പരിധി വിട്ടു പുകഴ്ത്താന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല
ഒരിക്കല്‍ സാദിഖുമായി സംസാരിച്ചു നില്‍ക്കെയാണ് അയാള്‍ കടന്നു വന്നത്. തൊട്ടടുത്ത പ്രദേശത്തുള്ള വ്യക്തിയാണ്. സംസാരം പതുക്കെ ഇസ്‌ലാമിലേക്ക് നീണ്ടു. സംസാരത്തിനിടയില്‍ അദ്ദേഹം പറഞ്ഞു ‘…………………………. ഇങ്ങിനെ ഒരു ആയത്ത് ഖുര്‍ആനില്‍ ഉണ്ട്’. ‘അങ്ങിനെ ഒരു ആയത്ത് ഇല്ലെന്നു ഞാനും’. അവസാനം അദ്ദേഹം പറഞ്ഞു.’ എന്നാല്‍ പിന്നെ ഉണ്ടാകില്ല’.
ഇന്ന് കാലത്തു ഒരാള്‍ ഒരു ഹദീസ് അയച്ചു തന്നു. അങ്ങിനെ ഒന്ന് ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. കേരളത്തിലെ ഒരു അറിയപ്പെട്ട പ്രാസംഗികന്‍ ഉദ്ധരിച്ച ഹദീസാണ്. അലിയുടെ മുഖത്ത് നോക്കിയിരിക്കല്‍ ഇബാദത്താണ് എന്നാണ് ഹദീസ്. അങ്ങിനെ ഒന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് കൂടുതല്‍ മനസ്സിലാവുക സഹാബികള്‍ക്കാണ്. സഹാബികളുടെ കാലത്ത് അലിക്ക് പതിവിലും വലിയ പരിഗണന കിട്ടിയതായി അറിയില്ല. പ്രവാചകന്‍ മരണപ്പെട്ടപ്പോള്‍ അബൂബക്കര്‍(റ)നെ അടുത്ത ഖലീഫയായി തിരഞ്ഞെടുത്തത് സഹാബികളാണ്. അദ്ദേഹത്തെ നേതാവായി തിരഞ്ഞെടുത്തതിന്റെ പേരില്‍ സമൂഹത്തില്‍ വല്ല കുഴപ്പവുമുണ്ടായതായി നമുക്കറിയില്ല. ശേഷം ഉമറും ഉസ്മാനും. ഇവരെല്ലാം സ്വയം കയറി വന്നതല്ല അന്നത്തെ സഹാബികള്‍ തിരഞ്ഞെടുത്തതാണ്. ശേഷം അലിയുടെ കാലത്തു ഇസ്‌ലാമിക ലോകത്തു പല കുഴപ്പങ്ങളും നടന്നു. അപ്പുറത്തു ഉണ്ടായിരുന്നതും സഹാബികള്‍ തന്നെയായിരുന്നു. ഒരു സമയം പ്രവാചക പത്‌നിവരെ എന്ന് പറയാം. അലിയുടെ മുഖത്ത് നോക്കല്‍ പുണ്യമാണ് എന്നൊരു പ്രവാചക വചനം നിലനില്‍ക്കെ എങ്ങിനെയാണ് അവര്‍ അലിയോട് യുദ്ധം ചെയ്യുക.
വ്യക്തികള്‍ക്ക് അവരുടെ സ്ഥാനം നല്‍കുക എന്നത് ഇസ്‌ലാമും അംഗീകരിക്കുന്നു. പലപ്പോഴും വ്യക്തികളെ അവരുടെ സ്ഥാനത്തു നിന്നും ഉയര്‍ത്തി കാണിക്കുക എന്നത് എക്കാലത്തെയും പ്രവണതയാണ്. പ്രവാചകനെ പോലും ഒരു പരിധി വിട്ടു പുകഴ്ത്താന്‍ ഇസ്ലാം അനുവാദം നല്‍കുന്നില്ല. പക്ഷെ ഇന്ന് ഇസ്‌ലാമിന്റെ പേരില്‍ ആകെ നടക്കുന്നത് ഈ പുകഴ്ത്തലുകളാണ്. പലപ്പോഴും പറഞ്ഞു പറഞ്ഞു പലരും പ്രവാചകന്റെ മേലെ പോകുന്നു. അടുത്ത കാലത്തു ഇത്തരം പ്രവണതകള്‍ കൂടുതലായി കാണുന്നു. ആര്‍ക്കും എന്തും പറയാം എന്നതായിരിക്കുന്നു ഇസ്‌ലാം. ഒരു അത്ഭുതം കാണിക്കുന്ന മതമായി ഇസ്ലാം മാറുന്നു. അത്ഭുതങ്ങള്‍ ചിലപ്പോള്‍ സാഹചര്യങ്ങളുടെ തേട്ടമനുസരിച്ചു സംഭവിക്കുന്നു. അതില്‍ ആ വ്യക്തിക്ക് ഒരു പങ്കുമില്ല എന്നതാണ് ഇസ്‌ലാമിന്റെ നിലപാട്.
ഖുര്‍ആന്‍ വായിച്ചാല്‍ നമുക്ക് മനസ്സിലാവുന്ന ഇസ്‌ലാം ത്യാഗമാണ്. ഒരുപാട് ത്യാഗ പൂര്‍ണമായ പ്രവര്‍ത്തനം കൊണ്ടാണ് ഇസ്‌ലാം മുന്നോട്ടു പോയത്. പ്രവാചകരും അനുയായികളും ഇസ്‌ലാമിന്റെ പേരില്‍ സഹിച്ച ത്യാഗങ്ങള്‍ എന്നതിനേക്കാള്‍ ഇന്നത്തെ പ്രചാരണം അവരുടെ പേരില്‍ പറഞ്ഞു കേള്‍ക്കുന്ന അത്ഭുത കഥകളാണ്. അത്ഭുത സംഭവങ്ങള്‍ ആവശ്യപ്പെട്ടു പലരും അന്ന് പ്രവാചകനെ സമീപിച്ചിരുന്നു. അതിനു പ്രവാചകന്‍ നല്‍കിയ മറുപടി ഞാന്‍ ഒരു മനുഷ്യന്‍ മാത്രമാണ് എന്നായിരുന്നു. തന്റെ ചുറ്റും നടക്കുന്ന പലതും പ്രവാചകനെ സന്തോഷിപ്പിച്ചു, പലപ്പോഴും ദു:ഖിപ്പിച്ചു. അതിലൊന്നും പ്രവാചകന്‍ ഇടപെട്ടില്ല. അല്ലാഹുവിന്റെ നടപടികളില്‍ ഇടപെടാനുള്ള അവകാശം പ്രവാചകന് നല്‍കിയിട്ടില്ല എന്നത് തന്നെ കാരണം. അതെ സമയം ഇന്ന് നാം കേള്‍ക്കുന്ന പല പുണ്യ പുരുഷരും അല്ലാഹുവിന്റെ റുബൂബിയ്യത്തില്‍ ഇടപെടുന്നവരാണ്. അതായത് തൗഹീദിനെ തന്നെ നിരാകരിക്കുന്നവര്‍.
പ്രവാചക കാലത്തും ശേഷവും ഇന്ന് കാണുന്ന രീതിയില്‍ ഒരു വ്യക്തിഗത ഇസ്ലാം കടന്നു വന്നില്ല. ശിയാക്കള്‍ അലി(റ)യെ മുന്‍നിര്‍ത്തി സംഘടിച്ചതു പോലെ സുന്നികള്‍ ആരെയും മുന്‍നിര്‍ത്തിയില്ല. പക്ഷെ ഇന്ന് സുന്നികള്‍ ആ കാര്യത്തില്‍ ശിയാക്കളെ കവച്ചു വെക്കുന്നു. കേള്‍ക്കാന്‍ ആളുണ്ട് എന്നത് കൊണ്ട് എന്തും പറയുക എന്നത് നല്ല രീതിയല്ല. അതെ സമയം പറയുന്ന പലതും അടിസ്ഥാനമില്ലാത്തതുമാണ്.