പാപം ആവര്‍ത്തിച്ചു കൊണ്ടിരുന്നാല്‍ അല്ലാഹു പൊറുത്തു തരുമോ?

ചോദ്യം: ഒരു പാപം ചെയ്ത് പശ്ചാത്തപിച്ച് മടങ്ങിയതിന് ശേഷം വീണ്ടും ആവര്‍ത്തിക്കുകയും പാപമോചനത്തിന് വേണ്ടി തേടുകയും ചെയതാല്‍ അല്ലാഹു പൊറുത്തു തരുമോ?

 

ഈ ചോദ്യത്തിനു ഉത്തരം പറയുന്നതിന് മുമ്പ് ഒരു നബി വചനം സൂചിപ്പിക്കട്ടെ. അബൂദര്‍റി(റ)ല്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. നബി (സ) പറഞ്ഞു: മലക്ക് ജിബ് രീല്‍ എന്റെയടുക്കല്‍ വന്ന് ഒരു സന്തോഷവാര്‍ത്തയറിയിച്ചു. അല്ലാഹുവിനെയല്ലാതെ മറ്റാരെയും ആരാധിക്കാതെ ഒരുവന്‍ മരിച്ചാല്‍ അവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും. അപ്പോള്‍ ഞാന്‍ ജിബ് രീലിനോട് ചോദിച്ചു. അവന്‍ മോഷണവും വ്യഭിചാരവും ചെയ്തിട്ടുണ്ടെങ്കിലും അങ്ങനെത്തന്നെയാണോ? ജിബ് രീല്‍ (അ) പറഞ്ഞു: അവന്‍ മോഷ്ടിച്ചാലും വ്യഭിചരിച്ചാലും ശരി. (ബുഖാരി 579)
അബൂഹുറൈറ പറയുന്നു:നബി (സ) പറയുന്നതായി ഞാന്‍ കേട്ടു. ഒരാള്‍ ഒരു പാപം ചെയ്യുകയും എന്നിട്ട് ‘അല്ലാഹുവേ ഞാന്‍ ഒരു തെറ്റ് ചെയ്തു പോയി. എനിക്കു പൊറുത്തുതരണേ’ എന്നു പറയുകയും ചെയ്താല്‍ അല്ലാഹു പറയും: തനിക്ക് പൊറുത്തു കൊടുക്കുകയും അവനെ ശിക്ഷിക്കുകയും ചെയ്യുന്ന ഒരു രക്ഷകന്‍ ഉണ്ട് എന്ന് എന്റെ അടിമ അറിയുന്നുണ്ട്. അതുകൊണ്ട് ഞാന്‍ എന്റെ അടിമക്ക് പൊറുത്തു കൊടുക്കുന്നു. പിന്നീട് അവന്‍ ഒരു തെറ്റും ചെയ്യാതെ കുറേകാലം കഴിയുന്നു. എന്നാല്‍ കുറെകഴിഞ്ഞ് അവന്‍ മറ്റൊരു തെറ്റ് ചെയ്യുകയും ചെയ്തയുടന്‍ അല്ലാഹുവോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു: അല്ലാഹുവേ, ഞാന്‍ മറ്റൊരു തെറ്റ് കൂടി ചെയ്തിരിക്കുന്നു. എനിക്കു പൊറുത്തു തന്നാലും. അപ്പോള്‍ അല്ലാഹു പറയും: തനിക്ക് പൊറുത്തു കൊടുക്കുകയും അവനെ ശിക്ഷിക്കുകയും ചെയ്യുന്ന ഒരു രക്ഷകന്‍ ഉണ്ട് എന്ന് എന്റെ അടിമ അറിയുന്നുണ്ട്. അതുകൊണ്ട് ഞാന്‍ എന്റെ അടിമക്ക് പൊറുത്തു കൊടുക്കുന്നു. പിന്നീട് കുറേകാലം പാപങ്ങളൊന്നും ചെയ്യാതെ ജീവിച്ചു. എന്നാല്‍ കുറെകാലം കഴിഞ്ഞ അവന്‍ വീണ്ടും മറ്റൊരു തെറ്റ് ചെയ്തു. അപ്പോള്‍ അവന്‍ പ്രാര്‍ത്ഥിക്കുന്നു: അല്ലാഹുവേ ഞാന്‍ ഒരു തെറ്റ് ചെയ്തു പോയി. എനിക്കു പൊറുത്തുതരണേ’ അപ്പോള്‍ അല്ലാഹു പറയും: തനിക്ക് പൊറുത്തു കൊടുക്കുകയും അവനെ ശിക്ഷിക്കുകയും ചെയ്യുന്ന ഒരു രക്ഷകന്‍ ഉണ്ട് എന്ന് എന്റെ അടിമ അറിയുന്നുണ്ട്. അതുകൊണ്ട് ഞാന്‍ എന്റെ അടിമക്ക് പൊറുത്തു കൊടുക്കുന്നു. അവന് ഇഷ്ടമുള്ളതെല്ലാം ചെയ്യാം.’ (ബുഖാരി 598)
ഈ ഹദീസുകള്‍ ഒരു നിലക്കും പാപങ്ങള്‍ ചെയ്യാനുള്ള പ്രോത്സാഹനമല്ല. അല്ലാഹുവിന് അവന്റെ അടിമകളോടുള്ള കാരുണ്യവും സ്‌നേഹവും സൂചിപ്പിക്കുന്ന വചനങ്ങളാണിവ. അല്ലാഹുവിന്റെ കാരുണ്യത്തെയും പാപമോചനത്തെയും സൂചിപ്പിക്കുന്ന നിരവധി ഖുര്‍ആന്‍ സൂക്തങ്ങളുമുണ്ട്.
എന്നാല്‍ പാപമോചനം ലഭിക്കാന്‍ ഒരാള്‍ ശ്രദ്ധിക്കേണ്ട അവശ്യം ചില കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നു മാത്രം. ആദ്യമായി പാപത്തിനുള്ള സാഹചര്യങ്ങള്‍ കുറയ്ക്കുകയും സദാ അല്ലാഹുവിനെ കുറിച്ച് ഓര്‍ക്കുകയും ചെയ്യുക. തെറ്റ് ചെയ്യുമ്പോള്‍ അല്ലാഹുവിലേക്ക് തിരിയുക. അവന്‍ മാത്രമാണ് നമുക്ക് പൊറുത്തു തരുന്നത്.
ഇവിടെ ചോദ്യകര്‍ത്താവ് ചോദിച്ചതു പോലെ, ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന തെറ്റും അല്ലാഹു പൊറുത്തുതരും; ആ തെറ്റിനു തൊട്ടുടന്‍ പശ്ചാത്തപിച്ചു മടങ്ങുകയും പാപമോചനം തേടുകയും ചെയ്താല്‍. എന്നാല്‍ ചെറിയ ചെറിയ പാപങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് വന്‍ പാപങ്ങളില്‍ ചെന്ന് വീഴാന്‍ കാരണമാകും. ചെറിയ ചെറിയ തെറ്റുകളിലൂടെ വന്‍ പാപങ്ങളിലേക്ക് എത്തിപ്പെടാതിരിക്കാന്‍ വിശ്വാസി അതിജാഗ്രത പുലര്‍ത്തണം.
അല്ലാഹുവിലേക്ക് പരമാവധി അടുക്കണെമെന്നാണ് നാമൊക്കെ കല്‍പിക്കപ്പെട്ടിരിക്കുന്നത്. അബൂ ഹുറൈറ (റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഖുദ്‌സിയായ ഹദീസില്‍ അല്ലാഹു പറയുന്നു: എന്റെ അടിമ എന്നെ കുറിച്ച് എന്തു കരുതുന്നുവോ അങ്ങനെയാണ് ഞാന്‍. അവനെന്നെ ഓര്‍ക്കുമ്പോള്‍ ഞാന്‍ അവനോടൊപ്പമുണ്ട്. അവന്‍ ഏകനായി എന്നെ ഓര്‍ക്കുമ്പോള്‍ ഞാനും അവനെ ഓര്‍ക്കുന്നു. ഒരു കൂട്ടത്തിനിടയില്‍ എന്നെ ഓര്‍ക്കുമ്പോള്‍ അവരേക്കാള്‍ ഉത്തമരായ ഒരു കൂട്ടത്തോടൊപ്പം ഞാന്‍ അവരെ ഓര്‍ക്കുന്നു. അവന്‍ എന്നിലേക്ക് ഒരു ചാണ്‍ അടുക്കുമ്പോള്‍, ഞാന്‍ അവനിലേക്ക് ഒരു മുഴം അടുക്കുന്നു. അവന്‍ ഒരു മുഴം എന്നിലേക്കടുത്താല്‍ ഞാന്‍ അവനിലേക്ക് ഞാന്‍ ഒരടി അടുക്കുന്നു. അവന്‍ എന്നിലേക്ക് നടന്നടുത്താല്‍ ഞാന്‍ അവനിലേക്ക് ഓടിയടുക്കും. (ബുഖാരി 502)
അല്ലാഹുവിലേക്ക് വിശ്വാസി അടുക്കാന്‍ അവന്‍ അവന്റെ നിര്‍ബന്ധബാധ്യതകളായ നമസ്‌കാരവും നോമ്പും സകാത്തും ഹജ്ജും പൂര്‍ത്തീകരിക്കുന്നതോടൊപ്പം എപ്പോഴും അവനെ ഓര്‍ത്തു കൊണ്ടിരിക്കുകയും സാധ്യമാകുന്ന മറ്റെല്ലാ നന്‍മകളും ചെയ്യുക. അത് നമ്മുടെ പാപങ്ങളെ മായ്ചു കളയും. ഇന്‍ശാ അല്ലാഹ്.

അവലംബം: www.onislam.net

Related Post