ക്രിസ്മസിന് സഹോദരന് ക്ഷണിച്ചാല്‍ ?
ചോ: ക്രൈസ്തവകുടുംബത്തില് പിറന്ന ഞാന്‍ യൗവനകാലത്ത് ഇസ്ലാം സ്വീകരിച്ചതാണ്. വിവാഹംകഴിഞ്ഞ് ഇപ്പോള്‍ വേറിട്ടാണ് താമസം. ക്രിസ്മസ് ഒത്തുകൂടലിന് അമ്മച്ചിയും സഹോദരങ്ങളും എന്നെയും കുടുംബത്തെയും ക്ഷണിച്ചിരിക്കുകയാണ്. അവിടെ ഭക്ഷണം ഹലാല്‍ ആയിരിക്കും. മദ്യം ഉണ്ടാവുകയില്ലെന്നുറപ്പുണ്ട്. ആ ഒത്തുകൂടലില്‍ പങ്കെടുക്കുന്നത് ഇസ്ലാം വിലക്കുന്നുണ്ടോ ?
ഉത്തരം: മുമ്പ് സമാനമായ ചോദ്യത്തിന് നല്കിയ മറുപടിയില്‍ നിന്ന് ഞാന്‍ വീണ്ടും ഉദ്ധരിക്കട്ടെ:’ഏത് ആഘോഷങ്ങളായാലും അതിന്റെ മതപരമായ ചടങ്ങുകളില്‍നിന്ന് വിട്ടുനിന്നുകൊണ്ടും നിഷിദ്ധ അന്ന-പാനീയങ്ങള്‍ ഉപേക്ഷിച്ചുകൊണ്ടും സദ്യകളില്‍ പങ്കെടുക്കാന്‍ അനുവാദമുള്ളതുപോലെ ജീസസ് ക്രൈസ്റ്റിന്റെ അധ്യാപനങ്ങളുമായി ക്രിസ്മസിന് യാതൊരുബന്ധവുമില്ലെന്ന ഉത്തമബോധ്യത്തോടെ താങ്കള്‍ക്ക് കുടുംബാംഗങ്ങള്‍ സന്തോഷംപങ്കിടുന്ന സദ്യയില്‍ പങ്കെടുക്കാവുന്നതാണ്.’
ഈസാനബി(യേശു)യെക്കുറിച്ച നമ്മുടെ വിശ്വാസം മുറുകെപ്പിടിച്ചുകൊണ്ടുതന്നെ മറ്റുള്ളവരുടെ സ്നേഹപ്രകടനത്തോട് സക്രിയമായി പ്രതികരിക്കണം. അങ്ങനെ ചെയ്യുന്നത് ഇസ്ലാം ഒരു വരണ്ട, തീവ്രതയുള്ള മതമാണെന്ന രീതിയിലുള്ള ആളുകളുടെ തെറ്റുധാരണ അകറ്റാന്‍ സഹായിക്കും. അതിനാല്‍ താങ്കള്‍ കുടുംബത്തോടൊപ്പം ചേരുക. യഥാര്‍ഥ ഇസ്ലാമെന്തെന്ന് അവര്‍ മനസ്സിലാക്കട്ടെ.
ഷെയ്ഖ് ആഹ്മെദ് കുട്ടി
എം ഗോവിന്ദന് – ഞാന്‍ അറിഞ്ഞ പ്രവാചകന്
യേശുക്രിസ്തുവിന്റെ ആശയാദര്‍ശങ്ങള്‍ നസ്റത്തിലും റോമിലെമ്പാടും ഒട്ടധികം ഒച്ചപ്പാടുണ്ടാക്കിയെങ്കിലും രാഷ്ട്രീയമായ ഒരു പ്രത്യക്ഷ വിപ്ളവം സൃഷ്ടിച്ചില്ല. ദൈവത്തിന്റെ കുഞ്ഞാട് മുടിയില്‍ മുള്‍ക്കിരീടം ചൂടിയതിന് ശേഷം മാത്രമേ അദ്ദേഹം ബീജാവാപം ചെയ്ത അഭിപ്രായങ്ങള്‍ മുളച്ച് ഇല വിരിഞ്ഞ് കായും കനിയും ആയിത്തീര്‍ന്നുള്ളൂ. ഇസ്ലാം മത സ്ഥാപകന്റെ കഥ അങ്ങനെയല്ല. ക്രിസ്തു എത്രമാത്രം ആദര്‍ശവാദിയായിരുന്നുവോ, അത്രത്തോളം കര്‍മപടുവും പ്രായോഗിക കര്‍മ ജ്ഞനുമായിരുന്നു നബി. ദൈവത്തിനവകാശപ്പെട്ടത് ദൈവത്തിന് നല്കപ്പെടുകതന്നെ വേണമെന്ന ശാഠ്യക്കാരനായിരുന്നു അദ്ദേഹവും. പക്ഷേ, സീസറിന്റെ ഭാഗം സ്വയം ഏറ്റെടുക്കാനാണ് മുഹമ്മദ് ഇഷ്ടപ്പെട്ടത്. തന്റെ ആയുഷ്കാലത്ത് തന്നെ അദ്ദേഹം ഒരു നവീന രാഷ്ട്രം സ്ഥാപിച്ചു. ആദ്യത്തെ ഭരണാധികാരിയായി. പ്രായോഗിക തന്ത്രജ്ഞന്‍, കര്മധീരന്, നവീന രാഷ്ട്ര ശില്പി എന്ന നിലയില്‍ ചരിത്രത്തില്‍ നബിയോട് കിടനില്ക്കുന്ന മറ്റൊരു വ്യക്തി ലെനില്‍ മാത്രമേയുള്ളൂ.’
-എം.ഗോവിന്ദന്
മോശയെപ്പോലൊരു പ്രവാചകന്
മുഹമ്മദ് നബിയും മോശയും തമ്മിലുള്ള സാദൃശ്യത്തിന്റെ രണ്ട് മുഖ്യമായ ഭാഗങ്ങള്‍ പരാമര്‍ശിച്ചുകഴിഞ്ഞു. ഇനി അടുത്ത ഭാഗത്തേക്ക് പ്രവേശിക്കാം.
3. ദൈവവചനം അദ്ദേഹത്തിന്റെ നാവില്‍ നിവേശിതമാകുമെന്നാണല്ലോ ആ പ്രവാചകന്റെ സവിശേഷതയായി പ്രവചനത്തില്‍ എടുത്തു കാണിച്ച മറ്റൊരു കാര്യം.
ഈ സവിശേഷത ഒരിക്കലും ബൈബിളിലെ യേശുവിനു ചേരുന്നില്ല. കാരണം, ദൈവ(യോഹ:1) മെന്നും സത്യ ദൈവ(1 യോഹ.5:20) മെന്നും സര്‍വ്വത്തിനും മീതെയുള്ള ദൈവ (റോമര്‍ 9:5) മെന്നുമൊക്കെയാണല്ലോ ബൈബിളില്‍ അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്.
അങ്ങനെയെങ്കില്‍, ‘ഞാന്‍ എന്റെ വചനങ്ങള്‍ അവന്റെ നാവില്‍ നിവേശിപ്പിക്കും’ എന്ന ആവര്‍ത്തന പുസ്തകത്തിലെ വാക്യം അദ്ദേഹത്തിനെങ്ങനെ യോജിക്കും? ദൈവത്തിന്റെ നാവില്‍ ദൈവവചനം നിവേശിപ്പിക്കുന്നതിലര്ത്ഥമില്ലല്ലോ.
മാത്രമല്ല, താന്‍ ദൈവ പുത്രനാണെന്നവകാശപ്പെടുകവഴി ദൈവ നിന്ദയാണല്ലോ, യഥാര്‍ത്ഥത്തില്‍ അദ്ദേഹം നടത്തിയിരിക്കുന്നത് ‘ആകാശങ്ങള്‍ പൊട്ടിപ്പിളരുകയും ഭൂമി വിണ്ടുകീറുകയും പര്‍വ്വതങ്ങല്‍ തകര്‍ന്നു വീഴുകയും’ ചെയ്യുവാന്‍ മാത്രം ഭീകരമായൊരു പാപമായാണതിനെ വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. (19:90,91-നോക്കുക) ഇതെങ്ങനെ, ദൈവ വചനമായി കരുതും?
എന്നാല്‍, ഈ വിശേഷണം അക്ഷരാര്‍ത്ഥത്തില്‍ അവകാശപ്പെടുന്നത് മുഹമ്മദിനാണെന്നു കാണാവുന്നതാണ്. ഖുര്‍ആന്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത് കാണുക:
‘അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന്ന് ദിവ്യ സന്ദേശമായി നല്കപ്പെടുന്ന ഒരുദ്ബോധനം മാത്രമാണ്. (73:3,4)
അദ്ദേഹം കൊണ്ടുവന്ന സന്ദേശം സ്വയം ചമച്ചുണ്ടാക്കിയതല്ലെന്നും അതിനദ്ദേഹത്തിന്നു കഴിയുകയില്ലെന്നും ഖുര്‍ആന്‍ ചൂണ്ടിക്കാട്ടുന്നു. അത് ലഭിക്കുന്നതിന്നു മുമ്പ് വേദഗ്രന്ഥമോ വിശ്വാസമോ എന്തായിരുന്നുവെന്നുപോലും അദ്ദേഹത്തിനറിയാമായിരുന്നില്ല. ‘അപ്രകാരം തന്നെ നിനക്ക് നാം നമ്മുടെ കല്പനയാല് ഒരു ചൈതന്യവത്തായ സന്ദേശം ബോധനം ചെയ്തിരിക്കുന്നു. വേദഗ്രന്ഥമോ, സത്യവിശ്വാസമോ എന്തെന്ന് നിനക്കറിയുമായിരുന്നില്ല.’ (42:52)
ഇനി, വല്ല അബദ്ധവും അദ്ദേഹത്തില്‍നിന്നു സംഭവിച്ചാല്‍ തന്നെ, അത് ദൈവികവചനാടിസ്ഥാനത്തിലാണെന്ന് തെറ്റിദ്ധരിക്കാനിടവരാത്തവിധം ചൂണ്ടിക്കാട്ടപ്പെടുകയും തിരുത്തപ്പെടുകയും ചെയ്തിരുന്നു. ഒരിക്കല്‍, ഭാര്യമാരുടെ അനിഷ്ടം ഭയന്ന് മേലില്‍ താന്‍ തേന്‍ കഴിക്കുകയില്ലെന്ന് അദ്ദേഹം നടത്തിയ ശപഥം ഉദാഹരണം. ഇതെക്കുറിച്ച് കടുത്ത ആക്ഷേപമാണ് ഖുര്‍ആന്‍ ഉന്നയിച്ചത്:
‘ഓ നബി നീയെന്തിനാണ് നിന്റെ ഭാര്യമാരുടെ പ്രീതിതേടിക്കൊണ്ട്, അല്ലാഹു നിനക്ക് അനുവദിച്ചുതന്നത് നിഷിദ്ധമാക്കുന്നത്.'(66:1) തുടര്‍ന്ന്, ഇത്തരം ശപഥങ്ങളില്നിന്നൊഴിവാകാനുള്ള നിയമം അദ്ദേഹത്തിന്നറിയിച്ചുകൊടുക്കുകയും ചെയ്തു.
മാത്രമല്ല, തന്റെ വചനത്തില്‍ വല്ല കൈകടത്തലും നടത്തുന്ന പക്ഷം അദ്ദേഹത്തിന് കടുത്ത ശിക്ഷതന്നെ നല്‍കുമെന്നും ദൈവം അറിയിക്കുകയുണ്ടായി.
‘നമ്മുടെ പേരില്‍ (പ്രവാചകന്) വല്ലതും കെട്ടിച്ചമച്ചു പറഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തെ നാം വലതു കൈക്കൊണ്ട് പിടികൂടുകയും എന്നിട്ട് അദ്ദേഹത്തിന്റെ ജീവനാഡി നാം മുറിച്ചു കളയുകയും ചെയ്യുമായിരുന്നു. അപ്പോള്‍ നിങ്ങളില്‍ ആര്‍ക്കും അദ്ദേഹത്തില്‍ നിന്ന് (ശിക്ഷയെ) തടയാനാവില്ല.’ (63:44-47)
ചുരുക്കത്തില്‍, നാവില്‍ ദൈവ വചനം നിവേശിപ്പിക്കപ്പെടുമെന്ന ഈ വിശേഷണം ഏറ്റവും ചേരുന്നത് മുഹമ്മദില്‍ തന്നെ.
4. ജനങ്ങള്‍ക്ക് ദൈവിക സന്ദേശം എത്തിച്ചുകൊടുക്കും. പ്രവചനവാക്യത്തിലെ ‘ഞാന്‍ അവനോടു കല്പിക്കുന്നതൊക്കെയും അവന് അവരോടു പറയും’ എന്ന ഭാഗത്തിന്റെ താല്പര്യമിതാണല്ലോ. മോശെ തനിക്കു ലഭിക്കുന്ന ആശയങ്ങള്‍ ഇസ്രായേല്യര്ക്കെത്തിച്ചുകൊടുത്തിരുന്നു. ജീവിതാന്ത്യത്തില്‍ അദ്ദേഹം പറഞ്ഞു: ‘നിങ്ങളുടെ ഗോത്രങ്ങളുടെ എല്ലാ മൂപ്പന്മാരെയും പ്രമാണികളെയും എന്റെയടുക്കല്‍ വിളിച്ചുകൂട്ടുവിന്‍. എന്നാല്‍, ഞാന്‍ ഈ വചനങ്ങള്‍ അവരെ പറഞ്ഞു കേള്‍പിച്ചു. അവരുടെ നേരെ ആകാശത്തെയും ഭൂമിയെയും സാക്ഷിവെക്കും. എന്റെ മരണശേഷം നിങ്ങള്‍ വഷളത്തം പ്രവര്‍ത്തിക്കുമെന്നും ഞാന്‍ നിങ്ങളോടു ആജ്ഞാപിച്ചിട്ടുള്ള വഴി വിട്ടുമാറികളയുമെന്നും എനിക്കറിയാം. അങ്ങനെ നിങ്ങള്‍ യഹോവക്ക് അനിഷ്ടമായുള്ളത് ചെയ്ത നിങ്ങളുടെ പ്രവൃത്തികളാല്‍ അവനെ കോപിപ്പിക്കുന്നതുകൊണ്ട് ഭാവി കാലത്തു നിങ്ങള്‍ക്ക് അനര്‍ത്ഥം ഭവിക്കും’ അങ്ങനെ, മോശെ ഇസ്രായേലിന്റെ സര്‍വ്വസഭയെയും ഈ പാട്ടിന്റെ വചനങ്ങളൊക്കെയും ചൊല്ലികേള്പിച്ചു. (ആവര്‍ത്തനം 31:28,29)
തനിക്ക് ലഭിച്ച സന്ദേശം ജനങ്ങള്‍ക്കെത്തിച്ചുകൊടുക്കാന്‍ ദൈവം മുഹമ്മദിനോടു ആജ്ഞാപിക്കുക മാത്രമല്ല ദൌത്യനിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തരുതെന്ന് മുന്നറിയിപ്പു നല്കുകകൂടി ചെയ്തിരുന്നു. താഴെ സൂക്തം ശ്രദ്ധിക്കുക:
‘ഹേ റസൂലേ, നിന്റെ രക്ഷിതാവിങ്കല്നിന്ന് നിനക്ക് അവതരിപ്പിക്കപ്പെട്ടത് നീ (ജനങ്ങള്‍ക്ക്) എത്തിച്ചുകൊടുക്കുക, അങ്ങനെ ചെയ്യാത്തപക്ഷം നീ അവന്റെ ദൌത്യം നിറവേറ്റിയിട്ടില്ല.’ (5:6)
മുഹമ്മദിന്റെ പ്രശസ്തമായ വിടവാങ്ങല്‍ പ്രസംഗം ഇതിനു തികച്ചും സമാനമാണ്. തന്റെ ജീവിതാന്ത്യത്തില്‍ മക്കയിലെ അറഫാ പര്‍വ്വതത്തില്‍ വെച്ച് ഇതേ രീതിയില്‍ അനുയായികളെ ഒരുമിച്ചു ചേര്‍ത്ത് അദ്ദേഹം പറഞ്ഞു:
‘ജനങ്ങളെ, എന്റെ വാക്കുകള്‍ സശ്രദ്ധം ശ്രവിക്കുക: ഈ വര്‍ഷത്തിനു ശേഷം ഇനിയൊരിക്കല്‍ ഇവിടെ വെച്ച് നിങ്ങളുമായി ഒരുമിച്ചു ചേരാന്‍ സാധിക്കുമോ എന്നെനിക്കറിയില്ല.’
കാര്യമാത്രപ്രസക്തമായ പ്രസ്തുത പ്രഭാഷണം ഉപസംഹരിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു. അല്ലാഹുവേ, ഞാനീ സന്ദേശം ജനങ്ങള്‍ക്കെത്തിച്ചു കൊടുത്തില്ലേ? അപ്പോള്‍ നാനാഭാഗത്തുനിന്നും ജനങ്ങള്‍ വിളിച്ചു പറഞ്ഞു: അതെ, അതെ, തീര്‍ച്ചയായും. അപ്പോള്‍ മുഹമ്മദ് പറഞ്ഞു: അല്ലാഹുവേ, നീ ഇതിന്ന് സാക്ഷ്യം വഹിച്ചാലും.’
ഈ സന്ദേശം അവിടെ നിന്ന് ശ്രവിച്ചവര്‍ പഠിച്ചു. കേട്ടവര്‍ കേള്ക്കാത്തവര്ക്കെത്തിച്ചുകൊടുത്തു. അങ്ങനെ, പതിനായിരക്കണക്കില്‍ വിശ്വാസികളുടെ ഹൃദയങ്ങളിലും ലിഖിതങ്ങളിലുമായത് പരിരക്ഷിക്കപ്പെട്ടുപോന്നു.
5. അദ്ദേഹത്തെ ധിക്കരിക്കുന്നവര്‍ ശിക്ഷിക്കപ്പെടും. ‘അവന് എന്റെ നാമത്തില്‍ പറയുന്ന എന്റെ വാക്കുകള്‍ ചെവികൊള്ളാത്തവരോടു ഞാന്‍ പ്രതികാരം ചെയ്യുമെന്നാണ് പ്രവചനത്തിന്റെ മറ്റൊരു ഭാഗം.
ശ്രദ്ധേയമായ രണ്ടു ഘടകങ്ങളാണീ വാക്യത്തിലടങ്ങിയിരിക്കുന്നത്.
1) അദ്ദേഹം ദൈവവചനം പറയുന്നത് ദൈവനാമത്തിലായിരിക്കും.
2) അങ്ങനെ പറയുന്ന ദൈവവചനങ്ങള്‍ ശ്രദ്ധിക്കാത്തവന് ശിക്ഷിക്കപ്പെടും.
1. ദൈവ നാമത്തില്‍:
പ്രവചനത്തിലെ മുന്വിശേഷണങ്ങളെല്ലാം മുഹമ്മദില്‍ നിവൃത്തിയായതായി നാം കണ്ടു. ഇനി, നമുക്ക് പരിശോധിക്കാനുള്ളത് തന്റെ നാവിന്മേല് ദൈവം നിവേശിപ്പിച്ച ദൈവ വചനം ജനങ്ങള്‍ക്കദ്ദേഹം പറഞ്ഞു കൊടുത്തിരുന്നത് ആരുടെ പേരിലായിരുന്നവെന്നാണ്, ഖുര്ആനെടുത്തുനോക്കിയാല് ഈ വിശേഷണവും പൂര്‍ണ്ണമായി അദ്ദേഹത്തില്‍ യോജിക്കുന്നതായി കാണാം. അതിലെ ചെറുതും വലുതുമായ സകല അദ്ധ്യായങ്ങളും അല്ലാഹുവിന്റെ നാമത്തില്‍ ആരംഭിക്കുന്നതായി അതില്‍ കാണുന്നു. അതെ, ഓരോ അദ്ധ്യായത്തിന്റെയും തുടക്കം ‘ബിസ്മില്ലാഹിര്‍റഹ്മാനിര്‍റഹീം’ എന്നു പറഞ്ഞുകൊണ്ടാണ്. കരുണാവാരിധിയും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍ എന്നര്‍ത്ഥം. ഓരോ മുസ്ലിമും തന്റെ സദ്കര്മ്മങ്ങളാരംഭിക്കുന്നത് ഈ വിശുദ്ധവാക്യമുപയോഗിച്ചുകൊണ്ടാണെന്നത് വളരെ ശ്രദ്ധേയമാണ്.
2. ദൈവനാമത്തില്‍ ഉച്ചരിക്കപ്പെടുന്ന ആ വചനങ്ങള്‍ കൈവെടിയുന്നവര്‍ ശിക്ഷിക്കപ്പെടുമെന്നാണല്ലോ രണ്ടാമത്തെ ഭാഗം.
ദൈവവചനവുമായി ഫറോവയെ സമീപിച്ച മോശയോടവന് ധിക്കാരം കാണിച്ചു. അപ്പോള്‍ അത്ഭുതകരമായ രീതിയില്‍ ശിക്ഷിക്കുകയാണുണ്ടായതെന്ന് ഖുര്‍ആന്‍ പറയുന്നു: ‘എന്നിട്ട് ഫറോവ ആ ദൂതനോടു ധിക്കാരം കാണിച്ചു. അപ്പോള്‍, നാം അവനെ കടുത്ത ഒരു പിടിത്തം പിടിക്കുകയുണ്ടായി'(27:16) അതെ, ഫറോവയെയും കിങ്കരന്മാരെയും ചെങ്കടലില്‍ മുക്കികൊല്ലുകയാണ് ദൈവം ചെയ്തത്.
മുഹമ്മദിനെ ഏറ്റവുമധികം ഉപദ്രവിക്കുകയും അദ്ദേഹത്തിനെതിരെ ദുഷ്പ്രചരണം നടത്തുകയും പ്രബോധനത്തോടു എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്ന ഒരാളായിരുന്നു അദ്ദേഹത്തിന്റെ പിതൃവ്യന് അബൂലഹബ് എന്ന അബ്ദുല്‍ ഉസ്സ. ഇയാളുടെയും കുടുംബത്തിന്റെയും പരിണതി എന്തായെന്ന് ഖുര്‍ആന്‍ പറയുന്നു:
‘അബൂലഹബിന്റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവന് നാശമടയുകയും ചെയ്തിരിക്കുന്നു. അവന്റെ ധനമോ അവന് സമ്പാദിച്ചുവെച്ചതോ അവനു ഉപകാരപ്പെട്ടില്ല. തീജ്വാലകളുള്ള നരകാഗ്നിയില്‍ അവന് പ്രവേശിക്കുന്നതാണ്. വിറകുചുമട്ടുകാരിയായ അവന്റെ ഭാര്യയും. അവളുടെ കഴുത്തില്‍ ഈത്തപ്പന നാരുകൊണ്ടുള്ള ഒരു കയറുണ്ടായിരിക്കും.(111:1-5)
മറ്റൊരിടത്ത് ഇങ്ങനെ പറയുന്നു:
‘ തീര്‍ച്ചയായും നിന്നോടു വിദ്വേഷം വെച്ചുപുലര്‍ത്തുന്നവര്‍ തന്നെയാകുന്നു ഭാവിയില്ലാത്തവന്‍'(108:3) ദൈവ വചനത്തെ നിഷേധിക്കുന്നവര്‍ക്കുള്ള താക്കീത് ഇങ്ങനെ വായിക്കാം.
‘തീര്‍ച്ചയായും നിങ്ങളുടെ കൂട്ടത്തില്‍ (ഇതിനെ) നിഷേധിച്ചു തള്ളുന്നവരുണ്ടെന്ന് നമുക്കറിയാം. തീര്‍ച്ചയായും ഇത് സത്യനിഷേധികള്‍ക്ക് ഖേദത്തിന്ന് കാരണമാകുന്നു. (69:49,50)
‘ആകയാല്‍, എന്നെയും ഈ വര്‍ത്തമാനം നിഷേധിച്ചു കളയുന്നവരെയും കൂടി വിട്ടേക്കുക. അവര്‍ അറിയാത്ത വിധത്തിലൂടെ നാം അവരെ പടിപടിയായി പിടികൂടികൊള്ളാം.'(68:44)
‘അക്രമി തന്റെ കൈകള്‍ കടിക്കുന്ന ദിവസം. ‘റസൂലിന്റെ കൂടെ ഞാനൊരു മാര്‍ഗം സ്വീകരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ. എന്റെ കഷ്ടമേ! ഇന്നയാളെ ഞാന്‍ സുഹൃത്തായി സ്വീകരിച്ചിട്ടില്ലായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ. എനിക്ക് ബോധനം വന്നു കിട്ടിയതിന്നുശേഷം അതില്‍ നിന്നവന് എന്നെ തെറ്റിച്ചു കളഞ്ഞുവല്ലോ’ എന്നിങ്ങനെ അവന് പറയും. പിശാച് മനുഷ്യനെ കൈവിട്ടു കളയുന്നവനാകുന്നു. (അന്ന്) റസൂല്‍ പറയും: എന്റെ രക്ഷിതാവേ, തീര്‍ച്ചയായും എന്റെ ജനത ഈ ഖുര്‍ആനെ അഗണ്യമാക്കി തള്ളിക്കളഞ്ഞിരിക്കുന്നു. (25:27-30)
‘അവന് എന്റെ നാമത്തില്‍ പറയുന്ന എന്റെ വാക്കുകള്‍ ചെവികൊള്ളാത്തവരോട് ഞാന്‍ പ്രതികാരം ചെയ്യും എന്ന ഭാഗം പരിഗണിക്കുമ്പോഴും ഈ പ്രവചനം മുഹമ്മദില്‍ എത്രമാത്രം നിവൃത്തിയായിട്ടുണ്ടെന്നു നോക്കൂ.
6. ദൈവത്തിന്റെ പേരില്‍ വ്യാജാരോപണം നടത്തുന്ന പ്രവാചകന് വധിക്കപ്പെടണം .’ഞാന്‍ കല്പിക്കാത്ത വചനം എന്റെ നാമത്തില്‍ സംസാരിക്കാന്‍ മുതിരുകയോ, അന്യദേവന്മാരുടെ നാമത്തില്‍ സംസാരിക്കുകയോ ചെയ്യുന്ന പ്രവാചകന് വധിക്കപ്പെടണമെന്നാണ് പ്രവചനവാക്യം.
മുഹമ്മദിനെ കുറിച്ച് ദൈവം അരുളിയ വാക്യം തികച്ചും ഇതുതന്നെ:
‘നമ്മുടെ പേരില്‍ (പ്രവാചകന്) വല്ല വാക്കുകളും കെട്ടിച്ചമച്ചു പറഞ്ഞിരുന്നെങ്കില്‍ അദ്ദേഹത്തെ നാം വലതുകൈകൊണ്ട് പിടികൂടുകയും എന്നിട്ട് അദ്ദേഹത്തിന്റെ ജീവനാഡി മുറിച്ചു കളയുകയും ചെയ്യുമായിരുന്നു’ (69:44-47)
7. പ്രവചിച്ചാല്‍ പുലരും.
വ്യാജപ്രവാചകനെ തിരിച്ചറിയാനുള്ള ഒരു മാര്‍ഗ്ഗം ഈ പ്രവചനത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു പ്രവാചകന് ദൈവനാമത്തില്‍ പ്രവചിച്ച ഒരു കാര്യം സംഭവിച്ചിട്ടില്ലെങ്കില്‍ അയാള്‍ വ്യാജ പ്രവാചകനാണെന്നതത്രെ അത്. അതിനര്‍ത്ഥം, ആ സത്യ പ്രവാചകന്റെ പ്രവചനം നിവൃത്തിയാകുമെന്നാണല്ലോ.
പ്രവാചകനെ നിഷേധിക്കുകയും അദ്ദേഹം മുന്നറിയിപ്പ് നല്കിയ കാര്യത്തെക്കുറിച്ചു പരിഹസിക്കുകയും ചെയ്തവരെ കുറിച്ച് അല്ലാഹു പറയുന്നു:
‘അങ്ങനെ, ഈ സത്യം അവര്‍ക്കു വന്നുകിട്ടിയപ്പോഴും അവരതിനെ നിഷേധിച്ചുകളഞ്ഞു. എന്നാല്‍ അവര്‍ ഏതൊന്നിനെ പരിഹസിച്ചുകൊണ്ടിരുന്നുവോ അതിന്റെ വൃത്താത്തങ്ങള്‍ വഴിയേ അവര്ക്കുവന്നെത്തുന്നതാണ്.'(6:5)
വീണ്ടും ഖുര്‍ആന്‍ പറയുന്നു:
‘നിനക്കു മുമ്പ് പലദൂതന്മാരും പരിഹസിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ട് അവരെ കളിയാക്കിയിരുന്നവര്‍ക്ക് അവര്‍ പരിഹസിച്ചുകൊണ്ടിരുന്നതെന്തോ അതുവന്നു ഭവിക്കുകതന്നെ ചെയ്തു. (നബിയേ) പറയുക: നിങ്ങള്‍ ഭൂമിയിലൂടെ സഞ്ചരിക്കൂ. എന്നിട്ട് സത്യനിഷേധികളുടെ പര്യവസാനം എങ്ങനെയായിരുന്നുവെന്ന് നോക്കൂ.’ (6:10,11)
8. സത്യപ്രവാചകനെ ഭയപ്പടണം. വ്യാജ പ്രവാചകനെ ഭയപ്പെടേണ്ടതില്ലെന്ന പ്രവചനവാക്യത്തിന്റെ പൊരുളാണിത്. അറേബ്യയിലെ ജൂത വിഭാഗമായ ബനൂന്നദീര്‍ ഗോത്രത്തിന്റെ കഥ ഇതിന്ന് വലിയ തെളിവാണ്. മക്കയിലെ അവിശ്വാസികളെപ്പൊലെ അവരും പ്രവാചകനെതിരെ തിരിയുകയായിരുന്നു. ഫലമെന്തായിരുന്നുവെന്നു ഖുര്‍ആന്‍ തന്നെ പറയട്ടെ:
‘എന്നാല്‍ അവര്‍ കണക്കാക്കാത്തവിധത്തില്‍ അല്ലാഹു അവരുടെയടുക്കല്‍ ചെല്ലുകയും അവരുടെ മനസ്സുകളില്‍ ഭയം ഇടുകയും ചെയ്തു. അവര്‍ സ്വന്തം കൈകള്‍കൊണ്ടും സത്യവിശ്വാസികളുടെ കൈകള്‍കൊണ്ടും അവരുടെ വീടുകള്‍ നശിപ്പിച്ചിരുന്നു. ആകയാല്‍, കണ്ണുകളുള്ളവരേ, നിങ്ങള്‍ ഗുണപാഠമുള്‍ക്കൊള്ളുക.’ (59:2)
അതെ, വിശുദ്ധ പ്രവാചകന്റെ സത്യസന്ധതയുടെ പ്രകടമായൊരു തെളിവെന്ന വിധം അവിടുത്തെ ശത്രുക്കള്‍ക്ക് ശക്തമായ ഭീതി ബാധിക്കുകയും അവര്‍ നിഷ്കരുണം നിഷ്കാസനം ചെയ്യപ്പെടുകയുമായിരുന്നു.
ആവര്‍ത്തന പുസ്തകത്തിലെ മോശെയുടെ പ്രവചനത്തില്‍ സൂചിതനായ ‘ആ പ്രവാചകന്’ മുഹമ്മദ് തന്നെയെന്ന അവകാശവാദത്തെ ഏറ്റവും കൂടുതല്‍ സാക്ഷ്യപ്പെടുത്തുന്ന ഭാഗമാണ് യോഹന്നാന് സുവിശേഷത്തിലെ 14ഉം 16ഉം അദ്ധ്യായങ്ങളിലെ ചിലത്. (14:25-28,16:7-15) ഈ വാക്യങ്ങള്‍ മുമ്പു നാം ഉദ്ധരിച്ചിട്ടുണ്ട്. പ്രസ്തുത വാക്യങ്ങളുടെ രത്നച്ചുരുക്കമിതാണ്:
1. ക്രിസ്തുവിന് ശേഷം ദൈവം പാറക്ലേഥയെ അയക്കും
2. അദ്ദേഹം എല്ലാകാര്യങ്ങളും പഠിപ്പിക്കും.
3. യേശുവിന്റെ ഉപദേശങ്ങള്‍ അദ്ദേഹം അനുസ്മരിപ്പിക്കും.
4. യേശു പോയാല്‍ മാത്രമേ പ്രസ്തുത പാറക്ലേഥാ വരികയുള്ളൂ.
5. പാപം, നീതി, ന്യായവിധി എന്നിവയെക്കുറിച്ച് അദ്ദേഹം ലോകത്തെ കുറ്റപ്പെടുത്തും.
6. അദ്ദേഹം സത്യവാനാണ്. ജനങ്ങളെ സത്യത്തിലേക്കു നയിക്കും.
7. അദ്ദേഹം സ്വമേധയാ ഒന്നും പറയുകയില്ല.
8. ദൈവത്തില്‍ നിന്നു കേള്‍ക്കുന്നതെല്ലാം അദ്ദേഹം പറയും.
9. ഭാവികാര്യങ്ങള്‍ ജനങ്ങളെ അറിയിക്കും.
10. ക്രിസ്തുവിനെ മഹത്വപ്പെടുത്തും.
ആവര്‍ത്തന പുസ്തകത്തിലെ ആശയങ്ങള്‍ തന്നെയാണിതിലും വന്നിട്ടുള്ളതെന്ന് ശ്രദ്ധിച്ചിരിക്കുമല്ലോ.
കെ.എ.ഖാദര്‍ ഫൈസി