
വിവര സാങ്കേതികവിദ്യയുടെ വളര്‍ച്ചക്കൊപ്പം ലോകം അതിവേഗം മാറുകയാണ്. ഈ മാറ്റത്തിന്റെ ഗതി എങ്ങോട്ടാണെന്ന് നിര്‍വചിക്കാന്‍ പോലും സാധ്യമാകാത്ത രീതിയിലാണ് വേഗത. അതോടൊപ്പം അസ്ഥിരതയും പുതുയുഗത്തിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നു. ആഗോളവല്ക്കരണവും അതുയര്‍ത്തുന്ന വെല്ലുവിളികളും ഒരുവശത്ത്. ഒപ്പം ടെക്നോളജിയുടെ കടന്നുകേറ്റത്തിലൂടെ പ്രത്യക്ഷമാകുന്ന പുതിയ അധിനിവേശങ്ങളുടെ അപായസൂചനകള്‍ മറുവശത്ത്. ടെക്നോളജിയുടെ ദുരുപയോഗത്തിലൂടെ സാമൂഹിക, സാംസ്ക്കാരിക രംഗങ്ങളില്‍ പ്രകടമാകുന്ന മൂല്യശോഷണം കണ്ടില്ലെന്ന് നടിക്കാന്‍ നമുക്കാവില്ല. ടെക്നോളജി ഉയര്‍ത്തുന്ന ഈ വെല്ലുവിളികളെ ടെക്നോളജി കൊണ്ടുതന്നെ നേരിടുക എന്നതാണ് നമ്മുടെ മുമ്പിലുള്ള ഒരേയൊരു വഴി. അതിനാല്‍ തന്നെ വിവരസാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഇസ്ലാമിക പ്രവര്‍ത്തനങ്ങളില്‍ പ്രയോജനപ്പെടുത്താനുള്ള ഏത് ശ്രമവും അങ്ങേയറ്റം പ്രാധാന്യമര്‍ഹിക്കുന്നു.
ആഗോളവല്‍ക്കരണം യാഥാര്‍ഥ്യമായി പടിവാതിലിലെത്തുമ്പോള്‍ പുറംതിരിഞ്ഞ് നില്ക്കുന്നവര് അതിന്റെ ഇരകളായിത്തീരുമെന്ന വസ്തുത മറക്കരുത്. ലോകത്തെ വന്‍കിട രാഷ്ട്രങ്ങളും കുത്തക സ്ഥാപനങ്ങളുമൊക്കെതന്നെ ഇന്ന് ഐ.ടിയെയാണ് തങ്ങളുടെ മുഖ്യ മാധ്യമവും ആയുധവുമായി ഉപയോഗപ്പെടുത്തുന്നത്. വിദ്യാഭ്യാസ രംഗത്ത് മാത്രല്ല, സാമ്പത്തിക രംഗം മുതല്‍ യുദ്ധരംഗത്ത് വരെ വിവര സാങ്കേതിക വിദ്യ ആധിപത്യമുറപ്പിച്ചുകഴിഞ്ഞു.
ഇന്‍ഫര്‍മേഷന്‍ ടെക്നോജളിക്ക് സ്വതന്ത്രമായ നിലനില്പില്ലെന്നതാണ് വാസ്തവം. അത് ടെലികമ്മ്യൂണിക്കേഷന്‍ ടെക്നോളജിയുമായി കൂട്ടുകൂടിയപ്പോഴാണല്ലോ നമുക്ക് ഇന്റര്‍നെറ്റും വേള്‍ഡ് വൈഡ് വെബുമൊക്കെ ലഭിച്ചത്. അങ്ങനെ ‘ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ടെക്നോളജി’ (വിവര സംവേദന സാങ്കേതികവിദ്യ) രൂപപ്പെട്ടു. അതിന്റെ തണലില്‍ ലോകത്ത് അരങ്ങേറിയ വിവര വിപ്ളവത്തിന് നാം സാക്ഷികളാണ്. കാര്‍ഷിക വിപ്ളവത്തിനും വ്യവസായ വിപ്ളവത്തിനും ശേഷമുള്ള മൂന്നാം തരംഗമായിട്ടാണ് നീരീക്ഷകര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്.
അടുത്ത ഊഴം ബയോടെക്നോളജിയുടെതാണ്. ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയും ബയോടെക്നോളജിയും കൂട്ടുചേരുന്നതോടെ ഇന്നത്തെ കമ്പ്യൂട്ടറും ഇതര ഇലക്ട്രോണിക് ഉപകരണങ്ങളും ജൈവ ഉപകരണങ്ങളായി രൂപപ്പെടുമെന്നാണ് നിരീക്ഷണം. രണ്ട് ടെക്നോളജിയും സമന്വയിക്കുന്ന ‘ബയോഇന്‍ഫര്‍മാറ്റിക്സ്’ രംഗം ഇന്ന് ഏറെ വികസിച്ചുവരികയാണ്. ഔഷധ നിര്‍മാണരംഗത്തും അന്തക വിത്തുകള്‍ ഉല്പാദിപ്പിക്കുന്നതിലും മാത്രല്ല, ജീവനെസ്സംബന്ധിച്ച അടിസ്ഥാന ധാരണയുണ്ടാക്കിയെടുക്കാന്‍ തന്നെ ഈ പഠനം വഴിയൊരുക്കുമത്രെ. ഈ മേഖലയിലെ ഗവേഷണങ്ങള്‍ക്കാവശ്യമായ വന്‍ വിവരശേഖരത്തെ ക്രോഡീകരിക്കാനും അപഗ്രഥിക്കാനും വിവരസാങ്കേതിക വിദ്യക്ക് സാധ്യമായിരിക്കുന്നു. മനുഷ്യശരീരത്തിലെ അടിസ്ഥാന ജീനുകള്‍ തിരിച്ചറിഞ്ഞ് ശ്രേണീപരമായി അടയാളപ്പെടുത്തുന്ന ‘ഹ്യൂമണ്‍ ജീനോ മാപ്പിംഗ്’ ഏറെക്കറെ സാധ്യമായിരിക്കുന്നുവെന്നാണ് ശാസ്ത്രലോകം അവകാശപ്പെടുന്നത്. ജൈവ ശാസ്ത്രരംഗത്തും ചികില്‍സാ രംഗത്തും ഇത് വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും.
വിവര വിദ്യക്കൊപ്പം ജൈവ സാങ്കേതിക വിദ്യ കൂടി പ്രയോജനപ്പെടുത്തി ജൈവ-ഇലക്ട്രോണിക് ഉപകരണങ്ങള്‍ സാധ്യമാണോ എന്നിടത്തേക്കാണ് പുതിയ ഗവേഷണങ്ങള്‍ നീങ്ങുന്നത്. വരാനിരിക്കുന്ന ഈ ജൈവ വിപ്ളവം ലോകത്ത് വരുത്തി വെക്കുന്ന മാറ്റങ്ങളും അതുമുഖേന സാധ്യമാകുന്ന നേട്ടങ്ങളും അതോടൊപ്പം അതിന്റെ അത്യന്തം ഭീബല്സമായ ഭവിഷ്യത്തുകളും എന്തെല്ലാമായിരിക്കുമെന്ന് ഇപ്പോള്‍ പ്രവചിക്കാന്‍ ആര്‍ക്കും സാധ്യമാവില്ല. മൂല്യങ്ങള്‍ക്ക് ഒട്ടും വിലകല്പിക്കാത്തൊരു ലോകക്രമത്തില്‍ ഇത്തരം ടെക്നോളജികള്‍ മനുഷ്യനെ നയിക്കുന്നത് എങ്ങോട്ടായിരിക്കുമെന്നതും ആശങ്ക ഉളവാക്കുന്നു.
Arabic
English
Spanish
Russian
Romanian
Hindi
Tagalog
Bengali
Sinhalese
Nepali
