ഖുര്‍ആന്റെ സത്യപ്രസ്താവനകള്‍ വെറുമൊരുകവിതയല്ലെന്നും അത് യഥാര്‍ഥത്തില്‍ അബൂദര്‍റുല്‍ ഗിഫാരിക്ക് ബോധ്യമായിരുന്നു. അദ്ദേഹത്തിന്റെ മനംകുളിര്‍ത്തു.
ഇസ് ലാമികപ്രസ്ഥാനം ശൈശവാവസ്ഥയിലായിരുന്നു. പ്രവാചകന്‍ പരസ്യപ്രബോധനം ആരംഭിച്ചിരുന്നില്ല. നബിതിരുമേനിയുടെ ശബ്ദം മക്കയുടെ പരിമിതവൃത്തത്തിനപ്പുറം എത്തിയിരുന്നില്ല. എന്നിട്ടും ഏതോ ആന്തരികപ്രചോദനത്താല്‍ ഏകദൈവവിശ്വാസിയായ അബൂദര്‍റ് വിഗ്രഹപൂജയെ നിശിതമായി വിമര്‍ശിച്ചു. ലാത, ഉസ്സാ, മനാത, ഹുബ് ല്‍ പോലുള്ള പ്രതിഷ്ഠകളെ പ്രണമിക്കുന്ന ഗിഫാര്‍ഗോത്രക്കാരുടെ വിഡ്ഢിത്തത്തെ പരിഹസിച്ചു.
ഒരു ദിവസം അബൂദര്‍റും അനീസും കൂട്ടുകാരൊന്നിച്ച് വീട്ടുമുറ്റത്തിരുന്നു സംസാരിക്കുകയായിരുന്നു. അപ്പോള്‍ അതുവഴി വന്ന അപരിചിതനായ ഒരാള്‍ അവരെ അഭിവാദ്യം ചെയ്തു. പ്രത്യഭിവാദ്യത്തിനുശേഷം അബൂദ ര്‍റ് ചോദിച്ചു.’നിങ്ങള്‍ ദൂരെനിന്നാണോ?’
‘അതെ, മക്കയില്‍നിന്നാണ്’-ആഗതന്‍ പറഞ്ഞു.
‘അവിടെ വിശേഷം വല്ലതുമുണ്ടോ?’
‘ ഉണ്ടല്ലോ. മുഹമ്മദെന്ന ഒരാള്‍ രംഗത്തുവന്ന് താന്‍ ദൈവദൂതനാണെന്ന് വാദിക്കാന്‍ തുടങ്ങീട്ടുണ്ട്.’-മക്കക്കാര്‍ തന്റെ കൈവശമുള്ള കൗതുകവാര്‍ത്ത അറിയിച്ചു.
‘ എന്താണ് അയാള്‍ പറയുന്നത്’?
‘ദൈവം ഏകനാണ്.അവന് ഒരു
പങ്കുകാരുമില്ല. കഅ്ബയ്ക്കുചുറ്റുമുള്ള ബിംബങ്ങള്‍ വെറുംകല്ലുകള്‍ മാത്രമാണ് എന്നൊക്കെയാണ് അയാളുടെ പുത്തന്‍വാദം’
‘എന്നിട്ട് ആളുകള്‍ എന്തുപറയുന്നു?’
‘ ചിലര്‍ അദ്ദേഹത്തെ അംഗീകരിച്ചു. അധികമാളുകളും എതിര്‍ക്കുകയും ഉപദ്രവിക്കുകയുമാണ് ചെയ്യുന്നത്.’
ഇത്രയുമായപ്പോഴേക്കും അബൂദര്‍റ് സന്തോഷാധിക്യത്താല്‍ തുള്ളിച്ചാടി. മക്കയിലെ മുഹമ്മദിനെക്കുറിച്ച് കൂടുതലറിയാന്‍ അദ്ദേഹം തിടുക്കംകൂട്ടി. ആഗതനോടുചോദിച്ചു:
‘അദ്ദേഹം പറയുന്നത് ജനങ്ങള്‍ അംഗീകരിക്കാത്തതെന്താണ്?’
‘ അതെങ്ങനെ അംഗീകരിക്കും ?അയാള്‍ പൂര്‍വികരുടെ മതത്തെ പരിഹസിക്കുന്നു. അവരുടെ ആരാധ്യവസ്തുക്കളെ തള്ളിപ്പറയുന്നു. മതം കയ്യൊഴിക്കാന്‍ കല്‍പിക്കുന്നു. അതുകൊണ്ടുതന്നെ അയാള്‍ പറയുന്നതുകേള്‍ക്കാന്‍ പോലും ആരെയുംഖുറൈശികള്‍ അനുവദിക്കുന്നില്ല.’
മക്കക്കാരന്റെ വാക്കുകള്‍ കേട്ടതോടെ അബൂദ ര്‍റ് ,അത്യുന്നതങ്ങളില്‍നിന്ന് സന്ദേശം ലഭിക്കുന്നുണ്ടെന്ന് വാദിക്കുന്ന പുതിയ പ്രവാചകനെപ്പറ്റി ചിന്തിക്കാന്‍ തുടങ്ങിയെങ്കിലും അദ്ദേഹത്തിനതില്‍ അത്ഭുതം തോന്നിയില്ല. താന്‍ ആലോചിച്ചെത്തിയ കാര്യംതന്നെയാണല്ലോ മക്കയിലെ മുഹമ്മദും പറയുന്നതെന്നതിനാല്‍ അദ്ദേഹത്തിന് അതിരറ്റ സന്തോഷമാണുണ്ടായത്. ആഗതനോട് കൂടുതലൊന്നുംചോദിച്ചില്ല. അയാള്‍ സ്ഥലംവിടുകയും ചെയ്തു.
അബൂദ ര്‍റ് സഹോദരന്‍ അനീസിനോട് മക്കയില്‍ പോയി യഥാര്‍ഥവിവരമറിഞ്ഞുവരാന്‍ ആവശ്യപ്പെട്ടു. അനീസ് ഒട്ടകപ്പുറത്ത് മക്കയിലേയ്ക്ക് പുറപ്പെട്ടു. അവിടെയെത്തി, കഅ്ബ പ്രദക്ഷിണം പൂര്‍ത്തിയാക്കി ഒരു മൂലയില്‍ പോയി ഇരുന്നു. അവിടത്തുകാര്‍ പലരും കഅ്ബയുടെ പരിസരത്ത് സംഘംചേര്‍ന്നു നില്‍ക്കുന്നുണ്ടായിരുന്നു. എല്ലാവരും സംസാരിക്കുന്നത് ഒരേ വിഷയം തന്നെ-പുതിയ മതവും അതിന്റെ പ്രവാചകന്‍ മുഹമ്മദും അനീസ് എല്ലാം സാകൂതം ശ്രദ്ധിച്ചു.
‘അയാള്‍ കവിയാണ്’- ചിലര്‍ പറഞ്ഞു.
‘ അല്ല, മാരണക്കാരനാണ്’-മറ്റുചിലര്‍.
”അതൊന്നുമല്ല. അയാള്‍ ജോത്സ്യനാണ്.’- വേറൊരുവിഭാഗം അഭിപ്രായപ്പെട്ടു. അങ്ങനെയിരിക്കെ ആരിലും കൗതുകമുണര്‍ത്തുന്ന ശരീരപ്രകൃതിയോടുകൂടിയ ഒരു മധ്യവയസ്‌കന്‍ അവിടെ പ്രത്യക്ഷപ്പെട്ടു. കഅ്ബയ്ക്ക് അഭിമുഖമായിനിന്ന് എല്ലാവരും കേള്‍ക്ക്െ അദ്ദേഹം പറഞ്ഞു: ‘സര്‍വസ്തുതിയും അല്ലാഹുവിന്ന്. അല്ലാഹുവല്ലാതെ ഒരാരാധ്യനില്ല.ഞാന്‍ അവനെ വാഴ്ത്തുന്നു. അവനോടുമാത്രം സഹായമര്‍ഥിക്കുന്നു. എല്ലാം അവനില്‍ ഭരമേല്‍പിക്കുന്നു.അവന്ന് ഒരു പങ്കാളിയുമില്ല.’
‘നീ കള്ളം പറയുകയാണ്.’ കൂടിനിന്നവര്‍ വിളിച്ചുകൂവി.
‘നബിമാര്‍ കള്ളം പറയുകയില്ല. എന്നെ ദൂതനായി നിയോഗിച്ചവനാണ് സത്യം. അവന്‍ ഏകനാണ്.’
‘ ശരിയാണ്. അയാള്‍ സത്യവാന്‍തന്നെ.കള്ളം പറയുന്നത് മറ്റുള്ളവരാണ്.’-അനീസിന്റെ മനസ്സ് മന്ത്രിച്ചു. മുഹമ്മദ് ജോത്സ്യനോ കഴിയോ മാരണക്കാരനോ ഒന്നുമല്ലെന്നും, നബിയാണെന്നും അയാള്‍ക്കുബോധ്യമായി, അതോടെ നാട്ടിലേക്കുതിരിച്ചു. അനീസിനെക്കണ്ട ഉടനെ അബൂദര്‍റ് ആകാംക്ഷയോടെവിവരങ്ങളന്വേഷിച്ചു.
അനീസിന്റെ വിവരണം സഹോദരനെ സംതൃപ്തനാക്കിയില്ല. മുഹമ്മദ് ദൈവദൂതനാണെന്ന് ബോധ്യമായെങ്കിലും വിശദാംശങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചില്ല. അതിനാല്‍ നേരില്‍ ചെന്നുകാണാന്‍തന്നെ തീരുമാനിച്ചു. അങ്ങനെ അബൂദര്‍റ് ഒരു തോല്‍പാത്രമെടുത്ത് അതില്‍ വെള്ളംനിറച്ചു. അതുമായി മക്കയിലേക്ക് പുറപ്പെട്ടു. മൂന്നാംദിവസം കാലത്ത് അവിടെയെത്തി.
ആഗമനോദ്ദേശ്യം മക്കയില്‍ ആരെയും അറിയിക്കരുതെന്ന് അനീസ് പ്രത്യേകം നിഷ്‌കര്‍ഷിച്ചിരുന്നു. വല്ലവരും വിവരമറിഞ്ഞാല്‍ കടുത്ത മര്‍ദനങ്ങള്‍ക്കിരയാകുമെന്ന് ഉണര്‍ത്തിയിരുന്നു. അതിനാല്‍, അബൂദര്‍റ് പുതിയ മതം പ്രബോധനം ചെയ്യുന്ന പ്രവാചകനെ പറ്റി ആരോടും അന്വേഷിച്ചില്ല. എല്ലാവരുടെയും സംസാരം നന്നായി ശ്രദ്ധിച്ചു. നബിയെസംബന്ധിച്ച സകലപരാമര്‍ശങ്ങളും ജാഗ്രതയോടെ ശ്രവിച്ചു. അപ്പോഴെല്ലാം അദ്ദേഹത്തിന്റെ അകം പ്രവാചകനെ കാണാന്‍ വെമ്പല്‍കൊള്ളുകയായിരുന്നു. പക്ഷേ, എന്തുചെയ്യും? അദ്ദേഹത്തിന്റെ വാസസ്ഥലമെവിടെയെന്ന് അബൂദര്‍റിനറിയില്ല. ആരോടുംചോദിക്കാന്‍ സാധ്യവുമല്ല. നബിയെ കാണാനാണ് വന്നതെന്നറിഞ്ഞാല്‍ ഖുറൈശികള്‍ കൊല്ലും. മരിക്കാന്‍ ഭയമുള്ളതുകൊണ്ടല്ല. പ്രവാചകനെ കാണുന്നതിനുമുമ്പ് അങ്ങനെ സംഭവിക്കരുതെന്ന് അബൂദര്‍റ് അതിയായാഗ്രഹിച്ചു.
അദ്ദേഹം ചിന്താഗ്രസ്തനായി കഅ്ബയുടെ ചാരത്തിരുന്നു. രാത്രി ഇരുട്ടായപ്പോള്‍ ഒരാള്‍ അടുത്തുവന്ന് അഭിവാദ്യം ചെയ്തു. ഹസ്രത്ത് അലി (റ) ആയിരുന്നു.
‘താങ്കള്‍ അന്യദേശക്കാരനാണോ’? അലി ചോദിച്ചു.
‘അതെ.’-അബൂദര്‍റിന്റെ മറുപടികേട്ടതോടെ അലി അദ്ദേഹത്തെ വീട്ടിലേയ്ക്കുകൂട്ടിക്കൊണ്ടുപോയി. ആഹാരവും കിടക്കാനിടവും നല്‍കി. എങ്കിലും പേരോ നാടോ ആഗമനോദ്ദേശ്യമോ അന്വേഷിച്ചില്ല. അദ്ദേഹം സ്വയം പറഞ്ഞതുമില്ല.
അടുത്ത സായാഹ്നത്തില്‍ അലി വന്നപ്പോഴും അബൂദര്‍റ് കഅ്ബയുടെ അടുത്തിരിക്കുകയായിരുന്നു.’താങ്കള്‍ ഇനിയും പോയില്ലേ?’ അദ്ദേഹം ചോദിച്ചു.
‘ഇല്ല’എന്നുപറഞ്ഞപ്പോള്‍ കൂടെച്ചെല്ലാന്‍ ആവശ്യപ്പെട്ടു. അതനുസരിച്ച് അബൂദര്‍റ് പിന്നാലെ നടന്നു. അന്നും അവരൊന്നിച്ച് ആഹാരം കഴിക്കുകയും ഉറങ്ങുകയും ചെയ്തു. മൂന്നാംദിവസവും ആ വിദേശിയെ അവിടെത്തന്നെ കണ്ടപ്പോള്‍ അലി അദ്ദേഹത്തിന്റെ ആഗമനോദ്ദേശ്യമാരാഞ്ഞു. ആരെയും അറിയിക്കാതെ ആഗ്രഹം പൂര്‍ത്തീകരിച്ചുകൊടുക്കാമെങ്കില്‍ മാത്രമേ വന്നകാര്യം പറയുകയുള്ളൂ എന്ന് അബൂദര്‍റ് ശഠിച്ചു. അലി ഉറപ്പുനല്‍കിയപ്പോള്‍ അദ്ദേഹം പറഞ്ഞു.’മുഹമ്മദ് എന്ന് ഒരാള്‍ താന്‍ നബിയാണെന്ന് വാദിച്ച് രംഗത്തുവന്നിട്ടുണ്ടല്ലോ. അദ്ദേഹത്തിന്റെ വിവരമറിയാന്‍ സഹോദരനെ അറിയിച്ചിരുന്നു. അതുകൊണ്ടുമാത്രം തൃപ്തി വരാതിരുന്നതിനാല്‍ ഞാന്‍ നേരില്‍ കാണാന്‍ വന്നതാണ്.’
‘ശരിയാണ്, അദ്ദേഹം അല്ലാഹുവിന്റെ ദൂതന്‍ തന്നെയാണ്. നമുക്ക് നബിയുടെ അടുത്തേക്കുപോകാം.’ ഇതുപറഞ്ഞ് അലി മുന്നില്‍ നടന്നു. അബൂദര്‍റ് പിന്നിലും . പ്രവാചകസന്നിധിയിലെത്തി അഭിവാദ്യം ചെയ്ത ഉടനെ അബൂദര്‍റ് പറഞ്ഞു:’നിങ്ങള്‍ പറയാനുള്ളത് ഒന്നുപാടിക്കേള്‍പ്പിച്ചാലും’
‘അത് പാട്ടോ കവിതയോ അല്ല.;വിശുദ്ധഖുര്‍ആനാണ്’-നബിതിരുമേനി (സ) പറഞ്ഞു.
‘എന്നാല്‍ ദയവുചെയ്ത് അതെന്നെ കേള്‍പ്പിക്കണം.’ അബൂദര്‍റ് കെഞ്ചി. നബി വശ്യമായ ശൈലിയില്‍ വിശുദ്ധഖുര്‍ആന്‍ പാരായണംചെയ്തു. അതില്‍ അത്യധികം ആകൃഷ്്ടനായ ആഗതന്‍ പ്രഖ്യാപിച്ചു.
‘അല്ലാഹു അല്ലാതെ ഒരു ദൈവമില്ലെന്നും മുഹമ്മദ് അവന്റെ ദൂതനാണെന്നും ഞാനിതാ സാക്ഷ്യപ്പെടുന്നു.’
ഖുര്‍ആന്റെ സത്യപ്രസ്താവനകള്‍ വെറുമൊരുകവിതയല്ലെന്നും അത് യഥാര്‍ഥത്തില്‍ അബൂദര്‍റുല്‍ ഗിഫാരിക്ക് ബോധ്യമായിരുന്നു. അദ്ദേഹത്തിന്റെ മനംകുളിര്‍ത്തു. അതുവരെ മനസ്സ് അനുഭവിച്ചിട്ടില്ലാത്ത ശാന്തത അദ്ദേഹത്തിന് കൈവന്നു. ഇത്രയുംനാള്‍ മനസ്സിലുണ്ടായിരുന്ന ഒട്ടേറെ സന്ദേഹങ്ങള്‍ക്ക്് ഉത്തരം ലഭിച്ചെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അദ്ദേഹത്തിന്റെ മുഖം പ്രശോഭിതമായി. പ്രവാചകന്റെ കരതലം പിടിച്ച് അബൂദര്‍റ് ചിന്താമഗ്നനായി അങ്ങനെ നിന്നു.
അവലംബം:അബൂദര്‍റില്‍ ഗിഫാരി-ഇസ് ലാമിക് പബ്ലിഷിങ് ഹൗസ്
|