ഖലീഫയുടെ സത്യനിഷ്ഠ ഹുര്‍മുസാനെ ഇസ് ലാമിലെത്തിച്ചു

ഖലീഫയുടെ സത്യനിഷ്ഠ ഹുര്‍മുസാനെ ഇസ് ലാമിലെത്തിച്ചു

thalugu ishar 647
പ്രാപ്തനായ ഭരണാധികാരിയായിരുന്നു ഹുര്‍മുസാന്‍. നിയമപാലനത്തിലും പ്രജാക്ഷേമത്തിലും അദ്ദേഹം കാണിച്ച താല്‍പര്യം എടുത്തുപറയത്തക്കതാണ്. എന്നാല്‍ മുസ് ലിംവിരോധം അദ്ദേഹത്തിന്റെ മനസ്സില്‍ കത്തിപ്പടര്‍ന്നുനിന്നിരുന്നു. കിട്ടാവുന്ന സന്ദര്‍ഭങ്ങളിലെല്ലാം മുസ് ലിംകള്‍ക്കെതിരെ ഹുര്‍മുസാന്‍ ആവേശം കാണിച്ചു.
നഹര്‍വന്ത് സംസ്ഥാനത്തിലെ ഗവര്‍ണറായി നിയമിക്കപ്പെട്ടതോടുകൂടിയാണ് അദ്ദേഹത്തിന്റെ മനസ്സിലുറഞ്ഞ മുസ് ലിം വിരോധം വിഭ്രാന്തരൂപത്തില്‍ മറനീക്കി പുറത്തുവന്നത്. പേര്‍ഷ്യക്കാരുമായി മുസ് ലിംകള്‍ക്ക് നിരന്തരം പൊരുതേണ്ടിവന്നിട്ടുണ്ട്. ഇതില്‍ പലതും ഹുര്‍മുസാന്റെ വാശിയും വിദ്വേഷവും രൂപം കൊടുത്തവയായിരുന്നു.
നഹര്‍വന്തിന്റെ അതിര്‍ത്തിപ്രദേശത്തുവെച്ചുനടന്ന ഭീകരമായ പോരാട്ടം ഇസ് ലാമികചരിത്രത്തില്‍ ശ്രദ്ധേയമായിരുന്നു. ആ പോരാട്ടത്തില്‍ ഹുര്‍മുസാന്റെ പട്ടാളം പരാജയപ്പെട്ടു.
 
മുസ് ലിം സൈന്യം ഹുര്‍മുസാനെ പിടിച്ച് തടവിലിട്ടു. വാശിയും വിദ്വേഷവുമവസാനിപ്പിച്ച് സ്‌നേഹവും സഹകരണവും നിറഞ്ഞ പുതുബന്ധമാരംഭിക്കാമെന്ന അഭ്യര്‍ഥന മാനിച്ച്, നാമമാത്രമായ ഒരുതുക ഖലീഫയ്ക്ക് നല്‍കിക്കൊള്ളാമെന്ന വ്യവസ്ഥയില്‍ മുസ്‌ലിംസേനാധിപന്‍ ഹുര്‍മുസാനെ വിട്ടയച്ചു.
എന്നാല്‍ ഹുര്‍മുസാന്റെ വാക്കുകള്‍ കാപട്യം നിറഞ്ഞതാണെന്നു മനസ്സിലാക്കുവാന്‍ ഏറെ ദിവസങ്ങള്‍ വേണ്ടിവന്നില്ല. മുസ് ലിം സേനാധിപന്‍ കാണിച്ച ഉദാരതയും സംസ്‌കാരവും അസ്ഥാനത്തായിപ്പോയി. വിനയഭാവമണിഞ്ഞ് സൗജന്യവും സഹായവും കൈനീട്ടി സ്വീകരിക്കുമ്പോള്‍തന്നെ ഹുര്‍മുസാന്റെ മനസ്സില്‍ വിദ്വേഷത്തിന്റെ തീക്കുണ്ഡമൊരുങ്ങുകയായിരുന്നു.
ഊതിയുലച്ച പ്രതികാരാഗ്നിയുമായി അദ്ദേഹം തന്റെ ആസ്ഥാനനഗരിയിലെത്തി. ഉപദേശികളെയും സൈന്യത്തലവന്‍മാരെയും വിളിച്ചുചേര്‍ത്ത് രഹസ്യമായി കാര്യാലോചന നടത്തി.
മുസ് ലിംകള്‍ക്കെതിരെ ഉശിരന്‍ യുദ്ധമാരംഭിക്കണം. പരാജയത്തെ ശക്തിപ്രഭവമാക്കി മാറ്റി ഒന്നാഞ്ഞടിക്കണം. അപ്രതീക്ഷിതമായി ലഭിക്കുന്ന അടിയുടെ ആഘാതം അവരെ നിലംപരിശാക്കും.
തകൃതിയായ സൈന്യസജ്ജീകരണമാരംഭിച്ചു. സമീപപ്രദേശങ്ങളില്‍ നിന്ന് കടംകൊണ്ട പോരാളികളുടെ എണ്ണംതന്നെ സാമാന്യം വലുതായിരുന്നു.
ഹുര്‍മുസാന്റെ യുദ്ധശ്രമങ്ങളറിഞ്ഞ ഖലീഫ ഞെട്ടിവിറച്ചത് പരാജയഭീതികൊണ്ടല്ല, ഉദാരതയ്ക്ക് കിട്ടിയ പ്രതിഫലത്തിന്റെ ബീഭത്സപ്രകൃതം കണ്ടിട്ടാണ്.
ഹുര്‍മുസാനെയും തടവുകാരെയും നിരുപാധികം വിട്ടയച്ചതും ഹര്‍വന്ത് പ്രദേശത്തോട് സൗഹൃദപൂര്‍ണമായ ബന്ധമാഗ്രഹിച്ചതും ഉദാരത പ്രകടിപ്പിച്ചതുമ്ലെലാം അസ്ഥാനത്തായിപ്പോയിയെന്ന് ഖലീഫയ്ക്ക്‌തോന്നാതിരുന്നില്ല.
മുസ ്‌ലിംകള്‍ യുദ്ധസന്നദ്ധരായി. ഉന്നതമൂല്യങ്ങളുടെ നിര്‍ദ്ധാരണത്തിനുവേണ്ടിയുള്ള മഹത്തായ യുദ്ധമായി അവരതിനെ വിശേഷിപ്പിച്ചു. രാപ്പകലില്ലാത്ത നീണ്ട പോരാട്ടമായിരുന്നു അത്. നിരവധി പേര്‍ കൊല്ലപ്പെട്ടു. അംഗഭംഗം വന്ന് പിടയുന്നവരുടെ ദീനരോദനം ആ അന്തരീക്ഷത്തെ ശോകസങ്കുലമാക്കി. മുസ് ലിംപടയുടെ ധീരമായ മുന്നേറ്റത്തില്‍ ശത്രുപക്ഷം നാമാവശേഷമായി. ഹുര്‍മുസാന്റെ , അവശേഷിച്ച പടയാളികള്‍ പ്രാണരക്ഷാര്‍ഥം പിന്‍തിരിഞ്ഞോടി. ഹുര്‍മുസാന്‍ ബന്ധനസ്ഥനാക്കപ്പെട്ടു.
അടുത്തദിവസം രാവിലെ ഹുര്‍മുസാനെ ഖലീഫയുടെ മുന്നില്‍ ഹാജരാക്കി. ആ കുറ്റവിചാരണ കേള്‍ക്കാന്‍ നിരവധിപേര്‍ വന്നെത്തിയിട്ടുണ്ട്. അല്ലാഹുവിന്റെ നാമത്തില്‍ ഖലീഫ വിചാരണയാരംഭിച്ചു. ഹുര്‍മുസാന്‍ തികച്ചും അക്ഷോഭ്യനായിരുന്നു. അദ്ദേഹത്തിന്റെ മറുപടിയോരോന്നും ശക്തവും ദൃഢവും ആയിരുന്നു. ‘ഞാന്‍ നഹര്‍വന്തിലെ ഗവര്‍ണര്‍. മുസ് ലിംകളോട് പ്രതികാരവും വിദ്വേഷവും സൂക്ഷിക്കുന്നു. കഴിഞ്ഞ നിരവധി പോരാട്ടങ്ങള്‍ക്കുള്ള പൂര്‍ണമായ ഉത്തരവാദിത്വം എനിക്കാണ് . എനിക്ക് മാത്രം. അസംഖ്യം പേരുടെ മരണമുണ്ടായി. അതിന്നത്രയും കാരണക്കാരന്‍ ഞാന്‍ തന്നെ. ക്രൂരമായ ശിക്ഷകള്‍ ഞാന്‍പ്രതീക്ഷിക്കുന്നുണ്ട്. കടുത്ത ശിക്ഷയ്ക്ക് ഞാന്‍ അര്‍ഹനാണെന്നും എനിക്കറിയാം.’
‘നിങ്ങള്‍ വിധിക്കുന്നത് മരണശിക്ഷയായിരിക്കുമെന്നാണെന്റെ വിശ്വാസം’. ഇത്രയും കേട്ടപ്പോള്‍ ഖലീഫ ഒരു നിമിഷം ചിന്താധീനനായി ഇരുന്നു. എന്നിട്ട് ഇങ്ങനെ ചോദിച്ചു:
‘മരണശിക്ഷയേല്‍ക്കുന്നതിനുമുമ്പ് എന്തെങ്കിലും ആഗ്രഹം സാധിക്കാനുണ്ടോ?’
‘ഉണ്ട്. കുറച്ചുവെള്ളം കുടിക്കണം.’ ഖലീഫയുടെ പരിചാരകന്‍മാരിലൊരാള്‍ ഒരു പാത്രത്തില്‍ വെള്ളം ഹുര്‍മുസാന്റെ കയ്യിലേല്‍പിച്ചു. കുടിക്കാന്‍ തുടങ്ങുന്നതിനുമുമ്പ് അദ്ദേഹം ഖലീഫയോടായി ചോദിച്ചു.
‘ഈ വെള്ളം കുടിക്കുന്നതിനുമുമ്പേ എന്നെ ശിക്ഷിച്ചേക്കുമോ?’
ഖലീഫ ഉമര്‍: ‘ഇല്ല, ആ വെള്ളം കുടിക്കുന്നതിനുമുമ്പെ നിങ്ങളെയാരും തൊടില്ല.’
പെട്ടെന്ന് വീണുകിട്ടിയ വീര്യം വാരിയണിഞ്ഞതുപോലെ ശബ്ദമുയര്‍ത്തിക്കൊണ്ട് ഹുര്‍മുസാന്‍ ഇങ്ങനെ പറഞ്ഞു:
‘ഖലീഫ തന്ന വാക്കനുസരിച്ച് ഈ വെള്ളം കുടിക്കുന്നതിനുമുമ്പെ എന്നെയാരും സ്പര്‍ശിക്കുകയില്ല….എന്നാല്‍ ഞാന്‍  ഈ വെള്ളം കുടിക്കുന്നില്ല. ഖലീഫയുടെ വാക്കനുസരിച്ച് ഈ വെള്ളം കുടിക്കാത്ത കാലത്തോളം നിങ്ങള്‍ക്കെന്നെ കൊല്ലാനും കഴിയില്ല.’
അദ്ദേഹം പെട്ടെന്ന് പാത്രം എറിഞ്ഞുടച്ചു. ആള്‍ക്കൂട്ടത്തില്‍ കട്ടികൂടിയ നിശ്ശബ്ദത! ആ സാന്ദ്രനിശ്ശബ്ദതയെ ഭഞ്ജിച്ചത് ഖലീഫയുടെ വാക്കുകളാണ്.
‘ഹുര്‍മുസാന്‍, ഉമര്‍ വാക്കുപാലിക്കും. ഖലീഫാ ഉമര്‍ വാക്കുതെറ്റിക്കുകയില്ല.’ ഉമറിന്റെ മറുപടി സത്യവിശ്വാസികളുടെ ഹൃദയങ്ങളില്‍ മാറ്റൊലികൊണ്ടു. ഉമര്‍ മന്ദഹസിച്ചു. നാളെ സംഭവിക്കാനിരിക്കുന്ന ഒരു വിചിത്രസത്യത്തിന്റെ തെളിഞ്ഞമുഖം അങ്ങകലെ കണ്ടിട്ടെന്ന പോലെ  ഖലീഫാ ഉമര്‍ മന്ദഹസിച്ചു.
ഹുര്‍മുസാന്‍ ഇറങ്ങിനടന്നു. ആരും അദ്ദേഹത്തെ തടഞ്ഞില്ല.
ഒരു ജേതാവിന്റെ തലയെടുപ്പോടെയാണ് ഹുര്‍മുസാന്‍ ഇറങ്ങി നടക്കാന്‍ തുടങ്ങിയതെങ്കിലും ഖലീഫാ ഉമറിന്റെ നീതിബോധത്തിന്റെയും സത്യവിശ്വാസികളുടെ ഉദാത്തമായ സംസ്‌കാരവിശേഷത്തിന്റെയും ശക്തി സ്വാധീനതകള്‍ അദ്ദേഹത്തില്‍ പ്രതിസ്പന്ദനങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങിയിരുന്നു. വഴിനീളെ  അദ്ദേഹത്തിന്റെ മനസ്സിനെ മഥിച്ചുകൊണ്ടിരുന്നതും മറ്റൊന്നായിരുന്നില്ല.
ഹുര്‍മുസാന്‍ നഹര്‍വന്തിലെത്തി. അദ്ദേഹത്തിന്റെ മനസ്സില്‍ പൊട്ടിത്തെറികളാരംഭിച്ചു.- ഖലീഫയുടെ സത്യദീക്ഷ! ഇസ് ലാമിന്റെ സഹിഷ്ണുത! അങ്ങനെ പലതും മനസ്സിലെ  പൊട്ടിത്തെറികള്‍ക്ക് വിരാമമിട്ടു. ഇരുണ്ട പല പ്രാകൃതവിഗ്രഹങ്ങളും ആ മനസ്സില്‍ അടിപുഴകിവീണു. അന്ധവും മൂഢവുമായ ഒരുപാട്  പഴഞ്ചന്‍ ധാരണകള്‍ കത്തിയെരിഞ്ഞ ചുടലക്കളമായി ആ മനസ്സ് മാറുകയായിരുന്നു. ആ ചാമ്പലില്‍ പുത്തന്‍ തെഴുപ്പുകള്‍ പൊട്ടിവിടര്‍ന്നു.
ഒരു നാള്‍ ഹുര്‍മുസാനും അസംഖ്യം സഹചാരികളും മദീനയിലേക്ക് യാത്ര തിരിച്ചു. അതൊരു തീര്‍ഥാടനമായിരുന്നു.  ഖലീഫാ ഉമര്‍ ഹുര്‍മുസാന്റെ ആഗമനം പ്രതീക്ഷിച്ചിരിക്കുമ്പോലെ തോന്നി.
ഹുര്‍മുസാന്‍ ഇങ്ങനെ യപേക്ഷിച്ചു:
‘ഞങ്ങള്‍ സത്യവിശ്വാസത്തോട് വിധേയത്വവും ആദരവും പുലര്‍ത്തുന്നു-ഇസ് ലാം ഞങ്ങള്‍ക്ക്് അഭയം തരണം….’
ഖലീഫാ ഉമര്‍ അവര്‍ക്കുവേണ്ടി ദൈവത്തോട് പ്രാര്‍ഥിച്ചു.
 

Related Post