ഒന്നിലധികം വിവാഹം
അഹമ്മദാബാദ്: ഒന്നില്‍ കൂടുതല്‍ പേരെ വിവാഹം കഴിക്കാനായി ചിലര്‍ ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്ന് ഗുജറാത്ത് ഹൈകോടതി. ചില മുസ് ലിം പുരുഷന്മാര് സ്വാര്‍ഥതക്ക് വേണ്ടി ഒന്നിലധികം പേരെ ഭാര്യയാക്കുകയും ഇതിനായി ഖുര്‍ആനെ കൂട്ടുപിടിക്കുകയും ചെയ്യുകയാണെന്നും കോടതി അഭിപ്രായപ്പെട്ടു.
തന്റെ സമ്മതമില്ലാതെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതിനെതിരെ നിയമനടപടിക്ക് തുനിഞ്ഞ ഭാര്യക്കെതിരെ ജാഫര്‍ അബ്ബാസ് മര്‍ച്ചന്റ് എന്ന വ്യക്തി ഹൈകോടതിയെ സമീപിച്ചപ്പോഴായിരുന്നു കോടതി ഇങ്ങനെ നിരീക്ഷിച്ചത്. നാല് പേരെ വിവാഹം കഴിക്കാന്‍ മുസ് ലിം വ്യക്തിനിയമം അനുവദിക്കുന്നുണ്ട്. അതിനാല്‍ ഭാര്യയുടെ പരാതിയില്‍ തനിക്കെതിരെ രജിസ്ററര്‍ ചെയ്ത എഫ്.ഐ ആര് അസാധുവാക്കണമെന്നാവശ്യപ്പെട്ടാണ് ജാഫര്‍ ഹൈകോടതിയെ സമീപിച്ചത്.
ഒന്നിലധികം ഭാര്യമാരാകാം എന്ന് ഖുര്‍ആന്‍ അനുശാസിച്ചതിന് പിറകില്‍ മതിയായ കാരണങ്ങളുണ്ടായിരുന്നു എന്ന് കോടതി വ്യക്തമാക്കി. ഇന്നത് തെറ്റായി വ്യാഖ്യാനം ചെയ്ത് കൂടുതല്‍ പേരെ വിവാഹം കഴിക്കുക എന്ന സ്വാര്ഥതാല്പര്യത്തിന് വേണ്ടി ഉപയോഗിക്കുകയാണ് ചിലര്‍ ചെയ്യുന്നത്. ഇന്ത്യയില്‍ യൂണിഫോം സിവില്‍ കോഡ് വേണമെന്ന വാദത്തിന് ശക്തിപകരുകയാണ് ഇത്തരം സംഭവങ്ങളെന്നും കോടതി നിരീക്ഷിച്ചു.