കൂട്ടുസംരംഭങ്ങളെപ്പറ്റി ഇസ്‌ലാം പറയുന്നത് …?

 

team-small1മൂലധനവും സ്വയംസംരംഭകത്വവും (അധ്വാനം) ഒന്നിലേറെ ആളുകളുടേതാവുകയും അത്  ലാഭകരമായ ഉത്പാദനസംരംഭമായി വിജയിപ്പിക്കുകയും ചെയ്യുന്നതിനെയാണ് കൂട്ടുസംരംഭം അഥവാ പാര്‍ട്ട്ണര്‍ഷിപ്പ് ബിസിനസ് എന്ന് പറയുന്നത്.

മൂലധനവും സംരംഭനടത്തിപ്പും വെവ്വേറെ ആളുകളോ അതല്ല പങ്കാളികളെല്ലാവരുമോ ചെയ്യുകയാണെങ്കില്‍ ലാഭം മൂലധനനിക്ഷേപത്തിന്റെ ആനുപാതത്തിനനുസരിച്ച് പങ്കാളികള്‍ക്കിടയില്‍ വീതിക്കുകയാണ് ചെയ്യുന്നത്. അതുപോലെ നഷ്ടംസംഭവിച്ചാലും മൂലധനനിക്ഷേപത്തോതനുസരിച്ച് അത് വീതിക്കുന്നതാണ്.

മൂലധനം ഒരാളുടെയും സംരംഭകത്വം രണ്ടാമന്റെയും ആകുന്ന പങ്കാളിത്തവ്യവഹാരമാണ് മുദാറബ എന്ന് അറിയപ്പെടുന്നത്. ഇതില്‍ സംരംഭത്തിനുവരുന്ന ചെലവ് സംരംഭത്തിന്റെ സ്വഭാവമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. സ്വയംസംരംഭകന്റെ ഉത്തരവാദിത്വം ലഘൂകരിക്കുന്ന ഏത് ചെലവും മൊത്തംസംരംഭത്തില്‍ ചെലവെഴുതാതെ  അയാളില്‍മാത്രം പരിമിതപ്പെടുത്തുന്നു.

മൂലധനവും അധ്വാനവും പങ്കാളിത്തത്തില്‍

അല്ലാഹു ഓരോ വ്യക്തികള്‍ക്കും വ്യത്യസ്തങ്ങളായ കഴിവുകളാണ് നല്‍കിയിരിക്കുന്നത്. ഇതെല്ലാം അവന്റെ യുക്തിക്ക് വിധേയമാണ്. ഒട്ടേറെ കഴിവുകളുണ്ടായിട്ടും അത് പ്രയോഗവത്കരിക്കാനുള്ള സമ്പത്തില്ലാത്ത എത്രയോ ആളുകളെ നാം കണ്ടിട്ടുണ്ട്. അതുപോലെ ഒട്ടേറെ സമ്പത്തുണ്ടെങ്കിലും അത് ഉത്പാദനപരമായ മാര്‍ഗത്തില്‍ വിനിയോഗിക്കാന്‍ വേണ്ടുന്ന ബുദ്ധിയോ സാമര്‍ഥ്യമോ ഇല്ലാത്ത അനേകരുണ്ട്. അതിനാല്‍ സമ്പത്തുള്ളവനും സംരംഭകത്വനൈപുണിയുള്ളവനും ഒത്തുചേരുന്നത് ഒട്ടേറെ സദ്ഫലങ്ങള്‍ കൊണ്ടുതരുന്നു. വലിയമുതല്‍മുടക്കുള്ള ബിസിനസ് സംരംഭങ്ങള്‍ ഒട്ടേറെ ആളുകളുടെ മൂലധനനിക്ഷേപത്തില്‍ വിജയകരമായി മുന്നോട്ടുകൊണ്ടുപോകാനായാല്‍ അത് സമൂഹത്തിന് ഏറെ ഗുണപ്രദമായിരിക്കും.

ഇസ്‌ലാമികശരീഅത് മൂലധനവും അതുപയോഗപ്പെടുത്താനുള്ള കൈകാര്യശേഷിയും പരസ്പരംസഹകരിക്കുന്നതിനെ വിലക്കുന്നില്ല. എന്നല്ല, അത്തരം സംരംഭങ്ങള്‍ക്ക് മതിയായ അടിസ്ഥാനനിയമങ്ങള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. മൂലധനം കൈവശമുള്ളയാള്‍ സംരംഭകനോടൊപ്പം ചേരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നഷ്ടംസംഭവിച്ചാല്‍ അതിന്റെ അനന്തരഫലവുംകൂടി പങ്കുവെക്കാന്‍ സന്നദ്ധനാകേണ്ടതുണ്ട്. അത്തരത്തില്‍ മുദാറബഃയെന്നറിയപ്പെടുന്ന ഇടപാടുകളില്‍ രണ്ടുകൂട്ടരും ലാഭനഷ്ടങ്ങള്‍ ധാരണപ്രകാരം പങ്കുവെക്കാന്‍ തയ്യാറാകേണ്ടതുണ്ട്. അത് നാലിലൊന്നോ,മൂന്നിലൊന്നോ, രണ്ടിലൊന്നോ ആകാവുന്നതാണ്. അങ്ങനെയാകുമ്പോള്‍ അതില്‍ ലാഭനഷ്ടം കൂട്ടുത്തരവാദിത്തത്തില്‍ ആകുന്നതാണ്. വാര്‍ഷികകണക്കെടുപ്പുനടത്തുമ്പോള്‍  ലാഭത്തേക്കാള്‍ നഷ്ടമാണ് കൂടുതലെങ്കില്‍ ആ കമ്മി (കുറവ്) മൂലധനത്തില്‍ നിന്നാണുണ്ടാകേണ്ടത്. ഇതില്‍ ആശ്ചര്യംതോന്നേണ്ട കാര്യമില്ല.  കാരണം മൂലധനം നിക്ഷേപിച്ച ആള്‍ക്ക് നഷ്ടംസംഭവിച്ചത് തന്റെമൂലധനത്തിലാണല്ലോ. അതിനാല്‍തന്നെ അത് മൂലധനത്തില്‍ പ്രകടമാകുക സ്വാഭാവികം. അധ്വാനം ചെലവിടുന്ന പങ്കാളിക്ക് അയാളുടെ സമയവും അധ്വാനവും നഷ്ടംസംഭവിച്ചത് നാം കാണാതിരുന്നുകൂടാ. അതേസമയം മൂലധനനിക്ഷേപംനടത്തിയവര്‍ക്ക് ലാഭ-നഷ്ടത്തിന്റെ തോത് പരിഗണിക്കാതെ എപ്പോഴും നിശ്ചിതവിഹിതം ലാഭമായി ഉറപ്പുനല്‍കുന്നത്  അനീതിയാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അത്  പലിശയായാണ് വ്യവഹരിക്കപ്പെടുക. പണം നഷ്ടപ്പെടാനുള്ള സാധ്യതയാണ് മൂലധനനിക്ഷേപത്തിന്റെ പ്രത്യേകതയെന്നിരിക്കെ അതിനെ നിരാകരിക്കുന്ന യാതൊരു ഉപാധികളും പങ്കാളിത്തഇടപാടില്‍ അനുവദനീയമല്ല. നഷ്ടസാധ്യതയില്ലാതെയും അധ്വാനംകൂടാതെയും ലാഭംനേടുന്നതാണ് പലിശയുടെ നിര്‍വചനത്തില്‍വരുന്നത്.

ഏതൊരു മുസ്‌ലിമിനും തന്റെ സമ്പത്ത് പരിചയസമ്പന്നനും പരിശ്രമശാലിയുമായ ഒരു സ്വയംസംരംഭകന്ന് നല്‍കുന്നതിന് അവകാശമുണ്ട്. അതേപോലെത്തന്നെ മറ്റുനിക്ഷേപകര്‍ നല്‍കിയ മൂലധനത്തോട്  ചേര്‍ത്ത് അവയെ വ്യാപാരത്തിനും മറ്റു വാണിജ്യസംരംഭങ്ങള്‍ക്കും ഉപയോഗിക്കുന്നതുംഅനുവദിച്ചിരിക്കുന്നു. കൂടുതല്‍ അധ്വാനം ആവശ്യമുള്ളവ, മാനസികപ്രയത്‌നം വേണ്ടവ, കൂടുതല്‍മൂലധനം വേണ്ടിവരുന്നവ എന്നിങ്ങനെ വ്യത്യസ്തസ്വഭാവത്തിലുള്ള സംരംഭങ്ങളുണ്ട്. ഓരോ വ്യക്തിയും തനിച്ച് അത്തരത്തില്‍ ഭാരംവഹിക്കാന്‍ കഴിയുന്നവരായിരിക്കില്ല. എന്നാല്‍ ഒന്നിലേറെ പേര്‍ ചേര്‍ന്നാകുമ്പോള്‍ സംരംഭം ഒട്ടേറെ വിജയസാധ്യതകളെ മുന്നില്‍നിര്‍ത്തുന്നു. ‘നിങ്ങള്‍ നന്‍മയിലും സൂക്ഷ്മതയിലും പരസ്പരം സഹകരിക്കുക'(അല്‍ മാഇദ:2)

നന്‍മ കൈവരുത്തുന്നതും വ്യക്തികള്‍ക്കും സമൂഹത്തിനും ഗുണപ്രദവുമായതും തിന്‍മകളെ അകറ്റിനിര്‍ത്തുന്നതും ധാര്‍മികപരിശുദ്ധി ഉള്ളടങ്ങിയതുമായ ഏതു സംഗതിയും ഉദ്ദേശ്യശുദ്ധിയാല്‍ ഉത്തമആരാധനാകര്‍മമായി ത്തീരും. ഇസ് ലാം അത്തരത്തിലുള്ള കൂട്ടുസംരംഭങ്ങള്‍ക്ക് അനുവാദം നല്‍കുകമാത്രമല്ല, അവയ്ക്ക് പ്രോത്സാഹനം നല്‍കുക കൂടി ചെയ്യുന്നു. അത്തരംകാര്യങ്ങള്‍ക്ക് മുന്നിട്ടിറങ്ങുന്നവര്‍ക്ക് അല്ലാഹുവിന്റെ സഹായം അവന്‍ വാഗ്ദാനംചെയ്യുന്നു. അതിന് ഇഹ-പരലോകങ്ങളില്‍ പ്രതിഫലവുമുണ്ട്. ചതി, വഞ്ചന,അനീതി, അവ്യക്തത എന്നിവയില്‍നിന്ന് വിമുക്തമാകണം അവയെന്നുമാത്രം. നബി തിരുമേനി ഇപ്രകാരം പറഞ്ഞതായി ക്കാണാം: ‘ഒരാള്‍ മറ്റെയാളെ വഞ്ചിക്കാതെയും കബളിപ്പിക്കാതെയും പങ്കാളിത്തപദ്ധതിയില്‍ഏര്‍പ്പെട്ടാല്‍ അല്ലാഹുവിന്റെ അനുഗ്രഹം അവരുടെ മേലുണ്ടാകും. എന്നാല്‍ ഒരാള്‍ തന്റെ പങ്കാളിയെ ചതിക്കുന്നതോടെ അവന്‍ രണ്ടുപേരില്‍നിന്നും തന്റെ കൈ പിന്‍വലിക്കുന്നു.'(ദാറുഖുത്‌നി)

Related Post