പുരോഹിതയാവാന്‍ പോയി ഇസ്‌ലാമിലെത്തി

linda jameela_200_180

ലിന്‍ഡ ജമീല കോളോക്കോട്രോണിസ്

Written by ലിന്‍ഡ ജമീല കോളോക്കോട്രോണിസ്

പതിവുപോലെ ദിവാസ്വപ്നം കണ്ടുകൊണ്ട് കോളേജിലെ ക്ലാസ്‌റൂമില്‍ ഞാനിരുന്നു. എന്റെ ഭാവിയെക്കുറിച്ച് ഞാന്‍ ചിന്തിച്ചു. ഭാവിയില്‍ ഞാന്‍ എവിടെയാണ് എത്തിപ്പെടുക എന്ന് ആശ്ചര്യപ്പെട്ടു. പെട്ടന്നൊരു തീരുമാനത്തില്‍ ഞാനെത്തി. എനിക്കൊരു ക്രിസ്തീയ പുരോഹിതയാവണം. ദൈവവചനം പ്രചരിപ്പിക്കാനായി എന്റെ ജീവിതം ഉഴിഞ്ഞു വെക്കാന്‍ ഞാന്‍ തീരുമാനിച്ചു.
1976ല്‍ വീട്ടില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയുള്ള സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലേക്ക് ഞാന്‍ മാറി. പ്രദേശിക ലൂതറന്‍ ചര്‍ച്ചിലെ പുരോഹിതനെ സമീപിച്ച് എനിക്ക് കഴിയാവുന്ന ഏതു സഹായവും ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് ഞാന്‍ അദ്ദേഹത്തെ അറിയിച്ചു. ആദ്യ ജോലി എന്ന നിലയില്‍ പുതിയ വിദേശ വിദ്യാര്‍ഥികളോടൊപ്പം വിനോദയാത്രയില്‍ പങ്കെടുക്കാന്‍ എന്നെ നിയോഗിച്ചു. ആ യാത്രയില്‍ ആദ്യമായി ഒരു മുസ്‌ലിമിനെ ഞാന്‍ കണ്ടു.
അബ്ദുല്‍ മുനീം. അയാള്‍ തായ്‌ലന്റുകാരനാണ്. സൗമ്യമായി പുഞ്ചിരിക്കുന്ന വിനയമുള്ള മനുഷ്യന്‍. സംസാരത്തിനിടെ പലപ്പോഴും അദ്ദേഹം ദൈവത്തെപ്പറ്റി പറഞ്ഞു. എനിക്കത് വിചിത്രമായി തോന്നി.

ക്രിസ്ത്യാനികളല്ലാത്തവരെല്ലാം നരകത്തില്‍ പോകുമെന്നാണ് ഞാന്‍ ആവര്‍ത്തിച്ച് കേട്ടിരുന്നത്. സല്‍സ്വഭാവിയും ദൈവ വിശ്വാസിയുമായ ഒരാള്‍ എങ്ങനെയാണ് അനന്തമായ ശിക്ഷക്ക് വിധേയമാക്കപ്പെടുകയെന്ന് ഞാന്‍ ആശ്ചര്യപ്പെട്ടു. അബ്ദുല്‍ മുനീബിനോട് എനിക്ക് കനിവ് തോന്നി. അദ്ദേഹത്തെ മതം മാറ്റാനുള്ള ശ്രമത്തില്‍ ഞാന്‍ ഏര്‍പ്പെട്ടു.
എന്നോടൊപ്പം ചര്‍ച്ചില്‍ വരാന്‍ ഞാനദ്ദേഹത്തെ ക്ഷണിച്ചു. അദ്ദേഹം വന്നു. ഖുര്‍ആന്റെ ഒരു പ്രതി കൈയിലുണ്ടായിരുന്നു. ചര്‍ച്ചില്‍ നിന്നും പുറത്തു വരവെ ഖുര്‍ആനെ കുറിച്ചും ഇസ്‌ലാമിനെക്കുറിച്ചും കുറച്ച് കാര്യങ്ങള്‍ അദ്ദേഹം എന്നോട് പറഞ്ഞു. ആ കാര്യങ്ങള്‍ മുമ്പ് ഞാന്‍ കേട്ടിട്ടേ ഉണ്ടായിരുന്നില്ല. നെഗറ്റീവായ കാര്യങ്ങള്‍ മാത്രമേ മുസ്‌ലിംകളെക്കുറിച്ച് ഞാന്‍ കേട്ടിരുന്നുള്ളൂ. വെളുത്ത അമേരിക്കക്കാരെ അധീനപ്പെടുത്താന്‍ കറുത്തവരായ മുസ്‌ലിംകള്‍ പദ്ധതിയിടുന്നതായി 1960കളില്‍ പല വെളുത്ത അമേരിക്കക്കാരും വിശ്വസിച്ചു. ഇന്റര്‍നാഷണല്‍ ക്ലബ്ബുമായി ബന്ധപ്പെട്ട് തുടര്‍ന്നുള്ള രണ്ടു വര്‍ഷക്കാലം അബ്ദുല്‍ മുനീമും മറ്റ് ഏതാനും മുസ്‌ലിംകളുമായുള്ള ബന്ധം ഞാന്‍ തുടര്‍ന്നു. അവരെ ക്രിസ്തു മതത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഞാന്‍ ഊര്‍ജിതമാക്കി. ഒരു ക്രിസ്ത്യന്‍ പുരോഹിതയാവുകയെന്നതായിരുന്നു അപ്പോഴും എന്റെ ലക്ഷ്യം. 1970കളില്‍ പല ചര്‍ച്ചുകളും സ്ത്രീകളെ പുരോഹിതകളായി നിയോഗിക്കാന്‍ വിസമ്മതിച്ചിരുന്നു. ചര്‍ച്ചില്‍ പ്രഭാഷണം നടത്താന്‍ സ്ത്രീകളെ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് അറിയിച്ചു കൊണ്ട് അക്കാലത്ത് ഒരു സെമിനാരിയില്‍ നിന്നും എനിക്കൊരു കത്തു കിട്ടി. സെന്റ് പോളിന്റെ കത്തുകളിലൊന്നില്‍ അങ്ങനെയുണ്ട്. ഈ വചനം ദൈവത്തിന്റേതാണോ അതോ സെന്റ് പോളിന്റേതാണോ എന്ന് ഞാന്‍ ആശ്ചര്യപ്പെട്ടു.
കാലം മാറി. ഒരു ലൂതറന്‍ സെമിനാരി എന്നെ സ്വീകരിച്ചു. യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദമെടുത്ത ശേഷം പുരോഹിതയാവാനുള്ള പരിശീലനത്തിനായി ഞാന്‍ ചിക്കാഗോയിലേക്ക് പോയി. അവിടെ എന്റെ രണ്ട് റൂംമേറ്റ്‌സുമായും മറ്റു ചിലരുമായും ഞാന്‍ സൗഹൃദം സ്ഥാപിച്ചു. പോളണ്ടുകാരനായ ഒരു പുരോഹിതനില്‍ നിന്ന് ഞാന്‍ ലാറ്റിന്‍ ഭാഷ പഠിച്ചു. ചിക്കാഗോ യൂണിവേഴ്‌സിറ്റിയിലെ പണ്ഡിതന്മാര്‍ നടത്തിയ പ്രഭാഷണങ്ങള്‍ ഞാന്‍ ശ്രവിച്ചു. വൃദ്ധനായ ഒരു പ്രൊഫസറുടെ അപ്പാര്‍ട്ട്‌മെന്റ് വൃത്തിയാക്കുന്ന ജോലി എനിക്കു കിട്ടി. ചിക്കാഗോയിലെ അന്തരീക്ഷവുമായി ഞാന്‍ ഇഴുകിച്ചേര്‍ന്നു.
എന്നാല്‍ എന്റെ പഠനം നിരാശാജനകമായിരുന്നു. തെറ്റുകളില്ലാത്തതാണ് ബൈബിള്‍ എന്ന് ക്രിസ്ത്രീയ പണ്ഡിതന്മാര്‍ വിശ്വസിക്കുന്നില്ലെങ്കിലും ഇക്കാര്യം നമ്മുടെ ഇടവകക്കാരോട് പറയരുതെന്ന് ഒരു പ്രൊഫസര്‍ ഞങ്ങളെ ഉപദേശിച്ചു. എന്റെ ചോദ്യങ്ങള്‍ക്ക് ‘വെറുതെ വിശ്വസിച്ചാല്‍ മതി’ എന്ന ഉത്തരമാണ് ലഭിച്ചത്. സെമിനാരിയില്‍ പലപ്പോഴും മദ്യപാനവും പാര്‍ട്ടികളുമുണ്ടായിരുന്നു. ഒരു സെമസ്റ്ററിന് ശേഷം ഞാന്‍ നിരാശയോടെ ചിക്കാഗോയോട് വിടചൊല്ലി.
അസംതൃപ്തിയോടെയാണെങ്കിലും മാതാപിതാക്കള്‍ എന്നെ വീട്ടിലേക്ക് സ്വാഗതം ചെയ്തു. സത്യാന്വേഷണത്തിനായി കുറച്ച് സമയം ചെലവഴിക്കാന്‍ ഞാന്‍ തീരുമാനിച്ചു. മുസ്‌ലിംകള്‍ പാപിയായിട്ടാണ് മനുഷ്യന്‍ ജനിക്കുന്നതെന്ന് വിശ്വസിക്കുന്നില്ലെന്ന് എനിക്കറിയാമായിരുന്നു. ഞാന്‍ ബിരുദധാരിയാവുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് എനിക്കൊരു കുഞ്ഞനുജത്തി ജനിച്ചിരുന്നു. ഞാനവളെ നിരീക്ഷിച്ചു. അവളില്‍ പാപം കണ്ടെത്താന്‍ ഞാന്‍ ശ്രമിച്ചു. അവളില്‍ പാപമില്ലാത്തതു കൊണ്ടു തന്നെ എനിക്കത് കണ്ടെത്താനായില്ല.
ഞാന്‍ ഒരു ഏജന്‍സി വഴി സെക്രട്ടറി ജോലിയില്‍ കയറി. എന്റെ വീട്ടില്‍ നിന്നും ഏറെ യാത്ര ചെയ്ത് മാത്രം എത്താവുന്ന സെന്റ് ലൂസിയാനയിലായിരുന്നു ജോലി. യാത്രാ വേളകള്‍ ഞാന്‍ വായനക്കായി വിനിയോഗിച്ചു. ഒരു ദിവസം ബുക്സ്റ്റാളില്‍ നിന്നും ഖുര്‍ആന്റെ വിവര്‍ത്തനം വാങ്ങിച്ചു. തത്വ ശാസ്ത്രത്തിലും മതത്തിലും ബിരുദമുണ്ടായിരുന്നതു കൊണ്ടും സെമിനാരിയിലൊരു വര്‍ഷം പരിശീലനം ലഭിച്ചതുകൊണ്ടും ഖുര്‍ആനിലെ തെറ്റുകള്‍ കണ്ടുപിടിക്കാനുള്ള കഴിവുകള്‍ ഞാന്‍ സ്വായത്തമാക്കിയിരുന്നു. അങ്ങനെ പാവങ്ങളായ എന്റെ മുസ്‌ലിം സുഹൃത്തുക്കളോട് അവരെങ്ങനെയാണ് വഴിതെറ്റിയിരിക്കുന്നതെന്ന് മനസ്സിലാക്കിക്കൊടുക്കാന്‍ വേണ്ട കഴിവ് എനിക്ക് നേടാനാവുമെന്നും ഞാന്‍ കരുതി. ഖുര്‍ആനിലെ ന്യൂനതകള്‍ കണ്ടുപിടിക്കാനായി ഞാന്‍ വായന തുടര്‍ന്നു. എന്നാല്‍ ഒരു തെറ്റു പോലും ഞാന്‍ കണ്ടെത്തിയില്ല.
അന്‍ആം എന്ന അധ്യായത്തിലെ 73ാം വചനത്തില്‍ ഞാന്‍ ആകൃഷ്ടയായി. ‘അവനത്രെ ആകാശങ്ങളും ഭൂമിയും യഥാര്‍ഥ മുറപ്രകാരം സൃഷ്ടിച്ചവന്‍. അവന്‍ ‘ഉണ്ടാകൂ’ എന്ന് പറയുന്ന ദിവസം അത് ഉണ്ടാകുക തന്നെ ചെയ്യുന്നു. (6 : 73) ഞാനെപ്പോഴും ആരാധിച്ചിരുന്ന ദൈവം അല്ലാഹുവല്ലേ എന്ന് ഞാന്‍ ആശ്ചര്യപ്പെടാന്‍ തുടങ്ങി. ഈ വചനം വായിച്ചതിന് ശേഷം ഞാന്‍ ഇസ്‌ലാമിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഞാന്‍ ശ്രമിച്ചു.
മതത്തിലും തത്വശാസ്ത്രത്തിലും ബിരുദാനന്തര ബിരുദത്തിനായി എന്റെ പഴയ യൂണിവേഴ്‌സിറ്റിയിലേക്ക് തിരിച്ചു പോകാന്‍ ഞാന്‍ ആഗ്രഹിച്ചു. നിരീക്ഷിക്കാനായി ചില വെള്ളിയാഴ്ചകളിലെ നമസ്‌കാരങ്ങളിലും പങ്കെടുത്തു. ചര്‍ച്ചില്‍ പോകലും ഞാന്‍ തുടര്‍ന്നു. ജീവിതത്തില്‍ ലക്ഷ്യബോധമില്ലാത്തതായി എനിക്കു തന്നെ തോന്നി. എന്നാലും പല കാര്യങ്ങളിലും എനിക്ക് ഉത്തരങ്ങള്‍ വേണ്ടിയിരുന്നു.
യേശു ദൈവപുത്രനല്ലെന്നും പതിവ്രതയായ മാതാവിന്റെ മകനാണെന്നും യൂണിവേഴ്‌സിറ്റിയിലെ മുസ്‌ലിം കൂട്ടുകാര്‍ എനിക്ക് വ്യക്തമാക്കിതന്നു. ‘ലോഗോസ്’ എന്ന ആശയത്തെക്കുറിച്ച് കൂടുതല്‍ പഠിച്ച് ഞാനൊരു പ്രബന്ധമെഴുതി. ‘ആദ്യത്തില്‍ വചനമുണ്ടായിരുന്നു. വചനം ദൈവത്തോടൊപ്പമായിരുന്നു. വചനം ദൈവമായിരുന്നു.’ യേശു ദൈവമാണെന്ന് സ്ഥാപിക്കാന്‍ ഈ വചനമാണ് ക്രിസ്ത്യാനികള്‍ സാധാരണ ഉപയോഗിക്കാറ്. വചനമെന്ന ആശയത്തെക്കുറിച്ച് ഞാന്‍ കൂടുതല്‍ ഗവേഷണം നടത്തി. അതിനായി പ്ലാറ്റോയെയും പുരാതന ഗ്രീക്ക് രചനയെയും ആശ്രയിച്ചു. ത്രിത്വ സിദ്ധാന്തത്തിന്റെ രൂപാന്തരണത്തെക്കുറിച്ചും പഠിച്ചു. വ്യത്യസ്ത ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ അഭിപ്രായങ്ങളെക്കുറിച്ച് ഗവേഷണം നടത്തുകയും എ.ഡി 325ലെ നികയ്യാ കൗണ്‍സിലിലാണ് ത്രിത്വ സിദ്ധാന്തം ക്രോഡീകരിക്കപ്പെട്ടതെന്ന് മനസ്സിലാക്കുകയും ചെയ്തു. ഉല്‍പത്തി പുസ്തകം മുതല്‍ വെളിപാടുപുസ്തകം വരെ ഞാന്‍ വായിച്ചു. കൂട്ടത്തില്‍ ഭഗവദ്ഗീതയും ബുദ്ധന്റെ ജീവിതവും അധ്യാപനങ്ങളും ബഹായി മതവും ഞാന്‍ പഠിച്ചു. എനിക്ക് സത്യം കണ്ടെത്തേണ്ടതുണ്ടായിരുന്നു.
1980ലെ വേനല്‍കാലത്തോടെ ഇസ്‌ലാമിലെ മിക്ക അധ്യാപനങ്ങളെയും പ്രശംസിക്കുന്ന അവസ്ഥയില്‍ ഞാനെത്തി. അപ്പോഴും ചില കാര്യങ്ങള്‍ എന്നെ വ്യാകുലപ്പെടുത്തിയിരുന്നു. പ്രാര്‍ഥനക്ക് മുമ്പ് വുളു എടുക്കുന്നത് എന്തിനാണെന്നായിരുന്നു അതില്‍ പ്രധാനം. ദൈവത്തെ എല്ലായ്‌പ്പോഴും സമീപിക്കാന്‍ കഴിയണം. എന്തിനാണ് പ്രത്യേകമായൊരു ശുദ്ധീകരണ പ്രക്രിയയില്‍ (ദൈവത്തോട് പ്രാര്‍ഥിക്കാനൊരുങ്ങുമ്പോള്‍) മുസ്‌ലിംകള്‍ ഏര്‍പ്പെടുന്നത്? എനിക്കതിലെ യുക്തി പിടികിട്ടിയില്ല.
വുളൂ എടുക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെട്ട അന്നു രാത്രി തന്നെ ഞാന്‍ ഇസ്‌ലാമാശ്ലേഷിക്കാന്‍ ഒരുക്കമായിരുന്നു. റമദാനിലെ 19ാമത്തെ രാത്രിയില്‍ യൂണിവേഴ്‌സിറ്റിക്കടുത്തുള്ള ചെറിയ മസ്ജിദിനടുത്തു കൂടി കടന്നു പോകുമ്പോള്‍ അവിടെയുണ്ടായിരുന്ന പുരുഷന്മാരോട് എന്റെ കണ്ടെത്തലിനെക്കുറിച്ച് ഞാന്‍ പറഞ്ഞു. അവരിലൊരാളായ ആദില്‍ എനിക്ക് ശഹാദത്ത് കലിമ ചൊല്ലിത്തന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ എനിക്ക് പ്രശാന്തത അനുഭവപ്പെട്ടു. ദീര്‍ഘകാലങ്ങളായി അന്വേഷണത്തിലായിരുന്ന സമുദ്രജല സഞ്ചാരി ഒടുവില്‍ കര കണ്ടെത്തിയപോലെയുള്ള അനുഭവമായിരുന്നു എനിക്ക്.
അപ്പോഴും എനിക്കു നേരിടേണ്ട എതിര്‍പ്പുകള്‍ അവസാനിച്ചിരുന്നില്ല. ഹിജാബിനെക്കുറിച്ച് എനിക്ക് അറിയുമായിരുന്നില്ല. എന്റെ കലിമ ചൊല്ലലിന് സാക്ഷികളായ ജോര്‍ദാന്‍, ഈജിപ്ത്, തായ്‌ലന്‍് എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന് പേര്‍ ഹിജാബിനെക്കുറിച്ച് എന്നോടൊന്നും പറഞ്ഞിരുന്നില്ല. അക്കാലത്ത് ആ രാജ്യങ്ങളിലെ സ്ത്രീകളേറെയും ഹിജാബ് ധരിച്ചിരുന്നില്ല. പെരുന്നാളിന്റെ തലേന്ന് ഞാനവരോടൊപ്പം ഒരു വലിയ നഗരത്തിലേക്ക് യാത്ര ചെയ്തു. അവരെന്നെ സുഡാനി സ്ത്രീകള്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിലേക്ക് കൊണ്ടുപോയി. അവിടെ എത്തിയപ്പോള്‍ തന്നെ ഒരു നീളന്‍ കുപ്പായവും സ്‌കാഫും ധരിക്കാനായി ആ സ്ത്രീ എനിക്കു നല്‍കി. ആ വസ്ത്രങ്ങള്‍ ഞാന്‍ ആശ്ചര്യത്തോടെ ധരിച്ചു.
ചെറിയ നഗരത്തില്‍ ഞങ്ങള്‍ തിരിച്ചെത്തിയപ്പോള്‍ നീളന്‍ കുപ്പായവും സ്‌കാഫും ഞാനഴിച്ചു വെച്ചു. കടുത്ത ചൂടുള്ള ആഗസ്റ്റ് മാസത്തില്‍ അതു ധരിക്കുന്നത് എനിക്കു വിചിത്രമായി തോന്നി. അതിലുപരിയായി ഞാന്‍ മുസ്‌ലിമാണെന്ന് എന്റെ കോളേജധ്യാപകരിലൊരാള്‍ അറിയരുതെന്ന് ഞാന്‍ ആഗ്രഹിച്ചു. അയാള്‍ നീരസം പ്രകടിപ്പിക്കുമെന്ന് എനിക്കറിയാമായിരുന്നു.
എന്റെ മാതാപിതാക്കളോട് എങ്ങനെ പറയുമെന്നായിരുന്നു എനിക്കു നേരിടേണ്ടുന്ന മറ്റൊരു വെല്ലുവിളി. ഇസ്‌ലാമാശ്ലേഷിച്ച ശേഷം മൂന്നാഴ്ച കഴിഞ്ഞ് ഞാനവര്‍ക്കു കത്തെഴുതി. വര്‍ഷങ്ങളായുള്ള എന്റെ അന്വേഷണത്തെയും നേരിട്ട പ്രതിസന്ധികളെയും ആ കത്തില്‍ ഞാന്‍ വിവരിച്ചു. കത്ത് വായിച്ച് മാതാപിതാക്കള്‍ ഞെട്ടി.
ഏതാനും മാസങ്ങള്‍ക്കു ശേഷം ഞാന്‍ സ്‌കാഫ് ധരിക്കാന്‍ തുടങ്ങി. വടക്കന്‍ മിസൗറിയിലെ തണുപ്പില്‍ നിന്ന് എന്റെ കാതുകളെ സംരക്ഷിക്കാനായിരുന്നു സ്‌കാഫ് ധരിച്ചു തുടങ്ങിയത്. കാമ്പസിലെ ഒരാള്‍ ക്രൂരമായി പ്രതികരിച്ചതിനെ തുടര്‍ന്ന് സ്‌കാഫ് സ്ഥിരമായിതന്നെ ധരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഇസ്‌ലാമാശ്ലേഷിച്ച് ഏഴോ എട്ടോ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇസ്‌ലാമിനോട് താല്‍പര്യമുള്ള മറ്റൊരു വിദ്യാര്‍ഥിനിയെ ഞാന്‍ കണ്ടു മുട്ടി. ഇസ്‌ലാമിനെക്കുറിച്ച് കുറച്ചൊക്കെ അറിയാമായിരുന്ന അവള്‍ ഇസ്‌ലാമാശ്ലേഷിക്കുന്നതിന് ഒരുക്കമാണെന്ന് എന്നെ അറിയിച്ചു. അവള്‍ക്ക് ഞാന്‍ ശഹാദത്ത് കലിമ ചൊല്ലിക്കൊടുത്തു.
ഈ നാളുകളിലൊക്കെയും ഞാന്‍ അബ്ദുല്‍ മുനീമുമായുള്ള ബന്ധം നിലനിര്‍ത്തിയിരുന്നു. ഞാന്‍ ശഹാദത്ത് കലിമ ചൊല്ലുമ്പോള്‍ ഹാജറായിരുന്ന വ്യക്തികളിലൊരാളും എന്നെ വിശ്വാസവുമായി പൊരുത്തപ്പെട്ടുപോകാന്‍ സഹായിച്ച വ്യക്തിയുമായിരുന്നു അബ്ദുല്‍ മുനീം. ഞാന്‍ ഇസ്‌ലാം ആശ്ലേഷിച്ച് ഒരു മാസത്തിന് ശേഷം ഗവേഷണ പഠനത്തിനായി അബ്ദുല്‍ മുനീം ഇന്ത്യാനയിലേക്ക് പോയെങ്കിലും ഞങ്ങള്‍ കത്തിടപാട് തുടര്‍ന്നിരുന്നു. സഹോദരി ആയിശയുടെ ഇസ്‌ലാമാശ്ലേഷണത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹത്തോടും സുഹൃത്തുക്കളോടുമൊപ്പം അന്‍ ആര്‍ബറി ലേക്ക് യാത്ര ചെയ്യാന്‍ എന്നെയും ആയിഷയെയും ക്ഷണിച്ചു. വലിയ കുടുംബത്തിലെ ഒരു സഹോദരനും സഹോദരിയും ഞങ്ങള്‍ക്ക് ആതിഥ്യമരുളി.
വസന്തകാലത്ത്, അബ്ദുല്‍ മുനീം അദ്ദേഹം പഠിക്കുന്ന യൂണിവേഴ്‌സിറ്റിയില്‍ അപേക്ഷ നല്‍കാന്‍ എന്നെ ക്ഷണിച്ചു. ഡോക്ടര്‍ ഫെല്ലോഷിപ്പോടെ എനിക്കവിടെ പ്രവേശനം ലഭിച്ചു. വേനല്‍ക്കാലത്ത് ആയിശയും, പാക്കിസ്താന്‍കാരിയായ ഫൗസിയയും ഇന്ത്യയിലേക്കു പോകാന്‍ എന്നെ സഹായിച്ചു. റമദാനില്‍ അവരെന്നോടൊപ്പം താമസിച്ചു. പിന്നീടവര്‍ മിസൗറിയയിലേക്കു പോയി. അബ്ദുല്‍ മുനീം എന്നോട് വിവാഹാഭ്യര്‍ഥന നടത്തി.
ഞങ്ങളുടെ ദാമ്പത്യ ജീവിതം 25 വര്‍ഷം പിന്നിട്ടു. ആറ് ആണ്‍കുട്ടികളുടെ മാതാപിതാക്കളാണ് ഞങ്ങള്‍. ഇസ്‌ലാമിക വിദ്യാഭ്യാസം കൂടുതല്‍ മെച്ചപ്പെടുത്തുക എന്ന ദൗത്യത്തിലാണ് വര്‍ഷങ്ങളായി ഞാനും ഭര്‍ത്താവും ഏര്‍പ്പെട്ടിരിക്കുന്നത്. ഞാന്‍ ഇസ്‌ലാമാശ്ലേഷിച്ചിട്ട് 26 വര്‍ഷങ്ങളായെങ്കിലും ഇപ്പോഴുമെനിക്ക് പുതുമ തോന്നുന്നു.
എന്റെ മാതാപിതാക്കളെ ഇപ്പോഴും ആശ്ചര്യപ്പെടുത്തുന്നത് യുവത്വത്തിലെ ഫെമിനിസം ഞാന്‍ ഉപേക്ഷിച്ചതാണ്. സ്ത്രീ യഥാര്‍ഥത്തില്‍ ആരാണെന്ന് ഇസ്‌ലാമിലാണ് ഞാന്‍ കണ്ടെത്തിയത്. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ചില സഹോദരന്മാര്‍ അവരുടെ പ്രാദേശികാചാരങ്ങള്‍ സ്ത്രീകളുടെ മേല്‍ കെട്ടിയേല്‍പ്പിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. അതു കാണുമ്പോള്‍ ഖുര്‍ആനിലേക്കും പ്രവാചക മാതൃകയിലേക്കുമാണ് ഞാന്‍ തിരയാറ്. ചില മുസ്‌ലിംകള്‍ സ്ത്രീകളെ അടിച്ചമര്‍ത്തുകയാണെങ്കിലും ഇസ്‌ലാം സ്ത്രീകളെ ഉയര്‍ത്തുകയാണ്.
ഞാനിപ്പോഴും പഠിക്കുകയാണ്. എന്റെ സ്രഷ്ടാവിനോട് കൂടുതല്‍ അടുക്കാന്‍ ശ്രമിക്കുകയാണ്. എന്റെ അമേരിക്കന്‍ വ്യക്തിത്വവും മുസ്‌ലിം വ്യക്തിത്വവും ഒന്നിച്ചു കൊണ്ടു പോകാന്‍ ശ്രമിക്കുകയാണ്. ജീവിതമൊരു യാത്രയാണ്, ഞാനിപ്പോഴും ആ യാത്രയിലാണ്.

വിവ: സിദ്ദീഖ് സി.സൈനുദ്ദീന്‍
അവലംബം:aramamonline.net

Related Post