കോഴിക്കോട്: മലയാളത്തിലെ പ്രഥമ സമ്പൂര്‍ണ ഇസ്‌ലാമിക വീഡിയോ വെബ്‌സൈറ്റ് സ്‌നേഹസ്പര്‍ശം വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. എല്ലാ മതങ്ങളെയും അടുത്തറിയാനും സൗഹാര്‍ദ്ദാന്തരീക്ഷം നിലനിര്‍ത്താനും ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് ഭിന്നിപ്പിക്കാനുള്ള താല്‍പ്പര്യമാണു കൂടുതല്‍. ഒന്നിപ്പിക്കാനുള്ള താല്‍പ്പര്യം കുറവാണ്.
നവമാധ്യമങ്ങളില്‍ തെറ്റായ കാര്യങ്ങളാണ് കൂടുതലായും പ്രചരിക്കുന്നത്. തിന്മകളെ തിരസ്‌കരിച്ച് നന്മയെ സ്വീകരിച്ച് വിജ്ഞാനം നേടുന്നതെങ്ങനെയെന്നു പരിശോധിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. മതസൗഹാര്‍ദ്ദം ലക്ഷ്യംവച്ചാണ് വെബ്‌സൈറ്റ് തയ്യാറാക്കിയതെന്ന് സ്‌നേഹസ്പര്‍ശം എഡിറ്റര്‍ അഹമ്മദ് ഫവാസ് പറഞ്ഞു. ഇസ്‌ലാമിക പ്രഭാഷകരുടെ വീഡിയോകളും വെബ്‌സൈറ്റില്‍ ലഭ്യമാവും.
ശൈഖ് ഹംസ യൂസുഫ്, ഹബീബ് അലി ജിഫ്രി, ഇമാം ശൈദ് ശാകിര്‍ തുടങ്ങിയവരുടെ പ്രഭാഷണ വീഡിയോകളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മലയാളം സബ്‌ടൈറ്റിലിന്റെ സഹായത്തോടെ ഇതു കാണാം. ചരിത്രം, ശാസ്ത്രം, പരിസ്ഥിതി, മനുഷ്യാവകാശം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഡോക്യുമെന്ററികളും വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തും. www.snehasparsham.in എന്നതാണ് വെബ്‌സൈറ്റ്. സ്‌നേഹസ്പര്‍ശം വെബ്‌സൈറ്റ് ചീഫ് എഡിറ്റര്‍ ജി വി കെ മുനീര്‍ അധ്യക്ഷത വഹിച്ചു.