ലൈംഗികവിദ്യാഭ്യാസത്തിന്റെ ഭാഷ

التربية1ഈയിടെ അമേരിക്കയിലുള്ള ഒരു അഭിഭാഷകന്റെ അനുഭവക്കുറിപ്പ് വായിക്കാനിടയായി. പാശ് ചാത്യന്‍ നാടുകളില്‍ അനിയന്ത്രിതമായിക്കൊണ്ടിരിക്കുന്ന സെക്‌സും അതിനെത്തുടര്‍ന്നുള്ള കുടുംബത്തകര്‍ച്ചയുമായിരുന്നു അതിലെ പ്രതിപാദ്യം. കുടുംബ നിയമങ്ങളില്‍ സ്‌പെഷലൈസ് ചെയ്തുകൊണ്ടിരിക്കേതന്നെ  പ്രാക്ടീസിന്റെ ഭാഗമായി അഭിമുഖീകരിക്കേണ്ടിവന്ന കേസുകളില്‍ അധികവും വിവാഹേതരബന്ധങ്ങളിലുണ്ടായ ബാല്യങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടതായിരുന്നുവെന്ന് അദ്ദേഹം അതില്‍ പറയുന്നുണ്ട് .കുടുംബകേസുകളില്‍ അന്തിമമായി തോല്‍വി കുരുന്നുകള്‍ക്കായിരുന്നു.

 

വെല്‍ഫെയര്‍ഹോമുകളില്‍ പിച്ചവെക്കുന്ന അവരുടെ ബാല്യവും കൗമാരവും തികഞ്ഞ അനാഥത്വത്തിന്റെതായിരിക്കും . സമൂഹത്തില്‍ ഈ കുട്ടികള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ കടുത്ത പ്രശ്‌നമായി പാശ്ചാത്യന്‍ നാടുകള്‍ കാണുന്നു. ഹൈസ്‌കൂള്‍ തലത്തിനുമുമ്പുതന്നെ ശാരീരികബന്ധങ്ങളിലേര്‍പ്പെടുന്ന കൗമാരങ്ങളെ സെക്‌സിന്റെ ആത്മീയതയല്ല പരിശീലിപ്പിക്കുന്നത്. ഗേള്‍ഫ്രണ്ടും ബോയ്ഫ്രണ്ടും ഇല്ലാത്ത തങ്ങളുടെ മക്കളെ നോക്കി അവര്‍ക്കെന്തോ കുഴപ്പമുണ്ടെന്ന്  ആശങ്കപ്പെടുന്ന പാരന്റസും സമൂഹവും  സെക്‌സിന്റെ ഫിസിക്‌സിലാണ് നിര്‍ഭയത്വം തേടുന്നത്. ഗര്‍ഭനിരോധനഉറകളും മരുന്നുകളും പുസ്തകങ്ങളോടൊപ്പം കൊടുത്തുവിടുന്ന വിദ്യാഭ്യാസക്രമത്തിലാണ് അവര്‍ അഭിരമിക്കുന്നത്.

 
ലൈംഗികവിദ്യാഭ്യാസം എന്നതിനെപ്പറ്റി നമ്മുടെ നാട്ടില്‍ കടുത്ത തെറ്റുധാരണ നിലനില്‍ക്കുന്നു. പെണ്‍കുഞ്ഞുങ്ങളെയും വൃദ്ധകളെയും  കൗമാരക്കാര്‍ ആസക്തിയോടെ ആക്രമിക്കുന്ന സംഭവങ്ങള്‍ പെരുകിയതോടെ എല്ലാവരും ഒച്ചയിടാന്‍ തുടങ്ങി ലൈംഗികവിദ്യാഭ്യാസം കൊടുക്കണമെന്ന്..!!!.  പടിഞ്ഞാറന്‍ രാജ്യങ്ങളില്‍  പ്രസ്തുതവിദ്യാഭ്യാസമുള്ളതിനാല്‍ അവിടെ യാതൊരു ആക്രമണങ്ങളും  നടക്കുന്നില്ലെന്ന് അവര്‍ സര്‍ട്ടിഫൈ ചെയ്തു. വാസ്തവമെന്താണ്?.ആരോ കഥയറിയാതെ നടത്തിയ ആഹ്വാനം  എല്ലാവരും വിഴുങ്ങുകയായിരുന്നു. എല്ലാം വിപണിവത്കരിക്കുന്ന ഒരു സംസ്‌കാരത്തില്‍ ശരീരത്തിന്റെ ആസ്വാദനം മറ്റെല്ലാ ആസ്വാദനങ്ങള്‍ക്കൊപ്പം  അതിരുവിട്ടതുകൊണ്ടാണ് സ്ത്രീത്വത്തിനുനേരെ കയ്യേറ്റം വര്‍ധിക്കുന്നത്. കുടുംബത്തിനകത്തുമാത്രമുള്ള, തികഞ്ഞ സ്വകാര്യതയുടെ മൂടുപടമിട്ടുനടക്കേണ്ട ലൈംഗികതയെ  മാര്‍ക്കറ്റിലെത്തിച്ച്  മാര്‍ക്കിടുവാന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ വഷളായത് നാം കാണുന്നു.  കുടുംബവ്യവസ്ഥയ്ക്ക് ഊഷ്മളത പകരുന്ന,  അതിനെ നിലനിര്‍ത്തുന്ന ലൈംഗികത  കുടുംബവ്യവസ്ഥയെ ത്തന്നെ അട്ടിമറിക്കുംവിധം അരാജകവാദിയായതെങ്ങനെയെന്ന് നാം ചിന്തിക്കേണ്ടതുണ്ട്. പ്രതിരോധശേഷി വര്‍ധിപ്പിക്കേണ്ട മരുന്ന് രോഗം ക്ഷണിച്ചുവരുത്തുന്നു എന്നുപറഞ്ഞതുപോലെ…ഒന്നുറപ്പാണ് , മരുന്ന് അസ്ഥാനത്താണ് പരിഷ്‌കൃതനാഗരികത പ്രയോഗിക്കുന്നത്.
ഇളം കൗമാരത്തില്‍ പരസ്പരം ഇടപഴകുന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളും പ്രകൃതിപരമായ പ്രത്യേകതകളാല്‍  ആകര്‍ഷിക്കപ്പെടുന്നു. ശാരീരികമായി പരസ്പരം തൊട്ടും തലോടിയും തങ്ങളുടെ താല്‍പര്യം  അറിയിക്കുന്നു. പ്രതികൂലാവസ്ഥകളോ വിലക്കുകളോ ഇല്ലാത്തതിനാല്‍ ക്രമേണ അത് പര്യവേക്ഷണങ്ങളിലേക്കും പരീക്ഷണങ്ങളിലേക്കുമാണ് അവരെ കൊണ്ടെത്തിക്കുന്നത്. മനുഷ്യരായതുകൊണ്ട് ഇത് സ്വാഭാവികമാണ്.

 
ഒരു പ്രത്യേകഘട്ടത്തില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാകുന്നതോടെ ചങ്ങാത്തം കൂടിയ ആണ്‍കുട്ടി രംഗത്തുനിന്ന് പിന്‍വാങ്ങുന്നു. അവന്റെ കുടുംബം അവന്റെ ഭാവിയോര്‍ത്ത് അവനെ സ്ഥലം മാറ്റുന്നു. നിസഹായയുംഅപമാനിതയുമാകുന്ന പെണ്‍കുട്ടി പഠനം തടസപ്പെടുന്നതിനാലും അവളുടെ കുടുംബത്തിന് പുതിയ അതിഥിയെ സ്വീകരിക്കാന്‍  മടിയുള്ളതിനാലും അബോര്‍ഷനെ ആശ്രയിക്കുന്നു.
ഇത് കടുത്ത മാനസികപ്രതിസന്ധി സൃഷ്ടിക്കുന്നതോടൊപ്പം  ഒട്ടേറെ ശാരീരികപ്രശ്‌നങ്ങളും വരുത്തിവെക്കും. ഇനി അവള്‍ അബോര്‍ഷന്് വിസമ്മതിച്ചുകൊണ്ട് കുട്ടിയെ പ്രസവിക്കുകയാണെങ്കില്‍  അതിന്നായി  സര്‍ക്കാര്‍സഹായത്തോടെയുള്ള വെല്‍ഫെയര്‍ ഹോമുകളില്‍ അഭയം പ്രാപിക്കുകയാണ് ചെയ്യുക. അവളുടെ വിദ്യാഭ്യാസം തടസപ്പെട്ടുവെന്നുമാത്രമല്ല, പ്രസവാനന്തരം ആരോരും ഉത്തരവാദിത്വം ഏറ്റെടുക്കാനില്ലാത്ത ഒരു കുഞ്ഞ് സമൂഹത്തിന് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് വളര്‍ന്നുവലുതായി സമൂഹമധ്യേ വീണ്ടും കടന്നുവരുന്നു എന്ന യാഥാര്‍ഥ്യവുമുണ്ട്.

 

പാശ്ചാത്യന്‍നാടുകളിലെ ഇത്തരം പ്രതിസന്ധി വളരെ ഗുരുതരമായിക്കൊണ്ടിരിക്കുന്നു. തങ്ങള്‍ക്കിഷ്ടപ്പെട്ട ഇടങ്ങളിലൊക്കെ ആസ്വാദനത്തിന്റെ മഴവില്‍ലോകങ്ങള്‍തീര്‍ക്കുന്ന കൗമാരങ്ങളും യൗവനങ്ങളും തികഞ്ഞ ദേഹദ്രോഹമാണ് തങ്ങള്‍ അനുവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്ന് തിരിച്ചറിയുന്നില്ല. നാടിന്റെ വികസനത്തിന് ചുക്കാന്‍പിടിക്കേണ്ട, വിഭവങ്ങളെ ഉല്‍പാദിപ്പിക്കുകയും വിതരണംനടത്തുകയും ചെയ്യേണ്ട, ശാസ്ത്ര-സാങ്കേതികമേഖലകളില്‍ ബൗദ്ധികസംഭാവനകളര്‍പ്പിക്കേണ്ട മനുഷ്യവിഭവശേഷിയെ  ആരും പ്രസവിച്ച് പരിപാലിച്ച് ശിക്ഷണം നല്‍കാന്‍ തയ്യാറല്ല. അമേരിക്കക്കാരനും റഷ്യക്കാരനും അവരുടെ അയല്‍ക്കാര്‍ക്കും തങ്ങളുടെ രാജ്യം ഭാവിയില്‍ നിലനിന്നുകാണണം എന്ന ആഗ്രഹം തീരെയില്ലാതായിരിക്കുന്നു.  കുട്ടികളെ  പോറ്റിവളര്‍ത്തുന്നവര്‍ക്ക്് ഒട്ടേറെ ആനുകൂല്യങ്ങള്‍പ്രഖ്യാപിച്ചിട്ടും അതിന് തയ്യാറായി ആരും മുന്നോട്ടുവരാത്തത് തെളിയിക്കുന്നത് അതാണ്. എല്ലാംകൂടിവായിച്ചെടുക്കുമ്പോള്‍ ഒരുപക്ഷേ ദൈവത്തിനിഷ്ടമില്ലാത്ത  സംസ്‌കാരത്തെ നിഷ്‌കാസിതമാക്കാന്‍ അവന്‍ സ്വീകരിച്ച ആക്ഷേപരഹിത മാര്‍ഗമായിരിക്കാം ഇതെന്ന് തോന്നിപ്പോകുന്നു.

 

ഇസ് ലാമിന്റെ സംസ്‌കൃതി ഇതില്‍നിന്ന് വ്യത്യസ്തമാണ്. അത് ലൈംഗികതയുടെ ഉദാത്തലക്ഷ്യത്തെ പ്രാരംഭദശയില്‍തന്നെ മനുഷ്യനെ അഭ്യസിപ്പിക്കുന്നു.ബെഡ് റൂമില്‍ മാതാപിതാക്കളുടെ സമീപത്തുനിന്ന്  സന്താനങ്ങളെ 10 വയസുകഴിഞ്ഞാല്‍ മാറ്റിക്കിടത്തണമെന്ന് നിര്‍ദേശിച്ചു. കുട്ടികള്‍ ഒരേവിരിപ്പില്‍ കിടക്കുന്നത് വിലക്കിക്കൊണ്ട് സ്വവര്‍ഗരതിയുടെ  അണുസംക്രമണങ്ങളില്‍നിന്ന് സംരക്ഷിച്ചു. കുട്ടികളുടെ വഴിതെറ്റിക്കുന്ന സാഹചര്യങ്ങളെ അകറ്റിനിര്‍ത്താന്‍ ബോധപൂര്‍വം തന്നെ രക്ഷിതാക്കളെ ജാഗരൂകരാക്കി. ആണും പെണ്ണും തനിച്ചാകുന്ന അവസ്ഥ ഉണ്ടാകരുതെന്ന് നിഷ്‌കര്‍ഷിച്ചു.ആണിനും പെണ്ണിനും തങ്ങളുടെ ശാരീരികപ്രത്യേകതകളെ ദൈവം എന്തിന് നിജപ്പെടുത്തിയെന്നും തങ്ങളുടെ പ്രകൃതിദൗത്യമെന്തെന്നും അഭ്യസിപ്പിച്ചു. ഒരു പ്രത്യേകഘട്ടം വരെ തങ്ങള്‍ അകന്നുതന്നെ നിലകൊള്ളണമെന്ന് ആണിനും പെണ്ണിനും സ്വയം തോന്നുമാറ് ശക്തമായിരുന്നു ഇത്തരം നടപടിക്രമങ്ങള്‍.  അതോടെ നിരുത്തരവാദിത്വആസ്വാദനം എന്നതില്‍നിന്ന്് ദൈവത്തോടുള്ള ബാധ്യതാനിര്‍വഹണം എന്നതിലേക്ക് ആണ്‍-പെണ്‍ ബന്ധങ്ങള്‍ ഉദാത്തീകരിക്കപ്പെട്ടു.
സ്ത്രീപുരുഷബന്ധങ്ങളില്‍ നിയന്ത്രണവും മാന്യതയും പാലിച്ചുകൊണ്ട് ഒട്ടേറെ നാഗരികതകളും ജനതതികളും ചരിത്രത്തില്‍ കഴിഞ്ഞുപോയിട്ടുണ്ട്. ഭൗതികജീവിതത്തിലെ ആസ്വാദനങ്ങള്‍ക്ക് അവിടെ ദൈവികനിയമങ്ങളുടെ പരിമളമായിരുന്നു. അവയിലൊന്നും തന്നെ പിതാവാരെന്നറിയാത്ത അസംഖ്യം അനാഥക്കുഞ്ഞുങ്ങളെ പേറേണ്ട ബാധ്യത സമൂഹത്തിനുണ്ടായിട്ടില്ല. ലൈംഗികസദാചാരമൂല്യങ്ങളില്‍ തങ്ങളുടെതായ കാഴ്ചപ്പാടുകള്‍ വെച്ചുപുലര്‍ത്തിയ സമൂഹങ്ങള്‍ അധികകാലം  ഭൂമിയില്‍ വാണ ചരിത്രമില്ലെന്ന് ചരിത്രം നമ്മെ ഉണര്‍ത്തുന്നു.  പെണ്ണിനെ ആദരിക്കുന്ന ആണായും ആണിനെ ബഹുമാനിക്കുന്ന പെണ്ണായും സമൂഹമധ്യേ പരസ്പരംഇടപെടുന്നതിന് ബാലകൗമാരങ്ങള്‍ക്ക്  അവബോധവും സംസ്‌കാരവും പകര്‍ന്നുനല്‍കാന്‍ ദൈവികദര്‍ശനങ്ങള്‍തന്നെ വേണ്ടിവരും. ശക്തമായ പരലോകബോധത്താല്‍ തിടംവെച്ച അത്തരം സംസ്‌കൃതികള്‍  ആസക്തിയുടെയും ആസ്വാദനത്തിന്റെയും  ചെസ്‌ബോര്‍ഡായല്ല ജീവിതത്തെ കാണുന്നത്.

 
ചുരുക്കത്തില്‍്  സൊള്ളലും നുള്ളലും കോണ്ടവും അബോര്‍ഷനും ഓര്‍ഗാസവുമൊക്കെ എല്‍കെജി -യുകെജി പിള്ളേരുടെ സിലബസില്‍ ലൈംഗികവിദ്യാഭ്യാസത്തിന്റെ പേരില്‍ ഉള്‍ക്കൊള്ളിച്ച് സംതൃപ്തിയടയാനാണ് ഭാവമെങ്കില്‍ മണ്‍മറഞ്ഞ നാഗരികതകള്‍ക്കുള്ള റിയാലിറ്റിഷോയില്‍ അത്തരക്കാര്‍ക്കായിരിക്കും ഒന്നാം സ്ഥാനം.’അല്ലെങ്കില്‍ അവരുടെ ഉപമ ഇങ്ങനെയാണ്: ആഴക്കടലിലെ ഘനാന്ധകാരം;അതിനെ തിരമാല മൂടിയിരിക്കുന്നു. അതിനുമീതെ വേറെയും തിരമാല. അതിനുമീതെ കാര്‍മേഘവും. ഇരുട്ടിനുമേല്‍ ഇരുട്ട്- കുറ്റാക്കൂരിരുട്ടുകള്‍.  സ്വന്തം കൈ പുറത്തേക്കുനീട്ടിയാല്‍ അതുപോലും കാണാനാവാത്ത കൂരിരുട്ട്! അല്ലാഹു വെളിച്ചം നല്‍കാത്തവര്‍ക്ക് പിന്നെ വെളിച്ചമേയില്ല.(അല്‍ ഇസ്‌റാഅ്)’

Related Post