ഞാനെന്ന അഹംഭാവം മനസ്സില്‍ കൊണ്ടുനടക്കുന്നവരാണ് മിക്കയാളുകളും. ഈഗോയെന്ന വിപത്താണ് മനുഷ്യനെ പലപ്പോഴും പരസ്പര ബന്ധങ്ങങ്ങള്‍ക്ക് തടസ്സമാകുന്നത്. എന്റെ ഭാഗത്താണ് ശരി,ഞാനാണ് ശരി എന്ന ചിന്തയാണ് കുടുംബ ജീവിതത്തിലെയും വ്യക്തി ജീവിതത്തിലെയും പ്രധാന വില്ലന്‍.
ഇത്തരം വ്യക്തിത്വങ്ങള്‍ കര്‍ക്കശമായതും ദുര്‍ബലമായതുമായ സമീപനങ്ങള്‍ രൂപപ്പെടുത്താനേ സാധിക്കൂ. ഭാര്യ -ഭര്‍തൃ ബന്ധങ്ങള്‍ സന്തോഷകരമായും ആനന്ദത്തോടെയും മുന്നോട്ടു പോകണമെങ്കില്‍ വിട്ടുവീഴ്ച അത്യാവശ്യമാണ്. അതുപോലെ തന്നെ പടിക്കു പുറത്തു നിര്‍ത്തേണ്ട ഒന്നാണ് ഈഗോ അഥവാ അഹങ്കാരം എന്നുള്ളത്. വിട്ടുവീഴ്ച ചെയ്യാനുള്ള സന്നദ്ധത വിവാഹം സന്തുഷ്ടവും മഹത്തരവുമാക്കുന്നു.
വിട്ടുവീഴ്ച എന്നത് വിധേയത്വത്തിന്റെയും ഇണങ്ങിച്ചേരലിന്റെയും ഒരു സൂചനയാണ്. ഇവ രണ്ടും വൈവാഹിക ജീവിതത്തിന്റെ അത്ഭുതകരമായ രണ്ടു വികാരങ്ങള്‍ കൂടിയാണ്. 1938ലെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ പേള്‍ എസ് ബക്ക് പറയുന്നു: ‘ഒരു നല്ല വിവാഹ ബന്ധം എന്നാല്‍ വ്യക്തികളില്‍ മാറ്റവും വളര്‍ച്ചയും ഉണ്ടാക്കുന്നതും അവരുടെ സ്നേഹം പ്രകടിപ്പിക്കുന്ന അവസരവുമാണ്’. ശരിയാണ് എന്നുള്ളതും ശരിയാകണം എന്നുള്ളതും ഒന്നല്ല. നമ്മള് ശരിയാവുകയാണ് വേണ്ടത്. വിട്ടുവീഴ്ച കാണിക്കാന്‍ മനസ്സുള്ള ഒരു ജനത മാത്രമാണ് ലോകത്ത് എവിടെയും വിജയിച്ചിട്ടുള്ളൂ.