ മണ്ണിട്ടുമൂടി. നീരൊഴുക്കു നിലച്ച നദിച്ചാലുകളില്‍ അടിഞ്ഞുകൂടിയ ചപ്പുചണ്ടികള്‍ കോരിമാറ്റുകയും ആകൃതി നഷ്ടപ്പെട്ട നദീപ്രദേശങ്ങള്‍ വീണ്ടെടുക്കുകയും ചെയ്തു. ചതുപ്പായിരുന്ന സ്ഥലങ്ങളില്‍ ജനങ്ങള്‍ വാസസ്ഥലമാക്കിയതിനെ 422 മില്യണ്‍ ഡോളര്‍ ചിലവഴിച്ച് തിരികെ വാങ്ങി അവിടങ്ങളില്‍ നിക്ഷേപിക്കപ്പെട്ട മണ്ണുനീക്കി. ഏതാണ്ട് 70,000 ഏക്കര്‍ വിസ്തൃതിവരും ഇങ്ങനെ വീണ്ടെടുത്ത പ്രദേശം. Comprehensive Everglades Restoration Plan എന്നു പേരിട്ട ഈ നദീപുനരുദ്ധാരണ പദ്ധതിക്ക് കണക്കാക്കിയത് 7.8 ബില്യണ്‍ ഡോളറായിരുന്നു. മനുഷ്യന്‍ അവന്റെ അവിവേക പൂര്‍ണമായ പ്രവര്‍ത്തനങ്ങളിലൂടെ നഷ്ടപ്പെടുത്തിയതിനെ വീണ്ടെടുക്കാന്‍ കഴിയുമോ എന്നതിന്റെ പരീക്ഷണം കൂടിയായിരുന്നു അത്. പൈസ നമുക്കെല്ലാം വീണ്ടെടുത്തുതരും എന്നതിനേക്കാള്‍ ഇത്തരം സംരംഭങ്ങളില്‍ പൈസ ഒരു നിര്‍ണായക ഘടകമാണ് എന്ന് ബോധ്യപ്പെട്ടതാണ് ഇതില്‍ മുഖ്യം. 2003-ല്‍ നാഷണല്‍ റിസര്‍ച്ച് കൗണ്‍സില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഫണ്ട് വേണ്ടത്രയില്ലാത്തതിനാല്‍ നദീ പുനരുദ്ധാരണ പദ്ധതി അവതാളത്തിലായെന്നു സൂചിപ്പിച്ചിരുന്നു. 1984-1989 കാലയളവില്‍ കിസ്സിമീ തടാകത്തിന്റെ താഴ്ഭാഗത്ത് കനാല്‍ മുഖത്ത് 3 അണക്കെട്ടുകള്‍ കെട്ടി ജലം നദിയിലൂടെയും വെള്ളം കെട്ടിനില്‍ക്കാറുള്ള ചതുപ്പുനിലങ്ങളിലൂടെ ഒഴുക്കിവിട്ടു. ഒട്ടേറെ സദ്ഫലങ്ങള്‍ അതുകൊണ്ടുണ്ടായി. കെട്ടിനില്‍ക്കുകയായിരുന്ന നദീജലത്തില്‍ ഓക്‌സിജന്റെ അളവു വര്‍ധിച്ചു. നദിയുടെ അടിത്തട്ടില്‍ അടിഞ്ഞുകൂടിയിരുന്ന ചെളിയും ജൈവമാലിന്യങ്ങളും ഒഴുക്കിന്റെ ശക്തിയില്‍ നീക്കം ചെയ്യപ്പെടുകയും തെളിഞ്ഞ മണല്‍ത്തട്ട് ദൃശ്യമാവുകയും ചെയ്തു. നദി അതിന്റെ അടിസ്ഥാന പ്രകൃതി വീണ്ടെടുത്തതോടെ വിവിധ തരത്തിലുള്ള ജൈവജീവികളും സസ്യജാലങ്ങളും തിരിച്ചെത്തി. ഓളങ്ങളില്‍ തത്തിതെന്നിച്ചാടുന്ന പരല്‍ മത്സ്യങ്ങള്‍ പെറ്റുപെരുകി. ഇങ്ങനെയൊക്കെയായിട്ടും നദിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളെ അവലോകനം ചെയ്തുകൊണ്ട് റിപ്പോര്‍ട്ട് സംഗ്രഹിച്ചത് ഇങ്ങനെ: ‘താറുമാറാക്കിയ ജൈവ പ്രകൃതി സന്തുലനാവസ്ഥയെ പൂര്‍ണാര്‍ഥത്തില്‍ ദൈവം സംവിധാനിച്ച അവസ്ഥയിലേക്ക് മടക്കിക്കൊണ്ടുവരികയെന്നത് അസാധ്യം തന്നെയാണ്’.
നദീസംയോജനം: ഇന്ത്യയില്‍
ആര്‍തര്‍ കോട്ടണ്‍ (Arthur Cotton) ആണ് ആദ്യമായി നദീസംയോജന പദ്ധതിയെപ്പറ്റിയുള്ള ആശയവുമായി രംഗത്തുവന്നത്. പതിനെട്ടാം നൂറ്റാണ്ടിലായിരുന്നു അത്. ബ്രിട്ടീഷ് ഇന്ത്യയില്‍ ക്യാപ്റ്റന്‍ ഡസ്റ്റര്‍ ഇത്തരം പദ്ധതിയെപ്പറ്റി നിര്‍ദേശം വെച്ചപ്പോള്‍ അന്നത്തെ സര്‍ക്കാര്‍ അത് തള്ളിക്കളഞ്ഞു. അക്കാലത്തും വന്‍കിട ഡാമുകള്‍ നിര്‍മാണത്തിലുണ്ടെന്നോര്‍ക്കണം. പിന്നീട് 70 കളുടെ തുടക്കത്തില്‍ അതിന്റെ പ്രചാരകരായി വന്നത് എം. വിശ്വേശ്വരയ്യ, കെ.എല്‍. റാവു, ഡി.ജെ ദസ്തൂര്‍ എന്നിവരാണ്. 1990 കളില്‍ ജലസ്രോതസ്സിന്റെ വികസനത്തിനായി നദീസംയോജന പദ്ധതിയുടെ സാധ്യതകളടക്കം പഠന വിധേയമാക്കുന്നതിന് ഗവണ്‍മെന്റ് ഒരു കമീഷനെ നിയോഗിച്ചു.2002 ഒക്‌ടോബര്‍ 31 ന് സുപ്രികോടതി അതുമായി ബന്ധപ്പെട്ട് ഒരു വിധി പുറപ്പെടുവിച്ചു. അടുത്ത പതിനഞ്ചുവര്‍ഷത്തിനകം നദീസംയോജന പദ്ധതി നടപ്പില്‍ വന്നിരിക്കണം എന്നതായിരുന്നു അത്. ശാസ്ത്രജ്ഞന്മാരും സാങ്കേതിക വിദഗ്ധരും മറ്റും ഉള്‍പ്പെട്ട, ഏതാണ്ട് 60,000 കോടി രൂപ ബജറ്റ് വകയിരുത്തിയ പദ്ധതിയായിരുന്നു അത്. ഹിമാലയന്‍ നദീപദ്ധതി, ഉപദ്വീപുനദീ പദ്ധതി എന്നിങ്ങനെ രണ്ടു രീതിയിലാണ് ഇത് ആസൂത്രണം ചെയ്തിട്ടുള്ളത്. ഇതിനിടയില്‍ സുപ്രീംകോടതിയില്‍ വന്ന പൊതുതാല്‍പര്യ ഹര്‍ജിയുടെ വെളിച്ചത്തില്‍ 2015 ഓടെ നദീസംയോജന പദ്ധതി നടപ്പാക്കാന്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഈ കോടതി വിധിയുടെ വെളിച്ചത്തില്‍ പ്രധാനമന്ത്രി 2015 ഓടെ പദ്ധതി പൂര്‍ത്തീകരണം ഉറപ്പുവരുത്താനായി ഒരു ടാസ്‌ക്‌ഫോഴ്‌സിനെ നിയമിച്ചു. സുരേഷ് പ്രഭുവായിരുന്നു മേധാവി.ഒരു സ്വാതന്ത്ര്യ ദിനവാര്‍ഷിക പുലരിയുടെ തലേന്നുരാത്രിയാണ് മുന്‍ ഇന്ത്യന്‍ പ്രസിഡണ്ടായിരുന്ന എ.പി.ജെ കലാം രാഷ്ട്രത്തിന്റെ പുരോഗതിക്ക് നദീജല സംയോജന പദ്ധതിയുടെ അനിവാര്യതയെപ്പറ്റി രാഷ്ട്രസന്ദേശത്തില്‍ സൂചിപ്പിച്ചത്. അദ്ദേഹം ഒരു ശാസ്ത്രജ്ഞനാണെങ്കിലും നദീജലസംയോജന പദ്ധതിയുടെ വിശദാംശങ്ങളെക്കുറിച്ചോ, അതിന് വേണ്ടി വരുന്ന തുക, അത് പരിസ്ഥിതിക്കേല്‍പിക്കുന്ന ആഘാതങ്ങള്‍, പദ്ധതിയുടെ നേട്ടം എന്നിവയെക്കുറിച്ചോ യാതൊരു ധാരണയുമില്ലാതെയാണ് നിര്‍ദേശം മുന്നോട്ട് വെച്ചത്. ഇതിനു പിന്നാലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കിര്‍പാല്‍ തന്റെ റിട്ടയര്‍മെന്റിന് മുമ്പ് നടത്തിയ വിധി പ്രസ്താവനയില്‍ ഗവണ്‍മെന്റ് എത്രയും പെട്ടെന്ന് പ്രസ്തുത വിഷയത്തില്‍ നടപടിയെടുക്കണമെന്ന് ഉത്തരവിട്ടു. വെള്ളം എന്നത് സിമന്റോ കോണ്‍ക്രീറ്റോ ഒന്നുമല്ലല്ലോ. അത് ജീവിതമാണ്. അതിന്റെ സാമ്പത്തിക-സാമൂഹിക-പാരിസ്ഥിതിക മാനങ്ങള്‍ ആസൂത്രണ രംഗത്ത് നിര്‍ബന്ധമായും പരിഗണിക്കുക തന്നെവേണം. മനുഷ്യരുള്‍പ്പെടെ സകല ജീവജാതികളും അതിനെ ആശ്രയിച്ചാണ് ജീവിതം നയിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ 73-ാം ഭേദഗതിയനുസരിച്ച് സമ്മതമോ കൂടിയാലോചനയോ ഇല്ലാതെ യാതൊരുവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളും വന്‍പദ്ധതിയെന്ന രൂപത്തില്‍ നടപ്പാക്കാന്‍ പാടില്ല. എന്നിരിക്കെ വിരമിക്കാന്‍ ഏതാനും ദിവസം ബാക്കിയുള്ളപ്പോള്‍ ചീഫ് ജസ്റ്റിസ് തിടുക്കപ്പെട്ട് ഉത്തരവ് പുറപ്പെടുവിച്ചത് എന്തിനായിരുന്നെന്നും പ്രസിഡണ്ടിന്റെയും ബന്ധപ്പെട്ട മന്ത്രിമാരുടെയും താല്‍പര്യമെന്തായിരുന്നുവെന്നും ജനങ്ങള്‍ക്കറിയേണ്ടതുണ്ട്. വെള്ളപ്പൊക്ക-വരള്‍ച്ച ഭീഷണി നേരിടുന്ന ഗ്രാമീണരെ തൃപ്തിപ്പെടുത്താന്‍ മാത്രമായിരുന്നു ആ പ്രസ്താവനകളെന്ന് കരുതാനാകില്ല.
ഹിമാലയത്തില്‍ നിന്നും ഉപദ്വീപില്‍ നിന്നുമുള്ള നദികള്‍ തമ്മില്‍ സംയോജിപ്പിക്കുന്നതിന് 5.6 ലക്ഷം കോടി രൂപയാണ് ബജറ്റ് നീക്കിവെച്ചിട്ടുള്ളത്. 150 കോടിരൂപ ചിലവിട്ട് നടത്തിയ സാധ്യതാ പഠനത്തിന് ശേഷം 2008 ല്‍ പദ്ധതിക്കായി കുറഞ്ഞത് 5.6 ലക്ഷം കോടി രൂപചിലവുവരുമെന്ന് കണ്ടെത്തി. പാതിവഴിയില്‍ കിടക്കുന്ന ഒട്ടനേകം ജലപദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ 80,000 കോടി രൂപവേണം എന്നാണ് പാര്‍ലമെന്ററി കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നത്. മാത്രമല്ല, ഓരോവര്‍ഷവും സ്റ്റേറ്റ് ഗവണ്‍മെന്റുകള്‍ ജലസേചന പ്രവര്‍ത്തനങ്ങള്‍ക്കായി തങ്ങളുടെ ബജറ്റില്‍ നീക്കിവെക്കുന്നത് 1000 കോടിരൂപയാണ്. ഇത്രയും ഭാരിച്ച സാമ്പത്തിക ബാധ്യത നിലനില്‍ക്കെ നദീസംയോജന പദ്ധതിക്കായുള്ള ചിലവ് എവിടെനിന്നു കണ്ടെത്തുമെന്നും കണ്ടെത്തിയാല്‍ തന്നെ ചെലവിനനുപാതികമായ ഫലം അതില്‍ നിന്ന് ലഭിക്കുമോയെന്നുകൂടി വിദഗ്ധ പഠനങ്ങള്‍ നടത്തേണ്ടതായാണിരിക്കുന്നത്. 14 ലിങ്കുകളുള്ള ഹിമാലയന്‍ നദീ പദ്ധതിയില്‍ പ്രധാനമായും ഗംഗയും ബ്രഹ്മപുത്രയുമാണുള്ളത്. ഈ നദികളിലെ അധികജലം പടിഞ്ഞാറേക്ക് വഴിതിരിച്ചുവിടാനാണുദ്ദേശ്യം. ഉപദ്വീപ് നദീസംയോജന പദ്ധതിയില്‍ മഹാനദി, ഗോദാവരി, കൃഷ്ണ, പെന്നാര്‍, കാവേരി, ദാമന്‍ഗംഗ, നേത്രാവതി, പമ്പ നദികള്‍ ഉള്‍പ്പെടുന്നു. ഈ പദ്ധതികള്‍ക്കായി ഒട്ടേറെ ഡാമുകള്‍ നിര്‍മിക്കുമ്പോള്‍ വമ്പിച്ച തൊഴിലവസരങ്ങള്‍ അത് സൃഷ്ടിക്കുമെന്നാണ് വാദം. ഗംഗയിലും ബ്രഹ്മപുത്രയിലും നിര്‍മിക്കുന്ന ഡാമുകള്‍ ഉത്ഭവമേഖലയായ ബംഗ്ലാദേശില്‍ വരുമെന്നതിനാല്‍ ആ രാജ്യം പദ്ധതിയോട് പുറംതിരിഞ്ഞു നില്‍ക്കുകയാണ്. ഹരിയാന, പഞ്ചാബ്, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ നദീജല പങ്കുവെപ്പുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നിലവിലുണ്ട്. പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, കേരളം, ആസ്സാം, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ പദ്ധതിക്കെതിരാണ്. ഈ പദ്ധതി വന്നാല്‍ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടവരുമെന്നതിനാല്‍ നേപ്പാളും ഭൂട്ടാനും വിസമ്മതം പ്രകടിപ്പിച്ചിരിക്കുന്നു. വിദഗ്ധര്‍ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നത്, മഴവെള്ളക്കൊയ്ത്ത്, പ്രാദേശിക ജലശേഖരണ-വിതരണമാര്‍ഗങ്ങള്‍ എന്നിവയിലൂടെയാണ്. യുണിസെഫിന്റെയും വേള്‍ഡ് വൈല്‍ഡ് ഫണ്ടിന്റെയും പഠനങ്ങള്‍ പറയുന്നത് ജലത്തെ അതാതിടങ്ങളില്‍ ഭൂമിയിലേക്ക് അരിച്ചിറങ്ങാനും മിതമായി ഉപയോഗിക്കാനും അനുവദിച്ചാല്‍ ജലക്ഷാമം ഫലപ്രദമായി പരിഹരിക്കാമെന്നാണ്.പ്രാദേശിക തലത്തില്‍ നടപ്പാക്കാവുന്ന കൂടുതല്‍ സൗകര്യപ്രദമായതും കാലികവുമായ രീതികള്‍ പ്രയോഗിക്കുന്നതായിരിക്കും സാമ്പത്തിക ബാധ്യതകളില്‍ നിന്നും പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ നല്ലത്. നദീസംയോജനമെന്ന ആശയം ഇപ്പോഴും ശൈശവദശയിലാണെന്നതും നാം മറക്കരുത്.
ജലവിഭവത്തെ തോന്നിയതുപോലെ കൈകാര്യം ചെയ്യുന്നതും അത് ഉപയോഗ ശൂന്യമാക്കുന്നതും നിസ്സാരമായ ക്രിമിനല്‍ കുറ്റം മാത്രമായി കാണാന്‍ കഴിയില്ല. ചത്തിസ്ഗഢിലെ ശിവ്‌നാഥ് നദി സ്വകാര്യ സംരംഭത്തിന് നല്‍കി നദീജലവിനിയോഗത്തില്‍ നിന്ന് ജനങ്ങളെ തടയാന്‍ സര്‍ക്കാറിന് ആരാണധികാരം നല്‍കിയത്? പ്രകൃതിയുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നത് നദിയല്ല, ജല ആവൃത്തി ചക്രത്തിലൂടെ ജലം തന്നെയാണ്. സമതുലിതമായ ജല ആവൃത്തിചക്രം ആവശ്യപ്പെടുന്നത് വനവത്കരണം, മണ്ണൊലിപ്പ് തടയല്‍, ഭൂതല-ഭൂഗര്‍ഭജല വിതാനം, ജലത്തിന്റെ സ്വാഭാവിക ശുദ്ധീകരണം എന്നിവയെ ശാക്തീകരിക്കുന്ന നിഷ്‌കാമ നയപരിപാടിയാണ്്. അതുകൊണ്ടുതന്നെ അശാസ്ത്രീയമായ ജലസേചന പദ്ധതികളും പ്രവര്‍ത്തനങ്ങളും തിരുത്സാഹപ്പെടുത്തേണ്ടതും തടയപ്പെടേണ്ടതുമാണ്.
ജലത്തിന്റെ ഉപഭോഗം വര്‍ധിക്കുന്നുവെന്നത് നേരാണ്. പക്ഷെ മറ്റുള്ളവയുടെ ഉപഭോഗവര്‍ധനവുമായി തട്ടിച്ചുനോക്കുമ്പോള്‍ അത് തുലോം കുറവാണ്. ഇനി നദീസംയോജന പദ്ധതിയെ വാദത്തിനുവേണ്ടി സമ്മതിച്ചാല്‍ തന്നെ നദീജലം എല്ലായിടത്തും എത്തിക്കണമെങ്കില്‍ കേന്ദ്രീകൃത ജലവിതരണ ശൃംഖലയും അതിനാവശ്യമായ വന്‍ബജറ്റും കാണേണ്ടിവരും. അങ്ങനെയെങ്കില്‍ പ്രാദേശികാടിസ്ഥാനത്തില്‍ ചെയ്യാറുള്ള മഴവെള്ളക്കൊയ്ത്തുപോലുള്ള പാരമ്പര്യ രീതികളാണ് ഒട്ടും തന്നെ ചിലവില്ലാതെ എല്ലാവര്‍ക്കും വെള്ളംലഭ്യമാക്കുന്ന പദ്ധതി.
ഏറ്റവും കൂടുതല്‍ ജലം ഉപയോഗപ്പെടുത്തുന്നത് കൃഷിയാണ്. 85 ശതമാനത്തിലധികം വരുന്ന കനാലുകള്‍, കുളങ്ങള്‍, കിണറുകള്‍, ഭൂഗര്‍ഭജല പമ്പുകള്‍ തുടങ്ങിയവയിലെ വെള്ളം ഇത്തരത്തില്‍ ഉപയോഗിക്കുന്നു. ആവശ്യം വര്‍ധിച്ചുകൊണ്ടേയിരിക്കയാണ്. കാര്യക്ഷമമായ രീതിയിലുള്ള ജലവിനിമയവും മലിനീകരണമുക്ത പ്രവര്‍ത്തനങ്ങളും വഴി പ്രസ്തുത പ്രതിസന്ധിക്ക് പരിഹാരം കാണാനാകും.
ലഭിക്കുന്ന മഴ കൃഷി ചെയ്യാനും ജലസേചനത്തിനും മതിയാകാത്ത മേഖലകളിലാണ് ഇതര ജനലസേചന മാര്‍ഗങ്ങള്‍ ആവശ്യമായിവരുന്നത്. രാജ്യത്തിന്റെ അധിക ഭാഗങ്ങളിലും ഖാരിഫ് വിളകള്‍ക്കാവശ്യമായത്ര അളവില്‍ മഴവെള്ളം ലഭിക്കുന്നില്ല. മഴരഹിതമാസങ്ങളില്‍ മണ്ണിലെ ഊര്‍പ്പം നിലനിര്‍ത്താന്‍ ജലസേചനം കൂടിയേ തീരൂ. പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഗുജറാത്തിന്റെ ചില മേഖലകള്‍, തമിഴ്‌നാട് ഇവിടെയൊക്കെയാണ് ഖാരിഫ് വിളകള്‍ക്ക് വെള്ളം ആവശ്യമായി വരുന്നത്. തെളിച്ചുപറഞ്ഞാല്‍, രാജ്യത്തിന്റെ വടക്കു പടിഞ്ഞാറന്‍ മേഖലയിലടക്കം എല്ലായിടത്തും നവംബര്‍-ജൂണ്‍ മാസക്കാലയളവില്‍ ജലസേചനം അത്യാവശ്യമാണ്. മഴവെള്ളം ശേഖരിക്കുന്ന സംഭരണികളില്‍ നിന്നും ഭൂഗര്‍ഭ ജലസ്രോതസ്സുകളില്‍ നിന്നുമാണ് ഇത്രയും കാലം ഈ പ്രശ്‌നത്തില്‍ ഒരളവുവരെ പരിഹാരം കണ്ടിരുന്നത്. തമിഴ്‌നാട് തങ്ങള്‍ക്ക് ലഭിക്കുന്ന ജലവിഭവത്തെ പൂര്‍ണമായും ഉപയോഗപ്പെടുത്തുന്നില്ല. മറ്റു പലയിടത്തും ജലം ശേഖരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ നിര്‍മിക്കപ്പെട്ടിട്ടില്ല. ജലസമാഹരണത്തിനുള്ള ഒരു മാര്‍ഗവും ആരും ആര്‍ജവത്തോടെ നടപ്പാക്കുന്നില്ല. അനിയന്ത്രിത ഉപഭോഗവും ജലം പാഴാക്കലും ഒഴിവാക്കുകയെന്നതാണ് കരണീയം. ഇങ്ങനെ വരുമ്പോള്‍ വമ്പിച്ച സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന നദീസംയോജന പദ്ധതികള്‍ക്ക് യാതൊരു പ്രസക്തിയുമില്ലെന്ന് കാണാം.
നദീസംയോജനമെന്ന പദ്ധതിതന്നെ ഒരു പാട് ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. നദികളില്‍ ഒരുപാട് ജലമുണ്ടെന്നും അത് ആവശ്യമുള്ളിടത്തേക്ക് ഒഴുക്കിവിടാന്‍ കാര്യമായ പ്രയാസമില്ലെന്നുമുള്ള കണക്കുകൂട്ടലാണ് ഒന്ന്. പാരിസ്ഥിതിക പ്രശ്‌നങ്ങളൊന്നും സൃഷ്ടിക്കാതെ കൈവശം പൈസയുണ്ടെങ്കില്‍ ഏതു പദ്ധതിയും ക്ഷിപ്രസാധ്യമാണെന്ന നിഗമനമാണ് മറ്റൊന്ന്. ഓരോ നദിയിലും ജല പരിമാണം എത്രയുണ്ടെന്നതിന് ഏത് വിശ്വാസ്യ യോഗ്യമായ രീതിയാണ് വിദഗ്ധര്‍ ഉപയോഗിച്ചിട്ടുള്ളത്? വെള്ളപ്പൊക്കം (അധിക ജലവ്യാപനം) ഉണ്ടാകുന്ന സ്ഥലങ്ങളില്‍ അത് നദിയിലൂടെ ഒഴുകുന്ന അളവറ്റ ജലപരിമാണത്തെ കുറിക്കുന്ന പ്രതിഭാസമാണെന്ന് കരുതുന്നതു തന്നെ ഭോഷ്‌കാണ്. മണ്‍സൂണ്‍ മഴയില്‍ കരകവിഞ്ഞൊഴുകുന്ന നദിക്കരകള്‍ വേനല്‍ക്കാലത്ത് വരണ്ടുവിണ്ടുകിടക്കുന്നതായാണ് കാണുന്നത്. ദേശീയ ജലവികസന ഏജന്‍സികള്‍ നല്‍കുന്ന പെരുപ്പിച്ച ജലപരിമാണ റിപ്പോര്‍ട്ടുകള്‍ സംസ്ഥാനങ്ങളുടെ നിക്ഷിപ്ത താല്‍പര്യങ്ങളുടെ ഫലമാണ്. മഴക്കാലത്ത് ജലം ആവശ്യത്തിലേറെയാണെന്നതും വരള്‍ച്ചക്കാലത്ത് പ്രാഥമികാവശ്യത്തിനു പോലും തികയാതെ വരുന്നുവെന്നതാണ് നാമഭിമുഖീകരിക്കുന്ന പ്രശ്‌നം. ജലം വര്‍ധമാനമായ അളവില്‍ ശേഖരിക്കാന്‍ പറ്റിയ സംഭരണി, പദ്ധതി പ്രദേശത്തിന്റെ പരിസ്ഥിതി ഘടന തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ പരിഗണിച്ചല്ലാതെ ജലസംഭരണം സാധ്യമല്ല. കനാലുകള്‍ നിര്‍മിച്ച് നദിയില്‍ നിന്ന് വെള്ളം മറ്റിടങ്ങളിലേക്ക് കൊണ്ടുപോകുമ്പോള്‍ അത് നദിയുടെ ഏതു ഭാഗത്തുനിന്ന്, ഏതളവില്‍, എത്രകാലത്തേക്ക് എന്നതിനെ സംബന്ധിച്ച കൃത്യമായ പഠനവും നടത്തേണ്ടതുണ്ട്. നിലവില്‍ വാര്‍ത്താമാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടനുസരിച്ച് ഇക്കാര്യങ്ങളില്‍ കാര്യഗൗരവമായ പഠനങ്ങളൊന്നുംതന്നെ നടന്നിട്ടില്ലെന്നാണ് മനസ്സിലാവുന്നത്.
ഗണ്യമായ തോതില്‍ ജലവിഭവം ഉപയോഗിക്കപ്പെടാതെ കടലിലേക്ക് വെറുതെ ഒഴുകിപ്പോകുന്നുവെന്ന യുക്തിരഹിതമായ നിരീക്ഷണവും, ഓരോ സംസ്ഥാനത്തുമുള്ള നദികള്‍ സംയോജിപ്പിച്ചാല്‍ അത് ദേശീയോദ്ഗ്രഥനത്തിന് സഹായകമാവും വിധം ഐക്യം വളര്‍ത്തുമെന്ന രാഷ്ട്രീയ വിടുവായത്തവുമായിരുന്നു പെട്ടെന്ന് ഇത്തരത്തിലുള്ള പദ്ധതി പ്രഖ്യാപനത്തിന് കാരണം. നദീസംയോജനം സ്റ്റേറ്റുകള്‍ തമ്മിലുള്ള സംഘര്‍ഷം വര്‍ധിപ്പിക്കാനേ ഉതകൂ എന്നത് വര്‍ത്തമാനകാല നദീജല പങ്കുവെക്കല്‍ പ്രശ്‌നങ്ങളില്‍ നിന്ന് മനസ്സിലാക്കാം.ഡാമിന്റെയോ, അന്തര്‍സംസ്ഥാന ജലനയത്തിന്റെയോ എന്റോണ്‍ പോലുള്ള പദ്ധതിയുടെയോ വിഷയങ്ങള്‍ വരുമ്പോള്‍ കോടതി അത് ഭരണകര്‍ത്താക്കള്‍ക്ക് ഉചിതമായ നടപടിയെടുക്കാനായി വിടുകയാണ് ചെയ്തിരുന്നത്. നദീജലസംയോജന പദ്ധതിപ്രശ്‌നം നിയമത്തിനുമുമ്പാകെ വന്നപ്പോഴാകട്ടെ, അത് വേഗം നടപ്പിലാക്കാന്‍ കല്‍പിക്കുന്ന തികച്ചും വ്യത്യസ്തമായ നിലപാട് സ്വീകരിച്ചു. നദീസംയോജന പദ്ധതിയെപ്പറ്റി അതിന്റെ നാനാവിധവശങ്ങളും സൂക്ഷ്മ പരിശോധനക്കുവിധേയമാക്കി നിരൂപണം നടത്തിയിട്ടുള്ള അന്താരാഷ്ട്ര നിയമാവലികളുണ്ടായിരിക്കെ അധികാരികളും ജനങ്ങളും അത് മനസ്സിലാക്കുകയും വിവേകപൂര്‍വം പ്രവര്‍ത്തിക്കുകയുമാണ് വേണ്ടത്.
അവലംബം: www.riverlinks.nic.in,
world river review