റോഹിങ്ക്യന്‍ മുസ്ലിംകള്‍.

ന്യൂഡല്‍ഹി: വംശീയ കലാപത്തിന്റെ ഇരകളായി നാടുവിട്ട് പലയിടങ്ങളിലും അലയേണ്ടി വന്ന ജനതയാണ് റോഹിങ്ക്യന്‍ മുസ്ലിംകള്‍. ഇല്ലായ്മയുടെ നടുവിലും ദുരിതങ്ങള്‍ പേറുന്ന അഭയാര്‍ത്ഥി ക്യാമ്പില്‍ ആവേശത്തോടെ നോമ്പെടുക്കുകയാണ് ഡല്‍ഹിയിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍. വര്‍ഷങ്ങള്‍ നീണ്ട അലച്ചിലിനൊടുവില്‍ കഴിഞ്ഞ വര്‍ഷം ദല്‍ഹിയിലെത്തിയ ഇവര്‍ അരപ്പട്ടിണിയിലാണ് ജീവിതം കഴിച്ചു കൂട്ടുന്നത്.
ഡല്‍ഹിയിലെ കഞ്ചന്‍ കുഞ്ചിലുള്ള റോഹിങ്ക്യന്‍ ക്യാമ്പിലിന്ന് 250 അഭയാര്‍ത്ഥികളുണ്ട്. വൃത്തിഹീനമായതും ഇടുങ്ങിയതുമായ അമ്പതോളം ടെന്റുകളിലായി കഴിയുന്ന ഇവര്‍ക്കിത് വറുതിയുടെ നോമ്പുകാലമാണ്.

ബുദ്ധ വംശവെറിയുടെ ഇരകളായി പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് മ്യാന്‍മറില്‍ നിന്ന് പലായനം ചെയ്തവരാണ് ഇവരിലധികവും. അഭയം തേടി ആദ്യം ബംഗ്ലാദേശിലും പിന്നീട് പശ്ചിമബംഗാള്‍ , കശ്മീര്‍, ഹരിയാന എന്നിവിടങ്ങളിലും അലഞ്ഞു തിരിഞ്ഞ ഇവര്‍ കഴിഞ്ഞ വര്‍ഷമാണ് ഇവിടെയെത്തിയത്.
പതിറ്റാണ്ടുകള്‍ നീണ്ട അലച്ചിലിനിടയില്‍ തങ്ങള്‍ക്കോ മക്കള്‍ക്കോ പഠിക്കാനാവാത്തതിന്റെ വേദന തീര്‍ക്കാന്‍, ഇടുങ്ങിയ ഈ തമ്പുകള്‍ക്കിടയിലും ഒരു സ്‌കൂള്‍ നടത്തുന്നുണ്ട് ഈ അഭയാര്‍ത്ഥികള്‍. അരപ്പട്ടിണിയില്‍ കഴിഞ്ഞു കൂടുന്ന ഇവരും റമദാനിനെ വരവേറ്റത് അത്യാവേശത്തോടെയാണ്. പരിമിതികള്‍ക്കിടയിലും പ്രാര്‍ത്ഥനകള്‍ നിര്‍വ്വഹിക്കാന്‍ തമ്പിനുളളില്‍ തന്നെ നമസ്‌കാരപളളി ഒരുക്കിയാണ് നോമ്പുകാലത്തെ ഇവര്‍ സ്വീകരിച്ചത്.
സ്വന്തമായി മേല്‍വിലാസമോ, പൗരത്വം തെളിയിക്കുന്ന രേഖകളോ ഇല്ലാത്ത ഇവര്‍, ചതുപ്പു നിലത്തെ ഈ താല്‍ക്കാലിക തമ്പുകള്‍ക്ക് പേരിട്ടിരിക്കുന്നത് ദാറുല്‍ഹിജ്‌റ എന്നാണ്. പലായകന്റെ വീട് എന്നര്‍ത്ഥം വരുന്ന താല്‍കാലിക കൂടുകളൊരുക്കാന്‍, ഡല്‍ഹിയിലെ സകാത് ഫൗണ്ടേഷന്‍ സ്വന്തം ഭൂമിയില്‍ സൗകര്യമൊരുക്കുകയായിരുന്നു.

Related Post