നഷ്ടപ്പെട്ട നോമ്പുകള്‍

281665_123998464357097_100002408338978_171621_935848_nചോദ്യം : കഴിഞ്ഞ വര്‍ഷങ്ങളിലെ റമദാനിലെ വീട്ടാത്തവര്‍ എന്തു ചെയ്യണം?

മറുപടി : രോഗി, യാത്രക്കാര്‍, ആര്‍ത്തവകാരികള്‍, പ്രസവരക്തം നിലക്കാത്ത സ്ത്രീകള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്നവര്‍, പ്രയാസം കാരണം നോമ്പ് മുറിച്ചവര്‍ തുടങ്ങി ന്യായമായ കാരണമുള്ളവര്‍ തങ്ങള്‍ക്ക് നഷ്ടപ്പെട്ട നോമ്പുകള്‍ എത്രയും പെട്ടെന്ന് വീട്ടിത്തീര്‍ക്കണം. ഉത്തരവാദിത്തത്തില്‍ നിന്നും മുക്തമാവാനും നിര്‍ബന്ധ കര്‍മ്മം നിര്‍വ്വഹിച്ച് പുണ്യം കരസ്ഥമാക്കാനും തിടുക്കം കൂട്ടണം. രോഗിയുടെയും യാത്രക്കാരന്റെയും നോമ്പിന്റെ വിധി ഖുര്‍ആനില്‍ ഖണ്ഡിതമായി പറഞ്ഞിട്ടുണ്ട്. ആര്‍ത്തവകാരിയുടെ പ്രസവരക്തം നിലക്കാത്തവരുടെയും വിധി സുന്നത്തിലും വ്യക്തമായിക്കാണാവുന്നതാണ്. ആഇശ(റ)പറയുന്നു : ‘നബിയുടെ കാലത്ത് ഞങ്ങള്‍ ആര്‍ത്തവകാരികളായിരിക്കുന്ന ഘട്ടത്തില്‍ ആ സമയത്തെ നോമ്പ് പിന്നീട് നോറ്റു വീട്ടാന്‍ കല്‍പിക്കപ്പെട്ടിരുന്നു. പക്ഷെ നമസ്‌ക്കാരത്തിന്റെ കാര്യത്തില്‍, അത് നിര്‍വ്വഹിച്ചു വീട്ടാന്‍ കല്‍പനയുണ്ടായിരുന്നില്ല’. നോറ്റു വീട്ടുമെന്ന നിയ്യത്തുണ്ടെങ്കില്‍ അത് പിന്തിക്കുന്നതില്‍ തെറ്റില്ല. ആഇശ(റ) പറയുന്നു. ‘എനിക്ക് റമദാനില്‍ നഷ്ടമായ നോമ്പുകള്‍ അടുത്ത ശഅ്ബാനില്‍ മാത്രമായിരുന്നു വീട്ടാന്‍ സാധിച്ചിരുന്നത് ‘. മനപ്പൂര്‍വ്വം ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് നോമ്പ് നഷ്ടമായവര്‍ അത് നോറ്റു വീട്ടുന്നതോടൊപ്പം പ്രായശ്ചിത്തം ചെയ്യണം. എന്നാല്‍ മന:പ്പൂര്‍വം തിന്നും കുടിച്ചുമാണ് നോമ്പ്് മുറിഞ്ഞതെങ്കില്‍ നോറ്റു വീട്ടിയാല്‍ മാത്രം മതിയാകുമെന്നാണ്് ഭൂരിഭാഗം പണ്ഡിതന്‍മാരുടെയും അഭിപ്രായം. തുടര്‍ച്ചയായി നോമ്പുകള്‍ വീട്ടലാണ് ഉത്തമം. ഇടവിട്ട് വീട്ടുന്നതിലും തെറ്റൊന്നുമില്ല. റമദാനിലെ വീട്ടാനുള്ള നോമ്പ് പിന്നീട് വീട്ടുന്ന ദിവസം മനപ്പൂര്‍വം മുറിക്കുകയാണെങ്കില്‍ (സംയോഗത്തിലൂടെയാണെങ്കിലും) അതിന് പ്രായശ്ചിത്തം ചെയ്യേണ്ടതില്ല. അതിനെ സാധാരണ ദിനങ്ങളിലൊന്നായി മാത്രമേ പരിഗണിക്കൂ. എന്നാല്‍ ഒരു റമദാനില്‍ വീട്ടാനുള്ള നോമ്പ് അടുത്ത റമദാനെത്തിയിട്ടും വീട്ടിത്തീര്‍ത്തില്ലെങ്കില്‍ ന്യായമായ കാരണമുണ്ടെങ്കില്‍ അയാള്‍ക്ക് മറ്റു ബാധ്യതകളൊന്നുമില്ല. ന്യായമായ കാരണമില്ലെങ്കില്‍ അതിനു പ്രായശ്ചിത്തമായി ഓരോ നോമ്പിനും പകരം ഒരഗതിക്ക് ഭക്ഷണം കൊടുക്കണമെന്നാണ് പണ്ഡിതന്‍മാരുടെ അഭിപ്രായം. എത്ര നോമ്പുകള്‍ നഷ്ടപ്പെട്ടു എന്ന കൃത്യമായ എണ്ണം ഓര്‍മ്മയില്ലെങ്കില്‍ അവര്‍ കൂടുതല്‍ നോമ്പനുഷ്ടിച്ച് പുണ്യം കരസ്ഥമാക്കുകയും ചെയ്യട്ടെ.

വിവ. ഇസ്മായില്‍ അഫാഫ്‌

 

Related Post