ഹിജാബിന്റെ തത്വശാസ്ത്രം

 

മുസ്‌ലിംകള്‍ക്കും അമുസ്‌ലിംകള്‍ക്കുമിടിയില്‍ ഒരു പോലെ Hijaabതെറ്റിധരിക്കപ്പെട്ടിട്ടുള്ള ഒന്നാണ് ഹിജാബ്. ഖുര്‍ആനും

പ്രവാചകചര്യയും അത് വരച്ച് കാണിക്കുന്നത് പോലെ അവരതിനെ മനസിലാക്കാത്തതാണ് അതിന്റെ കാരണം. ചില മുസ്‌ലിംകള്‍ മനസിലാക്കിയിരിക്കുന്നത് സ്ത്രീയെ ജീവനോടെ കുഴിച്ച് മൂടലായിട്ടാണ് അതിനെ മനസിലാക്കുന്നത്. ഒരിക്കലും അവള്‍ വീടിന് പുറത്തിറങ്ങരുതെന്ന് അവര്‍ ശാഠ്യം പിടിക്കുന്നു. അവരെ ആരും കാണാന്‍ പാടില്ലാത്തത് പോലെ അവര്‍ ആരെയും കാണാന്‍ പാടില്ല. സാമൂഹികമോ സാമ്പത്തികമോ വൈജ്ഞാനികമോ ആയ ഒരു പരിപാടിയിലും അവള്‍ പങ്കെടുക്കല്‍ അനുവദനീയമല്ല. അവര്‍ക്ക് മുമ്പുള്ളവരുടെ തെറ്റിധാരണകളെ അവരും പിന്തുടരുകയായിരുന്നു.

മുസ്‌ലിംകളല്ലാത്ത മറ്റുചിലര്‍ മനസിലാക്കുന്നത് അതൊരു രാഷ്ട്രീയമോ സാമുദായികമോ മതപരമോ ആയ അടയാളമാണ്. മറ്റു സ്ത്രീകളില്‍ നിന്ന് മുസ്‌ലിം സ്ത്രീകളെ വേര്‍തിരിക്കുന്നതിനുള്ള ഒന്നായിട്ടാണതിനെയവര്‍ കാണുന്നത്. സാമൂഹികമായി അവരെ വേര്‍തിരിക്കുന്നതിനുള്ള ഒന്നായിട്ടാണവരതിനെ കാണുന്നത്.
ഇരുവിഭാഗങ്ങള്‍ക്കും അവരുടെ വീക്ഷണങ്ങളില്‍ തെറ്റുപറ്റിയിരിക്കുകയാണ്. സ്ത്രീ സുന്ദരവും ആകര്‍ഷകവുമായ സൃഷ്ടിയാണ്. അല്ലാഹു അവരില്‍ നിക്ഷേപിച്ചിരിക്കുന്ന സ്‌ത്രൈണത അവളുടെ ആകര്‍ഷണീയത്. പുരുഷന്‍മാര്‍ അവളിലേക്ക് ആകര്‍ഷിക്കപ്പെടുകയെന്നത് പ്രകൃതിയുടെ ഭാഗമാണ്. സ്ത്രീ-പുരുഷന്‍മാര്‍ക്കിടയിലെ ബന്ധം എന്നെന്നും നിലനിര്‍ത്തലും ആസ്വാദനവുമാണ് അത് ലക്ഷ്യമാക്കുന്നത്.

സ്ത്രീ പുരുഷന്‍മാര്‍ക്കിടയില്‍ വിശുദ്ധമായ ബന്ധം നിലനിര്‍ത്തുകയെന്നതാണ് അവര്‍ക്കിടയില്‍ പരസ്പരാകര്‍ഷണീയത സൃഷ്ടിച്ചതിന്റെ യുക്തി. വിവാഹമാണ് വിശുദ്ധമായ പ്രസ്തുത ബന്ധം. അതിലൂടെയാണ് കുടുംബം രൂപപ്പെടുന്നതും സന്താനോല്‍പാദനവും അവരുടെ പരിപാലനവും സംസ്‌കരണവും നടക്കുന്നത്. കണ്ണുകൊണ്ടും കാണുന്നതിലൂടെയും ശരീരം പരസ്പരം ചേരുന്നതിലൂടെയും ആസ്വാദനമെന്നത് നടക്കുന്നു. എന്നാല്‍ വിവാഹം മുഖേനെയല്ലാതെയുള്ള ആസ്വാദനമെല്ലാം മനുഷ്യന്‍ ആണാകട്ടെ പെണ്ണാകട്ടെ മനുഷ്യന്റെ മനുഷ്യത്വത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്.
ഇസ്‌ലാമും മുന്‍കഴിഞ്ഞ മറ്റു ദൈവിക ശരീഅത്തുകളും ദര്‍ശനങ്ങളുമെല്ലാം സ്ത്രീപുരുഷ ബന്ധത്തിലെ ആസ്വാദനം വിവാഹബന്ധത്തില്‍ പരിമിതപ്പെടുത്തണമെന്നതില്‍ യോജിക്കുന്നുണ്ട്. വിവാഹബന്ധത്തിലൂടെ അല്ലാഹു ആദരണീയമായ സ്ഥാനം നല്‍കിയ മനുഷ്യന്റെ ആദരവിനെ ഇടിച്ചു താഴ്ത്തുകയാണ് മ്ലേച്ഛവൃത്തികള്‍ ചെയ്യുന്നത്. യുക്തിഭദ്രമായ ഈ ഉദ്ദേശ്യം സാക്ഷാത്കരിക്കുന്നതിനാണ് സ്ത്രീ അവളുടെ ശരീരത്തിന്റെ ആകര്‍ഷണീയമായ ഭാഗങ്ങള്‍ അന്യരില്‍ നിന്ന് മറക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നത്. മറ്റുള്ളവരുടെ വികാരങ്ങളെ ഇളക്കുന്നതും അവര്‍ക്ക് തെറ്റായ പ്രേരണകള്‍ നല്‍കുന്നതുമായ രൂപത്തില്‍ വസ്ത്രം ധരിക്കുന്നതില്‍ നിന്നും അവരെയത് വിലക്കുന്നു.

സ്ത്രീകളോട് അവരുടെ ശരീരം മറക്കാന്‍ ഇസ്‌ലാം കല്‍പിക്കുന്നു. തിരിച്ചറിയുന്നതിനായി അവള്‍ക്ക് മുഖവും ജോലികള്‍ ചെയ്യുന്നതിനായി അവളുടെ കൈകളും അവള്‍ക്ക് വെളിവാക്കാം. ഇവയൊഴികെയുള്ള ഭാഗങ്ങളാണ് അവര്‍ മറക്കേണ്ടത്. അവളുടെ ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് രോഗാതുരമായ ഹൃദയങ്ങളുടെ ആളുകള്‍ക്ക് ഒരു നേരംപോക്കായിരിക്കും. സാമൂഹ്യനിര്‍മ്മിതിയില്‍ മുഖ്യപങ്കു വഹിക്കേണ്ട സ്ത്രീകള്‍ അവളുടെ സ്ഥാനത്തിന് നിരക്കാത്ത പ്രശ്‌നങ്ങള്‍ക്ക് കാരണക്കാരിയായി മാറുകയാണ് ചെയ്യുന്നത്.
പുരുഷന്റെ കൂടെ സ്ത്രീ ജോലി ചെയ്യുന്നത് അവളുടെ കഴിവുകളേക്കാള്‍ ഉപരിയായി അവളുടെ സൗന്ദര്യത്തിലും ശരീരഭാഗങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് കാരണമാകുന്നു. പലപ്പോഴും അതിന് നല്‍കുന്ന അമിത പ്രാധാന്യം തന്റെ ഭാര്യയെയും കുടുംബത്തെയും വരെ അവഗണിക്കുന്നതിലേക്ക് വരെ നയിക്കുന്നു. സമൂഹത്തില്‍ ദൗര്‍ബല്യവും അധപതനവുമാണത് ഉണ്ടാക്കുക.
പാശ്ചാത്യ പൗരസ്ത്യ സമൂഹങ്ങളില്‍ ധാര്‍മികാധപതനം അതിന്റെ പരമാവധിയിലെത്തിയിരിക്കുകയാണെന്നത് വളരെ ദുഖകരമാണ്. ഭയാനകമായ രീതിയിലാണ് അവിടെ മ്ലേഛതകള്‍ വ്യാപിക്കുന്നത്. ദൈവികദര്‍ശനങ്ങളെല്ലാം തന്നെ യോജിച്ച ഉന്നതമായ അടിസ്ഥാന മൂല്യങ്ങളെ കൈവെടിഞ്ഞതിന്റെ ഫലം തന്നെയാണത്. അവയുടെ അധ്യാപനങ്ങളെല്ലാം ഇന്നും ആശ്രമ കവാടങ്ങളിലും ദേവാലയ ചുമരുകളിലും നിലനില്‍ക്കുന്നു. ഇതിനെ കുറിച്ച് ബോധവതികളായ മുസ്‌ലിം സ്ത്രീകള്‍ അതിനെ പ്രാവര്‍ത്തികമാക്കുന്ന പോലെ ക്രിസ്ത്യന്‍ അധ്യാപനങ്ങളനുസരിച്ച് ജീവിക്കുന്ന കന്യാസ്ത്രീകളും പ്രാവര്‍ത്തികമാക്കുന്നുണ്ട്.
സ്ത്രീയെ അമൂല്യമായ രത്‌നമായിട്ടാണ് ഇസ്‌ലാം കാണുന്നത്. രത്‌നങ്ങള്‍ വളരെ സുരക്ഷിതമായി സംരക്ഷിക്കപ്പെടേണ്ടതാണ്. തോന്നിയവര്‍ക്കെല്ലാം തോന്നിയപോലെ പെരുമാറാനുള്ള ഒന്നല്ല. ലജ്ജയും നാണവും നൈര്‍മ്മല്യവും അടങ്ങുന്ന അവളുടെ പ്രകൃതത്തോട് പൂര്‍ണ്ണമായി യോജിക്കുന്ന ഒന്നാണ് ഈ താരതമ്യം. അതുകൊണ്ട് തന്നെ വഴിതെറ്റിയ ആളുകളുടെ കണ്ണുകള്‍ക്ക് അവള്‍ ഇരയാകുന്നത് അവളെ വേദനിപ്പിക്കുന്ന കാര്യമാണ്.

അതുകൊണ്ട് തന്നെ ചില രാജ്യങ്ങള്‍ ഹിജാബ് ധരിക്കാനുള്ള സ്ത്രീയുടെ അവകാശത്തെ തടയുന്നതിനെതിരെ ഇസ്‌ലാമിക രാഷ്ട്രങ്ങളും മനുഷ്യാവകാശ സംഘടനകളും പ്രതികരിക്കുന്നത്. ഹിജാബ് ഒരു മതചിഹ്നമായിരിക്കുന്നടത്തോളം കാലം ഹിജാബ് ധരിക്കാന്‍ സ്ത്രീകള്‍ക്ക് അവകാശമുണ്ടായിരിക്കുന്നതാണ്. കാരണം എല്ലാ മതങ്ങള്‍ക്കും അവരുടെ മതചിഹ്നങ്ങള്‍ വഹിക്കുന്നതിന് അവകാശമുണ്ടെന്നത് മനുഷ്യാവകാശങ്ങളുടെ അടിസ്ഥാനങ്ങള്‍ ഉറപ്പ് വരുത്തുന്നതാണ്.
സ്ത്രീകള്‍ക്ക് അവരിഷ്ടപ്പെടുന്ന തരത്തിലുള്ള വസ്ത്രം ധരിക്കാന്‍ മുസ്‌ലിംകള്‍ അനുവാദം നല്‍കുന്നത് വളരെ അത്ഭുതകരമാണ്. ദീനിനിഷ്ഠ പുലര്‍ത്തുന്ന ഇസ്‌ലാമികാധ്യാപനങ്ങള്‍ മുറുകെ പിടിക്കുന്ന സ്ത്രീകള്‍ക്ക് മാന്യമായ വിധത്തില്‍ ശരീരം മറക്കാത്ത തരത്തിലുള്ള വസ്ത്രങ്ങള്‍ തെരെഞ്ഞെടുക്കാവതല്ല.

പ്രൊഫ. അലി മുഹമ്മദ് സൈനൂ
വിവ: അഹ്മദ് നസീഫ് തിരുവമ്പാടി
Islam Onlive

 

Related Post