റമദാന് ശേഷം എന്താണ്?

പുണ്യങ്ങളുടെ പൂക്കാലമായ റമദാന് ശേഷം എന്താണ് നമ്മുടെ സ്ഥിതി? റമദാനിനെ നാം നന്നായി തന്നെ സ്വീകരിച്ചു. നിര്‍ബന്ധ കര്‍മ്മങ്ങള്‍ വളരെ ഭംഗിയായും കൃത്യമായും ചെയ്തതിനു പുറമെ സുന്നത്തുകളും നിര്‍വഹിച്ചു. ആരാധനകളുടെ മാധുര്യം ആസ്വദിച്ചു. വിശുദ്ധ ഖുര്‍ആന്‍ ധാരാളം പാരായണം ചെയ്തു. എല്ലാ നമസ്‌കാരങ്ങളും ജമാഅത്തായി തന്നെ നമസ്‌കരിച്ചു. അല്ലാഹു വിരോധിച്ച മുഴുവന്‍ കാര്യങ്ങളില്‍ നിന്നും വിട്ടു നിന്നു.

 

irul_b
എന്നാല്‍ റമദാനിനു ശേഷം നമ്മുടെ അവസ്ഥ അങ്ങനെതന്നെയാണോ? റമദാനില്‍ ഇബാദത്തുകളില്‍ നാം കാണിച്ച ആവേശം റമദാന് ശേഷവും നമുക്കുണ്ടോ? ആ ആരാധനകളില്‍ നിന്ന് നമുക്ക് ലഭിച്ച ആത്മീയ അനുഭൂതി ഇന്നും നമുക്ക് ലഭിക്കുന്നുണ്ടോ?
നാം നമ്മോടു തന്നെ ചോദിക്കേണ്ട ചോദ്യങ്ങളാണിവ. നമ്മില്‍ അധിക പേരും ഇനി മുതല്‍ സുബ്ഹിന്റെ ജമാഅത്തില്‍ പങ്കെടുക്കില്ല. നമ്മില്‍ എത്ര പേര്‍ ഖുര്‍ആന്‍ പാരായണം ഇനിയും തുടരും?  റമദാനില്‍ സുന്നത്ത് നമസ്‌കാരങ്ങള്‍ കാണിച്ച ശുശ്കാന്തി ഇനി നമ്മില്‍ എത്ര പേര്‍ക്കുണ്ടാവും? സംശയമില്ല. ഇനി നമ്മില്‍ അധിക പേരും സുന്നത്തുകള്‍ നിര്‍വഹിക്കുകയില്ല. ഇത്തരമൊരു അവസ്ഥയില്‍ നിന്ന് നാം മോചനം ആഗ്രഹിക്കുന്നുണ്ടോ? റമദാനിന്റെ ആത്മീയ ചൈതന്യവും, ഭയ ഭക്തിയും തുടര്‍ന്നും നില നിര്‍ത്തണമെന്ന് നാം ആഗ്രഹിക്കുന്നുണ്ടോ? റമദാനില്‍ നാം അനുഷ്ഠിച്ച കര്‍മ്മങ്ങള്‍ക്ക് ലഭിച്ച ഇരട്ടിയിരട്ടി പ്രതിഫലങ്ങള്‍ നമുക്കിനി പ്രതീക്ഷിക്കാന്‍ വയ്യ. എന്നു കരുതി, ഇനി നമ്മുടെ നന്മകളും ഇബാദത്തുകളും കുറയ്ക്കാമെന്നാണോ?
റമദാന്‍ അവസാനിക്കുന്നതോടെ നമ്മുടെ അനുഷ്ഠാനങ്ങളില്‍ നാം നിര്‍വഹിക്കാതിരിക്കുന്നത് നോമ്പും തറാവീഹ് നമസ്‌കാരവും മാത്രമാണ്. എന്നാല്‍ നോമ്പു കാലത്തും നാം ചെയ്ത നിരവധി സല്‍ക്കര്‍മ്മങ്ങളും ഇബാദത്തുകളും ജീവിതത്തില്‍ ഇനിയും തുടരേണ്ടതുണ്ട്. അല്ലങ്കില്‍ റമദാന്റെ യഥാര്‍ത്ഥ ഉദ്ധേശ്യം നിറവേറ്റപ്പെടാതെ പോകും. ഈ മാസത്തിലൂടെ നാം സംഭരിച്ച ഈമാനിക ആവേശവും ഊര്‍ജ്ജവും വരുന്ന പതിനൊന്ന് മാസക്കാലത്തെക്കും ഉപയോഗപ്പെടുത്താന്‍ വേണ്ടിയുള്ളതാണ്. ഈ മാസം അവസാനിക്കുന്നതോടെ നിലച്ചു പോകേണ്ടതല്ല നമ്മുടെ സല്‍ക്കര്‍മ്മങ്ങള്‍.
റമദാനിന് ശേഷം നമ്മുടെ കര്‍മ്മങ്ങള്‍ക്ക് സ്ഥിരതയുണ്ടാകാനും, റമദാനിലൂടെ നാം നേടിയെടുത്ത ആത്മീയ ഔന്നിത്യം നില നിര്‍ത്തുവാനുമുള്ള ചില നിര്‍ദേശങ്ങളാണ് ചുവടെ. ഇതില്‍ ഏറ്റവും പ്രധാനം കര്‍മ്മങ്ങളെ തുടര്‍ച്ചയായി ചെയ്യാനും അതില്‍ സ്ഥിരത നില നിര്‍ത്താനുമുള്ള സഹായം അല്ലാഹുവിനോട് തേടിക്കൊണ്ടിരിക്കുകയെന്നതാണ്. അല്ലാഹുവിന്റെ സന്മര്‍ഗവും അതില്‍ തന്നെ ഉറച്ച് നില്‍ക്കാനുള്ള ഉതവിയും തേടിക്കൊണ്ടിരിക്കേണ്ടത് ഒരു വിശ്വാസിയുടെ ബാധ്യതയാണ്. ‘ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ സന്മാര്‍ഗത്തിലാക്കിയതിനു ശേഷം ഞങ്ങളുടെ മനസ്സുകളെ നീ തെറ്റിക്കരുതേ, നിന്റെ അടുക്കല്‍ നിന്നുള്ള കാരുണ്യം ഞങ്ങള്‍ക്ക് നീ പ്രദാനം ചെയ്യേണമേ. തീര്‍ച്ചയായും നീ അത്യധികം ഔദാര്യവാനാകുന്നു.’
2. അല്ലാഹുവിന്റെ ദീനിനെ കുറിച്ചും പ്രവാചക സുന്നത്തിനെ കുറിച്ചും കൂടുതല്‍ പഠിക്കുക. അത്തരം ക്ലാസ്സുകളില്‍, സംരംഭങ്ങളില്‍ പങ്കാളികളാവുക. ആ ഈമാനികാവേശം നിലനിര്‍ത്തുക.
3. സഹാബികളുടെയും മഹാന്മാരുടെയും ചരിത്രം സ്മരിക്കുക. അല്ലാഹുവിന്റെ ദീനിന്റെ മാര്‍ഗ്ഗത്തില്‍ അവരര്‍പ്പിച്ച ത്യാഗ പരിശ്രമങ്ങള്‍ മനസ്സിലാക്കി അതില്‍ നിന്ന് പ്രചോദനമുള്‍ക്കൊള്ളുക.

Related Post