റജബ് മാസത്തിന് പ്രത്യേക മഹത്ത്വമുണ്ടോ?

ഡോ. യൂസുഫുല്‍ ഖറദാവിiرجبറജബ് മാസത്തിന്റെ മഹത്വത്തെക്കുറിച്ച് ‏‏‏‏‏ അതില്‍ ഒരു ദിവസമെങ്കിലും നോമ്പെടുക്കുന്നതിന്റെ പുണ്യത്തെക്കുറിച്ച് ‏‏‏‏‏ ജുമുഅ ഖുത്വുബകളിലും മറ്റും ധാരാളം ഹദീസുകള്‍ ഉദ്ധരിക്കുന്നതായി കേള്‍ക്കുന്നു. ഒരു ഹദീസ് ഇങ്ങനെയാണ്: “റജബ് അല്ലാഹുവിന്റ മാസമാണ്. ശഅബാന്‍ എന്റെ മാസം. റമദാന്‍ എന്റെ സമുദായത്തിന്റെ മാസവും” ഈ ഹദീസിനെക്കുറിച്ച് താങ്കളുടെ വിലയിരുത്തല്‍ എന്താണ്? പ്രസ്തുത വിഷയത്തിന് പ്രബലമായ ഹദീസുകള്‍ വന്നിട്ടുണ്ടോ?

ഉത്തരം: ഡോ. യൂസുഫുല്‍ ഖറദാവി

……………………………………………….

റജബ് മാസത്തിന്റെ മഹത്ത്വത്തെ കുറിച്ച് പറയുന്ന ഹദീസുകളൊന്നും സ്വഹീഹായി വന്നിട്ടില്ല. എന്നാല്‍ സൂറത്തുത്തൌബയിലെ മുപ്പത്തിആറാം സൂക്തത്തില്‍ പറഞ്ഞ യുദ്ധം നിഷിദ്ധമായ നാല് പവിത്രമാസങ്ങളില്‍ പെട്ട ഒന്നാണത്. ദുല്‍ഖഅദ്, ദുല്‍ഹജ്ജ്, മുഹര്‍റം എന്നിവയാണ് ബാക്കി മൂന്ന് മാസങ്ങള്‍.

എന്നാല്‍ ഹസനായ (പ്രബലതയില്‍ സ്വഹീഹിന്റെ താഴെ വരുന്ന) ഒരു ഹദീസ് ഈ വിഷയത്തില്‍ ഉദ്ധരിക്കപ്പെടുന്നുണ്ട്. “നബി(സ) ശഅ്ബാനില്‍ ധാരാളമായി നോമ്പനുഷ്ഠിക്കാറുണ്ടായിരുന്നു.” അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ നബി(സ)യുടെ മറുപടി ഇങ്ങനെയായിരുന്നു: “റജബിനും റമദാനുമിടയില്‍ ജനം ശ്രദ്ധിക്കാതെ പോവുന്ന മാസമാണിത്.”

റജബിന് ചില പ്രത്യേകതകളുണ്ടെന്ന് ഈ ഹദീസില്‍ നിന്ന് മനസ്സിലാവുന്നു. എന്നാല്‍, ചോദ്യത്തിലുദ്ധരിച്ച, റജബ് അല്ലാഹുവിന്റെ മാസമാണ്. ശഅബാന്‍ എന്റ മാസം. റമദാന്‍ എന്റെ സമുദായത്തിന്റെ മാസം” എന്ന ഹദീസ് അങ്ങേയറ്റം ദുര്‍ബലവും അസ്വീകാര്യവുമാണ്. എന്നല്ല, അത് വ്യാജ നിര്‍മിതം തന്നെയാണെന്നാണ് അനേകം പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.

റജബ് മാസത്തില്‍ ഇത്ര നമസ്കരിക്കുന്നവന് ഇത്ര കൂലിയുണ്ട്, ഇസ്തിഗ്ഫാറ് നടത്തുന്നവന് ഇത്ര പുണ്യമുണ്ട്. എന്നെല്ലാം പറയുന്ന ഹദീസുകളെല്ലാം അതിശയോക്തിയപരവും വ്യാജ നിര്‍മിതവുമാണ്. ഈ ഹദീസുകളിലെ കര്‍മങ്ങളുടെ പ്രതിഫലത്തെ സംബന്ധിച്ച അതിശയോക്തികളും, കര്‍മം ചെയ്യാത്തവര്‍ക്കുള്ള ഭീഷണികളിലും തന്നെയാണ് പ്രസ്തുത ഹദീസുകള്‍ വ്യാജ നിര്‍മിതങ്ങളാണ് എന്നതിന്റെ തെളിവ്.

പണ്ഡിതന്മാര്‍ പറഞ്ഞിരിക്കുന്നു: “നിസ്സാരമായ ഒരു കര്‍മത്തിന്റെ പേരില്‍ ലഭിക്കുന്ന കണക്കറ്റ പ്രതിഫലത്തെക്കുറിച്ച വാഗ്ദാനവും, ചെറിയൊരു പാപത്തിന്റെ പേരില്‍ ലഭിക്കുന്ന കണക്കറ്റ ശിക്ഷയെക്കുറിച്ച ഭീഷണിയും ഒരു ഹദീസ് വ്യാജനിര്‍മിതമാണ് എന്നതിന്റെ തെളിവാണ്.”

ഉദാഹരണത്തിന് നബി(സ)യില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി പറയുക: “വിശക്കുന്നവന് വയറു നിറക്കാന്‍ ഒരുരുള നല്‍കുകയാണ് ആയിരം പള്ളികള്‍ നിര്‍മിക്കുന്നതിനേക്കാള്‍ ഉത്തമം” ഇതു കളവാണെന്ന് പ്രസ്തുത വാക്യത്തില്‍നിന്നുതന്നെ മനസ്സിലാവും. ആയിരം പള്ളികള്‍ നിര്‍മിച്ചതിന് ലഭിക്കുന്ന പ്രതിഫലത്തേക്കാള്‍ വലുതാണ് വിശക്കുന്നവന് നല്‍കുന്ന ഒരുരുളയുടേത് എന്നത് യുക്തിക്കു നിരക്കുന്നതല്ല.

റജബിന്റെ മഹത്വത്തെക്കുറിച്ച് പറയുന്ന ഹദീസുകളെല്ലാം ഇത്തരത്തിലുള്ളതാണ്. പണ്ഡിതന്മാര്‍ അതിനെക്കുറിച്ച് ജാഗ്രത പുലര്‍ത്തുകയും ജനങ്ങളെ ഉണര്‍ത്തുകയും വേണം. നബി(സ) പറഞ്ഞു: “വ്യാജ നിര്‍മിതമാണെന്നറിഞ്ഞുകൊണ്ടുതന്നെ ഒരാള്‍ ഒരു ഹദീസ് ഉദ്ധരിച്ചാല്‍ അവനും വ്യാജനാണ്” (മുസ്ലിം)

 

 

Related Post