നബിമാരുടെ പ്രബോധനം (2 ഹൂദ്‌നബി)

(ii) ഹൂദ്‌നബി

5300
നൂഹ്ജനതയുടെ സന്താനപരമ്പരയില്‍ പെട്ട ആദ് സമുദായത്തിലേക്ക് ഇസ്‌ലാമിക പ്രബോധനാര്‍ഥം നിയോഗിക്കപ്പെട്ട ദൈവദൂതനാണ് ഹൂദ്‌നബി. ഹിജാസിന്റെയും യമന്റെയും യമാമഃയുടെയും മധ്യേ റുബ്ഉല്‍ ഖാലിക്ക് തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന അഹ്ഖാഫ് പ്രദേശമായിരുന്നു ആദ് സമുദായത്തിന്റെ ആസ്ഥാനം. ഉന്നതമായൊരു ഭൗതിക സംസ്‌കാരത്തിന്റെ ഉടമകളായിരുന്നു അവര്‍. ആദ് സമുദായം തങ്ങള്‍ക്ക് ലഭിച്ച ഭൗതികാനുഗ്രഹങ്ങളില്‍ മതിമറന്നുകൊണ്ട് ദൈവധിക്കാരികളായി മാറിയപ്പോഴാണ് അവരിലേക്ക് ഹൂദ്‌നബി ദൈവദൂതുമായി വരുന്നത്. അദ്ദേഹത്തിന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ച ആദ് സമുദായത്തിന്റെ മുഖ്യ തിന്മകള്‍ ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. അവയിങ്ങനെ വായിക്കാം:
1. അല്ലാഹുവിനെ ആരാധിക്കുന്നതിന് പകരം അവനില്‍ പങ്ക്‌ചേര്‍ക്കുകയും വിഗ്രഹാരാധനയില്‍ വ്യാപൃതരാവുകയും ചെയ്തു. പല പേരുകളിലുമുള്ള പ്രതിഷ്ഠകളെയാണവര്‍ പൂജിച്ചിരുന്നത്. അതിനാല്‍ ഹൂദ് അവരോട് പറഞ്ഞു.

وَإِلَىٰ عَادٍ أَخَاهُمْ هُودًا ۚ قَالَ يَا قَوْمِ اعْبُدُوا اللَّهَ مَا لَكُم مِّنْ إِلَٰهٍ غَيْرُهُ ۖ إِنْ أَنتُمْ إِلَّا مُفْتَرُونَ (هود:50)

(എന്റെ സമുദായമേ, നിങ്ങള്‍ അല്ലാഹുവിനെ മാത്രം ആരാധിക്കുക. അവനല്ലാതെ നിങ്ങള്‍ക്ക് ഒരാരാധ്യനുമില്ല. നിങ്ങള്‍ പൂജിക്കുന്ന വിഗ്രഹങ്ങളെല്ലാം നിങ്ങളുടെ വ്യാജനിര്‍മിതിയത്രെ. – ഹൂദ് 50)
ഹൂദ്‌നബിയുടെ ഈ പ്രബോധനത്തോട് നിഷേധാത്മകമായാണ് ജനത പ്രതികരിച്ചത്. ധിക്കാരപൂര്‍വം അവര്‍ ചോദിച്ചു:

قَالُوا أَجِئْتَنَا لِتَأْفِكَنَا عَنْ آلِهَتِنَا فَأْتِنَا بِمَا تَعِدُنَا إِن كُنتَ مِنَ الصَّادِقِينَ (الأحقاف:22)

(ഞങ്ങളുടെ ദൈവങ്ങളില്‍നിന്ന് ഞങ്ങളെ വ്യതിചലിപ്പിക്കാനാണോ നീ വന്നത്. ശരി, നീ സത്യവാദിയാണെങ്കില്‍ നീ ഞങ്ങളെ താക്കീത് ചെയ്യുന്ന ശിക്ഷയിങ്ങ് കൊണ്ടുവരിക. – അഹ്ഖാഫ് :22).
2. ഭൗതിക പ്രമത്തതയായിരുന്നു ആദ് സമൂഹത്തിന്റെ രണ്ടാമത്തെ തിന്മ. സുഖാഡംബരങ്ങളില്‍ ആമഗ്നരായിത്തീര്‍ന്ന അവര്‍ പുനരുത്ഥാനത്തെയും പരലോകത്തെയും നിഷേധിച്ചു തനി ഭൗതികന്മാരായിത്തീര്‍ന്നു. പ്രത്യേകിച്ചും അവരിലെ നേതാക്കളും പ്രമാണികളും. ജനങ്ങളുടെ മേല്‍ പരമാധികാരം വാണിരുന്ന പ്രമാണിമാരും സുഖലോലുപരുമായ ഈ പ്രധാനികള്‍ക്ക് തങ്ങളുടെ നില ഭദ്രമാക്കാന്‍ പ്രവാചകനെയും പരലോകത്തെയും നിഷേധിക്കേണ്ടത് അനിവാര്യമായിരുന്നു. അവരാകട്ടെ ഹൂദ് നബിയുടെ പ്രബോധനത്തെ കടുത്ത ഭാഷയില്‍ ആക്ഷേപിക്കുകയും ചെയ്തു.

قَالَ الْمَلَأُ الَّذِينَ كَفَرُوا مِن قَوْمِهِ إِنَّا لَنَرَاكَ فِي سَفَاهَةٍ وَإِنَّا لَنَظُنُّكَ مِنَ الْكَاذِبِينَ (الأعراف: 66)

(അദ്ദേഹത്തിന്റെ സമുദായത്തിലെ സത്യനിഷേധികളായ പ്രമാണിമാര്‍ പറഞ്ഞു: നിശ്ചയം, നീ വിഡ്ഢിത്തത്തില്‍ പെട്ടതായാണ് ഞങ്ങള്‍ കാണുന്നത്. നീ വ്യാജവാദിയാണെന്ന് ഞങ്ങള്‍ വിചാരിക്കുന്നു. – അല്‍അഅ്‌റാഫ് : 66)
ജനങ്ങളുടെ മേല്‍ പരമാധികാരികളായി വാഴുന്ന പ്രമാണിമാരുടെ പിടിത്തത്തില്‍നിന്ന് അവരെ മോചിപ്പിച്ച് അല്ലാഹുവിന്റെ പരമാധികാരത്തിന്‍ കീഴില്‍ കൊണ്ടുവരികയായിരുന്നു ഹൂദ്‌നബിയുടെ പ്രബോധനത്തിന്റെ ഒരു ലക്ഷ്യം. എന്നാല്‍ എക്കാലത്തെയും സാധാരണ മനുഷ്യരെപ്പോലെ ആദ് സമുദായവും തങ്ങളുടെ മേല്‍ അതിക്രമം അഴിച്ചുവിടുന്ന അധികാരികളെ പിന്തുണക്കുകയാണുണ്ടായത്.

وَتِلْكَ عَادٌ ۖ جَحَدُوا بِآيَاتِ رَبِّهِمْ وَعَصَوْا رُسُلَهُ وَاتَّبَعُوا أَمْرَ كُلِّ جَبَّارٍ عَنِيدٍ (هود: 59)

(അവരത്രെ ആദ് സമുദായം. അവര്‍ തങ്ങളുടെ നാഥന്റെ ദൃഷ്ടാന്തം നിഷേധിച്ചു. അവര്‍ ദൂതന്മാരുടെ കല്പനകള്‍ ലംഘിച്ചു. ധിക്കാരികളും സ്വേഛാധിപതികളുമായ നേതാക്കന്‍മാരുടെ കല്പനകള്‍ പിന്തുടരുകയും ചെയ്തു. – ഹൂദ്:59)
ആദ് സമൂഹത്തിലെ പ്രമാണികള്‍ സുഖലോലുപരായി കഴിയാനും പൊങ്ങച്ച പ്രകടനത്തിനുമായി പര്‍വതങ്ങളില്‍ പടുകൂറ്റന്‍ കൊട്ടാരങ്ങള്‍ കെട്ടിയുണ്ടാക്കുന്നവരായിരുന്നു. ഭൗതിക സംസ്‌കാരത്തിന്റെ അടയാളങ്ങളായ ഈ ആഡംബരഭ്രമം അവസാനിപ്പിക്കാനാവശ്യപ്പെട്ടുകൊണ്ട് ഹൂദ് അവരോട് പറഞ്ഞു:

أَتَبْنُونَ بِكُلِّ رِيعٍ آيَةً تَعْبَثُونَ وَتَتَّخِذُونَ مَصَانِعَ لَعَلَّكُمْ تَخْلُدُونَ (الشعراء: 128-129)

(ഉയര്‍ന്ന സ്ഥലങ്ങളിലെല്ലാം നിങ്ങള്‍ വൃഥാ സ്മാരക സൗധങ്ങള്‍ കെട്ടിപ്പൊക്കുകയാണോ? നിങ്ങള്‍ നിത്യത വരിക്കാമെന്ന ഭാവേന ഗംഭീരമായ കൊട്ടാരങ്ങള്‍ നിര്‍മിക്കുകയുമാണോ? -അശ്ശുഅറാഅ് 128-129).
ആദ് സമുദായത്തില്‍ നിലനിന്നിരുന്ന ഗുരുതരമായ എല്ലാ തിന്മകളെയും എതിര്‍ത്തും ജീവിതത്തിലുടനീളം അല്ലാഹുവെ സൂക്ഷിക്കാനാവശ്യപ്പെട്ടും ഹൂദ് തന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. വ്യാജവാദിയെന്നും വിഡ്ഢിയെന്നും ഒക്കെ ഭര്‍ത്സിക്കപ്പെട്ടപ്പോഴും അദ്ദേഹം ശാന്തസ്വരത്തിലും ഗുണകാംക്ഷയോടുകൂടിയും പ്രബോധന പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി. ഹൂദ്‌നബിയും ഇതര പ്രവാചകന്മാരെപ്പോലെ തന്റെ പ്രബോധന പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഭൗതിക നേട്ടം പ്രതീക്ഷിക്കുകയുണ്ടായില്ല. അക്കാര്യം പ്രബോധിതരോട് തുറന്നു പറയുകയും ചെയ്തു.
ഇവ്വിധം നിസ്വാര്‍ഥമായി നിരന്തരം ശ്രമിച്ചിട്ടും ആദ് സമുദായം അദ്ദേഹത്തെ അംഗീകരിക്കുകയോ സത്യപ്രബോധനം സ്വീകരിക്കുകയോ ചെയ്തില്ല. അതോടെ ആ ജനത ഒരിക്കലും നന്നാവുകയില്ലെന്ന് ഹൂദ് നബിക്കും ബോധ്യമായി. തങ്ങളൊരിക്കലും നന്നാവുകയില്ലെന്ന് അവര്‍ സ്വയംതന്നെ തുറന്നുപറയുകയും ചെയ്തു.

قَالُوا سَوَاءٌ عَلَيْنَا أَوَعَظْتَ أَمْ لَمْ تَكُن مِّنَ الْوَاعِظِينَ (الشعراء: 136)

(നീ സദുപദേശം നല്കുന്നതും നല്കാതിരിക്കുന്നതും ഞങ്ങളെ സംബന്ധിച്ചിടത്തോളം സമമാണ്. ഇതൊക്കെ മുമ്പുള്ളവരുടെ സമ്പ്രദായമല്ലാതെ മറ്റൊന്നുമല്ല. എന്തായാലും ഞങ്ങള്‍ ശിക്ഷിക്കപ്പെടുകയില്ല. അങ്ങനെ അവരദ്ദേഹത്തെ കളവാക്കി.- അശ്ശുഅറാഅ് 136-139).
അവസാനം ആദ് സമുദായത്തെ അല്ലാഹു ഒന്നടങ്കം നശിപ്പിക്കുകയും ഹൂദിനെയും അനുയായികളെയും ഈ സമൂല നാശത്തില്‍നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തു.

Related Post