നിയാസ്
ദൈവികദര്‍ശനത്തിന്റെ സംരക്ഷണാര്‍ത്ഥം നാടും വീടും ഉപേക്ഷിച്ച് മറ്റൊരു നാട്ടിലേക്ക് പലായനം നടത്തുന്നതാണ് ഹിജ്‌റ. നബി(സ)യുടെ ഹിജ്‌റ ചരിത്രത്തില്‍ പുതിയ ഒരധ്യായത്തിന്റെ തുടക്കമായിരുന്നു. അതിലൂടെ എണ്ണത്തിലും ശക്തിയിലും ന്യൂനപക്ഷമായ ഒരു സമൂഹം ലോകത്തിന്റെ നെറുകെയിലേക്ക് ഉയര്‍ത്തപ്പെടുകയായിരുന്നു. അഥവാ, ഹിജ്‌റ നടന്നിട്ടില്ലായിരുന്നെങ്കില്‍ ഇസ്‌ലാമിന്റെ ഗതി മറ്റൊന്നാകുമായിരുന്നു.
സ്വസ്ഥജീവിതം എല്ലാ അര്‍ത്ഥത്തിലും ദുഃസ്സഹമായ പ്രത്യേക സാഹചര്യത്തിലാണ് നബി(സ) ഹിജ്‌റക്കൊരുങ്ങുന്നത്. അഭംഗുരം തുടര്‍ന്ന പീഢനമുറകള്‍ മൂലം ആരാധനാകര്‍മ്മങ്ങള്‍ പോലും വ്യവസ്ഥാപിതമായി നടത്താന്‍ കഴിയാത്ത സ്ഥിതിവിശേഷമായിരുന്നു മക്കയില്‍ അന്നുണ്ടായിരുന്നത്. മുശ്‌രിക്കുകള്‍ സര്‍വ്വസന്നാഹങ്ങളും ഉപയോഗിച്ച് ഇസ്‌ലാമിനെ തകര്‍ക്കാന്‍ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. സത്യദീനിന്റെ സംസ്ഥാപനമെന്ന മഹത്തായ ലക്ഷ്യം ഒരു തരത്തിലും നിര്‍വഹിക്കാന്‍ കഴിയാത്ത സങ്കീര്‍ണ്ണാവസ്ഥ മക്കയില്‍ സംജാതമാവുകയുണ്ടായി. ഇത്തരത്തില്‍ തങ്ങളുടെ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ സാധ്യമാവാത്ത സവിശേഷ സന്ദര്‍ഭത്തിലാണ് ആദര്‍ശസംരക്ഷണാര്‍ത്ഥം തൊട്ടടുത്ത പ്രദേശമായ യഥ്‌രിബിലേക്ക് പലായനം നടത്താന്‍ നബി(സ) തീരുമാനിക്കുന്നത്.
അല്ലാഹുവിന്റെ കല്‍പ്പനപ്രകാരം ദീനിന് വേണ്ടി എല്ലാം ത്യജിച്ച് നാടുവിടാന്‍ ഒരുങ്ങിയ സത്യവിശ്വാസികള്‍ക്ക് നേരിടേണ്ടി വന്ന പരീക്ഷണങ്ങള്‍ ചില്ലറയൊന്നുമായിരുന്നില്ല. അവരില്‍ പലരും മദീനയിലേക്കുള്ള യാത്രാമദ്ധ്യേ മുശ്‌രിക്കുകളാല്‍ പിടിക്കപ്പെടുകയും, പല തരം മര്‍ദ്ദനങ്ങള്‍ക്ക് വിധേയരാക്കപ്പെടുകയും ചെയ്തു. കുടുംബവും സമ്പത്തുമെല്ലാം ദൈവമാര്‍ഗ്ഗത്തില്‍ അവര്‍ക്ക് നഷ്ടപ്പെട്ടു. മഹാനായ സ്വഹാബി സുഹൈബ്(റ)വിന്റെ സംഭവം പ്രസിദ്ധമാണ്. തന്റെ സമ്പാദ്യം മുഴുവന്‍ മക്കയിലെ മുശ്‌രിക്കുകള്‍ക്ക് മുമ്പില്‍ വലിച്ചെറിഞ്ഞു കൊണ്ട് ആദര്‍ശം മാത്രം കൈമുതലാക്കി ദൈവമാര്‍ഗ്ഗത്തില്‍ പുറപ്പെടുകയായിരുന്നു അദ്ദേഹം. ഇങ്ങനെ പലതും സഹിക്കേണ്ടി വന്നവര്‍ നിരവധിയാണ്. മേല്‍ പരാമര്‍ശിച്ച പ്രകാരം അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ സര്‍വ്വം സമര്‍പ്പിക്കാന്‍ ഞങ്ങള്‍ സന്നദ്ധരാണ് എന്ന ധീരപ്രഖ്യാപനം കൂടിയായിരുന്നു ഹിജ്‌റ.
ദൈവമാര്‍ഗത്തില്‍ എല്ലാം ത്യജിച്ച് ഹിജ്‌റ ചെയ്ത മുഹാജിറുകളെ വര്‍ധിതാവേശത്തോടെയാണ് മദീനക്കാര്‍ വരവേറ്റത്. നബി(സ) മദീനയിലെത്തിയ ദിവസം അവര്‍ക്ക് ആനന്ദത്തിന്റെയും ആഹ്ലാദത്തിന്റെയും സുദിനമായിരുന്നു. ഹിജ്‌റാനന്തരം മദീനയില്‍ ഇസ്‌ലാമിക മൂല്യങ്ങളുടെ പ്രായോഗികവല്‍ക്കരണം പൂര്‍ണ്ണാര്‍ത്ഥത്തില്‍ ആരംഭിക്കുകയായിരുന്നു. മദീനക്കാരും മുഹാജിറുകളും തമ്മിലുള്ള സാഹോദര്യബന്ധം മിക ഉദാഹരണമാണ്. ഹിജ്‌റാനന്തരം മദീനാ നിവാസികള്‍ക്കിടയില്‍ ഇസ്‌ലാമിന്റെ സാഹോദര്യസങ്കല്‍പ്പം അക്ഷരാര്‍ത്ഥത്തില്‍ സാക്ഷാത്കൃതമാവുകയായിരുന്നു. എല്ലാം അല്ലാഹുവില്‍ ഭരമേല്‍പ്പിച്ച് ശൂന്യഹസ്തങ്ങളോടെ പലായനം ചെയ്ത മുഹാജിറുകളെ മദീനക്കാര്‍ തങ്ങളുടെ സഹോദരന്മാരായി പ്രഖ്യാപിക്കുകയായിരുന്നു. സമ്പത്തും കൃഷിയിടങ്ങളുമെല്ലാം അവര്‍ക്കിടയില്‍ വിഭജിക്കപ്പെട്ടു. ഒരു മാതാവിന്റെ മക്കളെന്നപോലെ പരസ്പരം സഹകാരികളായി അവര്‍ നിലകൊണ്ടു. അത് കൊണ്ടാണ് അന്‍സ്വാറുകള്‍ (സഹായികള്‍) എന്ന ഉന്നതപദവിക്ക് മദീനക്കാര്‍ അര്‍ഹരായിത്തീര്‍ന്നത്.
വിജയത്തിന്റെ ബീജം ത്യാഗമാണെന്നാണ് ഹിജ്‌റയുടെ സന്ദേശം. ചരിത്രത്തെ കുറിച്ച് പഠിക്കുന്നതിനപ്പുറം അതിന്റെ പുനരാവിഷ്‌കാരത്തെ കുറിച്ചാവണം നമ്മുടെ ചിന്ത. ഇതര മതദര്‍ശനങ്ങളില്‍ നിന്ന് ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്ന ആധുനിക ‘മുഹാജിറു’കളെ പുനരധിവസിപ്പിക്കുന്ന അന്‍സ്വാറുകളാകാന്‍ മുസ്‌ലിം സമൂഹത്തിന് സാധിക്കേണ്ടതുണ്ട്. അപ്പോഴാണ് നമ്മുടെ പുതുവത്സരദിനങ്ങള്‍ അനുഭവഭേദ്യമായിത്തീരുന്നത്.
(അല്‍-ജാമിഅ അല്‍-ഇസ്‌ലാമിയ വിദ്യാര്‍ഥിയാണ് ലേഖകന്‍)