റമദാന്‍ മാസപ്പിറവി

ramadan

റമദാന്‍ മാസപ്പിറവി

എല്ലാ വര്‍ഷവും റമദാന്‍ ആഗതമാവുമ്പോഴും അവസാനിക്കുമ്പോഴും തര്‍ക്കമുണ്ടാവുക പതിവാണ്. ഈ രണ്ടു സന്ദര്‍ഭങ്ങളിലും സമുദായം യോജിക്കുമെന്നും അങ്ങനെ നോമ്പും പെരുന്നാളും ഏകീകരിച്ചുവരും എന്നുമാണ് പ്രതീക്ഷിക്കേണ്ടത്. പക്ഷേ, റമദാന്‍ തുടങ്ങുന്ന കാര്യത്തിലും പെരുന്നാള്‍ ആഘോഷിക്കുന്ന കാര്യത്തിലും അടുത്തടുത്ത നാടുകള്‍ തമ്മില്‍ പോലും അഭിപ്രായ വ്യത്യാസം കാണാം. ചില നാടുകള്‍ക്കിടയില്‍ ചിലപ്പോള്‍ മൂന്നുദിവസത്തെ വ്യത്യാസം. ചിലപ്പോള്‍ ഒരുനാട്ടില്‍ തന്നെ നോമ്പിന്റെയും പെരുന്നാളിന്റെയും കാര്യത്തില്‍ വലിയ വ്യത്യാസം.
മുസ്‌ലിംകള്‍ക്കിടയില്‍ ഇത്രത്തോളം അഭിപ്രായവ്യത്യാസം ഉണ്ടാകാമോ?
മുസ്‌ലിംകള്‍ക്ക് എന്ത് കൊണ്ട് ഗോളശാസ്ത്ര ഗണനം സ്വീകരിച്ചുകൂടാ?
ആധുനികയുഗം ഏറെ പുരോഗമിച്ചു. മനുഷ്യന്‍ ചന്ദ്രനില്‍ പോലും എത്തി. അപ്പോള്‍ ഗോളശാസ്ത്ര സഹായത്തോടെ ചന്ദ്രോദയം കണക്കാക്കാന്‍ കഴിയില്ലേ?

ചില ഭൗതിക വാദികള്‍, ഇസ്‌ലാമിന് ആധുനികയുഗത്തെ നേരിടാന്‍ കഴിയുകയില്ല എന്ന് ഇക്കാര്യങ്ങളൊക്കെ മുന്‍നിര്‍ത്തി വാദിക്കുന്നു. ഇസ്‌ലാമിനെ പ്രതിനിധീകരിക്കുന്ന പണ്ഡിതന്മാരെയും വൈജ്ഞാനിക കേന്ദ്രങ്ങളെയും ദുര്‍ബലരും പിന്നാക്കക്കാരുമെന്ന് ആക്ഷേപിക്കുന്നു.
ഈ വിഷയത്തിലെ ഇജ്തിഹാദിന്റെ വാതില്‍ പറ്റെ അടച്ചിരിക്കയാണോ? ഹദീസില്‍ പറഞ്ഞിരിക്കുന്നു: ‘ നിങ്ങള്‍ മാസപ്പിറവി കണ്ടാല്‍ നോമ്പനുഷ്ഠിക്കുക. മാസപ്പിറവി കണ്ടാല്‍ നോമ്പ് അവസാനിപ്പിക്കുകയും ചെയ്യുക.’ ഇവിടെ നോമ്പും പെരുന്നാളും മാസപ്പിറവി കാണുന്നതുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്; ശാസ്ത്ര ഗണനയോടല്ല. അതുകൊണ്ട് ഇക്കാര്യത്തില്‍ ഇജ്തിഹാദ് സ്വീകാര്യമാണോ?

റമദാന്‍ മാസം ഉറപ്പിക്കുന്നതിന് ഗോള ശാസ്ത്രഗണനം ഉപയോഗിക്കാമോ എന്ന വിഷയം എന്റെ രണ്ട് പുസ്തകങ്ങളില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്.
1. ഫിഖ്ഹുസ്സിയാം (നോമ്പിന്റെ കര്‍മ്മശാസ്ത്രം)
2. കൈഫ നതആമലു മഅസ്സുന്നത്തിന്നബവിയ്യ (നബിചര്യയുമായി നമ്മുടെ സമീപനം)
ഒന്നാമത്തെ പുസ്തകത്തില്‍ ഞാന്‍ ഇങ്ങനെ എഴുതി: ഇസ്‌ലാമിക ശരീഅത്ത് ചാന്ദ്രമാസത്തില്‍ നോമ്പ് നിര്‍ബന്ധമാക്കി. റമദാന്‍ ഉറപ്പിക്കുന്നതില്‍ പ്രകൃതിപരവും ലളിതവും ഏവര്‍ക്കും സാധ്യമായതുമായ മാര്‍ഗമാണ് സ്വീകരിച്ചത്. അതിലവ്യക്തതയും കെട്ടിക്കുടുക്കുമില്ല. അക്കാലത്ത് സമുദായം നിരക്ഷരരായിരുന്നു. അവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ല. അതിനാല്‍ മാസപ്പിറവി കണ്ണുകൊണ്ട് കാണുക എന്ന മാര്‍ഗം നിര്‍ദേശിക്കപ്പെട്ടു.
അബൂഹുറൈറ(റ)യില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: ‘നിങ്ങള്‍ മാസപ്പിറവി കണ്ടാല്‍ നോമ്പനുഷ്ഠിക്കുക. മാസപ്പിറവി കണ്ടാല്‍ നോമ്പു മുറിക്കുകയും ചെയ്യുക. അന്തരീക്ഷം മൂടിയതുകാരണം മാസപ്പിറവി കാണാതായാല്‍ ശഅ്ബാന്‍ മുപ്പതുദിവസമായി കണക്കാക്കുക.’
ഇബ്‌നു ഉമറി(റ)ല്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: ‘ മാസപ്പിറവി കാണുന്നത് വരെ നിങ്ങള്‍ നോമ്പ് നോല്‍ക്കരുത്. മാസപ്പിറവി കാണുന്നതുവരെ നിങ്ങള്‍ നോമ്പ് മുറിക്കുകയും ചെയ്യരുത്. അന്തരീക്ഷം മൂടിയാല്‍ നിങ്ങള്‍ അത് കണക്ക് കൂട്ടി തീരുമാനിക്കുക.’
ഇത് സമുദായത്തിന് ലഭിച്ച ഒരനുഗ്രഹമാണ്. കണക്ക് പ്രകാരം മാസം ഉറപ്പിക്കാന്‍ അല്ലാഹു കല്‍പിച്ചിട്ടില്ല. കാരണം, അവര്‍ക്ക് കണക്ക് കൂട്ടാന്‍ അറിയുമായിരുന്നില്ല. അതിന് അവരോട് കല്‍പിച്ചാല്‍ അവര്‍ ഇക്കാര്യത്തില്‍ അന്യമതക്കാരെ അനുകരിക്കാന്‍ നിര്‍ബന്ധിതരാകുമായിരുന്നു.

മൂന്ന് മാര്‍ഗങ്ങള്‍:
റമദാന്‍ ഉറപ്പിക്കുന്നതിന് മൂന്ന് മാര്‍ഗങ്ങള്‍ നിര്‍ദേശിക്കപ്പെട്ടതായി ഹദീസില്‍ നിന്ന് മനസ്സിലാകുന്നു:
1- മാസപ്പിറവി കാണുക.
2- ശഅ്ബാന്‍ മാസം മുപ്പത് പൂര്‍ത്തിയാക്കുക.
3- കണക്കിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കുക.

ഒന്നാമത്തെ മാര്‍ഗം: ഈ വിഷയത്തില്‍ കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്: മാസപ്പിറവി നീതിമാനായ ഒരാള്‍ കണ്ടാല്‍ മതിയോ അതോ നീതിമാന്‍മാരായ രണ്ടുപേര്‍ കാണേണ്ടതുണ്ടോ അതോ വലിയൊരു സംഘം ആളുകള്‍ കാണേണ്ടതുണ്ടോ?
നീതിമാനായ ഒരാളുടെ മാത്രം സാക്ഷ്യം സ്വീകരിക്കാം എന്ന് ചിലര്‍ പറയുന്നു. ഇബ്‌നു ഉമര്‍ ഉദ്ധരിച്ച ഹദീസാണ് അവര്‍ക്ക് തെളിവ്. അദ്ദേഹം പറഞ്ഞു: ‘ ജനങ്ങള്‍ ചന്ദ്രനെ കാണുന്നുണ്ടോ എന്ന് ശ്രദ്ധിച്ചുനോക്കി. ഞാന്‍ തിരുമേനിയോട് പറഞ്ഞു: ഞാന്‍ മാസം കണ്ടിരിക്കുന്നു. അപ്പോള്‍ തിരുമേനി നോമ്പ് നോല്‍ക്കുകയും ജനങ്ങളോട് നോമ്പ് നോല്‍ക്കാന്‍ കല്‍പിക്കുകയും ചെയ്തു.’
രണ്ടു പേര്‍ മാസപ്പിറവി കണ്ടതായി സാക്ഷ്യപ്പെടുത്തണം എന്നും ചിലര്‍ അഭിപ്രായപ്പെട്ടു. ഹുസൈന്‍ ബിന്‍ ഹരീസുല്‍ ജദലിയില്‍നിന്ന് ഉദ്ധരിച്ച ഹദീസാണിതിന് തെളിവ്. അദ്ദേഹം പറയുന്നു: ‘മക്കയിലെ അമീര്‍, ഹാരിസ് ബിന്‍ ഹാത്വിബ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു: ‘മാസപ്പിറവി കണ്ടാല്‍ നോമ്പനുഷ്ഠിക്കാന്‍ തിരുമേനി ഞങ്ങളോട് കല്‍പിക്കും. ഇനി ഞങ്ങള്‍ മാസപ്പിറവി കണ്ടില്ലെങ്കില്‍ നീതിമാന്‍മാരായ രണ്ട് പേര്‍ മാസപ്പിറവി കണ്ടതായി സാക്ഷ്യപ്പെടുത്തിയാല്‍ നോമ്പനുഷ്ഠിക്കാനും തിരുമേനി ഞങ്ങളോട് കല്‍പിച്ചു.’
വലിയൊരു സംഘം ആളുകള്‍ മാസപ്പിറവി കണ്ടതായി സാക്ഷ്യപ്പെടുത്തണം എന്ന് നിബന്ധന വെച്ചത് ഹനഫികളാണ്. തെളിഞ്ഞ അന്തരീക്ഷത്തിലാണത്. അന്തരീക്ഷം മൂടിയ അവസ്ഥയിലാണെങ്കില്‍ ഒരാള്‍ മാത്രം കണ്ടാലും മതി. കാരണം, അന്തരീക്ഷം മൂടിയ അവസ്ഥയില്‍ മേഘം ഒരു നിമിഷം മാറിയാല്‍ ഒരാള്‍ മാത്രം കാണുകയും മറ്റുള്ളവര്‍ കാണാതിരിക്കുകയും ചെയ്യാനിടയുണ്ട്. പക്ഷേ, അന്തരീക്ഷം തെളിഞ്ഞതും കാഴ്ചക്ക് തടസ്സമുണ്ടാക്കുന്നതൊന്നും മുമ്പില്‍ ഇല്ലാതിരിക്കുകയും ചെയ്യുമ്പോള്‍ ഒരാള്‍ മാത്രം മാസപ്പിറവി കാണുകയും മറ്റുള്ളവര്‍ കാണാതിരിക്കുകയും ചെയ്യുന്നതെങ്ങനെ? അതുകൊണ്ടാണ് വലിയൊരു സംഘം മാസപ്പിറവി കാണണം എന്ന് നിബന്ധനവെച്ചത്.
മുസ്‌ലിംകള്‍ ശഅ്ബാന്‍ മാസം 29-ന് അസ്തമയവേളയില്‍ മാസപ്പിറവി നോക്കിനില്‍ക്കണം. അതൊരു സാമൂഹ്യ ബാധ്യതയാണ്. സമൂഹത്തില്‍ ആരെങ്കിലും അതു ചെയ്യണം.
രണ്ടാമത്തെ മാര്‍ഗം: അന്തരീക്ഷം തെളിഞ്ഞതായാലും ഇരുണ്ടതായാലും ശരി, ശഅ്ബാന്‍ മുപ്പത് ദിവസം പൂര്‍ത്തിയാക്കുക. 30-ാം രാവില്‍ മാസപ്പിറവി നോക്കുക. ആരും മാസപ്പിറവി കാണാതിരുന്നാല്‍ ശഅ്ബാന്‍ മുപ്പത് പൂര്‍ത്തിയാക്കണം.
ഇവിടെ ശഅ്ബാന്‍ പിറവി ആരംഭത്തില്‍ത്തന്നെ അറിയേണ്ടത് അനിവാര്യമാണ്. ചന്ദ്രനെ നോക്കിനില്‍ക്കുന്ന മുപ്പതാംരാവ് അറിയുവാനും ചന്ദ്രനെ കാണാതിരിക്കുമ്പോള്‍ മാസം 30 പൂര്‍ത്തിയാക്കാന്‍ കഴിയുന്നതിന്നും വേണ്ടിയാണത്. ഇതില്‍ പിഴവ് സംഭവിക്കാന്‍ ഇടയുണ്ട്. കാരണം, മാസങ്ങളുടെ പിറവിയുടെ കൃത്യമായ കണക്ക് പൊതുവെ മൂന്ന് മാസങ്ങളില്‍ മാത്രമാണ് നാം ശ്രദ്ധിക്കാറ്. നോമ്പ് നോല്‍ക്കാന്‍ വേണ്ടി റമദാനും, പെരുന്നാളിനുവേണ്ടി ശവ്വാലും, അറഫാ ദിനം ഉറപ്പിക്കാന്‍ വേണ്ടി ദുല്‍ഹജ്ജും. സമുദായവും അതിലെ ഉത്തരവാദപ്പെട്ടവരും എല്ലാ മാസപ്പിറവിയും കൃത്യമായി ശ്രദ്ധിക്കണം. കാരണം, അവ പരസ്പരം ബന്ധപ്പെട്ടാണ് കിടക്കുന്നത്.
മൂന്നാമത്തെ മാര്‍ഗം: ഹദീസില്‍ ‘ അന്തരീക്ഷം മൂടിയതാണെങ്കില്‍ നിങ്ങള്‍ കണക്ക് കൂട്ടി തീരുമാനിക്കുക’ എന്നു പറഞ്ഞതുപോലെ, അന്തരീക്ഷം ഇരുണ്ടതു കാരണം ചന്ദ്രപ്പിറവി കാണാന്‍ കഴിയാതെ വരുമ്പോള്‍ കണക്ക് കൂട്ടി തീരുമാനിക്കുകയാണത്.
‘കണക്കാക്കുക’ എന്ന് പറയുന്നതിന്റെ അര്‍ഥമെന്താണ്? അഹ്മദുബ്‌നു ഹമ്പലും, ഒരുവിഭാഗം പണ്ഡിതന്മാരും പറയുന്നത്, അതിന്റെ അര്‍ഥം ‘ഇടുക്കമനുഭവിക്കുക’ എന്നാണ്. അഥവാ, മേഘം മൂടിയതിനാല്‍ ചന്ദ്രനെ കാണാന്‍ പ്രയാസമാവുക എന്നര്‍ഥം. അപ്പോള്‍ അന്തരീക്ഷം മൂടിയ ദിവസം നോമ്പ് നോല്‍ക്കല്‍ നിര്‍ബന്ധമാണ് എന്നാണവരുടെ അഭിപ്രായം.
പ്രമുഖ താബിഈ പണ്ഡിതനായ മുത്വര്‍റിഫ് ഇബ്‌നു അബ്ദില്ലയും ശാഫിഈ പണ്ഡിതന്മാരില്‍ പ്രമുഖനായ അബുല്‍ അബ്ബാസുബ്‌നു സുറൈജും ഇബ്‌നു ഖുതൈബയും പറയുന്നത്, കണക്കാക്കുക എന്നതിന്റെ അര്‍ഥം ചന്ദ്രന്റെ ഉദയം മുതല്‍ നിങ്ങള്‍ മാസം കണക്കാക്കുക എന്നാണ്.
അബൂ ഹനീഫയും ശാഫിഇയും മറ്റു ഭൂരിപക്ഷം പണ്ഡിതന്മാരും പറയുന്നത്, മുപ്പത് ദിവസം കണക്കാക്കുക എന്നാണ്. ‘ നിങ്ങള്‍ മുപ്പത് ദിവസം കണക്കാക്കുക’ എന്ന ഹദീസാണ് അവര്‍ക്ക് തെളിവ്.
ഇബ്‌നുല്‍ അറബി പറയുന്നത്, നിങ്ങള്‍ കണക്കാക്കുക എന്നത് ഗണനം അറിയുന്നവര്‍ക്കും, നിങ്ങള്‍ എണ്ണം പൂര്‍ത്തിയാക്കുക എന്നത് സാധാരണ ജനങ്ങള്‍ക്കും ബാധകമാണ് എന്നാണ്.
ഇമാം നവവി ‘മജ്മൂഇ’ല്‍ പറയുന്നു: ‘ ചന്ദ്രോദയത്തിന്റെ അടിസ്ഥാാനത്തില്‍ കണക്കാക്കുക എന്ന് പറയുന്ന അഭിപ്രായം തള്ളപ്പെടേണ്ടതാണ്. കാരണം, തിരുമേനി പറഞ്ഞിരിക്കുന്നു: ‘ ഞങ്ങള്‍ അക്ഷരജ്ഞാനമില്ലാത്ത ഒരു സമുദായമാണ്. ഞങ്ങള്‍ക്ക് എഴുതാനും കണക്ക് കൂട്ടാനും കഴിയുകയില്ല.’
അതുകൊണ്ട് ജനങ്ങളോട് കണക്ക് കൂട്ടാന്‍ കല്‍പിച്ചാല്‍ അവര്‍ക്കത് ബുദ്ധിമുട്ടായിരിക്കും. കാരണം, വലിയ നാടുകളില്‍ ഏതാനും ചിലര്‍ക്ക് മാത്രമെ കണക്ക് അറിയുകയുള്ളൂ.’
ഇമാം നവവി തെളിവായി ഉദ്ധരിച്ച ഹദീസ് പ്രമാണമായി സ്വീകരിക്കാന്‍ കഴിയുകയില്ല. കാരണം, അദ്ദേഹം സമുദായത്തിന്റെ അന്നത്തെ അവസ്ഥയെക്കുറിച്ചാണ് പറയുന്നത്. തിരുമേനിയുടെ പ്രവാചകത്വ കാലഘട്ടത്തില്‍ അതായിരുന്നു അവസ്ഥ. പക്ഷേ, സമുദായത്തിന്റെ നിരക്ഷരത സ്ഥായിയായ സ്വഭാവമൊന്നുമല്ല. സമുദായത്തെ നിരക്ഷരതയില്‍നിന്ന് മോചിപ്പിക്കാന്‍ തിരുമേനി പരിശ്രമിക്കുകയുണ്ടായി. എഴുത്ത് പഠിപ്പിച്ചു കൊണ്ടായിരുന്നു തുടക്കം. ബദ്ര്‍ യുദ്ധം മുതല്‍ അതാരംഭിച്ചു. പില്‍ക്കാലത്ത് സമുദായത്തിന് എഴുതാനും കണക്ക് കൂട്ടാനും അറിയുന്ന കാലം വരുന്നതിന് വിരോധമൊന്നുമില്ല. മുസ്‌ലിംകള്‍ അവരുടെ നാഗരികമായ ഉയിര്‍ത്തെഴുന്നേല്‍പിന്റെ കാലഘട്ടത്തില്‍ ഗോളശാസ്ത്രവും ഗണിത ശാസ്ത്രവുംമെല്ലാം പഠിക്കുകയുണ്ടായി. ഇക്കാലത്ത് ശാസ്ത്രപുരോഗതിയിലൂടെ മനുഷ്യന്‍ ചന്ദ്രനിലും ചൊവ്വയിലുംവരെ കാല് കുത്തുന്ന അവസ്ഥയുണ്ടായി. ഇതൊന്നും ശരീഅത്തില്‍ ആക്ഷേപിക്കപ്പെട്ട ജ്യോല്‍സ്യമോ ജ്യോതിഃശാസ്ത്രമോ അല്ല.
എന്നാല്‍ വലിയ നാടുകളില്‍ ഏതാനും ആളുകള്‍ക്ക് മാത്രമേ കണക്കും ശാസ്ത്രഗണനയും അറിയുകയുള്ളൂ എന്ന് പറയുന്നത്, അദ്ദേഹത്തിന്റെ കാലഘട്ടം പരിഗണിക്കുമ്പോള്‍ ശരിയായിരിക്കാം. പക്ഷേ, ഇക്കാലത്ത് ഗോളശാസ്ത്രം അനേകം സര്‍വകലാശാലകളില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. യന്ത്രങ്ങളും തെലസ്‌കോപ്പുകളും വളരെ ഉയര്‍ന്ന നിലവാരത്തിലും സൂക്ഷ്മമായും പ്രവര്‍ത്തിക്കുന്നു. ഇന്ന് ഈ വിഷയത്തില്‍ തെറ്റ് സംഭവിക്കുക സെക്കന്റില്‍ ലക്ഷത്തില്‍ ഒരു ശതമാനം മാത്രമാണ്!
അതുപോലെ വലുതും ചെറുതുമായ എല്ലാ നാടുകളും അടുത്തടുത്താണ് സ്ഥിതിചെയ്യുന്നത്. എല്ലാം കൂടിച്ചേര്‍ന്ന് ഒരു ആഗോള ഗ്രാമമായിത്തീര്‍ന്നിരിക്കുന്നു.
ഒരു നാട്ടില്‍ നിന്ന് മറ്റൊരു നാട്ടിലേക്ക്,കിഴക്കുനിന്ന് പടിഞ്ഞാറോട്ടും തിരിച്ചും വാര്‍ത്തകള്‍ സഞ്ചരിക്കാന്‍ മിനുട്ടുകള്‍ മാത്രം മതി.
ശാഫിഈ ഇമാമുകളില്‍പ്പെട്ട അബുല്‍ അബ്ബാസുബ്‌നു സുറൈജിന്റെ അഭിപ്രായത്തില്‍ ഗോളശാസ്ത്രഗണനവും ചന്ദ്രോദയവും അറിയുന്ന ഒരാള്‍ക്ക് കണക്ക് കൂട്ടി നാളെ റമദാനാണെന്ന് ഉറപ്പായാല്‍ അയാള്‍ക്ക് നോമ്പ് നിര്‍ബന്ധമാകും. കാരണം, തെളിവിന്റെ അടിസ്ഥാനത്തിലാണ് അയാള്‍ മാസപ്പിറവി അറിഞ്ഞിരിക്കുന്നത്. ഖാദി അബുത്ത്വയ്യിബും ഈ അഭിപ്രായം അംഗീകരിച്ചിരിക്കുന്നു. മറ്റു ചിലര്‍ പറയുന്നത്, അയാള്‍ക്ക് നോമ്പ് നോല്‍ക്കല്‍ അനുവദനീയമാണ്, നിര്‍ബന്ധമില്ല എന്നാണ്. അതു പോലെ അയാളെക്കുറിച്ച് നല്ല വിശ്വാസമുള്ളവര്‍ക്ക് അയാളെ അനുകരിക്കുകയും ചെയ്യാം.
ഇക്കാലഘട്ടത്തിലെ ചില പ്രസിദ്ധ പണ്ഡിതന്മാര്‍ പറയുന്നത് ഉറപ്പായ ഗോളശാസ്ത്രഗണന പ്രകാരം മാസപ്പിറവി ഉറപ്പിക്കാം എന്നാണ്. ഈ വിഷയകമായി പ്രമുഖ ഹദീസ് പണ്ഡിതനായ അല്ലാമാ അഹ്മദ് മുഹമ്മദ് ശാക്കിര്‍ തന്റെ ‘ചാന്ദ്രമാസാരംഭം ഗോളശാസ്ത്രഗണന വഴി ഉറപ്പിക്കാമോ?’ എന്ന കൃതിയില്‍ എഴുതിയിട്ടുണ്ട്.
ഇക്കാലത്ത് ഈ അഭിപ്രായത്തെ പിന്തുണക്കുന്ന മഹല്‍വ്യക്തിയാണ് പ്രമുഖ കര്‍മശാസ്ത്ര പണ്ഡിതന്‍ ശൈഖ് മുസ്തഫാ അസ്സര്‍ഖാ.
ഹദീസില്‍ നിന്ന് മനസ്സിലാവുന്നത് ഗോളശാസ്ത്രവിജ്ഞാനത്തില്‍ നിന്ന് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ എതിര്‍ത്തത് ജ്യോല്‍സ്യവും ജ്യോതിശ്ശാസ്ത്രവുമാണ്. അതില്‍ നക്ഷത്രങ്ങളുടെ സഹായത്തോടെ ഭാവികാര്യങ്ങള്‍ അറിയാന്‍ സാധിക്കും എന്ന് പറയുന്നതിനെയാണ്. ഇത് തെറ്റാണ്. ഹദീസില്‍ ഇപ്രകാരം വന്നിട്ടുണ്ട്: ‘ആരെങ്കിലും ജ്യോതിഷം വഴി ഒരു വിവരം സ്വീകരിച്ചാല്‍ അവന്‍ സിഹ്‌റിന്റെ ഒരംശം സ്വീകരിച്ചു.’
ഇമാം ഇബ്‌നു ദഖീഖില്‍ ഈദ് പറയുന്നു: ‘എന്റെ അഭിപ്രായത്തില്‍, നോമ്പിന്റെ കാര്യത്തില്‍ ചന്ദ്രനെ സൂര്യനോട് സദൃശപ്പെടുത്തിക്കൊണ്ട് ജ്യോല്‍സ്യന്മാരെപ്പോലെ കണക്കുകൂട്ടി നിശ്ചയിക്കാന്‍ പറ്റുകയില്ല എന്നാണ്. കാരണം, അവര്‍ കണക്കുകൂട്ടി മാസം കാഴ്ചയെക്കാള്‍ ഒന്നോ രണ്ടോ ദിവസം മുമ്പിലേക്ക് മാറ്റുക പതിവാണ്. അത് ശരീഅത്തിന് വിരുദ്ധമാണ്. ഇനി, കണക്ക് പ്രകാരം ചന്ദ്രന്‍ ദൃശ്യമാകുന്ന തരത്തില്‍ ഉദിച്ചു എന്ന് മനസ്സിലാവുകയും, അന്തരീക്ഷം മൂടിയതു കാരണം അത് കാണാന്‍ സാധിക്കാതെ വരുകയും ചെയ്താല്‍ ന്യായമായ കാരണം കൊണ്ട് നോമ്പ് നിര്‍ബന്ധമാകും.’
എന്നാല്‍ ആധുനിക ഗോളശാസ്ത്രം ഉപകരണങ്ങളുടെ സഹായത്താലും കൃത്യമായ ഗണിതശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലുമാണ് നിലനില്‍ക്കുന്നത്. ഇന്നത്തെ മതപണ്ഡിതന്മാരില്‍ അധികവും ഗോളശാസ്ത്രത്തിന്റെ കണക്ക് പഞ്ചാംഗം നിര്‍മാതാക്കളുടെ കണക്ക് പോലെയാണെന്ന് തെറ്റിദ്ധരിക്കുന്നു. അവര്‍ ചില പഴയ ഗ്രന്ഥങ്ങള്‍ അവലംബിക്കുകയും തങ്ങളുടെ പഞ്ചാംഗങ്ങളില്‍ അവ പകര്‍ത്തിവെക്കുകയും ചെയ്യുന്നു.
ഈ പഞ്ചാംഗങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസം കാണാം. ചിലതില്‍ ശഅ്ബാന്‍ 29 ദിവസമാണ്. മറ്റു ചിലതില്‍ 30 ദിവസവും. അപ്രകാരംതന്നെയാണ് റമദാനും ദുല്‍ഖഅ്ദയും മറ്റു മാസങ്ങളുമെല്ലാം.
ഇക്കാരണത്താല്‍ പണ്ഡിതന്മാര്‍ അവയെ മുഴുവന്‍ നിരാകരിച്ചു. അത് കൃത്യമല്ല എന്നതാണ് കാരണം. കൃത്യമായ കണക്ക് പരസ്പരം എതിരാവുകയില്ലല്ലോ. എന്നാല്‍, ഇതല്ല നാം ഉദ്ദേശിക്കുന്ന ഗോളശാസ്ത്ര കണക്ക്.
ആധുനിക ഗോളശാസ്ത്രം അംഗീകരിക്കുന്ന കണക്കാണ് നാം ഉദ്ദേശിച്ചത്. അത് കാഴ്ചയുടെയും അനുഭവത്തിന്റെയും അടിസ്ഥാനത്തിലുള്ളതാണ്. ടെക്‌നോളജിയുടെ സഹായത്തോടെ മനുഷ്യനെ ചന്ദ്രനിലും ചൊവ്വയിലും എത്തിക്കുകയും, അതിവിദൂരമായ നക്ഷത്രങ്ങളെ കണ്ടെത്തുകയും ചെയ്യുന്ന ശാസ്ത്രമാണത്. അതിന്റെ കണക്കുകൂട്ടലില്‍ സെക്കന്റില്‍ ലക്ഷത്തില്‍ ഒന്ന് എന്ന തോതിലേ പിഴവുപറ്റാന്‍ ഇടയുണ്ടാവുകയുള്ളൂ. അതുവഴി ഓരോ മിനിറ്റിലും ചക്രവാളത്തില്‍ ചന്ദ്രന്‍ പ്രത്യക്ഷപ്പെടുന്നതിനെക്കുറിച്ച് കൃത്യമായി അറിയാന്‍ കഴിയും.

മാസപ്പിറവി കാണല്‍
എന്റെ ‘കൈഫ നതആമലു മഅസ്സുന്ന’ എന്ന കൃതിയില്‍ ഞാന്‍ ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്. പ്രസിദ്ധമായ ഒരു ഹദീസില്‍ ഇങ്ങനെ കാണാം: ‘നിങ്ങള്‍ ചന്ദ്രപ്പിറവി കണ്ടാല്‍ നോമ്പനുഷ്ഠിക്കുക. ചന്ദ്രപ്പിറവി കണ്ടാല്‍ നോമ്പ് മുറിക്കുകയും ചെയ്യുക. ഇനി, അന്തരീക്ഷം മൂടിയാല്‍ നിങ്ങള്‍ അത് കണക്കാക്കുക.’ മറ്റൊരു നിവേദനത്തില്‍ ഇപ്രകാരമാണ്: ‘ഇനി അന്തരീക്ഷം ഇരുണ്ടാല്‍ നിങ്ങള്‍ ശഅ്ബാന്‍ മുപ്പത് പൂര്‍ത്തിയാക്കുക’
ഈ ഹദീസ് ഒരു ലക്ഷ്യം സൂചിപ്പിക്കുന്നു. ഒരു മാര്‍ഗം നിശ്ചിയിക്കുകയും ചെയ്തിരിക്കുന്നു.
ഹദീസില്‍ പറഞ്ഞ ലക്ഷ്യം വളരെ വ്യക്തമാണ്. അത് ജനങ്ങള്‍ റമദാന്‍ മുഴുവന്‍ നോമ്പനുഷ്ഠിക്കണമെന്നും, ഒരു ദിവസവും പാഴാക്കരുതെന്നും ഒരു നോമ്പും ശഅ്ബാനിലോ ശവ്വാലിലോ ഉള്‍പ്പെട്ടു പോകരുതെന്നുമാണ്. പൊതുജനങ്ങള്‍ക്ക് സാധ്യമാകുന്ന ഒരു മാര്‍ഗമാണ് അതിന് നിശ്ചയിച്ചത്. ദീനിന്റെ കാര്യത്തില്‍ അവര്‍ ഒരു ബുദ്ധിമുട്ടും പ്രയാസവും അനുഭവിക്കരുത്.
കണ്ണുകൊണ്ട് കാണുക എന്നത് അക്കാലത്ത് പൊതുജനങ്ങള്‍ക്ക് ഒരു എളുപ്പ മാര്‍ഗമായിരുന്നു. അതുകൊണ്ടാണ് അതംഗീകരിച്ചുകൊണ്ട് ഹദീസ് വന്നത്. പകരം, ഗോളശാസ്ത്ര ഗണനം പോലെ ഒരു മാര്‍ഗം സ്വീകരിക്കാന്‍ കല്‍പ്പിച്ചിരുന്നുവെങ്കില്‍ അതവര്‍ക്ക് പ്രയാസമാകുമായിരുന്നു. അല്ലാഹു തന്റെ അടിമകള്‍ക്ക് എളുപ്പമാണുദ്ധേശിക്കുന്നത്. പ്രയാസം ഉണ്ടാക്കാനല്ല. തിരുമേനി (സ) പറഞ്ഞിരിക്കുന്നു: ‘എന്നെ എളുപ്പമുളവാക്കുന്ന അധ്യാപകനായിട്ടാണ് അല്ലാഹു നിയോഗിച്ചിരിക്കുന്നത്. പ്രയാസമുണ്ടാക്കുന്നവനായിട്ടല്ല.’
മാസപ്പിറവി ഉറപ്പിക്കുന്ന കാര്യത്തില്‍ പിഴവിന്റെയും ഊഹത്തിന്റെയും സാധ്യതയില്ലാത്ത ഒരു മാര്‍ഗം തുറന്നുകിട്ടുകയും, അത് സമുദായത്തിന്റെ കഴിവില്‍പ്പെട്ടതായിരിക്കുകയും, ലോകാടിസ്ഥാനത്തില്‍ പണ്ഡിതന്മാരും ഗോളശാസ്ത്ര വിദഗ്ധരും ഏകോപിക്കുകയും ചെയ്ത ശാസ്ത്രീയമായ കണക്കിന്റെ ഒരു മാര്‍ഗം തുറന്നുകിട്ടുകയും ചെയ്താല്‍ പിന്നെ നാമെന്തിനാണ് മാര്‍ഗത്തില്‍ പിടിച്ചുതൂങ്ങുകയും ലക്ഷ്യം വിസ്മരിക്കുകയും ചെയ്യുന്നത്?
കൃത്യമായ കണക്ക് മാസപ്പിറവി ഉറപ്പിക്കുന്ന ഒരു മാര്‍ഗമാണ്. അത് സ്വീകരിക്കുന്നതാണ് ഏറെ അഭികാമ്യമായിട്ടുള്ളത്. കാഴ്ച എന്ന ലഘുവായ ഒരു മാര്‍ഗം നിര്‍ദേശിച്ചുതന്ന ശരീഅത്ത്, ലക്ഷ്യം നേടാന്‍ വേണ്ടി ഉത്തമവും പൂര്‍ണ്ണവുമായ മറ്റൊരു മാര്‍ഗം സ്വീകരിക്കുന്നതില്‍ എതിര്‍ നില്‍ക്കില്ല. നോമ്പിന്റെയും പെരുന്നാളിന്റെയും അഭിപ്രായവ്യത്യാസങ്ങളില്‍ നിന്ന് മുക്തമായി സമുദായത്തെ ഏകീകരിപ്പിക്കുന്ന ഒരു മാര്‍ഗമാണ് നിര്‍ണിതമായ കണക്ക്. ഇന്ന് ഈ വിഷയത്തില്‍ സംഭവിക്കാനിടയുള്ള പിഴവ് സെക്കന്റെില്‍ ലക്ഷത്തില്‍ ഒന്ന് എന്ന തോതിലാണ്.
അന്തരീക്ഷം മൂടിയ അവസ്ഥയില്‍ കണക്കുകൂട്ടി തീരുമാനിക്കാന്‍ പ്രവാചകന്‍ (സ) പറയുകയുണ്ടായി. ‘മാസപ്പിറവി കാണുന്നത് വരെ നിങ്ങള്‍ നോനോമ്പ് നോല്‍ക്കരുത്. മാസപ്പിറവി കാണുന്നത് വരെ നിങ്ങള്‍ നോമ്പ് ഉപേക്ഷിക്കരുത്. ഇനി, അന്തരീക്ഷം മൂടിയതാണങ്കില്‍ നിങ്ങള്‍ അത് കണക്കാക്കുക.’
കണക്കുകൂട്ടാന്‍ കല്‍പ്പിച്ചതില്‍, അതറിയുന്നവര്‍ക്ക് കണക്കുകൂട്ടി തീരുമാനിക്കാം എന്ന സൂചനയുണ്ട്. അതാകട്ടെ, ഇന്നത്തെ കാലഘട്ടത്തില്‍ ഉറപ്പായ അറിവിന്റെ തലത്തിലുള്ളതുമാണ്. ആധുനിക ശാസ്ത്രത്തെക്കുറിച്ച് ചെറിയ വിവരമെങ്കിലുമുള്ളവര്‍ക്ക് അതറിയുന്ന കാര്യമാണ്.

അംഗീകരിക്കേണ്ട വസ്തുതകള്‍
മൂന്ന് കാര്യങ്ങള്‍ ഇവിടെ അനിവാര്യമായും അംഗീകരിക്കേണ്ടതുണ്ട്. അതില്‍ ഭിന്നിപ്പുണ്ടാകാന്‍ പാടില്ല. ഒന്ന്, മാസപ്പിറവി ഉറപ്പിക്കുന്ന കാര്യത്തില്‍ വിശാലതയും മൃദുലതയും കാണിക്കണം. ശര്‍ഇന്റെ വ്യക്തമായ പ്രസ്താവനകള്‍ അതാണ് സൂചിപ്പിക്കുന്നത്. ഈ വിഷയത്തില്‍ പണ്ഡിതന്മാര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടാകുന്നത് വിശാലതയും സമുദായത്തിന് അനുഗ്രഹവുമാണ്.
രണ്ട്, ഇത്തരം വിഷയങ്ങളില്‍ വരുന്ന പിഴവുകള്‍ പൊറുക്കപ്പെടും. ഒരാള്‍ തെറ്റായി താന്‍ റമദാന്‍ അല്ലങ്കില്‍ ശവ്വാല്‍ മാസപ്പിറവി കണ്ടു എന്ന് സാക്ഷിപറയുകയും അതിനെത്തുടര്‍ന്ന് ജനങ്ങള്‍ ശഅ്ബാനില്‍ ഒരു ദിവസം നോമ്പു നോല്‍ക്കുകയോ, റമദാനില്‍ ഒരു ദിവസം നോമ്പ് മുറിക്കുകയോ ചെയ്താല്‍ അല്ലാഹു അവര്‍ക്ക് പൊറുത്തുകൊടുക്കാന്‍ ഏറെ അര്‍ഹനാണ്. അവന്‍ നമ്മോട് ഇങ്ങനെ പ്രാര്‍ത്ഥിക്കാനാണ് പറഞ്ഞത്: ‘ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ മറക്കുകയോ ഞങ്ങള്‍ക്ക് തെറ്റ് പറ്റുകയോ ചെയ്താല്‍ നീ ഞങ്ങളെ പിടിച്ച് ശിക്ഷിക്കരുതേ.'(അല്‍ബഖറ 286)
എത്രത്തോളമെന്നാല്‍ അവര്‍ ദുല്‍ഹിജ്ജ മാസം കണ്ടതില്‍ തെറ്റ് സംഭവിച്ചു. എന്നിട്ട് ദുല്‍ഹിജ്ജ എട്ടിനോ പത്തിനോ അറഫയില്‍ നിന്നു. എങ്കില്‍ അവരുടെ ഹജ്ജ് ശരിയും സ്വീകാര്യയോഗ്യവുമാണ്. ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യയും മറ്റും ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നു.
മൂന്ന്, മുസ്‌ലിംകളുടെ നോമ്പിലും പെരുന്നാളിലും മറ്റു ആരാധനാ കര്‍മ്മങ്ങളിലും യോജിപ്പുണ്ടാവുക എന്നത് അനിവാര്യമായ ഒരു കാര്യമാണ്. അങ്ങനെ സംഭവിക്കും എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ, ഒരവസ്ഥയിലും അക്കാര്യത്തല്‍ വീഴ്ചവരുത്താന്‍ പാടില്ല. അതായത്, ലോകത്തെ മുസ്‌ലിം നാടുകള്‍ക്കിടയില്‍ പൂര്‍ണമായ തോതില്‍ ഐക്യം ഉണ്ടാക്കാന്‍ സാധിച്ചില്ലെങ്കില്‍ തന്നെ ഭാഗികമായി, ഒരു നാട്ടിലെ മുസ്‌ലിംകള്‍ക്കിടയിലെങ്കിലും ഐക്യം ഉണ്ടാക്കാന്‍ നാം ശ്രമിക്കേണ്ടതാണ്.
ഒരു നാട്ടിലോ ഒരു പട്ടണത്തിലോ മാസപ്പിറവിയുടെ കാര്യത്തില്‍ ഭിന്നിപ്പുണ്ടാവുകയും, ഒരു വിഭാഗം റമദാനാണ് എന്ന പേരില്‍ ഇന്ന് നോമ്പനുഷ്ഠിക്കുകയും, മറുവിഭാഗം ശഅ്ബാനാണ് എന്ന പേരില്‍ ഇന്ന് നോമ്പനുഷ്ഠിക്കാതിരിക്കുകയും ചെയ്തുകൂടാ. അപ്രകാരംതന്നെ, റമദാന്റെ അവസാനത്തില്‍ ഒരു കൂട്ടര്‍ നോമ്പനുഷ്ഠിക്കുകയും മറ്റൊരുകൂട്ടര്‍ പെരുന്നാള്‍ ആഘോഷിക്കുകയും ചെയ്തുകൂടാ. ഇത് അംഗീകരിക്കാന്‍ പറ്റാത്ത കാര്യമാണ്.
ഭരണാധികാരിയുടെ വിധി, അല്ലെങ്കില്‍ രക്ഷാകര്‍ത്താവിന്റെ തീരുമാനം അഭിപ്രായവ്യത്യാസമുള്ള വിഷയത്തില്‍ അന്തിമമാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
അപ്പോള്‍ ഒരു രാജ്യത്തെ ഉത്തരവാദപ്പെട്ട ഒരു കേന്ദ്രം (ഉദാ: പരമോന്നത കോടതി, ഫത്‌വാ ബോര്‍ഡ്, മതകാര്യവകുപ്പ് എന്നിവ) നോമ്പ് നോല്‍ക്കാനോ നോമ്പ് അവസാനിപ്പിക്കാനോ തീരുമാനിച്ചാല്‍, അപ്പോള്‍ അന്നാട്ടിലെ മുസ്‌ലിംകള്‍ അതംഗീകരിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യണം. കാരണം, അത് നല്ല കാര്യത്തിലെ അനുസരമാണ്. അത് മറ്റൊരു നാട്ടിലെ തീരുമാനത്തിന് എതിരായാരുന്നാലും ശരി.
തിരുമേനി (സ) പറഞ്ഞിരിക്കുന്നു: ‘നിങ്ങളുടെ നോമ്പ് നിങ്ങള്‍ നോമ്പനുഷ്ഠിക്കുന്ന അന്നാണ്. നിങ്ങള്‍ നോമ്പ് മുറിക്കുന്നത് നിങ്ങള്‍ നോമ്പു മുറിക്കുന്ന അന്നുമാണ്.’ മറ്റൊരു നിവേദനത്തില്‍ ഇപ്രകാരമാണ്: ‘നിങ്ങള്‍ നോമ്പ് മുറിക്കുന്നത് നിങ്ങള്‍ നോമ്പ് മുറിക്കുന്ന അന്നാണ്. നിങ്ങളുടെ ബലി നിങ്ങള്‍ ബലിയറുക്കുന്ന അന്നുമാണ്.’
ഇമാം അല്‍ഖത്വാബി പറയുന്നു: ഹദീസിന്റെ സാരം, ഇജ്തിഹാദിയായ പ്രശ്‌നത്തില്‍ വരുന്ന പിഴവില്‍ ജനങ്ങള്‍ക്ക് ഇളവുണ്ട്. അപ്പോള്‍ സമൂഹം ഇജ്തിഹാദ് ചെയ്തു. എന്നിട്ട് മുപ്പത് ദിവസത്തിന് ശേഷമാണ് മാസം കണ്ടത്. എണ്ണം പൂര്‍ത്തിയാവുന്നതു വരെ അവര്‍ നോമ്പ് മുറിച്ചില്ല. ശേഷം മാസം 29 ആണെന്ന് അവര്‍ക്ക് ബോധ്യമായി. എങ്കില്‍ അവരുടെ നോമ്പും പെരുന്നാളും കഴിഞ്ഞുപോയി. അതിന്റെ പേരില്‍ അവര്‍ക്ക് പാപമോ കുറ്റമോ ഇല്ല. അപ്രകാരം തന്നെ, അറഫാദിനത്തിന്റെ വിഷയത്തില്‍ അവര്‍ക്ക് തെറ്റ് പറ്റി. എങ്കില്‍ അത് മടക്കി ചെയ്യേണ്ടതില്ല. അവരുടെ ബലിയും മടക്കി ചെയ്യേണ്ടതില്ല. ഇത് അല്ലാഹു നല്‍കിയ ഇളവും അടിമകളോടുള്ള അവന്റെ കാരുണ്യവുമാണ്.’

അവലംബം: ഖറദാവിയുടെ ഫത് വകള്‍ – ഭാഗം രണ്ട് (ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ്)

Related Post