നോമ്പിന്റെ മര്യാദകള്‍

നോമ്പനുഷ്ഠിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ്

ചുവടെ.

1. പാതിരാ ഭക്ഷണം (السحور)


നോമ്പനുഷ്ഠിക്കുന്നവര്‍ വെളുപ്പാന്‍ നേരത്തിന് മുമ്പായി എന്തെങ്കിലും ഭക്ഷിക്കുന്നതു നല്ലതാണ്. രാത്രി
പാതിയായതുമുതല്‍ പ്രഭാതോദയത്തിനു മുമ്പുവരെയാണ് അതിന്റെ സമയം. നബി(സ) പറഞ്ഞതായി അബൂസഈദില്‍ ഖുദ്രി (റ) പറയുന്നു:

(പാതിരാഭക്ഷണം അനുഗ്രഹമാണ്. അതിനാല്‍ അത് ഉപേക്ഷിക്കരുത്. അത് ഒരിറക്ക് വെള്ളം കുടിച്ചുകൊണ്ടായാലും മതി. കാരണം, പാതിരാഭക്ഷണം കഴിക്കുന്നവരെ അല്ലാഹു അനുഗ്രഹിക്കുന്നു. മലക്കുകള്‍ അവര്‍ക്ക് അനുഗ്രഹത്തിനായി പ്രാര്‍ഥിക്കുന്നു.)

കിഴക്കെ ചക്രവാളത്തില്‍ പ്രകാശത്തിന്റെ ആദ്യകിരണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതാണ് പ്രഭാതം. പ്രഭാതമായെന്ന് മനസ്സിലാകുംവരെ ഭക്ഷണം കഴിക്കാം. അതുവഴി നോമ്പിന് ഭംഗം വരുന്നില്ല. പ്രഭോതോദയത്തിനു ശേഷം ഭക്ഷണം കഴിക്കാവതല്ല.

ഖുര്‍ആന്‍ പറയുന്നു:

(കറുത്ത രേഖയില്‍നിന്ന് പ്രഭാതമാകുന്ന വെള്ളിരേഖ പ്രത്യക്ഷപ്പെട്ടതായി നിങ്ങള്‍ക്ക് വ്യക്തമാകുംവരെ തിന്നുകയുംകുടിക്കുകയും ചെയ്തുകൊള്ളുക. പിന്നെ രാത്രിവരെ നോമ്പ് പൂര്‍ത്തിയാക്കുക البقرة:187))

ഈ ഭക്ഷണം പ്രഭാതോദയത്തിന് തൊട്ടുമുമ്പാവുന്നതാണ് ഉത്തമം. അംറുബ്നുമൈമൂന്‍ (റ) പറയുന്നു:

(നബി (സ)യുടെ അനുചരര്‍ വേഗം നോമ്പ്മുറിക്കുന്നവരും വൈകിമാത്രം പാതിരാഭക്ഷണംകഴിക്കുന്നവരുമായിരുന്നു.)

2. അസ്തമയം ഉറപ്പായാല്‍ വേഗം നോമ്പ് മുറിക്കുക. നബി (സ) പറഞ്ഞതായി സഹ്ലുബ്നു സഅദ് (റ) ഉദ്ധരിക്കുന്നു:(വേഗത്തില്‍ നോമ്പ് മുറിക്കുന്ന കാലത്തോളം ജനങ്ങള്‍ ന•യിലായിരിക്കും.)

നോമ്പ് മുറിക്കുന്നത് ഈത്തപ്പഴം തിന്നുകൊണ്ടോ അതില്ലാത്തപക്ഷം വെള്ളം കുടിച്ചുകൊണ്ടോ ആവുന്നതും ഈത്തപ്പഴം ഒന്ന്, മൂന്ന് എന്നിങ്ങനെ ഒറ്റയാവുന്നതും നല്ലതാണ്. അനസ് (റ) പറയുന്നു:

(നബി(സ) നമസ്കരിക്കുംമുമ്പ് ഏതാനും ‘റുത്വബ്’ തിന്നുകൊണ്ട് നോമ്പു മുറിക്കുകയായിരുന്നു പതിവ്. ‘റുത്വബ്’ ഇല്ലെങ്കില്‍ ഈത്തപ്പഴം തിന്നുകൊണ്ട് . അതുമില്ലെങ്കില്‍ ഏതാനും ഇറക്ക് വെള്ളം കുടിക്കും.)

ഇവ്വിധം ലഘുവായി നോമ്പ് തുറന്ന് നമസ്കരിച്ചശേഷം ആവശ്യത്തിന് ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. ഭക്ഷണം എടുത്തുവെച്ചിട്ടുണ്ടെങ്കില്‍ ഭക്ഷണാനന്തരം നമസ്കരിക്കുന്നതാണ് ഉത്തമം. നബി(സ) പറഞ്ഞതായി അനസ് (റ) ഉദ്ധരിക്കുന്നു:

(ഭക്ഷണം മുമ്പില്‍ കൊണ്ടുവെച്ചിട്ടുണ്ടെങ്കില്‍ മഗ്രിബ് നമസ്കരിക്കും മുമ്പ് നിങ്ങള്‍ അതു കഴിച്ച് തുടങ്ങുക.

ഭക്ഷണത്തിനുമുമ്പ് ധൃതിയില്‍ നമസ്കരിക്കണമെന്നില്ല.)

3. നോമ്പ് സമയങ്ങളിലും നോമ്പ് മുറിക്കുമ്പോഴും പ്രാര്‍ഥിക്കുക. നബി (സ) പറയുന്നു:

(മൂന്നുപേരുടെ പ്രാര്‍ഥന തള്ളിക്കളയുകയില്ല. നോമ്പുകാരന്റെ പ്രാര്‍ഥന, അയാള്‍ നോമ്പുമുറിക്കുംവരെ; നീതിമാനായ ഭരണാധികാരി; മര്‍ദ്ദിതന്‍.)

4. നോമ്പിന് ഇണങ്ങാത്ത കാര്യങ്ങള്‍ ഉപേക്ഷിക്കുക. നബി (സ) പറഞ്ഞതായി അബൂഹുറൈറ (റ) ഉദ്ധരിക്കുന്നു:

(തീനും കുടിയും ഉപേക്ഷിക്കലല്ല വ്രതം. അനാവശ്യവാക്കും പ്രവര്‍ത്തിയും ഉപേക്ഷിക്കലാണ് വ്രതം. ആരെങ്കിലും നിന്നെ അസഭ്യം പറഞ്ഞാല്‍ അല്ലെങ്കില്‍ നിന്നോട് അവിവേകം ചെയ്താല്‍ ഞാന്‍ നോമ്പുകാരനാണ്, ഞാന്‍ നോമ്പുകാരനാണ് എന്ന് പറഞ്ഞേക്കുക.)

5. നോമ്പുള്ളപ്പോള്‍ പല്ലുതേച്ച് വായ വൃത്തിയാക്കുക. ഉച്ചയ്ക്കു മുമ്പ്, ശേഷം എന്ന ഭേദം ഇക്കാര്യത്തിലില്ല. ആമിറുബ്നു റബീഅ (റ) പറയുന്നു:

(കണക്കാക്കാനാവാത്തത്ര തവണ, നോമ്പുകാരനായിരിക്കെ നബി (സ) ദന്തശുദ്ധി വരുത്തുന്നതു ഞാന്‍ കണ്ടിട്ടുണ്ട്്.)

6. ഖുര്‍ആന്‍ പഠന പാരായണവും ദാനവും

ഖുര്‍ആന്‍ പഠനം, പാരായണം, ദാനം എന്നിവയ്ക്ക് നോമ്പുകാലത്ത് സവിശേഷ പ്രാധാന്യമുണ്ട്്. ഇബ്നു അബ്ബാസ് (റ) പറയുന്നു:

(നബി (സ) ജനങ്ങളില്‍ ഏറ്റവും വലിയ ഉദാരനായിരുന്നു. നബി(സ) കൂടുതല്‍ ഉദാരനാവുക റമദാനില്‍ ജിബ്രീല്‍ അദ്ദേഹത്തെ വന്നുകാണുമ്പോഴായിരുന്നു. ജിബ്രീലാകട്ടെ റമദാനില്‍ എല്ലാ രാത്രിയിലും നബി(സ)യുടെ അടുക്കല്‍ വന്ന് ഖുര്‍ആന്‍ പാരായണം ചെയ്യിക്കും. അപ്പോള്‍ നബി(സ) അടിച്ചുവീശുന്ന കാറ്റിനെക്കാള്‍ ഉദാരനായിരിക്കും.)

fastind days

7. റമദാനിന്റെ അവസാനത്തെ പത്തുദിവസങ്ങളില്‍ ആരാധനയില്‍ കൂടുതല്‍ മുഴുകുക. ആയിശ (റ) പറയുന്നു:

(അവസാനത്തെ പത്തുദിവസങ്ങളില്‍ നബി (സ) രാത്രി സജീവമാക്കും. വീട്ടുകാരെ വിളിച്ചുണര്‍ത്തും, അരമുറുക്കിയുടുക്കും.) രാത്രി നമസ്കാരം, ദീര്‍ഘമായ ഖുര്‍ആന്‍ പാരായണം, ദിക്ര്‍, ദുആ എന്നിവ അധികരിപ്പിക്കുകയാണുദ്ദേശ്യം.

 

 

Related Post