ശഅ്ബാന്‍ മാസത്തിന് പ്രത്യേക പദവിയും ശ്രേഷ്ടതയുമുണ്ട്. അതിനാല്‍ തന്നെ പ്രവാചകന്(സ) ഈ മാസത്തില്‍ നോമ്പ് അധികമായി അനുഷ്ടിച്ചിരുന്നു. നോമ്പും ഖുര്‍ആനും അന്ത്യനാളില്‍ ശുപാര്‍ശകരായി എത്തുമെന്നും പ്രവാചകന് പഠിപ്പിച്ചിട്ടുണ്ട്. പകലില്‍ വികാരങ്ങളെ നിയന്ത്രിച്ചും ഭക്ഷണം കഴിക്കാതെയും അവന് നിലകൊണ്ടിട്ടുണ്ട്. അതിനാല്‍ അവന്റെ കാര്യത്തില്‍ എന്റെ ശുപാര്‍ശ സ്വീകരിക്കണമേ എന്നു നോമ്പ് പറയും. എനിക്ക് വേണ്ടി അവന് രാത്രി ഉറക്കമൊഴിച്ചിട്ടുണ്ട്. അതിനാല്‍ അവന് വേണ്ടി എന്റെ ശുപാര്‍ശ സ്വീകരിക്കണമെന്ന് ഖുര്‍ആനും ആവശ്യപ്പെടും(അഹ്മദ്). ശഅ്ബാന്‍ മാസത്തിന്റെ പ്രാധാന്യം പരിഗണിച്ചായിരുന്നു പ്രവാചകന് ഈ മാസത്തില്‍ നോമ്പനുഷ്ടിക്കല്‍ അധികരിപ്പിച്ചത്. മഹതി ആഇശ(റ) വിവരിക്കുന്നു: പ്രവാചകന് ഒരു മാസം പൂര്‍ണമായി നോമ്പനുഷ്ടിക്കുന്നത് റമദാനില്‍ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ. പ്രവാചകന് കൂടുതലായി നോമ്പനുഷ്ടിച്ചത് ശഅ്ബാന്‍ മാസത്തിലുമായിരുന്നു.(ബുഖാരി മുസ്ലിം).
ശഅ്ബാനില്‍ നോമ്പിന് പ്രാമുഖ്യം നല്‍കിയതിനെ പറ്റി മറ്റൊരു ഹദീസ് വിശദീകരിക്കുന്നുണ്ട്. ഉസാമ(റ)യില്‍ നിന്ന് നിവേദനം : അല്ലാഹുവിന്റെ ദൂതരേ, ശഅ്ബാനില്‍ നോമ്പനുഷ്ടിക്കുന്നത്ര മറ്റു മാസങ്ങളില്‍ താങ്കള്‍ നോമ്പനുഷ്ടിക്കുന്നത് ഞാന്‍ കണ്ടിട്ടില്ലല്ലോ എന്ന് ഞാന്‍ പ്രവാചകനോട് ചോദിച്ചു. റജബിന്റെയും റമദാനിന്റെയും ഇടക്ക് ജനങ്ങള്‍ കര്മങ്ങളനുഷ്ടിക്കുന്നതില് അശ്രദ്ധയിലാകുന്ന മാസമാണത്. പ്രസ്തുത മാസത്തിലെ കര്‍മങ്ങള്‍ അല്ലാഹുവിലേക്ക് ഉയര്‍ത്തപ്പെടും. നോമ്പുകാരനായിരിക്കെ എന്റെ കര്‍മങ്ങള്‍ അല്ലാഹുവിലേക്ക് ഉയര്‍ത്തപ്പെടുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു- പ്രവാചകന് പ്രതികരിച്ചു(അബൂദാവൂദ്, നസാഇ)
രണ്ട് കാരണങ്ങളാലാണ് പ്രവാചകന് ശഅ്ബാനില്‍ നോമ്പനുഷ്ടിക്കല്‍ അധികരിപ്പിച്ചത്:
1. റമദാനിന്റെയും റജബിന്റെയും ഇടയില്‍ ജനങ്ങള്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്താത്ത മാസമാണിത് : ജനങ്ങള്‍ പൊതുവെ അശ്രദ്ധപാലിക്കുന്ന സന്ദര്‍ഭത്തിലുള്ള ഇബാദത്തിന് പ്രത്യേക പദവിയുണ്ട്. ആത്മാര്‍ഥതക്കും അല്ലാഹുവിന്റെ സാമീപ്യം സിദ്ധിക്കാനുള്ള അധമ്യമായ ആഗ്രഹവുമാണ് ഇതിന്റെ പ്രചോദനങ്ങള്‍. ജനങ്ങള്‍ ഉറക്കത്തിലും അശ്രദ്ധയിലും കഴിയുന്ന നിശയുടെ നിശ്ശബ്ദതയില്‍ എഴുന്നേറ്റ് നമസ്കരിക്കുന്നതിന് കണ്‍കുളിര്‍മയേകുന്ന മഹത്തായ പ്രതിഫലം ഉണ്ടെന്ന് പഠിപ്പിച്ചത് അതിനാലാണ്.
2. അല്ലാഹുവിലേക്ക് കര്‍മങ്ങള്‍ ഉയര്‍ത്തപ്പെടുന്ന മാസമാണിത് : നോമ്പുകാരനായിരിക്കെ കര്‍മങ്ങള്‍ അല്ലാഹുവിലേക്ക് ഉയര്‍ത്തപ്പെടണമെന്ന് പ്രവാചകന് നിര്‍ബന്ധബുദ്ധിയുണ്ടായിരുന്നു.
അതിനാല്‍ തന്നെ ഈ മാസം അല്ലാഹുവിന്റെ സാമീപ്യം നേടിയെടുക്കാനായി ഇബാദത്തുകള്‍ വര്‍ധിപ്പിക്കാനുള്ള അവസരമായി വിശ്വാസികള്‍ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. പ്രവാചകന്റെ മഹിതമായ മാതൃക അനുധാവനം ചെയ്തുകൊണ്ട് നോമ്പനുഷ്ടിക്കുന്നത് അധികരിപ്പിക്കാനും പ്രത്യേകം ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്.
ശഅ്ബാനിന്റെ പകുതി പിന്നിട്ടാല്‍ പിന്നീട് നിര്‍ണിത ദിവസങ്ങളില്‍(തിങ്കള്‍, വ്യാഴം) സ്ഥിരമായി നോമ്പനുഷ്ടിക്കുന്നവര്‍ മാത്രമേ നോമ്പനുഷ്ടിക്കേണ്ടതുള്ളൂ. കാരണം റമദാനിനുള്ള ഒരു മുന്നൊരുക്കത്തിന്റെ ഭാഗമാണത്.
അബീ ഉമാമ(റ) പറഞ്ഞു: പ്രവാചകന്റെ സവിദത്തില്‍ ചെന്നു ഞാന്‍ പറഞ്ഞു, സ്വര്‍ഗപ്രവേശനത്തിന് ഹേതുവാകുന്ന ഒരു കര്‍മത്തെ കുറിച്ച് എന്നോട് കല്പിക്കുക! പ്രവാചകന് പ്രതികരിച്ചു : നോമ്പനുഷ്ടിക്കുക, അതിന് പകരമായി ഒന്നുമില്ല, രണ്ടാം വട്ടവും പ്രവാചകനെ സമീപിച്ചപ്പോള്‍ പ്രവാചകന് നോമ്പനുഷ്ടിക്കുക എന്നു തന്നെ ആവശ്യപ്പെടുകയുണ്ടായി.(അഹ്മദ്, നസാഇ)