Main Menu
أكاديمية سبيلي Sabeeli Academy

ഉപദേശം ഹൃദയങ്ങളിലെത്താന്‍

By:

  • النصيحة

നല്ലവരുടെ ഹൃദയങ്ങളില്‍ ഉപദേശത്തിന് ഉന്നതമായ സ്ഥാനമാണുള്ളത്. നന്മയെ കുറിച്ചവരെയത് ഓര്‍മിപ്പിക്കുന്നു. അതില്‍ അടിയുറച്ച് നില്‍ക്കാന്‍ അവരെ പ്രചോദിപ്പിക്കുന്നു. അവര്‍ക്കതിലൂടെ സന്തോഷവാര്‍ത്തയും മുന്നറിയിപ്പും ലഭിക്കുന്നു. കൂടുതല്‍ നന്മകള്‍ ചെയ്യുന്നതിനും നാഥനിലേക്ക് മടങ്ങുന്നതിനും പശ്ചാത്തപിക്കുന്നതിനും അവരെയത് പ്രേരിപ്പിക്കുന്നു. ഉപദേശത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സംസ്‌കരണമാണ് ഖുര്‍ആനും പ്രവാചക ചര്യയും പ്രേരിപ്പിക്കുന്നത്. അല്ലാഹു പറയുന്നു : ‘മനുഷ്യരേ, നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സദുപദേശവും, മനസ്സുകളിലുള്ള രോഗത്തിന് ശമനവും നിങ്ങള്‍ക്കു വന്നുകിട്ടിയിരിക്കുന്നു. സത്യവിശ്വാസികള്‍ക്ക് മാര്‍ഗദര്‍ശനവും കാരുണ്യവും.’ എന്നാല്‍ ഉപദേശം മാതൃകാപരമാവുന്നതിന് ചില കാര്യങ്ങള്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്.

അതില്‍ ഏറ്റവും സുപ്രധാനമായിട്ടുള്ളത് ഉപദേശിക്കുന്നയാളുടെ ആത്മാര്‍ഥതയില്‍ നിന്നും ഉണ്ടാവുന്നതായിരിക്കുക എന്നതാണ്. ഹൃദയത്തില്‍ നിന്നാണത് വരുന്നതെങ്കില്‍ ഹൃദയങ്ങളിലേക്കതിന് എത്താന്‍ സാധിക്കും. എന്നാല്‍ നാവില്‍ മാത്രം പരിമിതപ്പെടുന്ന വാക്കുകള്‍ക്ക് ചെവികള്‍ക്കപ്പുറം പോകാനാവില്ല. ജനങ്ങളെ ദീര്‍ഘനേരം ഉപദേശിക്കുന്ന ഉപദേശകന്റെ ഉപദേശം സ്വാധീനം ഉണ്ടാക്കുന്നില്ല, അതേ സമയം വളരെ കുറിച്ച് മാത്രം കുറച്ച് മാത്രം ഉപദേശിക്കുന്ന മറ്റൊരാളുടെ വാക്കുകള്‍ക്ക് സ്വാധീനം ലഭിക്കുന്നതിന്റെയും കാരണം അന്വേഷിച്ചയാളോട് പൂര്‍വികന്‍ പറഞ്ഞ മറുപടി ശ്രദ്ധേയമാണ്. മരണപ്പെട്ടവന്റെ ബന്ധുക്കളുടെ കരച്ചിലും കൂലിക്കായി കരയുന്നവരുടെ കരച്ചിലും തമ്മിലുള്ള വ്യത്യാസമാണ് അവ രണ്ടിനുമിടയിലുള്ളത്. ഒന്നാമത്തെയാള്‍ കൂലി വാങ്ങിയിട്ടാണത് ചെയ്യുന്നത്. രണ്ടാമത്തെവന്‍ വളരെ കുറച്ചെ പറയുന്നുള്ളുവെങ്കിലും അവന്റെ വാക്കുകള്‍ ആത്മാര്‍ഥത നിറഞ്ഞതാണ്.

ഉപദേശം നല്ല വാക്കുകളായിരിക്കണം. മോശം വാക്കുകളോ വ്രണപ്പെടുത്തലുകളോ അതിലുണ്ടാവരുത്. ആളുകളെ കുറ്റപ്പെടുത്തലോ ജനങ്ങളുടെ കുറ്റം പറയലോ ആയിരിക്കരുത് അത്. പശ്ചാത്തപിച്ച് മടങ്ങാന്‍ ആഗ്രഹിക്കുന്ന കുറ്റവാളിയോട് മോശമായി പെരുമാറുകയോ അശ്രദ്ധ കാണിക്കുന്നവെ കരിവാരി തേക്കുകയോ ചെയ്യരുത്. ഏറ്റവും സൗമ്യവും ഉത്തമവുമായ ശൈലിയില്‍ നന്മക്ക് പ്രേരണ നല്‍കുന്ന നല്ല വാക്കുകളാലായിരിക്കണം ഉപദേശം. അല്ലാഹുവെയും അവന്റെ മഹത്വത്തെയും ഓര്‍മപ്പെടുത്തി അല്ലാഹുവിന്റെ ശിക്ഷയെ കുറിച്ച ഭയം ഉണ്ടാക്കുന്ന വാക്കുകള്‍ക്ക് കൂടുതല്‍ സ്വാധീന ശക്തിയുണ്ടായിരിക്കും. തെറ്റുകള്‍ ചെയ്യുന്നവനെ വെറുപ്പിക്കുകയോ അകറ്റുകയോ ചെയ്യുന്നതിന് പകരം അല്ലാഹുവിലേക്ക് മടങ്ങുന്നതിനും അടുപ്പിക്കുന്നതിനും സഹായകമായി തീരണം ഉപദേശം. അപ്രകാരം വളരെ പ്രധാനമാണ് ഉപദേശത്തിന് സ്വീകരിക്കുന്ന ഭാഷ. വളരെ ലളിതവും സുഗ്രാഹ്യവുമായി പദങ്ങളും വാക്കുകളുമായിരിക്കണം അതിനായി തെരെഞ്ഞെടുക്കേണ്ടത്. കെട്ടികുടുക്കുള്ള പ്രയോഗങ്ങളും ശൈലികളും ഉപോയഗിക്കാതിരിക്കുക.

ഉപദേശിക്കുമ്പോള്‍ കൂടുതല്‍ ഉച്ചത്തിലായിരിക്കണമെന്ന തെറ്റിധാരണ ചിലര്‍ക്കുണ്ട്. മുഖം ചുവന്ന് തുടിക്കുക, ക്ഷോഭം പ്രകടിപ്പിക്കുക, ദേഷ്യവും വെറുപ്പും പ്രകടിപ്പിക്കുക തുടങ്ങിയവെയെല്ലാം ഉപദേശിക്കുമ്പോള്‍ വേണമെന്നുള്ളത് തെറ്റിധാരണയാണ്. തികച്ചും തെറ്റായ ഫലമാണ് അതുണ്ടാക്കുക. അത്തരക്കാര്‍ തെളിവായി ഉദ്ധരിക്കാറുള്ളത് പ്രവാചകന്‍ (സ) ഖുതുബ നടത്തിയപ്പോള്‍ ശബ്ദം ഉയര്‍ത്തുകയും മുഖം ചുവന്നു തുടിക്കുകയും ഒരു സൈന്യത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന പോലെയുള്ള മുഖഭാവം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു എന്നതാണ്. ഹദീസില്‍ ഉദ്ധരിക്കപ്പെട്ട് വന്നിട്ടുള്ള ഈ ഒരവസ്ഥ മാത്രമാണ് ഉപദേശത്തിന്റെ അടിസ്ഥാന സ്വഭാവമെന്ന് അവര്‍ ധരിച്ചിരിക്കുകയാണ്. നിര്‍ബന്ധമായും ഉപദേശകനില്‍ ആ ഗുണങ്ങളെല്ലാം ഉണ്ടായിരിക്കണമെന്ന് അവര്‍ തെറ്റിധരിച്ചിരിക്കുന്നു. നബി (സ) വളരെ യുക്തിമാനും അറിവുള്ളയാളുമായിരുന്നുവെന്ന് അവര്‍ വിസ്മരിച്ചു പോയി. ഓരോ സന്ദര്‍ഭത്തിനും അനുയോജ്യമായ രൂപത്തിലാണ് അദ്ദേഹം പെരുമാറിയിരുന്നത്. ദയവോടെ പെരുമാറേണ്ട സ്ഥലത്ത് അദ്ദേഹം ഒരിക്കലും പാരുഷ്യം കാണിച്ചില്ല. ശത്രുവിനെ കണ്ടുമുട്ടുന്ന സന്ദര്‍ഭത്തിലും പ്രശ്‌നങ്ങളുടെയും കുഴപ്പങ്ങളുടെയും സന്ദര്‍ഭത്തിലും ദയയും കാണിച്ചിരുന്നില്ല. ഓരോ വാക്കുകള്‍ക്കും അതിന്റേതായ സന്ദര്‍ഭങ്ങളും ഉണ്ടായിരുന്നു.

ചില വിഷയങ്ങളില്‍ ഉപദേശിക്കുമ്പോള്‍ അട്ടഹസിക്കുകയും വെറുപ്പ് പ്രകടിപ്പിക്കുയും ചെയ്യുന്നതിനേക്കാള്‍ അനുയോജ്യമാവുക ശബ്ദം താഴ്ത്തി പുഞ്ചിരിച്ചു കൊണ്ട് പറയുന്നതായിരിക്കും. അതിനുത്തമായ ഉദാഹരണമാണ് സ്വര്‍ഗത്തെയും അതിന്റെ അനുഗ്രഹങ്ങളെയും കുറിച്ചും സംസാരിക്കുന്നതും നല്ല സ്വഭാവ ഗുണങ്ങളെ കുറിച്ച് പറയുന്നതും.

ഉപദേശിക്കുന്നതിന് തെരെഞ്ഞെടുക്കുന്ന സമയത്തിനും പ്രത്യേക പ്രാധാന്യമുണ്ട്. കൂടുതല്‍ അധികരിച്ച് ഉപദേശിക്കുകയും ചെയ്യരുത്. അധികരിക്കുന്നത് ഹൃദയങ്ങള്‍ക്ക് മടുപ്പുളവാകുന്നതിന് കാരണമാകും. ഞങ്ങള്‍ക്ക് മടുപ്പുണ്ടാകുമോ എന്ന് ഭയന്ന് നിശ്ചിത സമയം നിര്‍ണയിച്ചായിരുന്നു നബി(സ) തങ്ങളെ ഉപദേശിച്ചിരുന്നതെന്ന അബ്ദുല്ലാഹ് ബിന്‍ മസ്ഊദിന്റെ വാക്കുകള്‍ പ്രസക്തമാണ്.

ഉപദേശിക്കുന്നവനും ഉപദേശിക്കപ്പെടുന്നവനും ഇടയില്‍ സ്‌നേഹത്തിലും കാരുണ്യത്തിലും അനുകമ്പയിലും ഊട്ടിയുറപ്പിച്ച ഒരു ബന്ധം ഉണ്ടാക്കിയെടുക്കുകയെന്നത് വളറെ അനിവാര്യമാണ്. തന്നോട് പരുഷമായിട്ടും കാര്‍ക്കശ്യത്തോടും പെരുമാറുന്നുവെന്നതായി ഉപദേശിക്കപ്പെടുന്നവന് ഒരിക്കലും തോന്നരുത്. ഇത്തരത്തില്‍ നല്ല ഒരു ബന്ധം രൂപപ്പെടുമ്പോള്‍ ഉപദേശം സ്വീകരിക്കുന്നതിന് അവന്‍ സ്വാഭാവികമായും പ്രേരിതനായി മാറും.

സ്വയം മാതൃക കാണിക്കാത്ത കേവല ഉപദേശങ്ങള്‍ ഫലം ചെയ്യില്ല. സല്‍സ്വഭാവങ്ങളെ കുറിച്ച് ഉപദേശിക്കുന്ന ഉപദേശകന്റെ പ്രവര്‍ത്തനങ്ങള്‍ അതിന് നേര്‍വിപരീതമാണെങ്കില്‍ അവന്റെ ഉപദേശം നാവില്‍ നിന്നു വിട്ടുകടക്കാത്തതാണ്. അതുകൊണ്ടു തന്നെ ഉപദേശിക്കുന്നവരും പ്രഭാഷണം നടത്തുന്നവരും തങ്ങളുടെ ജീവിതം അല്ലാഹുവെ അനുസരിക്കുന്നതിന് സമര്‍പ്പിക്കുകയെന്നത് അനിവാര്യമാണ്. അല്ലാത്ത പക്ഷം അവന്റെ വാക്കുകള്‍ക്ക് ഒരു സ്വാധീനവും ഉണ്ടാവുകയില്ല. അവന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു വിലയും ഉണ്ടാവുകയില്ല. ഉപദേശത്തിന്റെ പ്രായോഗിക രൂപം ഉപദേശകന്റെ സ്വഭാവത്തില്‍ കാണാന്‍ ജനങ്ങള്‍ ആഗ്രഹിക്കും. അങ്ങനെ കാണുമ്പോഴാണ് അതവരെ സ്വാധീനിക്കുക. എത്രയോ പ്രസംഗങ്ങളും ക്ലാസുകളും അവര്‍ കേട്ടിരിക്കുന്നു അവയുടെ കൂട്ടത്തില്‍ ഒന്നു മാത്രമായി അതും അവശേഷിക്കും. പ്രവാചകന്‍(സ)യുടെ സ്വഭാവത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ആഇശ(റ) നല്‍കിയ മറുപടി അദ്ദേഹത്തിന്റെ സ്വഭാവം ഖുര്‍ആനാണെന്നതായിരുന്നു. ഖുര്‍ആന്റെ ജീവിക്കുന്ന പതിപ്പായിരുന്നു അദ്ദേഹം.

യാഥാര്‍ഥ്യ ലോകത്ത് നിന്നായിരിക്കണം ഉപദേശിക്കുന്നവന്‍ സംസാരിക്കേണ്ടത്. സംഭവലോകവുമായി ബന്ധമില്ലാത്ത വരണ്ട ഉപദേശങ്ങളാവരുത് അവ. താന്‍ മുന്നോട്ട് വെക്കുന്ന ആശയങ്ങളെ ശക്തിപ്പെടുത്തുന്ന സംഭവങ്ങള്‍ ഉദാഹരിക്കണം. സമൂഹത്തിന്റെ മുറിവുകള്‍ക്കും ജനങ്ങളുടെയും സംഘങ്ങളുടെയും രോഗങ്ങള്‍ക്കും മേല്‍ ഉപദേശകന്റെ കയ്യെത്തണം. അതോടൊപ്പം നന്മ കല്‍പ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യണം. തന്റെ ഭരണാധികാരി ഇഷ്ടപ്പെടുന്നത് പറയുകയും അവരെ പ്രകോപിക്കുന്നത് പറയാതിരിക്കുകയും ചെയ്യുന്ന രാജാക്കന്‍മാരുടെ ഉപദേശകരെ പോലെ ഒരിക്കലും ആവരുത്. ജനങ്ങള്‍ക്ക് അല്ലാഹുവിന്റെ ദീന്‍ എത്തിക്കുന്നതിന് സത്യം പറയുന്നിടത്ത് മറ്റുള്ളവരുടെ ഇഷ്ടവും വെറുപ്പും അവനെ അലട്ടേണ്ടതില്ല. ഇമാം ഗസ്സാലി പറയുന്നു : ‘അറിവുണ്ടെന്ന് വാദിക്കുന്നവരോ അല്ലെങ്കില്‍ മിമ്പറുകളില്‍ കയറുകയോ ചെയ്ത എല്ലാവരും ഉപദേശകരല്ല. ഉപദേശം സകാത്താണ്, ഉപദേശം സ്വീകരിക്കലാണ് അതിന്റെ നിസ്വാബ്. നിസ്വാബ് എത്താത്തവന്‍ എങ്ങിനെ സകാത്ത് നല്‍കും? വെളിച്ചം നഷ്ടപ്പെട്ടവന്‍ എങ്ങനെ വെളിച്ചം പകരും? വളഞ്ഞ വടിക്കെങ്ങനെ വളവില്ലാത്ത നിഴലുണ്ടാകും?

വിവ: നസീഫ് തിരുവമ്പാടി

Related Post