നബിമാരുടെ പ്രബോധനം

(i) നൂഹ്‌നബി 

ഭൂമുഖത്ത് ആഗതരായ മുഴുവന്‍ നബിമാരുടെയും ദൗത്യം ജനങ്ങളെ ഇസ്‌ലാമിലേക്ക് പ്രബോധനം ചെയ്യുകയായിരുന്നു. നൂഹ്, ഇബ്‌റാഹീം, മൂസാ, ഈസാ, മുഹമ്മദ് തുടങ്ങിയവരെല്ലാം ഒരേ പ്രബോധനമാണ് നടത്തിയത്. പ്രവാചകന്‍മാരുടെ പ്രബോധന ചരിത്രം ഖുര്‍ആന്‍ ഒട്ടേറെ സ്ഥലങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്.

maruboo

 നൂഹ്‌നബി
പ്രഥമ മനുഷ്യനായ ആദമിനെ ഭൂമിയിലേക്ക് നിയോഗിക്കുമ്പോള്‍ തന്നെ ദൈവിക മാര്‍ഗദര്‍ശനമായ ഇസ്‌ലാം അല്ലാഹു അദ്ദേഹത്തിന് നല്കിയിരുന്നു. അതിനാല്‍ ആദമില്‍നിന്ന് ഉദ്ഭവംകൊണ്ട മനുഷ്യസമൂഹം തുടക്കത്തില്‍ ആദര്‍ശ-കര്‍മാദികളിലെല്ലാം പൂര്‍ണമായും ഇസ്‌ലാം സ്വീകരിച്ച ഒരൊറ്റ സമുദായമായിരുന്നു. ഇബ്‌നുഅബ്ബാസിന്റെ ഒരു നിവേദനമനുസരിച്ച്, ആദമിന് ശേഷം 10 തലമുറ ഇസ്‌ലാമില്‍ അടിയുറച്ച് നിന്നു. അവര്‍ ക്രമേണ പിശാചിന്റെയും ദേഹേഛകളുടെയും പ്രേരണകള്‍ക്ക് വശംവദരായി. സ്വാര്‍ഥികളും ഭിന്ന കക്ഷികളുമായിത്തീരുകയും ഇസ്‌ലാമില്‍നിന്ന് ബഹുദൂരം അകന്നു പോവുകയും ചെയ്തു. തങ്ങളുടെ കൂട്ടത്തില്‍നിന്ന് മരിച്ചുപോയ മഹത്തുക്കളുടെ പേരില്‍ വിഗ്രഹങ്ങള്‍ ഉണ്ടാക്കുകയും അവരെ ആരാധിക്കാന്‍ തുടങ്ങുകയും ചെയ്തു. ഇങ്ങനെ വിശ്വാസപരമായും കര്‍മപരമായും ആദം സന്തതികള്‍ ദുഷിച്ചപ്പോള്‍ അവരെ സത്യത്തിലേക്ക് അഥവാ ഇസ്‌ലാമിലേക്ക് പ്രബോധനം ചെയ്യാന്‍ അല്ലാഹു ഭൂമുഖത്ത് നിയോഗിച്ച ആദ്യത്തെ പ്രവാചകനാണ് നൂഹ്‌നബി.
ഇന്ന് ഇറാഖ് എന്നറിയപ്പെടുന്ന സ്ഥലത്താണ് നൂഹ്‌നബി നിയോഗിക്കപ്പെട്ടത്. വിഗ്രഹാരാധനയായിരുന്നു ആദര്‍ശരംഗത്ത് നൂഹിന്റെ ജനത അകപ്പെട്ട ഏറ്റവും വലിയ മാര്‍ഗഭ്രംശം. വദ്ദ്, സുവാഅ്, യഗൂഥ്, യഊഖ്, നസ്ര്‍ എന്നീ പേരുകളിലുള്ള വിഗ്രഹങ്ങളെ ആ ജനത ആരാധിച്ചിരുന്നു. അതിനാല്‍ നൂഹ് തന്റെ പ്രബോധനത്തിന്റെ പ്രഥമ ലക്ഷ്യമായി സ്വീകരിച്ചത് സമൂഹത്തെ ബഹുദൈവത്വത്തില്‍നിന്ന് രക്ഷപ്പെടുത്തി അല്ലാഹുവിന് മാത്രം ഇബാദത് ചെയ്യുന്നവരാക്കി മാറ്റുക എന്നതിലായിരുന്നു. നൂഹിന്റെ പ്രബോധനത്തെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നത് കാണുക:

 أَنْ أَنذِرْ قَوْمَكَ مِن قَبْلِ أَن يَأْتِيَهُمْ عَذَابٌ أَلِيمٌ

(നിന്റെ ജനത്തില്‍ വേദനയേറിയ ശിക്ഷ വന്നെത്തുന്നതിനു മുമ്പായി അവര്‍ക്ക് മുന്നറിയിപ്പ് നല്കുക (എന്ന സന്ദേശവുമായി) നൂഹിനെ നാം അദ്ദേഹത്തിന്റെ ജനങ്ങളിലേക്ക് നിയോഗിച്ചു. അദ്ദേഹം പറഞ്ഞു:

إِنَّا أَرْسَلْنَا نُوحًا إِلَىٰ قَوْمِهِ أَنْ أَنذِرْ قَوْمَكَ مِن قَبْلِ أَن يَأْتِيَهُمْ عَذَابٌ أَلِيمٌ . قَالَ يَا قَوْمِ إِنِّي لَكُمْ نَذِيرٌ مُّبِينٌ . أَنِ اعْبُدُوا اللَّهَ وَاتَّقُوهُ وَأَطِيعُونِ (نوح: 1-4)

(എന്റെ ജനമേ, ഞാന്‍ നിങ്ങള്‍ക്ക് ഒരു തെളിഞ്ഞ മുന്നറിയിപ്പുകാരനാകുന്നു. അല്ലാഹുവിന് ഇബാദത് ചെയ്യണമെന്നും അവനെ സൂക്ഷിച്ച് ജീവിക്കണമെന്നും എന്നെ അനുസരിക്കണമെന്നും (ഞാന്‍ നിങ്ങളോടുണര്‍ത്തുന്നു). അവന്‍ നിങ്ങള്‍ക്ക് പാപങ്ങള്‍ പൊറുത്തു തരുന്നതും ഒരു നിശ്ചിത അവധി വരെ നിങ്ങളെ ശേഷിപ്പിക്കുന്നതുമാകുന്നു. അല്ലാഹു നിശ്ചയിച്ച അവധി വന്നെത്തിയാല്‍ പിന്നെ പിന്തിക്കപ്പെടുകയില്ല. നിങ്ങള്‍ അറിഞ്ഞിരുന്നുവെങ്കില്‍ -നൂഹ് 1-4). മറ്റൊരിടത്ത് ഇപ്രകാരം കാണാം:

وَلَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِ إِنِّي لَكُمْ نَذِيرٌ مُّبِينٌ . أَن لَّا تَعْبُدُوا إِلَّا اللَّهَ  إِنِّي أَخَافُ عَلَيْكُمْ عَذَابَ يَوْمٍ أَلِيمٍ (هود: 25-26)

(നൂഹിനെ തന്റെ ജനതയിലേക്ക് നാം നിയോഗിച്ചു. അദ്ദേഹം അവരോട് പറഞ്ഞു: ‘ഞാന്‍ നിങ്ങള്‍ക്ക് വ്യക്തമായ മുന്നറിയിപ്പ് നല്കുന്നവനാണ്. അല്ലാഹുവിനെയല്ലാതെ നിങ്ങള്‍ ആരാധിക്കരുത്. വേദനാജനകമായ ഒരു നാളിലെ ശിക്ഷ നിങ്ങളെ ബാധിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു  – 11: 25-26)
നൂഹ്‌നബിയുടെ പ്രബോധനത്തിന്റെ മറ്റൊരു പ്രധാന ലക്ഷ്യം, തന്റെ ജനതയെ ബാധിച്ച സാമൂഹിക ജീര്‍ണതയില്‍നിന്ന് അവരെ ശുദ്ധീകരിക്കുക എന്നതായിരുന്നു. കടുത്ത സാമൂഹികാസമത്വവും ഉച്ചനീചത്വവും നിലനിന്നിരുന്ന ഒരു സമൂഹമായിരുന്നു നൂഹിന്റെത്. മതപരവും സാമ്പത്തികവും രാഷ്ട്രീയവുമായ എല്ലാ അധികാരങ്ങളും കൈയടക്കിവെച്ചിരുന്നത് ഒരുപിടി പ്രമാണിമാരായിരുന്നു. സാധാരണ ജനങ്ങളുടെ മേല്‍ പരമാധികാരം വാണിരുന്ന ഈ വര്‍ഗമാണ് എല്ലാവിധ അക്രമങ്ങളും അനീതികളും അധര്‍മങ്ങളും അഴിച്ചുവിട്ടിരുന്നത്. സത്യപ്രബോധന മാര്‍ഗത്തില്‍ വിഘാതം സൃഷ്ടിച്ചതും ദൈവദൂതനെ കഠിനമായി എതിര്‍ത്തവരും അവരായിരുന്നു. അതേസമയം നൂഹ്‌നബിയുടെ പ്രബോധനത്തില്‍ ആകൃഷ്ടരായവരും അദ്ദേഹത്തെ അനുഗമിച്ചവരും പ്രമാണിവര്‍ഗത്തിന്റെ അടിച്ചമര്‍ത്തലിന് വിധേയരായിരുന്ന പാവങ്ങളായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ അധഃസ്ഥിതാവസ്ഥയില്‍നിന്നുള്ള മോചനം കൂടിയായിരുന്നു ഇസ്‌ലാം. എന്നാല്‍ ഈ അധഃസ്ഥിത വിഭാഗം കൂടെയുള്ള കാലത്തോളം നൂഹ്‌നബിയെ അനുഗമിക്കാന്‍ സാധ്യമല്ലാ എന്ന നിലപാടായിരുന്നു പ്രമാണിമാ
. അവര്‍ അക്കാര്യം അദ്ദേഹത്തോട് പറയുകയും ചെയ്തു.

قَالُوا أَنُؤْمِنُ لَكَ وَاتَّبَعَكَ الْأَرْذَلُونَ (الشعراء: 111)

(ഏറ്റവും അധഃസ്ഥിതിയിലുള്ള ആളുകള്‍ നിന്നെ പിന്തുടര്‍ന്നുകൊണ്ടിരിക്കെ ഞങ്ങളെങ്ങനെയാണ് നിന്നെ വിശ്വസിക്കുക – അശ്ശുഅറാഅ് 111). എന്നാല്‍ ഈ പ്രമാണിവര്‍ഗത്തിന്റെ പ്രീതി നേടാന്‍ വേണ്ടി തന്നോടൊപ്പമുള്ള പാവപ്പെട്ട വിശ്വാസികളെ ഉപേക്ഷിക്കാന്‍ നൂഹ് തയ്യാറായില്ല. അദ്ദേഹമത് ശക്തമായ ഭാഷയില്‍ തന്നെ അവരെ അറിയിക്കുകയും ചെയ്തു.

وَمَا أَنَا بِطَارِدِ الْمُؤْمِنِينَ (الشعراء: 114)

(എന്തായാലും വിശ്വസിച്ചവരെ ഞാന്‍ ആട്ടിയകറ്റുകയില്ല. -അശ്ശുഅറാഅ് 114).
അസാധാരണമായ ക്ഷമാശീലവും അര്‍പ്പണ ബോധവും ത്യാഗസന്നദ്ധതയും ഒത്തിണങ്ങിയിരുന്ന നൂഹ് തന്റെ ജനതയെ രാപകല്‍ ഭേദമില്ലാതെ സത്യത്തിലേക്ക് ക്ഷണിച്ചുകൊണ്ടിരുന്നു. പക്ഷേ, അതൊന്നും അവരിലൊരു പരിവര്‍ത്തനവും സൃഷ്ടിച്ചില്ല. അവര്‍ തങ്ങളുടെ ധിക്കാരത്തിലും അഹങ്കാരത്തിലും ഉറച്ചുനില്ക്കുകയാണുണ്ടായത്. ഖുര്‍ആന്‍ പറയുന്നു:

قَالَ رَبِّ إِنِّي دَعَوْتُ قَوْمِي لَيْلًا وَنَهَارًا . فَلَمْ يَزِدْهُمْ دُعَائِي إِلَّا فِرَارًا . وَإِنِّي كُلَّمَا دَعَوْتُهُمْ لِتَغْفِرَ لَهُمْ جَعَلُوا أَصَابِعَهُمْ فِي آذَانِهِمْ وَاسْتَغْشَوْا ثِيَابَهُمْ وَأَصَرُّوا وَاسْتَكْبَرُوا اسْتِكْبَارًا ثُمَّ إِنِّي دَعَوْتُهُمْ جِهَارًا . ثُمَّ إِنِّي أَعْلَنتُ لَهُمْ وَأَسْرَرْتُ لَهُمْ إِسْرَارًا

(നൂഹ് പറഞ്ഞു: നാഥാ, എന്റെ ജനതയെ ഞാന്‍ രാപകല്‍ ഭേദമില്ലാതെ പ്രബോധനം ചെയ്തുകൊണ്ടിരുന്നു. എന്നാല്‍ എന്റെ പ്രബോധനം അവരെ കൂടുതല്‍ അകറ്റുക മാത്രമാണ് ചെയ്തത്. അവരുടെ പാപങ്ങള്‍ നീ പൊറുത്തുകൊടുക്കാനായി ഞാനവരെ ക്ഷണിച്ചപ്പോഴെല്ലാം അത് കേള്‍ക്കാന്‍ സന്നദ്ധമാവാതെ തങ്ങളുടെ ചെവിയില്‍ വിരലുകള്‍ തിരുകുകയും മുഖം വസ്ത്രംകൊണ്ടു മൂടുകയും ധിക്കാരത്തിലുറച്ച് നില്ക്കുകയും അങ്ങേയറ്റത്തെ അഹങ്കാരം നടിക്കുകയുമാണവര്‍ ചെയ്തത്. പിന്നീട് ഞാനവരെ വളരെ ഉച്ചത്തില്‍ വിളിച്ചു. പരസ്യമായും രഹസ്യമായും പ്രബോധനം ചെയ്തു. – നൂഹ് 5-9).
തുടര്‍ന്ന്, അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങി, അവന്റെ സന്മാര്‍ഗം അംഗീകരിക്കാന്‍ തയ്യാറായാല്‍ ലഭിക്കുന്ന ഐഹിക നേട്ടങ്ങളെക്കുറിച്ചും നൂഹ് തന്റെ ജനതക്ക് വിശദീകരിച്ചുകൊടുത്തു. എങ്കിലും നന്നെ ചെറിയ ഒരു സംഘം മാത്രമേ അദ്ദേഹത്തെ അംഗീകരിച്ചുള്ളൂ. അധികപേരും അദ്ദേഹത്തെ കളവാക്കുകയും നിഷേധിക്കുകയുമാണുണ്ടായത്.
തങ്ങളുടെ മേല്‌ക്കോയ്മയും പദവിയും പോകുമെന്ന് ഭയപ്പെട്ടിരുന്ന പ്രമാണിവര്‍ഗം നൂഹ്‌നബിയുടെ പ്രബോധന ലക്ഷ്യം സ്ഥാനമാനങ്ങളാണെന്ന് പ്രചരിപ്പിച്ചിരുന്നു. അതിനാല്‍, തന്റെ പ്രബോധനത്തിന്റെ പേരില്‍ ഒരുവിധ ഭൗതിക നേട്ടങ്ങളും താന്‍ പ്രതീക്ഷിക്കുന്നില്ലെന്ന വസ്തുത അദ്ദേഹം തന്റെ പ്രബോധിതരെ അറിയിക്കുകയുണ്ടായി. (ഹൂദ് 29)
950 വര്‍ഷക്കാലം നൂഹ് തന്റെ ദൗത്യം തുടര്‍ന്നു. അങ്ങനെ തന്റെ ജനതക്ക് ദൈവിക സന്മാര്‍ഗം എത്തിച്ചുകൊടുക്കുകയെന്ന ബാധ്യത പൂര്‍ത്തീകരിച്ചു. അതോടെ അവരുടെ സന്മാര്‍ഗ സ്വീകരണത്തെ സംബന്ധിച്ച സകല പ്രതീക്ഷകളും അവസാനിച്ചു. അല്ലാഹു തന്നെ അക്കാര്യം അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു:

وَأُوحِيَ إِلَىٰ نُوحٍ أَنَّهُ لَن يُؤْمِنَ مِن قَوْمِكَ إِلَّا مَن قَدْ آمَنَ فَلَا تَبْتَئِسْ بِمَا كَانُوا يَفْعَلُونَ (هود: 36)

(നൂഹിന് നാം സന്ദേശം നല്കി: നേരത്തെ വിശ്വസിച്ചവരല്ലാതെ നിന്റെ സമുദായത്തില്‍ ഇനി ആരും വിശ്വസിക്കുകയില്ല. അതിനാല്‍ അവരുടെ ചെയ്തികളില്‍ നീ നിരാശനാവരുത് – ഹൂദ് 36). ഇക്കാര്യം സ്വന്തം അനുഭവങ്ങളിലൂടെ നൂഹ്‌നബി നല്ലപോലെ മനസ്സിലാക്കിയിരുന്നു. വളരുന്ന തലമുറയെ സംബന്ധിച്ച് പോലും അദ്ദേഹത്തിന് പ്രതീക്ഷയുണ്ടായിരുന്നില്ല. അതിനാല്‍ അല്ലാഹുവോട് രക്ഷ തേടുകയും സത്യനിഷേധികളെ നശിപ്പിക്കാന്‍ അവനോട് പ്രാര്‍ഥിക്കുകയും ചെയ്തു:

قَالَ رَبِّ إِنَّ قَوْمِي كَذَّبُونِ . فَافْتَحْ بَيْنِي وَبَيْنَهُمْ فَتْحًا وَنَجِّنِي وَمَن مَّعِيَ مِنَ الْمُؤْمِنِينَ (الشعراء: 117-118)

(എന്റെ ജനത എന്നെ കളവാക്കിയിരിക്കുന്നു. അതിനാല്‍ എനിക്കും അവര്‍ക്കുമിടയില്‍ നീ വ്യക്തമായ വിധി കല്പിക്കേണമേ. എന്നെയും എന്നോടൊപ്പമുള്ള സത്യവിശ്വാസികളെയും രക്ഷിക്കുകയും ചെയ്യേണമേ. – അശ്ശുഅറാഅ് 117-118).
അല്ലാഹു അദ്ദേഹത്തിന്റെ പ്രാര്‍ഥന സ്വീകരിക്കുകയും വരുംതലമുറകള്‍ക്ക് പാഠമാകുമാറ് ഒരു പ്രളയത്തിലൂടെ അവരെ നശിപ്പിക്കുകയും വിശ്വാസികളെ അതില്‍നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തു.

Related Post