മുസ്‌ലിംകളുടെ ധാര്‍മികമൂല്യമാണ് ഇസ്‌ലാമിനെ വളര്‍ത്തുന്നത്
ഖുത്തുബ യൂസുഫുല്‍ ഖറദാവി
ഇസ്‌ലാമിന്റെ വിധികളും മൂല്യങ്ങളും പ്രായോഗികമായി നടപ്പാക്കപ്പെട്ടപ്പോഴെല്ലാം ഇസ്‌ലാമിന്റെ പതാക ഉയരങ്ങളില്‍ പറന്നിട്ടുണ്ടെന്ന് ചരിത്രത്തില്‍ നമുക്ക് കാണാം. നുബുവത്തിന്റെ ഘട്ടത്തില്‍ പ്രവാചകന്റെ(സ) പ്രബോധനത്തിനെതിരെ രംഗത്ത് വന്ന നിരവധി വിഭാഗങ്ങളുണ്ടായിരുന്നല്ലോ. അറേബ്യയിലെ വിഗ്രഹാരാധകരും ബനൂ ഖൈനുഖാഅ്, ബനൂഖുറൈള, ബനൂ നളീര്‍ തുടങ്ങിയ ജൂതഗോത്രങ്ങളും റോമിലെ ബൈസാന്റിയന്‍ സാമ്രാജ്യവും തക്കംപാര്‍ത്തിരുന്ന മജൂസി വിഭാഗവും തങ്ങളും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെന്ന് ആണയിട്ട് പറഞ്ഞ് മുസ്‌ലിംകള്‍ക്കിടയില്‍ തന്നെ ജീവിച്ച മുനാഫിഖുകളും അക്കൂട്ടത്തിലുണ്ടായിരുന്നു. അവര്‍ക്കെതിരെയെല്ലാം വിജയം വരിക്കാന്‍ എങ്ങനെയാണ് നബിതിരുമേനിക്ക് സാധിച്ചത്?
ഈ ദീനിന്റെ സ്തംഭങ്ങള്‍ ഭൂമിയില്‍ ഉറപ്പിച്ച ശേഷമാണ് മുഹമ്മദ് നബി(സ) ലോകത്തോട് വിടപറഞ്ഞത്. ഒരു മാതൃകാ ഇസ്‌ലാമിക സമൂഹത്തെ ഒരുക്കി, മാതൃകാ രാഷ്ട്രത്തിന് തറക്കല്ലിടുകയും ചെയ്ത് ദീന്‍ പൂര്‍ത്തീകരിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. ” ഇന്നു ഞാന്‍ നിങ്ങളുടെ ദീന്‍ നിങ്ങള്‍ക്കു സമ്പൂര്‍ണമാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങളില്‍ തികയ്ക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ക്കുവേണ്ടി ഇസ്‌ലാമിനെ ദീന്‍ എന്ന നിലയില്‍ ഞാന്‍ തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു.” (അല്‍മാഇദ: 3)
നബി(സ)ക്ക് ശേഷം ഖലീഫമാര്‍ അദ്ദേഹത്തിന്റെ ചര്യയും മാര്‍ഗവും തന്നെയാണ് പിന്തുടര്‍ന്നത്. സഹാബത്തിന്റെയും അവരുടെ ശിഷ്യഗണങ്ങളുടെയും പ്രവര്‍ത്തന ഫലമായി ഇസ്‌ലാം ലോകത്തിന്റെ മുക്കുമൂലകളിലെല്ലാം എത്തി. ഇസ്‌ലാമിക സന്ദേശത്തിന്റെ വാഹകരായിരുന്നു അവര്‍. വരാനിരിക്കുന്നവര്‍ക്ക് കൂടി അത് പകര്‍ന്നു നല്‍കാന്‍ പ്രാപ്തരാക്കും വിധമാണ് പ്രവാചകന്‍(സ) അവരെ വളര്‍ത്തിയത്. അവരിലൂടെയാണ് ഇസ്‌ലാം പ്രചരിച്ചത്. അല്ലാതെ ശത്രുക്കള്‍ പ്രചരിപ്പിക്കും പോലെ വാളുകൊണ്ടായിരുന്നില്ല.
യഥാര്‍ഥത്തില്‍ വാളിനെ അതിജയിക്കുകയാണ് ഇസ്‌ലാം ചെയ്തത്. ഇസ്‌ലാമിന്റെ ഒന്നാം നാള്‍ മുതല്‍ ഖുറൈശി വിഗ്രഹാരാധകരും അറബികളും ഉയര്‍ത്തിയ വാളിന് മുന്നിലാണത് വളര്‍ന്നത്. കൊടിയപീഢനങ്ങള്‍ അവരുടെ ഭാഗത്തു നിന്നുമുണ്ടായി. മൂന്ന് വര്‍ഷത്തോളം കടുത്ത ബഹിഷ്‌കരണം ഏര്‍പ്പെടുത്തി. അതിനെയല്ലാം അതിജീവിച്ചാണ് ഇസ്‌ലാം കടന്നു വന്നിട്ടുള്ളത്. നാമിന്ന് ജീവിക്കുന്ന, നമുക്ക് തണലേകുന്ന ഇസ്‌ലാം ഏറെ പ്രയാസങ്ങള്‍ താണ്ടിയാണ് നമ്മിലേക്ക് എത്തിയിരിക്കുന്നത്. അതിന്റെ മാര്‍ഗത്തില്‍ ഒരുപാട് രക്തവും ജീവനും സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. മുസ്‌ലിംകളായ നമുക്ക് ആ ഇസ്‌ലാമിനോടുള്ള നിലപാട് വ്യക്തമാക്കേണ്ടത് അനിവാര്യമാണ്.
ഇസ്‌ലാമിന് പ്രചാരണം നല്‍കിയത് വിശ്വാസവും ധാര്‍മികമൂല്യങ്ങളുമായിരുന്നു. ഇന്ത്യയുടെ ചെറിയൊരു ഭാഗം മാത്രമാണ് മുസ്‌ലിംകള്‍ വാളുകൊണ്ട് കീഴടക്കിയിട്ടുള്ളത്. പിന്നീടവര്‍ ജനങ്ങള്‍ക്കിടയില്‍ ജീവിച്ചു. അവരുടെ ജീവിതം കണ്ട് ആളുകള്‍ കൂട്ടമായി ഇസ്‌ലാമിലേക്ക് കടന്നു വന്നു. ഇന്ത്യയിലും പാകിസ്താനിലും ബംഗ്ലാദേശിലുമുള്ള വലിയ ഇസ്‌ലാമിക സമൂഹം വാളുകൊണ്ട് കടന്നുവന്നവരല്ല. ഒരുപക്ഷേ അവര്‍ വാളോ വാളേന്തിയ സൈന്യത്തെയോ കണ്ടിട്ട് പോലുമുണ്ടാവില്ല. മുസ്‌ലിം സൈന്യങ്ങള്‍ തീരെ പ്രവേശിച്ചിട്ടു തന്നെയില്ലാത്ത എത്രയോ പ്രദേശങ്ങളുണ്ട്. മലേഷ്യ, ഇന്തോനേഷ്യ (ഇന്ന് ഏറ്റവുമധികം മുസ്‌ലിംകളുള്ള രാജ്യം), ഫിലിപ്പീന്‍ എന്നിവിടങ്ങളിലെല്ലാം അവിടെയെത്തിയ സാധാരണക്കാരായ കച്ചവടക്കാരിലൂടെയാണ് ഇസ്‌ലാം എത്തിയത്.
ആഫ്രിക്കയിലും ഇസ്‌ലാം പ്രചരിച്ചത് വാളു കൊണ്ടായിരുന്നില്ല. ആഫ്രിക്കയുടെ പ്രധാന ഭാഗമായി ഈജിപ്തിലേക്ക് നാലായിരം സൈനികരുമായി അംറ് ബിന്‍ അല്‍ആസ് പുറപ്പെട്ടു. ഈജിപിലെ റോമാ സാമ്രാജ്യത്വത്തിനെതിരെ യുദ്ധം ചെയ്യുന്നതിനായിരുന്നു അത്. അംറ് ബിന്‍ അല്‍ആസ് കൂടുതല്‍ സൈനികരെ വിട്ടുകിട്ടാന്‍ ഉമര്‍(റ) ആവശ്യപ്പെട്ടു. അതനുസരിച്ച് നാലായിരം സൈനികരെ കൂടി അയച്ചു കൊടുത്തു. നാടുകള്‍ ഓരോന്നായി ആ സൈന്യത്തിന് കീഴില്‍ വന്നു. യുദ്ധം ചെയ്തിട്ടായിരുന്നില്ല അത്. മറിച്ച് ദൈവത്തിന്റെ അടിമകള്‍ക്ക് ദൈവിക നീതിയുമായി എത്തിയ അവരെ തദ്ദേശീയരായ ജനങ്ങള്‍ സ്വാഗതം ചെയ്യുകയായിരുന്നു.
ഇസ്‌ലാം ലോകത്ത് പ്രചരിച്ചിട്ടുണ്ടെങ്കില്‍ മുസ്‌ലിംകളുടെ ധാര്‍മിക മൂല്യങ്ങള്‍ കൊണ്ടാണ്. വിശ്വാസത്തിന്റെ സത്യസന്ധതയും ധാര്‍മികതയും സല്‍പെരുമാറ്റവും മറ്റുള്ളവരോടുള്ള നീതിയുമാണവര്‍ മുസ്‌ലിംകളില്‍ ദര്‍ശിച്ചത്. ജേതാക്കളുടെ ധിക്കാരമോ ശക്തന്റെ അതിക്രമമോ ആയിരുന്നില്ല അവരില്‍ കണ്ടത്. തങ്ങള്‍ കണ്ടതില്‍ വെച്ചേറ്റവും നല്ലവരെയാണ് അവര്‍ക്ക് മുസ്‌ലിംകളില്‍ കാണാന്‍ കഴിഞ്ഞത്. അതുകൊണ്ടു തന്നെ അവരെ സ്‌നേഹിക്കുകയും അവര്‍ വിശ്വസിക്കുന്ന ദീനില്‍ പ്രവേശിക്കുകയും ചെയ്തു. ഇങ്ങനെയായിരുന്നു ലോകത്ത് ഇസ്‌ലാം വ്യാപിച്ചത്.
(1997 സെപ്റ്റംബര്‍ 19ന് ദോഹയിലെ ജാമിഅ് ഉമര്‍ ബിന്‍ ഖത്താബില്‍ നടത്തിയ ജുമുഅ ഖുതുബയില്‍ നിന്നും)