മോശമായ പ്രവര്‍ത്തനങ്ങളില്‍ നിന്നും അനാവശ്യ സംസാരങ്ങളില്‍ നിന്നും റമദാനില്‍ മുസ്ലിംകള് അകന്നു നില്ക്കുന്നു. അനാവശ്യ നോട്ടവും അശ്ലീല പ്രവര്‍ത്തനവും നിയന്ത്രിക്കുന്നു. ക്രിയാത്മകമായ ചിന്തക്ക് ആത്മ സമരം അനിവാര്യമാണ്. നാം പതിവാക്കിയ അലസതയെയും നിരാശയെയും തകര്ത്തുതരിപ്പണമാക്കേണ്ടതുണ്ട്. അപ്രകാരം മാറ്റത്തിനു ചില പ്രേരകങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. മിക്ക സന്ദര്‍ഭങ്ങളിലും മനുഷ്യന് തന്റെ കൈപിടിച്ചുയര്‍ത്താനും മാറ്റത്തിനും ചിലരുടെ സഹായം ആവശ്യമായി വരും. റമദാന് ഇതിനുള്ള ഉത്തമ കൂട്ടുകാരനാണ്. മുസ്ലിങ്ങള്‍ മാത്രമല്ല, പ്രപഞ്ചം മുഴുവന്‍ റമദാനിന് വേണ്ടി ഒരുങ്ങും. സ്വര്‍ഗകവാടങ്ങള്‍ തുറക്കപ്പെടുന്നു, നരകവാതിലുകള്‍ കൊട്ടിയടക്കപ്പെടുന്നു. വാന വാതായനങ്ങള്‍ തുറക്കപ്പെടുന്നു. മനസ്സ് ഇബാദത്തുകള്‍ക്കായി മുന്നിട്ടുവരുന്നു. അല്ലാഹു സല്‍കര്‍മങ്ങള്‍ക്ക് അനേകമിരട്ടി പ്രതിഫലം നല്കുന്നു. റമദാനിലെ ഉംറക്ക്് ഹജ്ജ് കര്‍മത്തിന്റെ പ്രതിഫലം ലഭിക്കുന്നു.
റമദാനില്‍ സമയം പൂര്‍ണമായും ക്രമീകരിക്കുന്നു. സുബുഹ് ബാങ്ക് വിളിക്കുന്നതോടെ നോമ്പ് ആരംഭിക്കുന്നു. മഗ്രിബ് ബാങ്കിന്റെ വിളിയാളം കേള്‍ക്കുന്നതോടെ നോമ്പ് തുറക്കുന്നു. റമദാനിനിലെ സമയനിഷ്ഠ മാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് ഫലപ്രദമായി ഉപയോഗപ്പെടുത്താം. മാറ്റത്തിന് അനിവാര്യമായും ഉണ്ടാകേണ്ട ഒന്നാണ് സമയനിഷ്ഠ. ജീവിതത്തിലെ ഓരോ പ്രവര്‍ത്തനവും അതിന്റെ സമയത്ത് നിര്‍വഹിക്കുക എന്നത് ജീവിത വിജയത്തിന് വളരെ അനിവാര്യമാണ്. ഇതിലൂടെ നമ്മുടെ പ്രവര്‍ത്തനങ്ങളുടെ പ്രതിഫലം പരലോകത്ത് ലഭ്യമാകുന്നതോടൊപ്പം അതിന്റെ പ്രതിഫലനം പ്രകടമായി തന്നെ റമദാനില്‍ നമുക്ക് അനുഭവഭേദ്യമാകും.
നോമ്പുകാരന്റെ രാത്രി അടുത്ത ദിവസത്തെ നോമ്പിനുള്ള ഒരുക്കമാണ്. പകല്‍ എല്ലാ അശ്ലീല പ്രവര്‍ത്തനങ്ങളില്‍ നിന്നും അശ്ലീല ഭാഷണങ്ങളില്‍ നിന്നും അകന്നു നില്ക്കുന്നു. മഗരിബ് നമസ്കാരം വരെ മനസ്സിനോട് നിരന്തര സമരത്തില്‍ ഏര്‍പ്പെടുന്നു. നോമ്പ് മുറിക്കുമ്പോള്‍ വിശ്വാസിക്ക് നോമ്പ് പൂര്‍ത്തീകരിച്ചതിന്റെയും അല്ലാഹുവിന്റെയടുത്തുള്ള പ്രതിഫലമോര്ത്തും സന്തോഷമുണ്ടാകും. ഈ ചംക്രമണം മാസം മുഴുവന്‍ നിഴലിച്ചു നില്ക്കും. ദിനേന കര്‍മങ്ങള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കും. ലൈലതുല്‍ ഖദര്‍ എത്തുമ്പോള്‍ അതിന്റെ പാരമ്യതയിലെത്തുന്നു. അല്ലാഹു നിരവധി അടിമകളെ നരകത്തില്‍ നിന്നും മോചിപ്പിക്കുകയും ചെയ്യുന്നു.
പരിവര്‍ത്തനത്തിന് ആവര്‍ത്തനങ്ങള്‍ ആവശ്യമാണ്. മനുഷ്യന് ഒരു പുതിയ സ്വഭാവചര്യ സ്വായത്തമാക്കണമെങ്കില്‍ സാധാരണ 6 മുതല്‍ 21 വരെ ദിനങ്ങള്‍ ആവശ്യമായി വരുമെന്ന് വിദഗ്ദര്‍ പറയാറുണ്ട്. എന്നാല്‍ റമദാനില്‍ പരിവര്‍ത്തനത്തിനായി ഇരുപത്തി ഒമ്പതോ, മുപ്പതോ ദിവസങ്ങള്‍ വിശ്വാസിക്ക് ലഭിക്കുന്നു. റമദാനില്‍ പുതുതായി ചെയ്യാനാഗ്രഹിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഒരു കലണ്ടര്‍ നീ തയ്യാറാക്കുക. ഓരോ പ്രവര്‍ത്തനത്തിനും ഏറ്റവും അനുയോജ്യമായ സമയവും കണ്ടെത്തുക. അപ്പോള്‍ അല്ലാഹു നിന്റെ സമയനിഷ്ഠയുടെ കാര്യത്തില്‍ എപ്രകാരം അനുഗ്രഹങ്ങള്‍ ചൊരിയുന്നു എന്ന് നിനക്ക് ബോധ്യപ്പെടും.
നാം ശീലിച്ച പതിവുകള്‍ നാം പുതുതായി ഉണ്ടാക്കി നമ്മിലേക്ക് ചേര്‍ത്തുവെച്ച ചില സമ്പ്രദായങ്ങളാണ്. യഥാര്‍ഥത്തില്‍ അവ നമ്മില്‍ നിന്നും വേര്‍പ്പെട്ട ഒന്നാണ്. ദീര്‍ഘനേരത്തെ ഉറക്കം, സമയം പാഴാക്കുക, വ്യവസ്ഥയില്ലായ്മ തുടങ്ങിയവയെല്ലാം നാം പതിവാക്കിയ ചില ദുശ്ശീലങ്ങളാണ്. നാം നമ്മുടെ ജീവിതത്തില്‍ പതിവായി ഉണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുന്ന മൂല്യങ്ങള്‍ ഈ റമദാനില്‍ നട്ടുവളര്‍ത്താനും സംരക്ഷിക്കാനും നാം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
നാം ഉദ്ദേശിക്കുന്ന പരിവര്‍ത്തനത്തിനായി അല്ലാഹുവിനോട് നിരന്തരമായി പ്രാര്‍ഥിക്കുക. കാരണം റമദാന് പ്രാര്‍ഥനയുടെ മാസമാണ്. ‘എന്റെ ദാസന്മാര് എന്നെപ്പറ്റി നിന്നോടു ചോദിച്ചാല്‍ പറയുക: ഞാന്‍ അടുത്തുതന്നെയുണ്ട്. എന്നോടു പ്രാര്‍ത്ഥിച്ചാല്‍ പ്രാര്‍ഥിക്കുന്നവന്റെ പ്രാര്‍ഥനക്ക് ഞാനുത്തരം നല്‍കും. അതിനാല്‍ അവരെന്റെ വിളിക്കുത്തരം നല്കട്ടെ. എന്നില്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴിയിലായേക്കാം.’ (ഖുര്‍ആന്‍: 2/186). നോമ്പുകാരന്റെ പ്രാര്‍ഥന തടയപ്പെടുകയില്ല എന്ന പ്രവാചകവചനം ശ്രദ്ധേയമാണ്. നോമ്പ് മുറിക്കുന്ന സമയം, അത്താഴ സന്ദര്‍ഭം, രാത്രിയുടെ അന്തിയാമങ്ങള്‍ എന്നിവ പ്രാര്‍ഥനക്ക് വളരെ പ്രാധാന്യമുളള സമയമാണ്. നിലവിലേക്കാള്‍ മെച്ചപ്പെട്ട അവസ്ഥയിലേക്ക് നീ പരിവര്ത്തിപ്പിക്കണേ എന്ന് നിരന്തരമായി പ്രാര്‍ഥിക്കണം. ജീവിതത്തിന്റെ പ്രയാണത്തിനിടെ വന്ന ഇടര്‍ച്ചകളില്‍ നിന്ന് പാപമോചനം തേടണം. അപ്രകാരം പാപങ്ങള്‍ കഴുകി നവോന്മേഷത്തോടെ പുതിയ ജീവിതത്തിന് നാന്ദികുറിക്കണം. പ്രമുഖ സാഹിത്യകാരനായ മുസ്തഫ സാദിഖ് അര്‍റാഫിഈ പറയുന്നു. ‘റമദാന് ശാന്തതയുടെയും വിശ്രമത്തിന്റെയും സന്ദര്‍ഭമാണ്. വിശ്വാസി വിശ്വാസത്തിന്റെ പദവിയിലൂടെ ഉയര്‍ച്ചയുടെ ഉത്തുംഗതയിലെത്തുന്നു. ആര് ഈ സന്ദര്‍ഭത്തെ ആത്മവിചാരണക്കും, വിശ്വാസ നവീകരണത്തിനും, ജീവിതപരിവര്‍ത്തനത്തിനും വേണ്ടി ഉപയോഗപ്പെടുത്തുന്നുവോ അവന് മാറ്റത്തിനുള്ള പാത കണ്ടെത്തി’.
വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്