കേരളമുസ്ലിംകൾ

nileswaram-river-kerala

കേരളക്കരക്ക് അറബ് ദേശവുമായുള്ള ബന്ധത്തിന് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്.

 

അറേബ്യയുമായുള്ള ബന്ധം:

കേരളക്കരക്ക് അറബ് ദേശവുമായുള്ള ബന്ധത്തിന് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. ക്രിസ്തുവിന് മുമ്പുള്ള നൂറ്റാണ്ടുകളില്‍ പോലും ദക്ഷിണ കേരളത്തിന്റെ പടിഞ്ഞാറന്‍ തീരദേശങ്ങളില്‍ അറബികള്‍ ഉണ്ടായിരുന്നുവെന്നതിന് തെളിവുണ്ട്.ആഫ്രിക്കയും ആസ്ത്രേലിയയും ഉള്‍പ്പെട്ട ഒരു വന്‍കരയുടെ ഭാഗമായിരുന്നു ദക്ഷിണേന്ത്യയെന്ന അനുമാനത്തിന് പിന്‍ബലം വര്‍ധിച്ചുവരികയാണ്. ലെമ്യൂറിയ എന്നാണ് കടലെടുത്തുപോയ ആ വന്‍കരക്ക് ഭൂഗര്‍ഭ ശാസ്ത്രജ്ഞന്മാര്‍ പേര്‍ നല്‍കിയിട്ടുള്ളത്. പശ്ചിമ പൂര്‍വഘട്ടങ്ങളുടെ കൂര്‍ത്ത ഛേദങ്ങളും കരയെ വേര്‍തിരിക്കുന്ന മലനിരകളും വന്‍തോതില്‍ കടലെടുത്തു പോയിട്ടുണ്ടെന്നും അതിന്റെ അവശിഷ്ടമാണ് ദക്ഷിണേന്ത്യയെന്നും സിലോണ്‍ ഈ ഭൂഖണ്ഡത്തില്‍ നിന്ന് അകന്നുപോയതാണെന്നും അനുമാനിക്കപ്പെടുന്നു. തമിഴകം നവാളം ദ്വീപിലായിരുന്നു എന്നാണ് തമിഴ് ചരിത്രകാരന്മാരുടെ അഭിപ്രായം. ഇന്ത്യാ സമുദ്രത്തില്‍ 1370 ദ്വീപുകളെങ്കിലും ഉണ്ടായിരുന്നു എന്ന അറബി ഭൂമിശാസ്ത്രകാരന്മാരുടെ നിഗമനവും പ്രസക്തമാണ്. അതില്‍ ഏറ്റവും തെക്കേ അറ്റത്തുണ്ടായിരുന്ന സിലോണിനെ അറബികള്‍ സറന്ദീഖ് എന്ന് വിളിച്ചു.ഗിരിനല്‍ സറന്ദീബിന്‍ മുകളില്‍ ബാവടലില്‍ കരജിദ്ദ തനില്‍ ബീ ഹവ്വ’ എന്ന സഫലമാല (ശുജാഇ മൊയ്തു മുസ്ലിയാര്‍)യിലെ സങ്കല്‍പത്തില്‍ ആദിപിതാവും ആദിമാതാവും മാത്രമല്ല സിലോണും അറേബ്യയും തമ്മിലുള്ള ബന്ധത്തിന്റെ പശ്ചാത്തലവും പ്രതിഫലിക്കുന്നുണ്ട്. സിലോണിലെന്നപോലെ പന്തലായനി കടപ്പുറത്തെ പാറയിലും തെളിഞ്ഞുകാണുന്ന കാലടിപ്പാടുകളെയും ആദിപിതാവുമായി ബന്ധപ്പെടുത്തുന്നുണ്ട്. നൂഹ് നബിയുടെ കാലത്തുണ്ടായ പ്രളയത്തിലോ മറ്റേതെങ്കിലും പ്രകൃതിക്ഷോഭത്തിലോ ആവാം ലെമ്യൂറിയ ശിഥിലമായത്.

 

ദക്ഷിണേന്ത്യയിലെയും മധ്യേഷ്യയിലെയും ആദിവാസി ഭാഷകള്‍ അറബിയുമായി താരതമ്യപ്പെടുത്തിയാല്‍, ദ്രാവിഡ ഭാഷകള്‍ സംസാരിക്കുന്നവര്‍ ഒരു കാലത്ത് മധ്യേഷ്യയിലും അറേബ്യയിലും ഇന്ത്യയിലുമായി വ്യാപിച്ചുകിടക്കുന്ന വിസ്തൃതമായ പ്രദേശത്ത് അധിവസിച്ചിരുന്നു എന്ന് അനുമാനിക്കാം. സുമേറിയയിലെ പരാതനമായ ‘ഊര്‍’ ഇതിനുദാഹരണമാണ്.’ഊരും’ ‘ഏരി’ യും മലയാളിയുടേതാണ്. മലയാളത്തിലെയും തമിഴിലെയും ‘അമ്മ’ യും അറബിയിലെ ‘ഉമ്മും’ സുമേരിയനിലെ ‘അമ’യും തമ്മില്‍ അടുത്ത ബന്ധമുണ്ട്. അപ്പയും അച്ഛനും, അദ്ദയും അബുവും തമ്മിലുള്ള സാമ്യം മറ്റൊരുദാഹരണം. ‘കര’ കൊണ്ടവസാനിക്കുന്നതാണ് സുമേരിയനിലെ പല തൊഴില്‍ നാമങ്ങളും. എന്‍കര = കൃഷിക്കാരന്‍, നാന്‍കര = ആശാരി, സാംകര = കച്ചവടക്കാരന്‍. പന, ഈത്തപ്പന, കരി, നെയ്ത്തുകാരന്‍, കല്ലാശാരി എന്നിവയെക്കുറിക്കുന്ന പദങ്ങള്‍ക്കും ശബ്ദസാമ്യതയുണ്ട്. സര്‍വനാമങ്ങള്‍ പലതും ഒരേ രൂപത്തിലുള്ളതാണ്. വ്യാകരണ ഘടനയിലുമുണ്ട് പൊരുത്തം. ഇതുപോലെ ഹീബ്രുവും ദ്രാവിഡവും തമ്മില്‍ സാമ്യമുണ്ട്. ഹീബ്രുവിലെ ‘അബ്’, ‘അം’ എന്നീ പദങ്ങളും മലയാളത്തിലെ അപ്പനും അമ്മയും തമ്മിലുള്ള സാദൃശ്യം ശ്രദ്ധിക്കുക. മലയാളത്തില്‍ ‘കൊല്‍’ എന്ന ധാതുവിനു കൊട്ടുക, അടിക്കുക എന്നീ അര്‍ഥങ്ങളുണ്ടായിരുന്നു. ഹീബ്രുവില്‍ കൊട്ട് എന്നാല്‍ കൊല്ലുക എന്നും ഖത്തല്‍ എന്നാല്‍ കൊല്ലുന്നവന്‍ എന്നുമാണര്‍ഥം. അറബിയില്‍ ഖത്ല്‍ (കൊല) എന്നാണ് പ്രയോഗം.

 

4000-4500 വര്‍ഷം പഴക്കമുള്ള സുമേറിയന്‍ ശിലാരേഖകളില്‍ മെലൂവയെ പരാമര്‍ശിക്കുന്നുണ്ട്. മെലൂവക്കാര്‍ കറുത്തവരായിരുന്നുവെന്നും അവര്‍ കച്ചവടത്തിന് മെസൊപ്പൊട്ടേമിയയില്‍ വരാറുണ്ടായിരുന്നുവെന്നും അതില്‍ പറയുന്നു. മെലൂവയില്‍നിന്ന് മരത്തടികളാണ് ഇറക്കുമതി ചെയ്തിരുന്നത്. ഊര്‍ നഗരാവശിഷ്ടങ്ങളില്‍ നിന്ന്, മലബാറില്‍ സുലഭമായിരുന്ന തേക്കിന്‍തടി കണ്ടെടുത്തിട്ടുള്ളതിനാല്‍ ‘മെലൂവ’, മലബാര്‍ ആയിരിക്കാന്‍ സാധ്യത കാണുന്നു.

 

അറബികളുടെ കപ്പല്‍ യാത്രക്ക് ക്രി.മു. 5000 വര്‍ഷമെങ്കിലും പഴക്കമുണ്ടെന്ന് ലെനിന്‍ ഗ്രാഡിലെ ഹെര്‍മിറ്റേജ് മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന രേഖകളില്‍ നിന്നു തെളിഞ്ഞിട്ടുണ്ട്.

ക്രി.മു. 10-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സുലൈമാന്‍ നബിയുടെ കാലത്ത് തര്‍ശീശ കപ്പലുകള്‍ മൂന്നു സംവത്സരങ്ങളിലൊരിക്കല്‍ പൊന്ന്, വെള്ളി, ആനക്കൊമ്പ്, കുരങ്ങ്, മയില്‍ എന്നിവ കൊണ്ടുവന്നിരുന്നതായി പഴയ നിയമത്തിലെ രാജാക്കന്മാര്‍ (11-10, 22-23) എന്ന അധ്യായത്തില്‍ കാണാം. യമനും ഹദ്റമൌതും ഒമാനും ഉള്‍പ്പെട്ടിരുന്ന അഷ്റഫു റമാലിലെ സദ്ദാദ് രാജാവ് ഇന്ത്യയുടെ അതിര്‍ത്തിവരെ ആക്രമിച്ചെത്തിയിരുന്നു. ഏതാനും നൂറ്റാണ്ടുകള്‍ കേരളത്തിലേക്കുള്ള കച്ചവടമാര്‍ഗം അറബികളുടെ ആധിപത്യത്തിലായിരുന്നു. ഏദന്‍ തുറമുഖത്തുവെച്ചായിരുന്നു ഇന്ത്യന്‍ കച്ചവടക്കാരും അറബികളും ചരക്കുകള്‍ കൈമാറിയിരുന്നത്. ഈ കച്ചവടമാര്‍ഗത്തെപ്പറ്റി പ്ളീനിവിവരിക്കുന്നതിങ്ങനെയാണ്: ‘ ഇന്ത്യയിലേക്ക് കൊണ്ടുപോകാനുള്ള ചരക്കുകള്‍ കോപ്പ്ടസ്സിലേക്ക് കടത്തുന്നു. കോപ്പ്ടസ്സില്‍നിന്നു അറേബ്യന്‍ ഉള്‍ക്കടല്‍ തുറമുഖമായ ബര്‍ണിക്കയിലേക്ക് 12 ദിവസത്തെ യാത്രയുണ്ട്. മധ്യവേനലാവുമ്പോഴേക്ക് കപ്പലുകള്‍ ബെര്‍ണിക്കയില്‍ നിന്ന് യാത്രതുടരും. ഓക്കിലെസ്സില്‍ (ഗെല്ലാ) എത്താന്‍ 30 ദിവസം വേണം. ഫെലിക്സ് തീരത്തുള്ള കാനെ (റാസഫര്‍തക്) അഴിമുഖത്തെത്താന്‍ അത്രതന്നെ ദൂരമുണ്ട്. അവിടെനിന്ന് 40 ദിവസത്തെ യാത്രകൊണ്ട് ഇന്ത്യയിലെ ആദ്യത്തെ വാണിജ്യ കേന്ദ്രമായ മുസിരിസ്സിലേക്ക് പോകുന്നു. ‘ മുസ്രിസ്സ് കൊടുങ്ങല്ലൂരാണ്. കേരളത്തിലെ നഗരങ്ങളില്‍ അക്കാലത്ത് അറബികളുടെ കപ്പലുകള്‍ വന്നിരുന്നതായി മാര്‍ക്കോപ്പോളോ വിവരിക്കുന്നുണ്ട്.

 

ഇസ് ലാമിക വിജ്ഞാന കോശം, ഐ.പി എച്ച്

Related Post