യഹൂദര്‍ ഒരു മതമെന്ന നിലയില്‍ രംഗത്ത് വന്നത് മൂസാനബി(അ)ന്റെ സന്ദേശത്തൊടൊപ്പമായി രുന്ന വെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കിയ തായി നാം കഴിഞ്ഞ ലേഖനത്തില്‍ സൂചിപ്പിക്കുകയുണ്ടായി. എന്നല്ല അല്ലാഹു ഇസ്രയേല്‍ സന്തതികളെയും യഹൂദരെയും ഫറോവയുടെ ഈജിപ്തില്‍ നിന്നും രക്ഷപ്പെടു ത്തുകയും അവര്‍ കടല്‍ കടന്ന് പശുക്കുട്ടി യാരാധന തുടങ്ങുകയും ചെയ്ത ശേഷമാണ് തൗറാത്ത് അവതരിക്കുന്നത്. ഇബ്‌റാഹിം പ്രവാചകന്റെ പരമ്പരയുമായോ അതില്‍ പെട്ട ഇസ്ഹാഖ്, യഅ്ഖൂബ്, ബനൂ ഇസ്രയേല്‍ എന്നിവരുമായോ അവര്‍ക്ക് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. അത് കൊണ്ടാണ് വിശുദ്ധ ഖുര്‍ആന്‍ ഇപ്രകാരം ചോദിച്ചത്. ‘ഇബ്രാഹീമും ഇസ്മാഈലും ഇസ്ഹാഖും യഅ്ഖൂബും ഇസ്രയേല്‍ സന്താനങ്ങളും യഹൂദരും ക്രൈസ്തവരുമാണെന്നാണോ നിങ്ങള്‍ പറയുന്നത്?’. (അല്‍ ബഖറ 140 )
മൂസാ(അ)ഉം ഇസ്രയേല്‍ സന്താനങ്ങളും യഹൂദികളാണെന്നതിന് ഖുര്‍ആനികമായ ഒരു പ്രമാണവും കണ്ടെത്തുക സാധ്യമല്ല. അതിനാല്‍ തന്നെ ഇസ്രയേല്യരില്‍പെട്ട മുസ്‌ലിമായ വ്യക്തിയായിരുന്നു മൂസാ(അ). അദ്ദേഹത്തെ യഹൂദിയെന്ന് വിളിക്കാവതല്ല. കാരണം അല്ലാഹുവിന്റെ അടുത്ത് അംഗീകരിക്കപ്പെട്ട ദര്‍ശനം യഹൂദിസമോ ക്രൈസ്തവതയോ അല്ല മറിച്ച് ഇസ്‌ലാമാണ്. മൂസാ നബി(അ) ഇസ്‌ലാം സ്വീകരിക്കുകയും തന്നെ മുഹമ്മദ് പ്രവാചകന്റെ അനുയായികളില്‍ ഉള്‍പെടുത്തണമെന്ന് അദ്ദേഹം അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ചതായും സ്ഥിരപ്പെട്ട നിവേദനങ്ങളില്‍ വന്നിട്ടുണ്ട്.
ഇതിനെത്തന്നെ കുറിക്കുന്നതാണ് സൂറത്തുല്‍ ബഖറയിലെ 133ാമത്തെ വചനം. ‘യഅ്ഖൂബ് നബിക്ക് മരണം ആസന്നമായ വേളയില്‍ നിങ്ങള്‍ സാക്ഷികളാ യുണ്ടായിരുന്നുവോ? അദ്ദേഹം തന്റെ സന്താനങ്ങളോട് ചോദിച്ച സന്ദര്‍ഭം (ഓര്‍ക്കുക). എനിക്ക് ശേഷം നിങ്ങള്‍ ആര്‍ക്കാണ് കീഴ്‌പ്പെടുക. അവര്‍ പറഞ്ഞുവത്രെ. താങ്ങളുടെയും താങ്ങളുടെ പിതാക്കന്മാരായ ഇബ്‌റാഹീമിന്റെയും ഇസ്മാഈലിന്റെയും ഇസ്ഹാഖിന്റയും ഏകാനായ നാഥന്ന് മാത്രമെ ഞങ്ങള്‍ ഇബാദത്ത് ചെയ്യുകയുള്ളൂ. ഞങ്ങള്‍ അവന് മാത്രം കീഴൊതുങ്ങുന്നവരാണ് (മുസ്‌ലിംകള്‍). അല്ലാഹു എല്ലാ പ്രവാചകന്‍മാരെയും നിയോഗിച്ച ഇസ്‌ലാമാണ് ഇവിടെ വിവക്ഷിക്കപ്പെടുന്നതെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ സൂചിപ്പിക്കുന്നു.
യഹൂദരും ഇസ്രായേല്യരും തമ്മിലുള്ള വ്യത്യാസം കുറിക്കുവാന്‍ ബഖറയിലെത്തന്നെ 62-ാം വചനവും ഉപകരിക്കുന്നതാണ്. അല്ലാഹു പറയുന്നു ‘തീര്‍ച്ചയായും വിശ്വസിച്ചവരും, യഹൂദരായവരും, ക്രൈസ്തവരും, മതം മാറിയവരുമാവട്ടെ ആര്‍ അല്ലാഹുവിലും പരലോകത്തും വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തി ക്കുകയും ചെയ്യുന്നുവോ അവര്‍ക്ക് തങ്ങളുടെ രക്ഷിതാവിങ്കള്‍ പ്രതിഫലമുണ്ട്. അവര്‍ ഒരിക്കലും ഭയപ്പെടുകയോ, ദുഖിക്കുകയോ ചെയ്യേണ്ടതില്ല.ഇവിടെ യഹൂദ രായവര്‍ എന്ന പ്രയോഗം ജൂതായിസം എന്നത് തെരഞ്ഞടുക്കുകയോ, സ്വീകരിക്കുകയോ ചെയ്യുന്ന ദര്‍ശനമാണെന്നും അത് ഏതെങ്കിലും പരമ്പരയെയോ, വംശത്തെയോ കുറിക്കുന്നില്ല എന്നും വ്യക്തമായി സൂചിപ്പിക്കുന്നു. യഹൂദികള്‍ എന്ന് പറഞ്ഞാല്‍ ഇസ്രയേല്യര്‍ എന്നല്ല മറിച്ച് അറബിയോ, പേര്‍ഷ്യക്കാരനോ, റോമക്കാരനോ, അബ്‌സീനിയക്കാരനോ, തുര്‍ക്കിക്കാരനോ ആയേക്കാം. താങ്കള്‍ യഹൂദിയാണെന്ന കാരണം കൊണ്ട് ഒരിക്കലും സാം വംശപരമ്പരയില്‍പെട്ടവനായേക്കില്ല.
യഹൂദരും ഇസ്രയേല്യരും തമ്മിലുള്ള വ്യത്യാസം കുറിക്കുന്ന ഇത്തരം ധാരാളം ആയത്തുകളുണ്ട് ഖുര്‍ആനില്‍. ഇത്തരം വ്യത്യാസങ്ങള്‍ ഉള്ളത് കൊണ്ടാണ് ഖുര്‍ആന്‍ മൂസാ നബിയെകുറിച്ച് സംസാരിക്കുമ്പോള്‍ ചിലപ്പോള്‍ അദ്ദേഹത്തെ പിന്‍പറ്റിയ യഹൂദരെയും മറ്റ് ചിലപ്പോള്‍ ബനൂ ഇസ്രയേല്യരെയും കുറിച്ച് സൂചിപ്പിക്കുന്നത്.
കൂടാതെ ക്രൈസ്തവര്‍ക്ക് വിപരീതമായി യഹൂദരെയാണ് ഖുര്‍ആന്‍ പ്രയോഗിച്ചത്. ബനൂ ഇസ്രയേലിനെ അല്ല. ക്രൈസ്തവതയെപ്പോലെ കേവലം ഒരു മതം മാത്രമാണ് യഹൂദിസം എന്നും ഇതില്‍ നിന്നും വ്യക്തമാകുന്നു.
മാത്രമല്ല യഹൂദികള്‍ ഒരൊറ്റ ജനതയോ, വംശമോ അല്ല. മറിച്ച് വിവിധങ്ങളായ വംശങ്ങളുടെ മിശ്രിതരൂപമാണത്. കൂടാതെ തങ്ങള്‍ അല്ലാഹുവിനാല്‍ തെരഞ്ഞെ ടുക്കപ്പെട്ട ജനതയാണെന്ന വാദവും ഇത് മുഖേന പൊളിയുന്നു. കാരണം അല്ലാഹു തെരഞ്ഞെടുത്തത് യഹൂദരെയല്ല ബനൂ ഇസ്രയേല്യരെയാണ്. അവര്‍ക്കാണ് അല്ലാഹു ശ്രേഷ്ഠത നല്‍കിയതും. അതാവട്ടെ അക്കാലത്ത് പരിമിതവുമായിരുന്നു.
ചരിത്രപരമായി പ്രസ്തുത ശ്രേഷ്ഠതയും മഹ്ത്വവും അനന്തരമെടുത്തവരാണ് മുസ്‌ലിങ്ങളായ നാം. ഖിയാമത്ത് വരെ അത് തുടരുക തന്നെ ചെയ്യും. ‘ജനങ്ങള്‍ക്ക് വേണ്ടി പുറപ്പെടുവിക്കപ്പെട്ട ഉത്തമ സമൂഹമാണ് നിങ്ങള്‍’ എന്ന വിശുദ്ധ വചനം കുറിക്കുന്നത് അതാണ്.
ചുരുക്കത്തില്‍ ബനൂ ഇസ്രയേലിനും, യഹൂദര്‍ക്കുമിടയില്‍ വളരെ വലിയ അന്തരമുണ്ട്. ബനൂ ഇസ്രയേല്‍ യഅ്ഖൂബ് നബിയുടെ സന്താനങ്ങളാണ്. എന്നാല്‍ മൂസാ പ്രവാചകനില്‍ വിശ്വസിച്ച പൊതു ജനമാണ് യഹൂദര്‍. അവര്‍ വിവിധ വംശങ്ങളുടെ സങ്കലനരൂപമാണ്. അവരില്‍ അടിമകളും, ഫറോവയുടെ സ്വേഛാധിപത്യത്തിന് കീഴില്‍ അടിച്ചമര്‍ത്തപ്പെട്ടവരുമുണ്ടായിരുന്നു. തുടരും..
മുസ്അബ് അല്‍ മുശ്‌രിഫ്