സത്യസന്ധതയുടെ വില

 

الصدقപട്ടണത്തില്‍ തുണിക്കട നടത്തുകയാണ് അക്ബര്‍. ഒരു ദിവസം അക്ബറിന്റെ കടയില്‍ ഒരു ചെറുപ്പക്കാരന്‍ ജോലിയന്വേഷിച്ചെത്തി. എന്റെ പേര്  ജമാല്‍ ദാരിദ്ര്യം കൊണ്ട് പൊറുതിമുട്ടി വന്നതാണ്. വല്ലജോലിയും തന്നാല്‍ ഉപകാരമായി.

“ങാ, ജോലി തരാം. പക്ഷേ, സത്യസന്ധമായി ജോലി ചെയ്തില്ലെങ്കില്‍ ആ നിമിഷം നിന്നെ ഞാന്‍ പിരിച്ചു വിടും.” അക്ബര്‍ പറഞ്ഞു.

ജമാല്‍ അത് അംഗീകരിച്ചു. ജോലിക്കു ചേര്‍ന്നു. ഒരു നാള്‍ ധനികയായ ഒരു സ്ത്രീ അക്ബറിന്റെ കടയില്‍ കയറി. അവര്‍ വിലകൂടിയ മനോഹരമായ ഒരു പട്ടുസാരി തിരഞ്ഞെടുത്തു. “ഹാ, എന്തൊരുഭംഗി എനിക്കിതുമതി. വില എന്തുതന്നെയായാലും ശരി” അവര്‍ പറഞ്ഞു. അക്ബറിന് സന്തോഷമമായി നല്ലൊരു കച്ചവടം നടന്നല്ലോ. പക്ഷേ, ജമാല്‍ പെട്ടെന്ന് പറഞ്ഞു: ഇത്താ; ആ സാരി എടുക്കേണ്ട… പഴക്കം കാരണം അതല്‍പം പിഞ്ഞിയിട്ടുണ്ട്.

ഇതു കേട്ടപ്പോള്‍ ആ സ്ത്രീ ആ സാരി മാറ്റി വേറൊന്നു വാങ്ങി. തിരിച്ച് പോയി. ആദ്യം എടുത്ത സാരിയേക്കാള്‍ വിലകുറഞ്ഞതായിരുന്നു പിന്നീടെടുത്തത്.

അക്ബറിന് വന്ന ദേഷ്യം പറയാനുണ്ടോ? അയാള്‍ ജമാലിനോട് കയര്‍ത്തു: “ഹും അവര്‍ വിലകൂടിയ സാരിവാങ്ങുമ്പോള്‍ നീയെന്തിനാ തടഞ്ഞത്” ജമാല്‍ പറഞ്ഞു: മുതലാളിയല്ലേ പറഞ്ഞത് സത്യസന്ധമായി ജോലിചെയ്യണമെന്ന്. അതു കൊണ്ടാണ് ഞാന്‍ അങ്ങനെ പറഞ്ഞത്.

“എടാ… എന്നോട് കളവു കാണിക്കരുതെന്നാ ഞാന്‍ പറഞ്ഞത്. നിന്നെപ്പോലുള്ള മണ്ടന്മാരെ ജോലിക്ക് നിര്‍ത്തിയാല്‍ കച്ചവടം പൊളിയും, വേഗം സ്ഥലം വിട്ടോ.”

ജമാല്‍ എത്ര അപേക്ഷിച്ചിട്ടും കൂട്ടാക്കാതെ അക്ബര്‍ അയാളെ ജോലിയില്‍ നിന്നു പറഞ്ഞുവിട്ടു.

പിറ്റേദിവസം മുതല്‍ അക്ബറിന്റെ കടയില്‍ തിരക്കു കൂടാന്‍ തുടങ്ങി. ധനികരായ പലരും വിലകൂടിയ പട്ടുവസ്ത്രങ്ങള്‍ വാങ്ങാന്‍ അവിടെ വരാന്‍ തുടങ്ങി. അതോടെ അക്ബറിന്റെ ലാഭവും വര്‍ദ്ധിച്ചു.

അങ്ങനെയിരിക്കെയാണ്, മുമ്പ് ജമാല്‍ ഉള്ളപ്പോള്‍ പട്ടുസാരി വാങ്ങാന്‍ വന്ന സ്ത്രീ വീണ്ടും വന്നത്. വന്നയുടനെ അവര്‍ ചോദിച്ചു: എവിടെ നിങ്ങളുടെ ആ പഴയ ജോലിക്കാരന്‍? അക്ബര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. “ഞാന്‍ അവനെ പറഞ്ഞുവിട്ടു. അവനു കച്ചവടം ചെയ്യാനൊന്നും അറിയില്ലെന്നേ.. വെറും മണ്ടനാ…”

ഇതു കേട്ടപ്പോള്‍ ആ സ്ത്രീ സങ്കടത്തോടെ പറഞ്ഞു. “അതു കഷ്ടമായി ആ ജോലിക്കാരന്‍ കാരണമാണ് നിങ്ങളുടെ ഈ കടക്ക് ഇത്രപേരും പ്രശസ്തിയും ലഭിച്ചത്. അന്ന് അയാള്‍ പറഞ്ഞ കാരണമല്ലേ ഞാന്‍ ആ സാരി വാങ്ങാതിരുന്നത്. അതിന് ശേഷം ഞാന്‍ എന്റെ പരിചയക്കാരോടെല്ലാം നിങ്ങളുടെ സത്യസന്ധതയെ കുറിച്ച് പറഞ്ഞു. തു ണികള്‍ക്ക് വല്ലകേടും ഉണ്ടെങ്കില്‍ കടയിലെ ആളുകള്‍ തന്നെ പറഞ്ഞ് തരും എന്ന് കേട്ടപ്പോള്‍ എല്ലാവര്‍ക്കും സന്തോഷമായി. അങ്ങനെയാണ് അവരെല്ലാം ഇവിടെ വന്ന് വസ്ത്രം വാങ്ങാന്‍ തുടങ്ങിയത്”

അതുകേട്ടപ്പോള്‍ അക്ബര്‍ മിഴിച്ച് നിന്നുപോയി. സത്യസന്ധതയുടെ വില അയാള്‍ക്ക് മനസ്സിലായി. അയാള്‍ വീണ്ടും ജമാലിനെ കടയിലേക്ക് വിളിച്ചു വരുത്തി. ജമാലിന് സന്തോഷമായി അക്ബറും ജമാലും സത്യസന്ധമായി കച്ചവടം തുടര്‍ന്നു. വീണ്ടും അഭിവൃദ്ധിയിലേക്ക് കുതിച്ചു.

 

Related Post