അബ്ദുര്‍റഹ്മാന്‍ സമീത്വ്

അബ്ദുര്‍റഹ്മാന്‍ സമീത്വ് നമ്മെ പഠിപ്പിച്ചത്

ഡോ.സല്‍മാന്‍ ബിന്‍ ഫഹദ് അല്‍ഔദ ar samer

പ്രമുഖ പണ്ഡിതനായിരുന്ന അബ്ദുര്‍റഹ്മാന്‍ സമീത്വ് സര്‍വാതിശായിയായ വ്യക്തിത്വത്തിന് ഉടമയായിരുന്നു. വിനയവും ലാളിത്യവുമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. മറ്റുള്ളവരെ അപേക്ഷിച്ച് തനിക്ക് പ്രത്യേകമായൊന്നുമില്ല എന്ന കാഴ്ചപ്പാട് പുലര്‍ത്തിയിരുന്നു അദ്ദേഹം. അദ്ദേഹത്തെക്കുറിച്ച് ധാരാളം വിവരണങ്ങള്‍ എഴുതപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ജനനവും, വളര്‍ച്ചയും, ജീവിതവും, സംഭാവനകളും, യാത്രകളും, അനുഭവങ്ങളുമെല്ലാം അവയില്‍ വിഷയീഭവിച്ചു. അദ്ദേഹത്തിന്റെ കൂടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിച്ചവരോ, അതെപ്പറ്റി ശ്രവിച്ചവരോ ആണ്  എഴുതിയവരില്‍ അധികവും. ജനസേവനത്തിനായി ജീവിതമുഴിഞ്ഞുവെച്ച, ജനങ്ങളോട് അടുത്തിടപഴകിയ, അവരുമായി സന്തോഷവും സന്താപവും പങ്കുവെച്ച അപൂര്‍വം ചിലരില്‍ ഒരാളാണ് അദ്ദേഹം. അവര്‍ പറഞ്ഞതും എഴുതിയതും -അവ വളരെ മനോഹരമാണെങ്കില്‍ പോലും- ഇവിടെ ആവര്‍ത്തിക്കാന്‍ ഞാനുദ്ദേശിക്കുന്നില്ല. എന്നാല്‍ എന്റെ പ്രിയസുഹൃത്തും, ഉസ്താദുമായ അദ്ദേഹത്തിന്റെ ഏതാനും ചില സവിശേഷതകള്‍ ഇവിടെ സൂചിപിക്കാന്‍ ആഗ്രഹിക്കുന്നു.

ആത്മാര്‍ത്ഥതയും സദുദ്ദേശ്യവുമാണ് അദ്ദേഹത്തിന്റെ സവിശേഷതകളില്‍ പ്രഥമമായി എടുത്തുപറയേണ്ടവ. പ്രശസ്തിയോ, സ്ഥാനമാനമോ, ആദരവോ ആഗ്രഹിക്കാതെ ദൈവികപ്രീതി മാത്രം കാംക്ഷിച്ച് പണിയെടുത്തുവെന്നത്  അദ്ദേഹത്തിന്റെ സവിശേഷതയാണ്.. തനിക്ക് വേണ്ടി പരിപാടികള്‍ സംഘടിപ്പിക്കുന്നതോ, തന്റെ പേരില്‍ എവിടെയെങ്കിലും റോഡ് നിര്‍മിക്കുന്നതോ, സ്ഥാപനമുണ്ടാക്കുന്നതോ ഒന്നും അദ്ദേഹം ഉദ്ദേശിച്ചിട്ടില്ല.

ഏതെങ്കിലും സവിശേഷമേഖലയില്‍  കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. സാമൂഹിക സേവനങ്ങള്‍ക്കും പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ഗണന നല്‍കിയ അദ്ദേഹം അതിനായി എല്ലാവരാലും അവഗണിക്കപ്പെട്ട ആഫ്രിക്കന്‍ ഭൂഖണ്ഡം തന്നെ തെരഞ്ഞെടുത്തു. കുഴികുഴിച്ച്, അടിത്തറ പടുത്ത്, സ്ഥാപനമുണ്ടാക്കി, അവിടത്തെ ജനങ്ങളെ പഠിപ്പിച്ച് തന്റെ മരണശേഷവും നിലനില്‍ക്കുന്ന മഹത്തായ അടയാളങ്ങള്‍ അവശേഷിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. പരസ്പര ബന്ധമില്ലാത്ത വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി സമയം പാഴാക്കിയില്ല അദ്ദേഹം.

പ്രയാസങ്ങള്‍ സഹിക്കാനും, ക്ഷമയോടെ നിലകൊള്ളാനും അദ്ദേഹം തയ്യാറായിരുന്നു. ഒരിക്കല്‍ കൂട്ടിലടക്കപ്പെട്ട കിളിയുടേതുപോലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. പക്ഷെ ചികിത്സയെല്ലാം അവഗണിച്ച് തനിക്ക് പ്രിയങ്കരമായ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങിത്തിരിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. പേരക്കുട്ടികളുടെ പ്രായത്തിലുള്ള ചില യുവാക്കള്‍ അദ്ദേഹത്തിന്റെ അഭിമാനത്തെ വ്രണപ്പെടുത്തുകയും അദ്ദേഹത്തിന് നേരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്‌തെങ്കിലും തന്റെ പ്രവര്‍ത്തനത്തില്‍ നിന്നകന്നുനില്‍ക്കാനോ, അവ ഉപേക്ഷിക്കാനോ അദ്ദേഹം തയ്യാറായില്ല.

വേദനകള്‍ കുത്തിനോവിക്കാത്ത വലിയ ഹൃദയത്തിന്റെ ഉടമയായിരുന്നു എന്നത് അദ്ദേഹത്തിന്റെ മറ്റൊരു സവിശേഷതയാണ്. തനിക്ക് താങ്ങാനാവാത്ത ഉത്തരവാദിത്തം നിര്‍വഹിക്കുമ്പോഴും അങ്ങേയറ്റത്തെ പ്രതീക്ഷയും, ഉയര്‍ന്ന സ്വപ്‌നവും അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു. ജനങ്ങളുടെ വിഷമങ്ങളും, പ്രയാസങ്ങളും ഏറ്റെടുത്ത ആ ഹൃദയം അവസാനം നിശ്ചലമായി. ശരീരം ശാന്തിയുടെ തീരങ്ങള്‍ പുല്‍കി. എത്താന്‍ കഴിയുന്ന എല്ലാ മുക്കുമൂലകളിലും ചെന്ന് തന്നാലാകുംവിധം നന്മകള്‍ പൂര്‍ത്തീകരിച്ച ശേഷമായിരുന്നു അത്. മഹാനായ ആ പടയാളി വിടവാങ്ങിയെങ്കിലും അദ്ദേഹം രചിച്ച ഏടുകള്‍ ഏവരുടെയുംമുമ്പില്‍തുറന്നുകിടക്കുകയാണ്.

 

Related Post