1. ദാഹം ശമിക്കാനും ചൂടകറ്റാനും വേണ്ടി കുളിക്കുക, വെള്ളത്തില്‍ മുങ്ങുക തുടങ്ങിയ കാര്യങ്ങള്‍ അനുവദനീയമാണ്.
ഒരു സഹാബി ഉദ്ധരിക്കുന്നു:
(നോമ്പുകാരനായിരിക്കേ ദാഹം കാരണമായോ ചൂട് കാരണമായോ നബി (സ) തലയിലൂടെ വെള്ളമൊഴിക്കുന്നതു ഞാന്‍ കണ്ടിട്ടുണ്ട്.)
2. രാത്രി ഉണ്ടായ ജനാബത്ത് പ്രഭാതത്തില്‍ നോമ്പ് തുടങ്ങാന്‍ തടസ്സമാവുന്നില്ല. പ്രഭാതമായശേഷം കുളിച്ചാലും നോമ്പ് സാധുവാകും. ആയിശ (റ) പറയുന്നു:
(നബി (സ) നോമ്പുകാരനായിരിക്കേ ജനാ ത്തുകാരനായി നേരം പുലരാറുണ്ട് പിന്നെ അദ്ദേഹം കുളിക്കും.)
3. മനഃപൂര്‍വമല്ലാതെ ഭക്ഷണപാനീയങ്ങള്‍ വല്ലതും ഉള്ളില്‍ ചെന്നാലും നോമ്പ് മുറിയുകയില്ല. നബി(സ)യില്‍നിന്ന് അബൂഹുറൈറ (റ) റിപ്പോര്‍ട്ടു ചെയ്യുന്നു:
(ആരെങ്കിലും നോമ്പുകാരനായിരിക്കെ മറന്നുകൊണ്ട് തിന്നുകയോ കുടിക്കുകയോ ചെയ്താല്‍ അവന്‍ നോമ്പ് പൂര്‍ത്തിയാക്കിക്കൊള്ളട്ടെ. അല്ലാഹുവാണവനെ തീറ്റിയതും കുടിപ്പിച്ചതും.)
4. ഭാര്യയെ ചുംബിച്ചാലും നോമ്പിന് ഭംഗം വരുന്നില്ല. ഉമര്‍(റ) പറയുന്നു:
ഒരുനാള്‍ നോമ്പുണ്ടായിരിക്കെ എനിക്ക് ലൈംഗികാസക്തിയനുഭവപ്പെട്ടു. ഞാന്‍ ഭാര്യയെ ചുംബിച്ചു. ഞാന്‍ നബി(സ)യെ സമീപിച്ചു പറഞ്ഞു: ഞാന്‍ വലിയൊരപരാധം ചെയ്തിരിക്കുന്നു. ഞാന്‍ നോമ്പുകാരനായിരിക്കേ ഭാര്യയെ ചുംബിച്ചുപോയി.
നബി(സ) ചോദിച്ചു: നോമ്പ് എടുത്തിരിക്കേ താങ്കള്‍ വായില്‍ വെള്ളം കൊപ്ളിക്കാറില്ലേ? അതേപ്പറ്റി എന്താണ് താങ്കളുടെ അഭിപ്രായം?
ഞാന്‍: അതുകൊണ്ട് കുഴപ്പമില്ല. ചുംബനം കൊണ്ടും നോമ്പിന് ഭംഗം വരികയില്ലെന്ന് നബി (സ) വ്യക്തമാക്കി.
നോമ്പിന് ഭംഗം വരില്ലെങ്കില്‍ പോലും വര്‍ധിച്ച ലൈംഗികാസക്തിയുള്ളവര്‍ ചുംബനം ഒഴിവാക്കുന്നതാണ് നല്ലത്. അതു നോമ്പുസമയത്ത് നിഷിദ്ധമായ ലൈംഗിക ബന്ധത്തിലേക്ക് നയിക്കാന്‍ കാരണമായേക്കും.
5. ഇഞ്ചക്ഷന്‍: വായ, മൂക്ക് തുടങ്ങിയ ശരീരത്തിലെ സാധാരണ ദ്വാരങ്ങള്‍ വഴി വല്ലതും ഉള്ളില്‍ പ്രവേശിക്കുന്നതിനാല്‍ മാത്രമേ നോമ്പ് മുറിയുകയുള്ളൂ. അതിനാല്‍ മരുന്നുകള്‍ ഇഞ്ചക്ഷന്‍ ചെയ്യുന്നതുമൂലം നോമ്പ് മുറിയുകയില്ല. എന്നാല്‍ ശരീരപോഷണാര്‍ഥം ഗ്ളൂക്കോസ് കുത്തിവെക്കുന്നത് നോമ്പിന് ഭംഗം വരുത്തുമെന്ന് അഭിപ്രായമുണ്ട്.
ശരീരത്തില്‍നിന്ന് രക്തമെടുക്കല്‍
6. ശരീരത്തില്‍നിന്ന് രക്തം കുത്തിയെടുക്കുന്നത് നോമ്പുമുറിയാന്‍ കാരണമല്ല. നബി(സ) നോമ്പുകാരനായിരിക്കേ കൊമ്പുവെച്ചിരുന്നതായി ഇമാം ബുഖാരി ഉദ്ധരിച്ചിരിക്കുന്നു. തലയില്‍നിന്നു രക്തമെടുക്കുന്നതിനാണ് കൊമ്പുവെപ്പ് എന്ന് പറയുന്നത്.
7. നോമ്പുകാരന്‍ വെള്ളം വായിലാക്കി കുലുക്കിത്തുപ്പുന്നതും മൂക്കില്‍ വെള്ളം കയറ്റി ചീറ്റുന്നതും അനുവദനീയമാണ്. എന്നാല്‍ വായിലും മൂക്കിലും വെള്ളം കയറ്റുമ്പോള്‍ കൂടുതല്‍ ഉള്ളിലേക്ക് കയറ്റാതെ ശ്രദ്ധിക്കണ മെന്ന് മാത്രം. നബി(സ) പറയുന്നു:
(നീ മൂക്കില്‍ വെള്ളം കയറ്റുമ്പോള്‍ പരമാവധികയറ്റുക, നോമ്പുകാരനെങ്കിലൊഴികെ.) മൂക്കില്‍ മരുന്ന് ഉറ്റിക്കുന്നത് നോമ്പുമുറിയാന്‍ കാരണമാവും. അത് അകത്തേക്കിറങ്ങുമല്ലോ. സുഗന്ധദ്രവ്യം ഉപയോഗിക്കുന്നതുകൊണ്ടും നോമ്പ് മുറിയുകയില്ല.
8. ഋതുമതികള്‍ക്കും പ്രസവം കഴിഞ്ഞ സ്ത്രീകള്‍ക്കും പ്രഭാതത്തിനു മുമ്പ് രക്തം നിലച്ചാല്‍ നോമ്പനുഷ്ഠിക്കാം. പ്രഭാതമായ ശേഷം കുളിച്ചാല്‍ മതി.
നോമ്പ് മുറിയുന്ന കാര്യങ്ങള്‍
താഴെ വിവരിക്കുന്ന ഏതെങ്കിലുമൊരു കാര്യം സംഭവിച്ചാല്‍ അത് നോമ്പ് മുറിയാന്‍ ഇടയാക്കും. അതിനാല്‍ അതു സംഭവിക്കാതെ സൂക്ഷിക്കേണ്ടതു നോമ്പുകാരന്റെ ബാധ്യതയാണ്. അതില്‍തന്നെ ചില സംഗതികള്‍ ചെയ്ത് നോമ്പ് മുറിഞ്ഞാല്‍ ആ നോമ്പ് നോറ്റുവീട്ടല്‍ നിര്‍ബന്ധമാണ്. മറ്റു ചില സംഗതികള്‍ ചെയ്ത് നോമ്പ് മുറിഞ്ഞാല്‍ നോറ്റുവീട്ടുന്നതോടൊപ്പം പ്രായ ശ്ചിത്തം ചെയ്യുകകൂടി വേണം.
നോമ്പ് മുറിയുകയും നോറ്റുവീട്ടല്‍ നിര്‍ബന്ധമാവുകയും ചെയ്യുന്ന കാര്യങ്ങള്‍:
1. ബോധപൂര്‍വം തിന്നുകയോ കുടിക്കുകയോ ചെയ്യുക.
നോമ്പുസമയത്ത് തിന്നുകയോ കുടിക്കുകയോ ചെയ്താല്‍ നോമ്പ് മുറിയുന്നതാണ്. നോമ്പുകാരനാണെന്ന കാര്യം മറന്നുകൊണ്ടോ, അബദ്ധവശാലോ, നിര്‍ബന്ധിതനായോ ആണ് തിന്നുകയോ കുടിക്കുകയോ ചെയ്തതെ ങ്കില്‍ അതുകൊണ്ട് നോമ്പ് മുറിയുന്നില്ല.
നബി (സ) പറഞ്ഞതായി ഇബ്നു അബ്ബാസ് (റ) ഉദ്ധരിക്കുന്നു:
(അബദ്ധം, മറവി, ബലപ്രയോഗത്തിന് വിധേയമായി ചെയ്യുന്ന കാര്യം എന്നിവ അല്ലാഹു എന്റെ സമുദായത്തിന് ഇളവ് ചെയ്തുകൊടുത്തിട്ടുണ്ട്)
2. മനഃപൂര്‍വം ഛര്‍ദ്ദിക്കുക
വായില്‍ വിരലിട്ടോ മറ്റോ ബോധപൂര്‍വം ഛര്‍ദ്ദിക്കുന്നതും നോമ്പ് മുറിയാന്‍ കാരണമാവും. എന്നാല്‍ സ്വാഭാവിക ഛര്‍ദ്ദികൊണ്ട് നോമ്പ് മുറിയുകയില്ല. നബി(സ) പറഞ്ഞതായി അബൂഹുറൈറ(റ) ഉദ്ധരിക്കുന്നു:
(ഛര്‍ദ്ദി ആരെയെങ്കിലും കീഴ്പ്പെടുത്തിയെങ്കില്‍ അവന്‍ നോമ്പ് നോറ്റു വീട്ടേണ്ടതില്ല. ബോധപൂര്‍വം ഛര്‍ദ്ദിച്ചവന്‍ നോറ്റുവീട്ടണം.)
3. ആര്‍ത്തവവും പ്രസവവും
നോമ്പിന്റെ അവസാന നിമിഷങ്ങളിലായാല്‍പോലും ആര്‍ത്തവരക്തമോ പ്രസവരക്തമോ പുറപ്പെട്ടുതുടങ്ങിയാല്‍ നോമ്പ് മുറിയും. അതു പിന്നീട് നോറ്റുവീട്ടുകയും വേണം.
4. ഇന്ദ്രിയസ്ഖലനം
ലൈംഗികബന്ധം കാരണമായോ ഭാര്യയെ ചുംബിച്ചതു കാരണമായോ ആലിംഗനം ചെയ്തതിനാലോ മുഷ്ടിമൈഥുനം നിമിത്തമോ ഇന്ദ്രിയം സ്ഖലിച്ചാലും നോമ്പ് മുറിയും. എന്നാല്‍ ഭാര്യയെ നോക്കുക മാത്രം ചെയ്തതിനാലാണ് ഇന്ദ്രിയം സ്ഖലിച്ചതെങ്കില്‍ നോമ്പ് മുറിയുകയില്ല. മദ്യ് പുറപ്പെട്ടതുകൊണ്ടും നോമ്പ് മുറിയുകയില്ല.
5. മറ്റു വസ്തുക്കള്‍ അകത്തുചെന്നാല്‍
വായ, മൂക്ക് തുടങ്ങിയ സാധാരണ മാര്‍ഗങ്ങളിലൂടെ ഭക്ഷണപാനീയങ്ങ ളല്ലാത്ത മറ്റു വല്ലതും ഉള്ളില്‍ ചെന്നാലും നോമ്പു മുറിയും.
6. നോമ്പ് മുറിക്കാന്‍ തീരുമാനിച്ചാല്‍ ഒന്നും ഉള്ളില്‍ ചെന്നില്ലെങ്കിലും നോമ്പ് മുറിക്കുകയാണെന്ന് തീരുമാനിച്ചാല്‍ നോമ്പ് മുറിയും.
7. പ്രഭാതമായിട്ടില്ലെന്നോ സൂര്യന്‍ അസ്തമിച്ചെന്നോ ധരിച്ച് ഭക്ഷണം കഴിക്കുകയും പിന്നീട് ധാരണ തെറ്റിയതായി തെളിയുകയും ചെയ്താലും നോമ്പ് മുറിയുമെന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെ അഭിപ്രായം. തെറ്റു പറ്റുന്നതും മറവി സംഭവിക്കുന്നതുമായ കാര്യങ്ങളില്‍ അല്ലാഹു ഇളവു നല്കിയിട്ടുണ്ടെന്ന ഹദീഥിന്റെ അടിസ്ഥാനത്തില്‍ അവമൂലം നോമ്പ് മുറിയുകയില്ലെന്ന് പ്രമുഖ പണ്ഡിതന്‍മാരില്‍ ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. നോമ്പ് നോ റ്റുവീട്ടുന്നതോടൊപ്പം പ്രായശ്ചിത്തംകൂടി നിര്‍ബന്ധമാവുന്നകാര്യം ഭാര്യയുമായി ലൈംഗിക ന്ധത്തിലേര്‍പ്പെടലാണ്. ഭാര്യ അവളുടെ നോമ്പ് നോറ്റുവീട്ടുകയേ ചെയ്യേണ്ടതുള്ളൂ. എന്നാല്‍ പുരുഷന്‍ നോമ്പുനോറ്റു വീട്ടുന്നതോടൊപ്പം പ്രായശ്ചിത്തമായി ഒരു അടിമയെ മോചിപ്പിക്കുകയോ, അതു സാധ്യമല്ലാത്ത സാഹചര്യത്തില്‍ രണ്ടുമാസം തുടരെ നോമ്പനുഷ്ഠിക്കുകയോ, അതും സാധ്യമല്ലെങ്കില്‍ തന്റെ കുടുംബത്തിന് നല്‍കുന്ന രീതിയില്‍ അറുപത് അഗതികള്‍ക്ക് മാന്യമായ ഭക്ഷണം നല്‍കുകയോ ചെയ്യണം. അബൂഹുറൈറ (റ) ഉദ്ധരിക്കുന്നു.
(റമദാനില്‍ (ഭാര്യാസംസര്‍ഗം വഴി) നോമ്പ് മുറിച്ച ആളോട് ഒരു അടിമയെ മോചിപ്പിക്കാന്‍, അല്ലെങ്കില്‍ രണ്ടുമാസം തുടരെ നോമ്പനുഷ്ഠിക്കാന്‍, അതുമല്ലെങ്കില്‍ അറുപത് അഗതികള്‍ക്ക് ഭക്ഷണം നല്‍കാന്‍ നബി(സ) കല്പിച്ചു.) |
|