നോമ്പ്

الصيام1നോമ്പിന്റെ രണ്ട് ഘടകങ്ങൾ : 1) പ്രഭാതം മുതല്‍ സൂര്യാസ്തമയംവരെ ഭക്ഷ്യപേയങ്ങള്‍, ലൈംഗിക വേഴ്ച ആദിയായി നോമ്പിനെ ഭംഗപ്പെടുത്തുന്ന കാര്യങ്ങളില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുക. ഖുര്‍ആന്‍ പറയുന്നു:(കറുപ്പ് രേഖയില്‍നിന്ന് പ്രഭാതമാകുന്ന വെള്ളരേഖ വേര്‍തിരിയും വരെ നിങ്ങള്‍ക്ക് ഭക്ഷ്യപേയങ്ങളാവാം. പിന്നെ രാത്രിവരെ നോമ്പ് പൂര്‍ത്തിയാക്കുവീന്‍. البقرة:187))2) നിയ്യത്ത്:

അല്ലാഹുവിനുവേണ്ടി നോമ്പനുഷ്ഠിക്കുന്നു എന്ന് മനസാ തീരുമാനിക്കുകയാണ് നിയ്യത്ത്. അതു നാവുകൊണ്ട് പറയേണ്ടതില്ല. ഏതു ആരാധനാകാര്യത്തിലുമെന്നപോലെ നോമ്പിനും നിയ്യത്ത് നിര്‍ബന്ധമാണ്. പ്രഭാതോദയത്തിന് മുമ്പ് നിയ്യത്തുണ്ടായിരിക്കണം. നബി (സ) പറയുന്നു.

(പ്രഭാതോദയത്തിനുമുമ്പ് നോമ്പനുഷ്ഠിക്കുമെന്ന് തീരുമാനിച്ചിട്ടില്ലാത്തവന് നോമ്പില്ല.) റമദാന്‍ ആരംഭിക്കുമ്പോള്‍ ആമാസം നോമ്പനുഷ്ഠിക്കുമെന്നു കരുതിയാല്‍ നിയ്യത്തായി. പ്രഭാതോദയത്തിനുമുമ്പ് നോമ്പനു ഷ്ഠിക്കുവാന്‍വേണ്ടി അത്താഴംകഴിച്ചാല്‍ അതു മതിയാകുമെന്നും പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. സുന്നത്തുനോമ്പിന് പ്രഭാതോദയശേഷംഭക്ഷണമൊന്നും കഴിച്ചിട്ടില്ലെങ്കില്‍ ഉച്ചയ്ക്കുമുമ്പ് എപ്പോഴെങ്കിലും തീരുമാനിച്ചാലും മതി. ആയിശ (റ) പറയുന്നു

(ഒരു ദിവസം നബി (സ) എന്റെ അടുത്ത് വന്നു. എന്നിട്ട് ചോദിച്ചു. നിങ്ങളുടെ പക്കല്‍ വല്ലതുമുണ്ടോ? ഞങ്ങള്‍ പറഞ്ഞു: ഇല്ല. എങ്കില്‍ ഞാന്‍ നോമ്പുകാരനാണ്, നബി(സ) പറഞ്ഞു.)

നിര്‍ബന്ധം ആര്‍ക്ക്?

നാട്ടില്‍ സ്ഥിരവാസിയായ, ആരോഗ്യമുള്ള, പ്രായം തികഞ്ഞ ബുദ്ധിയുള്ള ഏതു മുസ്ലിമിനും നോമ്പ് നിര്‍ബന്ധമാണ്. സ്ത്രീകള്‍ക്ക് ആര്‍ത്തവ- പ്രസവരക്തവേളയില്‍ നോമ്പ് നിര്‍ബന്ധമല്ല. അമുസ്ലിം, കുട്ടി, ഭ്രാന്തന്‍, രോഗി, യാത്രക്കാരന്‍, പടുവൃദ്ധന്‍,ഗര്‍ഭിണി, മുലയൂട്ടുന്നവള്‍ എന്നിവര്‍ക്കും നോമ്പ് നിര്‍ബന്ധമല്ല.നോമ്പ് ഒരിസ്ലാമികാരാധനയാണ്. അതിനാല്‍ അമുസ്ലിമിന് നോമ്പ് നിര്‍ബന്ധമില്ല. പ്രായംതികയാത്തതാണ് കുട്ടികള്‍ക്ക് നിര്‍ബന്ധമില്ലാതിരിക്കാന്‍ കാരണം. ഭ്രാന്തന് ബുദ്ധിയില്ലാത്തതും. പരിശീലിപ്പിക്കാനായി കുട്ടി കളെ നമസ്കാരംപോലെ വ്രതവുമനുഷ്ഠിപ്പിക്കേണ്ടതാണ്. കുട്ടിക്കാലത്തെ ശീലം വലുതായാലും നിലനില്ക്കുമല്ലോ.രോഗിയും യാത്രക്കാരനും ആര്‍ത്തവമുള്ളവളും പ്രസവരക്തം നിലച്ചിട്ടില്ലാത്തവളും തങ്ങള്‍ക്ക് നഷ്ടപ്പെട്ട നോമ്പ് പിന്നീട് നോറ്റുവീട്ടണം. ഗര്‍ഭിണിയും മുലയൂട്ടുന്നവളും അങ്ങനെതന്നെ ചെയ്യണം. പടുവൃദ്ധനും, ഭേദപ്പെടുമെന്ന് പ്രതീക്ഷയില്ലാത്ത രോഗം ബാധിച്ചവനും പ്രായശ്ചിത്തമായി ഒരു നോമ്പിന് ഒരു അഗതിക്ക് എന്ന തോതില്‍ ഭക്ഷണം നല്‍കണം. നോമ്പുകൊണ്ട് പ്രത്യേകിച്ച് പ്രയാസമുണ്ടാവുകയില്ലെന്ന് ബോധ്യമുള്ള യാത്രക്കാരന്‍ നോമ്പനുഷ്ഠിക്കുന്നതാണ് നല്ലത്. അല്ലാത്തവര്‍ ഉപേക്ഷിക്കുന്നതും.

നോമ്പ് നിഷിദ്ധമായ ദിനങ്ങള്‍

 

രണ്ട് പെരുന്നാള്‍ ദിനങ്ങളിലും തശ്രീഖിന്റെ ദിനങ്ങളിലും (ദുല്‍ഹജ്ജു മാസം 11, 12, 13 images (2)ദിവസങ്ങള്‍) നോമ്പനുഷ്ഠിക്കല്‍ ഹറാമാണ്. ഉമര്‍ (റ) പറയുന്നു:(ഈ രണ്ട് ദിവസങ്ങളിലും വ്രതമനുഷ്ഠിക്കുന്നത് നബി(സ) നിരോധി ച്ചിട്ടുണ്ട്. ഫിത്വ്ര്‍ദിനം നിങ്ങളുടെ നോമ്പ് ഉപേക്ഷിക്കാനുള്ളതാണ്. അദ്ഹാദിനം നിങ്ങളുടെ ബലിമാംസം തിന്നു കൊള്ളുക.)അബൂഹുറൈറ(റ) പറയുന്നു:(ഈ ദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കരുത്, ഇവ തിന്നാനും കുടിക്കാനും അല്ലാഹുവിനെ സ്മരിക്കാനുമുള്ള ദിവസങ്ങളാണ്എന്ന് മിനായില്‍ ചുറ്റിക്കറങ്ങി വിളംരം ചെയ്യാന്‍ നബി(സ) അബ്ദുല്ലാഹിബ്നു ഹുദാഫയെ നിയോഗിച്ചു)വെള്ളി, ശനി ദിവസങ്ങളില്‍ ഒന്നില്‍ മാത്രമായും ശഅ്ബാന്‍ മുപ്പതോ റമദാന്‍ ഒന്നോ എന്ന് സംശയിക്കുന്ന ദിവസത്തിലും നോമ്പനുഷ്ഠിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ജാബിര്‍ (റ) പറയുന്നു:

(വെള്ളി യാഴ്ച മാത്രമായി തൊട്ടു മുമ്പോ പിമ്പോ ഉള്ള ദിവസവു മായി ചേര്‍ത്തു കൊണ്ടല്ലാതെ നിങ്ങള്‍ നോമ്പനുഷ്ഠിക്കരുത്.)

സമ്മാഅ് (റ) ഉദ്ധരിക്കുന്നു:

(റസൂല്‍ (സ) പറഞ്ഞു: നിങ്ങള്‍ക്കു നിര്‍ബന്ധമുള്ളതല്ലാത്ത ഒരു നോമ്പും ശനിയാഴ്ച ദിവസം അനുഷ്ഠിക്കരുത്. മുന്തിരിത്തോടോ ചെടിക്കമ്പോ മാത്രമാണ് ഒരാള്‍ക്ക് കിട്ടിയതെങ്കില്‍ അയാള്‍ അതെങ്കിലും കടിച്ച് ചവയ്ക്കട്ടെ.)

അമ്മാറുബ്നു യാസിര്‍ (റ) പറയുന്നു:

(സംശയ നാളില്‍ നോമ്പനുഷ്ഠിച്ചവന്‍ അബുല്‍ഖാസിമി(സ)നെ ധിക്കരിച്ചു.) ഈ ദിവസങ്ങളില്‍ നോമ്പ് നിഷിദ്ധമല്ല. അനഭികാമ്യം (كراهة)ആണ്.

ഭര്‍ത്താവ് സ്ഥലത്തുണ്ടായിരിക്കെ അദ്ദേഹത്തിന്റെ അനുവാദമില്ലാതെ ഭാര്യ സുന്നത്ത് നോമ്പനുഷ്ഠിക്കരുത്. നബി (സ) പറഞ്ഞതായി അബൂഹുറൈറ (റ) ഉദ്ധരിക്കുന്നു.

(ഭര്‍ത്താവ് സന്നിഹിതനായിരിക്കേ അദ്ദേഹത്തിന്റെ അനുവാദമില്ലാതെ ഭാര്യ റമദാനിലൊഴികെ ഒറ്റദിവസവും നോമ്പനുഷ്ഠിക്കരുത്).

 

Related Post