ഇസ്ലാമിലെ പഞ്ച സ്തംബങ്ങളില്‍ നാലാമത്തതാണ് റമദാന്‍ വ്രതം. സ്വൌം എന്ന പദത്തിന് പിടിച്ചുനില്‍ക്കല്‍, നിയന്ത്രണമേര്‍പ്പെടുത്തല്‍ എന്നീ അര്‍ഥകല്‍പനകളുണ്ട്. വ്രതമാചരിക്കുന്നയാള്‍ മതം വിലക്കിയ കാര്യങ്ങളില്‍ പൂര്‍ണ്ണ നിയന്ത്രിതനായിരിക്കണം. ഇമാം നവവി (റ) പറയുന്നു. “ശറഇന്റെ സാങ്കേതികത്തില്‍ വ്രതമെന്നാല്‍ നിശ്ചിത സമയത്ത് നിശ്ചിത വ്യക്തി നിശ്ചിത വസ്തുക്കളെ നിശ്ചിത രൂപത്തില്‍ വെടിയുക’‘ എന്നതാണ് (ശറഹുല്‍ മുഹദ്ദബ് 6/247).
ബുദ്ധിയും ശുദ്ധിയുമുളള മുസ്ലിമായ വ്യക്തി മതം വിലക്കിയിട്ടില്ലാത്ത ദിവസങ്ങളില്‍ ഉണ്മപ്രഭാതം മു തല്‍ സൂര്യാസ്തമയം വരെ നേമ്പ് മുറിച്ചുകളയുന്ന കാര്യങ്ങളില്‍ നിന്ന് നിയമാനുസൃത നിയ്യത്തോടെ നിയന്ത്രണമേര്‍പ്പെടുത്തുന്നതിന് സ്വൌം (വ്രതം) എന്ന് നിര്‍വ്വചിക്കാം (മബ്സൂത്വ് 3/54).
പ്രായപൂര്‍ത്തിയും, ബുദ്ധിയുമുള്ള ശാരീരികമായി കഴിവുള്ള എല്ലാ മുസ്ലിമിനും വ്രതം വാജിബാണ്. (അനുഷ്ഠിച്ചാല്‍ പ്രതിഫലവും ഉപേക്ഷിച്ചാല്‍ ശിക്ഷയും ലഭിക്കുന്ന കാര്യം). ഹിജ്റ 2-ാം വര്‍ഷം ശഅ് ബാന്‍ മാസത്തിലാണ് വ്രതാചരണം നിര്‍ബന്ധമായത്. അല്ലാഹു പറയുന്നു:“സത്യവിശ്വാസികളേ നിങ്ങളുടെ പൂര്‍വ്വീകര്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടിരുന്നതുപോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ തഖ്വ (സൂക്ഷ്മത) പുലര്‍ത്തുന്നവരാകാന്‍ വേണ്ടി. നിര്‍ണ്ണിത ദിവസങ്ങളിലാണ് ഇത് നിര്‍ബന്ധമാകുന്നത്”(അല്‍ ബഖറഃ 183). നബി (സ്വ) പറഞ്ഞു. ഇസ്ലാം അഞ്ചുകാര്യങ്ങളുടെ മേലിലാണ് സ്ഥാപിക്കപ്പെട്ടിട്ടുളളത്:(1) അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്ന സത്യ സാക്ഷ്യം. (2) കൃത്യമായ നിസ്കാര നിര്‍വ്വഹണം. (3) നിര്‍ബന്ധ ദാനം. (4) റമദാന്‍ മാസം വ്രതമനുഷ്ഠിക്കുക. (5) ഹജ്ജ് ചെയ്യല്‍. നിരവധി നിവേദക പരമ്പരകളിലൂടെ ബുഖാരി (റ) യും മുസ്ലിമും (റ) വും നിവേദനം ചെയ്ത ഹദീസാണിത്.
ഖുര്‍ആന്‍ അവതരണവും വ്രതാനുഷ്ഠാനവും കൂട്ടിയിണക്കിയതെന്തിന്?
ഇമാം റാസി (റ) പറയുന്നു. “റമദാന്‍ മാസത്തെ, വ്രതാചരണത്തിലൂടെ സവിശേഷമാക്കിയതിനു പിന്നില്‍ പല രഹസ്യങ്ങളുമുണ്ട്. റമദാന്‍ മാസത്തെ അല്ലാഹു തന്റെ ദിവ്യവചനങ്ങള്‍ കൊണ്ട് ധന്യമാക്കി ഖുര്‍ആന്‍ അവതരിപ്പിച്ചു. തുടര്‍ന്ന് ആരാധനാ കര്‍മ്മങ്ങളില്‍ അത്യുത്തമമായ നോമ്പു കൊണ്ട് അതിനെ വിശിഷ്ടമാക്കി. ഇതു രണ്ടും ദൈവിക തേജസ്സ് മനുഷ്യന് സിദ്ധമാക്കാന്‍ പര്യാപ്തമാക്കുന്നു. ദൈവികാ ധ്യാപനങ്ങള്‍ ലഭിച്ചിട്ടും ഭൌതിക പ്രമത്തതയും ശരീരേച്ഛകളും ഇലാഹീ ബന്ധത്തില്‍ നിന്നവരെ അകറ്റിക്കളയുന്നു. അതിനെ പ്രതിരോധിക്കാന്‍ ഫലവത്തായ ആരാധനയത്രെ നോമ്പ്. ആത്മാവിന്റെ മാധുര്യം നുകരാന്‍ അത് മനുഷ്യരെ സഹായിക്കുന്നു” (റാസി 5-91).
ത്വല്‍ഹത് (റ) വില്‍ നിന്ന് നിവേദനം. ഒരു അഅ്റാബി നബി (സ്വ) യോട്, ഇസ്ലാാം കാര്യങ്ങള്‍ ആരായുന്നു. അതിന്റെ മറുപടിയില്‍ നബി (സ്വ) റമദാനില്‍ വ്രതമെടുക്കണമെന്നു പറഞ്ഞു. അപ്പോള്‍ ഗ്രാമവാസി ചോദിച്ചു. റമദാാന്‍ അല്ലാത്ത മറ്റു വല്ല നോമ്പും എന്റെമേല്‍ കടമയുണ്ടോ? നബി (സ്വ) പറഞ്ഞു. ‘ഇല്ല. നീ സുന്നത്തായി ചെയ്താലൊഴിച്ച് (ബുഖാരി,മുസ്ലിം). ഇതനുസരിച്ച് റമളാന്‍ വ്രതം മാത്രമേ അടിസ്ഥാന പരമായി നിര്‍ബന്ധമുളളൂ.
ഇമാം നവവി (റ) എഴുതുന്നു.”റമദാനല്ലാത്തവ, മതത്തില്‍ അടിസ്ഥാനപരമായി നിര്‍ബന്ധമല്ലെന്ന് ഇജ് മാഅ് (പണ്ഢിത ഏകോപിതാഭിപ്രായം) മുഖേന സ്ഥിരപ്പെട്ടിട്ടുണ്ട്. എന്നാല്‍ നേര്‍ച്ച, പ്രായശ്ചിത്തം, തുടങ്ങിയ കാരണങ്ങളാല്‍ ചിലപ്പോള്‍ മറ്റു നോമ്പുകളും നിര്‍ബന്ധമായിത്തീരും” (ശറഹുല്‍ മുഹദ്ദബ് 6/248).
വ്രതം പൂര്‍വ്വികര്‍ക്ക് നിര്‍ബന്ധമോ?
വ്രതാനുഷ്ഠാനം തത്വത്തില്‍ മുന്‍കാല സമൂഹത്തിലും നിലവിലുണ്ടായിരുന്നു. എന്നാല്‍ റമളാന്‍ വ്രതം മുഹമ്മദ് നബി (സ്വ്വ) യുടെ ജനതക്ക് മാത്രമുളള പ്രത്യേകതയാണ്.
വ്രതം മുന്‍കാല സമൂഹത്തിലും നിര്‍ബന്ധമായിരുന്നുവെന്ന് ഖുര്‍ആന്‍ 2/183 ല്‍ പ്രസ്താവിക്കുന്നു. ഈ വസ്തുത ഇമാം റാസി (റ) വിവരിക്കുന്നതു കാണുക. “പൂര്‍വ്വികര്‍ക്ക് നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരുന്നു എന്ന് ഖുര്‍ആന്‍ പ്രഖ്യാപിച്ചതിന്റെ വിശദീകരണത്തില്‍ പണ്ഢിതര്‍ രണ്ടു പക്ഷമായി. (1) നോമ്പ് അടിസ്ഥാന പരമായി പൂര്‍വ്വികര്‍ക്കും നിര്‍ബന്ധമുണ്ടായിരുന്നു. അഥവാ ഈ ആരാധന ആദം നബി (അ) മുതല്‍ അന്ത്യപ്രവാചകരുടെ കാലം വരെയുളള സകല ജനതക്കും നിര്‍ബന്ധ ബാധ്യതയായിരുന്നു. അതുകൊണ്ട് നിങ്ങള്‍ ഈ വിഷയത്തില്‍ ഒറ്റപ്പെട്ടവരല്ല. വ്രതം വിഷമങ്ങള്‍ നിറഞ്ഞതാണെങ്കിലും വിഷമകരമായ ഒരു കാര്യം മൊത്തം ബാധിതമാണെന്നറിയുമ്പോള്‍ സഹിക്കാന്‍ പ്രയാസം കുറവായി അനുഭവപ്പെടുന്നു.”
തഖ്വഃ അതുതന്നെ പരമലക്ഷ്യം:
വ്രതം നിര്‍ബന്ധമാക്കിയതിന്റെ ഫലമായി ഖുര്‍ആന്‍ പ്രഖ്യാപിച്ചത്, നിങ്ങള്‍ ‘തഖ്വ’ ഉളളവരാകാന്‍ വേണ്ടി എന്നാണ്. വിശ്വാസിയുടെ ജീവിതത്തിന്റെ സകല മേഖലകളും ഉള്‍ക്കൊളളിച്ച പ്രസ്താവനയാണത്. തഖ്വ സാക്ഷാത്ക്കരിക്കുന്ന നാനോന്മുഖ നന്മകള്‍ വ്രതാനുഷ്ഠാന ഫലമായി മനുഷ്യന് സ്വായത്തമാകുമെന്ന് ഖുര്‍ആന്‍ വിളിച്ചോതുന്നു.
തഖ്വ ദൈവേച്ഛയനുസരിച്ചുളള ജീവിതത്തിന് നല്‍കാവുന്ന പേരാണ്. ഈ സ്വഭാവം എത്ര കണ്ട് മനുഷ്യരിലുണ്ടോ അതിനനുസൃതമായി ഇലാഹീ പരിഗണനയില്‍ അവന്റെ മഹത്വം വര്‍ദ്ധിക്കുന്നു.”അല്ലാഹു വിന്റെ പരിഗണനയില്‍ ഏറ്റവും മാന്യര്‍, നിങ്ങളില്‍ ഏറ്റവും തഖ്വയുളളവരാണെന്ന ഖുര്‍ആന്‍ വാക്യം ഈ ന്യായത്തെ സാക്ഷീകരിക്കുന്നു. മഹത്വപൂര്‍ണ്ണമായ ഈ തഖ്വയെയാണ് നോമ്പാചരണത്തിന്റെ ലക്ഷ്യമായി ദൈവം പ്രഖ്യാപിച്ചത്. വിശ്വാസിയുടെ ആത്മീയ മഹത്വത്തിന് പൊന്‍തൂവലുകള്‍ തുന്നിക്കൂട്ടാന്‍ വ്രതം സഹായകമാണെന്ന് ഇവിടെ നമുക്ക് ഗ്രഹിക്കാം.
വ്രതമാസ വിചാരം:
വ്രതാനുഷ്ഠാനത്തിന്നായി ഹിജ്റഃ വര്‍ഷത്തിലെ ഒമ്പതാം മാസത്തെ അല്ലാഹു തന്നെയാണ് തിരഞ്ഞെടുത്തത്. ‘ശഹ്റു റമദാന്‍’ എന്ന് നാമകരണം ചെയ്തതും അവന്‍ തന്നെ.
‘റമദാന്‍’ എന്നത് ‘റമിളസ്സാഇമു’ എന്ന പ്രയോഗത്തില്‍ നിന്നു നിഷ്പന്നമായതാണെന്ന് ഭാഷാ ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നു. നോമ്പുകാരന്റെ അകത്തളം ദാഹം നിമിത്തം ചൂട് പിടിച്ചാലാണ് ‘റമിളസ്സാഇമു’എന്ന് പറയാറുളളത്.
“കരിച്ചുകളയുന്നത്” എന്ന അര്‍ഥ കല്‍പനയുമുണ്ട്. റമദാന്‍ മനുഷ്യരുടെ പാപങ്ങള്‍ കരിച്ചുകളയാന്‍ കാരണമാകുന്നു. അനസ്(റ)വില്‍ നിന്ന് നിവേദനം, നബി(സ്വ) പറഞ്ഞു : “റമദാന്‍ മാസത്തിന് ആ പേര് വരാന്‍ കാരണം പാപങ്ങള്‍ കരിച്ചുകളയുന്നതിനാലാണ്.”
ഒരിക്കല്‍ നബി(സ്വ)യോട് പ്രിയപത്നി ആയിഷാ(റ) ചോദിച്ചു. “നബിയേ, എന്താണ് ‘റമദാന്‍’ എന്ന നാമകരണത്തിലെ താത്പര്യം? നബി(സ്വ) പ്രതിവചിച്ചു. റംസാന്‍ മാസത്തില്‍ അല്ലാഹു സത്യവിശ്വാസികളുടെ പാപങ്ങള്‍ പൊറുക്കുകയും കരിച്ചുകളയുകയും ചെയ്യുന്നു എന്നതിനാലാണ് ( ഇബ്നു മര്‍ദവൈഹി, ഇസ്വബഹാനി).
മറ്റൊരനുമാനം ഇമാം റാസി(റ) രേഖപ്പെടുത്തുന്നു. “ഇമാം ഖലീല്‍(റ)പറയുന്നു. റംളാഅ് എന്നതില്‍ നിന്നാണ് റമദാന്‍ എന്ന പദോല്‍്പത്തി. ‘റംളാഅ’ എന്നാല്‍ ഗ്രീഷ്മ കാലത്തിന് മുമ്പ് വര്‍ഷിക്കുന്ന മഴ എന്നര്‍ഥം. പ്രസ്തുത മഴ വര്‍ഷത്തോടെ ഭൌമോപരിതലത്തിലെ പൊടിപടലങ്ങളെല്ലാം കഴുകപ്പെടുന്നു. ഇതുപോലെ റമളാന്‍ മാസം മുസ്ലിമിന്റെ ശരീരവും മനസ്സും പാപങ്ങളില്‍ നിന്ന് ശുചീകരിക്കാന്‍ കളമൊരുക്കുന്നു.”
റമദാന്‍ എന്ന പദത്തെ വിലയിരുത്തി ആത്മീയലോകത്തെ സുവര്‍ണ്ണ താരം ശൈഖ് ജീലാനി(റ) പറയുന്നതിപ്രകാരമാണ് റമദാന്‍ എന്ന പദത്തില്‍ 5 അക്ഷരങ്ങള്‍ ഉള്‍ക്കൊണ്ടിരിക്കുന്നു. ഓ രോന്നും ഓരോ ആശയത്തെ പ്രതിനിധീകരിക്കുന്നു.
വിശ്വാസിയുടെ വസന്തകാലമായ റമദാന്‍ മാസത്തിന്റെ മഹത്വങ്ങള്‍ ഹദീസുകളില്‍ നിറഞ്ഞു നില്ക്കുന്നു. “അല്ലാഹുവിന്റെ ദാസന്മാര്‍ വ്രതമാസത്തിന്റെ ശരിയായ മഹത്വം യഥാവിധി അറിയുകയാണെങ്കില്‍ കൊല്ലം മുഴുവന്‍ റമളാന്‍ ആയിരുന്നെങ്കില്‍ എന്നാശിക്കുമായിരുന്നു” എന്ന ഹദീസ് മാഹാത്മ്യങ്ങള്‍ മുഴുവന്‍ ആവാഹിച്ചു നില്‍ക്കുന്നു. അവയുടെ ചുരുളഴിക്കുന്ന വചന വിശേഷങ്ങള്‍ ഇവിടെ അണിനിരക്കുന്നു…
സ്വര്‍ഗ്ഗീയാരാമത്തില്‍ ഉത്സവച്ഛായ; ഇബ്നു അബ്ബാസ്(റ)ല്‍ നിന്ന് നിവേദനം ചെയ്ത ഹദീസിലെ വര്‍ണ്ണപ്പകിട്ടാര്‍ന്ന വിശേഷ വൃത്താന്തങ്ങള്‍… റംളാനെ വരവേല്‍ക്കാന്‍ സ്വര്‍ഗം അലങ്കരിക്കപ്പെടും. സ്വര്‍ഗം കമനീയമായി സംവിധാനിക്കപ്പെടും.
റമളാനിലെ ആദ്യരാവ് സമാഗതമായാല്‍ അര്‍ശിന്‍ താഴ്വരയില്‍ നിന്ന് ഒരു മന്ദമാരുതന്‍ തഴുകിത്തലോടിയെത്തും. സ്വര്‍ഗീയ വൃക്ഷങ്ങളിലെ ഇലകള്‍ മര്‍മ്മരമുതിര്‍ക്കും. സ്വര്‍ഗ കവാടങ്ങളിലെ വട്ടക്കണ്ണികള്‍ നേര്‍ത്ത ആരവം മുഴക്കും. സ്വര്‍ഗീയ അപ്സരസ്സുകള്‍ ഈണത്തില്‍ വിളിച്ചു പറയും, ” അല്ലാഹവിലേക്ക് വിവാഹ അഭ്യര്‍ഥനയുമായി വരുന്നവരാരായാലും അവര്‍ക്ക് ഇണയെ സമ്മാനിക്കപ്പെടും തീര്‍ച്ച”- തുടര്‍ന്ന് ഹൂറികള്‍ സ്വര്‍ഗപാറാവുകാരനായ മലകിനോട് ആരായും, അല്ലയോ രിള്വാന്‍! ഏതാണ് ഈ സുന്ദര രാവ്? “ഇത് റമളാനിലെ ആദ്യരാവാണ്. മുഹമ്മദ് നബി(സ്വ)യുടെ സമുദായത്തില്‍ നിന്ന് വ്രതമനുഷ്ഠിക്കുന്നവര്‍ക്കായി സ്വര്‍ഗീയകവാടങ്ങള്‍ തുറക്കപ്പെടുകയായി ‘ (ബൈഹഖി, ഇബ്നു ഹിബ്ബാന്‍).
അബൂഹുറൈറഃ(റ)യില്‍ നിന്ന് നിവേദിതമായ ഒരു ഹദീസില്‍ സ്വര്‍ഗലോകത്തിന്റെ അവസ്ഥ വര്‍ണ്ണിക്കുന്നതിങ്ങനെ. “എല്ലാ റമളാന്‍ സുദിനത്തിലും അല്ലാഹു സ്വര്‍ഗലോകത്തെ അണിയിച്ചൊരുക്കുന്നതാണ്.”
നരകകവാടങ്ങള്‍ കൊട്ടിയടക്കും നാളേത്?
റമദാന്‍ മാസാഗമം ലോകത്ത് ആഹ്ളാദത്തിന്റെ പൂത്തിരി കത്തിക്കുമ്പോള്‍ നരകത്തിന്റെ സ്ഥിതി നോക്കൂ! അബൂഹുറൈറഃ(റ)യില്‍ നിന്ന് നിവേദനം, നബി(സ്വ) പറഞ്ഞു : “റമദാന്‍ ആഗതമായാല്‍ നരക കവാടങ്ങള്‍ അടക്കപ്പെടുകയും സ്വര്‍ഗകവാടങ്ങള്‍ മലര്‍ക്കെ തുറക്കപ്പെടുകയും ചെയ്യും”(ബുഖാരി, മുസ്ലിം). മറ്റൊരു തിരുവചനം: “റമദാന്‍ മാസത്തിലെ പ്രഥമ രാത്രിയായാല്‍ സ്വര്‍ഗവാതിലുകള്‍ തുറക്കപ്പെടുന്നതാണ്. ഒരു വാതിലും അടക്കപ്പെടുന്നതല്ല. നരകകവാടങ്ങള്‍ അടക്കപ്പെടും. അതില്‍ നിന്നൊന്നുമേ പിന്നെ റമദാന്‍ വിട പറയുന്നതുവരെ തുറക്കപ്പെടുന്നതല്ല” (ബൈഹഖി). വിവക്ഷ: ഖാളീ ഇയാള് (റ) പറയുന്നു. “നരകകവാടങ്ങള്‍ അടക്കപ്പെടുക എന്നതിന്റെ താത്പര്യം നരകത്തിലേക്ക് നയിക്കുന്ന തെറ്റുകളില്‍ നിന്ന് മനുഷ്യമനസ്സുകളെ തിരിച്ചുവിടുക എന്നാകും. ബാഹ്യാര്‍ഥം തന്നെ ഉദ്ദേശിക്കുന്നതിനും വിരോധമില്ല’ (ശറഹ് മുസ്ലിം 5/50, ഫത്ഹുല്‍ ബാരി 249/8). സ്വര്‍ഗകവാടങ്ങള്‍ തുറക്കപ്പെടുമെന്ന പരാമര്‍ശത്തെ ഖാളീ ഇയാള് വിവക്ഷിക്കുന്നതിങ്ങനെ സംഗ്രഹിക്കാം. “അല്ലാഹുവിന്റെ ദാസന്മാര്‍ക്ക് മറ്റു മാസങ്ങളില്‍ നിന്നു ഭിന്നമായി റമദാന്‍ മാസത്തില്‍ സുകൃതങ്ങള്‍ക്കും നോമ്പ്, നിസ്കാരാദികര്‍മ്മങ്ങള്‍ക്കും തെറ്റുകളില്‍ നിന്നുളള മുക്തിക്കും അവസരമൊരുങ്ങുന്നു. ഇതെല്ലാം സ്വര്‍ഗ പ്രവേശത്തിന് വഴിതെളിക്കുന്നു” (ശറഹ് മുസ്ലിം 5/50, ഫത്ഹുല്‍ ബാരി 249/8).
വാനലോകവൃത്താന്തം
നബി(സ്വ) പറയുന്നു. “റമളാനിലെ ആദ്യസുദിനം വന്നെത്തുന്നതോടെ വാനലോക വാതായനങ്ങള്‍ മുഴുവന്‍ തുറക്കപ്പെടുന്നതാണ്. റമളാനിലെ അവസാന ദിനം വരെ ഒരു വാതിലും അടക്കപ്പെടുന്നതല്ല. (ബൈഹഖി) ആകാശ കവാടങ്ങള്‍ തുറക്കപ്പെടും എന്നതിന് ദൈവിക കാരുണ്യ വര്‍ഷം അണമുറിയാതെ തുടരുന്നു എന്നര്‍ഥമാക്കാം. അടിമകളുടെ കര്‍മ്മങ്ങള്‍ അസ്വീകാര്യാവസ്ഥയില്‍ നിന്ന് സ്വീകാര്യാവസ്ഥയിലേക്ക് മാറ്റപ്പെടുമെന്നും വിവക്ഷിക്കപ്പെടുന്നു. നോമ്പുകാരന്റെ കര്‍മ്മങ്ങള്‍ക്ക് ആശംസ നേരാന്‍ മലകുകള്‍ക്ക് അല്ലാഹു അവസരം നല്‍കുന്നു എന്നും അര്‍ഥ കല്‍പനയുണ്ട്.