‘മുഹമ്മദ് ദി മെസഞ്ചര്‍’

ദോഹ: 409505_1359524893_200_200 പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെയും ഇബ്രാഹിം പരമ്പരയിലെ നബിമാരുടെയും ജീവിതമാണ് ഏഴുഭാഗങ്ങളടങ്ങിയ സിനിമയുടെ ഇതിവൃത്തം.

പരമ്പരയിലെ ആദ്യ ഭാഗം 2018 ഓടെ പ്രദര്‍ശനത്തിനത്തെുമെന്ന് ചലച്ചിത്രത്തിന്റെ അണിയറ ശില്‍പികളായ ഖത്തര്‍ ആസ്ഥാനമായ അല്‍ നൂര്‍ ഹോള്‍ഡിങ്‌സ് അറിയിച്ചു. അഞ്ച് വര്‍ഷമായി നിര്‍മാണ കമ്പനിയായ അല്‍ നൂര്‍ ഹോള്‍ഡിങ്‌സ് ഈ മഹാ പരമ്പരയുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ്. മോണ്‍ട്രിയല്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശനത്തിനത്തെിയ ഇറാനിയന്‍ സംവിധായകന്‍ മാജിദ് മജീദിയുടെ ‘മുഹമ്മദ്: മെസഞ്ചര്‍ ഓഫ് ഗോഡ്’ എന്ന സിനിമയുടെ പ്രഥമ പ്രദര്‍ശനവേളയിലാണ് അല്‍ നൂര്‍ അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.

ചലച്ചിത്രത്തിന്റെ ഏതാനും ഭാഗങ്ങള്‍ ഖത്തറില്‍ ചിത്രീകരിക്കും. ഹോളിവുഡ് നിലവാരത്തിലുള്ള നിര്‍മിതിയായിരിക്കും സിനിമ. വ്യഖ്യാത ചലച്ചിത്രങ്ങളായ ലോര്‍ഡ് ഓഫ് ദ റിങ്‌സ്, ദ മാട്രിക്‌സ് തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാക്കളായ ബാരി ഓസ്‌ബോണിന്റെയും മറ്റും സേവനങ്ങള്‍ ഈ മെഗാ ചലചിത്ര പരമ്പരക്കുണ്ടാവും. 150 ദശ ലക്ഷം അമേരിക്കന്‍ ഡോളര്‍ ചെലവിട്ട് മൂന്നു ഭാഗങ്ങളിലായി ചിത്രം 2012ല്‍ പൂര്‍ത്തീകരിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍, ചിത്രത്തെ 100 കോടി ഡോളര്‍ വകയിരുത്തി ഏഴുഭാഗങ്ങളായി ചിത്രീകരിക്കുന്ന ബൃഹദ് പദ്ധതിയാക്കി മാറ്റുകയായിരുന്നു. 200ഓളം ലോകോത്തര സാങ്കേതിക വിദഗ്ധരും ഉപദേശകരും അണിനിരക്കുന്ന ചിത്രം കഥയും യാഥാര്‍ഥ്യവും സമ്മേളിക്കുന്നതായിരിക്കുമെന്ന് അല്‍ നൂര്‍ ഹോള്‍ഡിങ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍ ഡയറക്ടര്‍ ഡോ. അസ്ഹര്‍ ഇഖ്ബാല്‍ പറഞ്ഞു. പ്രവാചക ജീവിതം മുഖ്യകഥാപാത്രമാകുന്ന സിനിമയില്‍ മുഹമ്മദ് നബിയുടെ അനുയായികളായിട്ടുള്ള കഥാപാത്രങ്ങളായിരിക്കും മുഖ്യമായും നേരിട്ട് പ്രത്യക്ഷപ്പെടുകയെന്ന് പരമ്പരക്ക് വേണ്ടി ഗവേഷണം ചെയ്യുന്ന പ്രമുഖ ഇസ് ലാമിക പണ്ഡിതന്‍ ഡോ. യൂസുഫ് ഖറദാവി നേരത്തെ അറിയിച്ചിരുന്നു.

പ്രവാചകജീവിതത്തെ കൂടുതല്‍ അറിയാന്‍ ഇനിയും ചലച്ചിത്രങ്ങള്‍ നിര്‍മിക്കേണ്ടതുണ്ടെന്നും ഇസ് ലാമിന്റെ യഥാര്‍ഥ അന്തസത്ത ആവിഷ്‌കരിക്കാന്‍ ഖത്തര്‍ സംഘത്തിന് കഴിയുമെന്നും മോണ്‍ട്രിയല്‍ ചലച്ചിത്രമേളയില്‍ പ്രവാചക ജീവിതം ആസ്പദമാക്കി വമ്പന്‍ ചിത്രം തയ്യാറാക്കി പ്രദര്‍ശനത്തിനത്തെിയ ഇറാനിയന്‍ സംവിധായകന്‍ മാജിദ് മജീദ് പറഞ്ഞു. ഭാവിയില്‍ തങ്ങളുമായി സഹകരിച്ച് പുതിയ പദ്ധതികള്‍ നിര്‍മിക്കാന്‍ ഖത്തര്‍ സംഘത്തെ അദ്ദേഹം ക്ഷണിച്ചതായി ‘ദ ഗാര്‍ഡിയന്‍’ പത്രം റിപ്പോര്‍ട്ട് ചെയ്തു. തങ്ങളുമായി സഹകരിക്കുന്നതില്‍ മാജീദ് മജീദിക്ക് തുറന്ന മനസ്സാണെന്നും, പരമ്പര ജനങ്ങള്‍ ഉറ്റുനോക്കുന്ന ഒന്നാണെന്നും പ്രൊഡക്ഷന്‍ ഡയറക്ടര്‍ ഇഖ്ബാല്‍ പറഞ്ഞു. വെല്ലുവിളി നിറഞ്ഞതും അതേസമയം, ജനങ്ങളോട് സംവദിക്കുന്നതും അംഗീകൃത പരിധിക്കുള്ളില്‍ സംവിധാനിക്കുന്നതുമായിരിക്കും ചലച്ചിത്ര പരമ്പരയെന്ന് തങ്ങളുടെ വെബ്‌സൈറ്റില്‍ സംഘം പറഞ്ഞു. നേരത്തെ നിര്‍മിച്ച ലോകോത്തര പരമ്പരകളോട് കിടപിടിക്കുന്നതും സാങ്കേതിക മേന്മകൊണ്ടും ശബ്ദവ്യന്യാസം കൊണ്ടും ആരെയും അമ്പരപ്പിക്കുന്നതായിരിക്കും ചിത്രമെന്നും, പരമ്പരഗത കഥ പറച്ചലില്‍നിന്നും വ്യത്യസ്തമായി രീതിയിലായിരിക്കും ചലച്ചിത്രാവിഷ്‌കാരമെന്നും അല്‍ നൂര്‍ ഹോള്‍ഡിങ് ചെയര്‍മാന്‍ അഹമ്മദ് അല്‍ ഹാഷിമി വ്യക്തമാക്കി.
——————–
ഇസ് ലാം പാഠശാല
02 September 2015

Related Post