ലൈലതുല്‍ ഖദ്ര്‍

ലൈലതുല്‍ ഖദ്ര്‍ റമദാനിലെ രാവുകളിലെ ഏതോ ഒരു രാവില്‍ ആണെന്ന കാര്യത്തില്‍ സംശയമില്ല. കാരണം ഖുര്‍ആന്‍ അവതീര്‍ണ്ണമായത് റമദാന്‍ മാസത്തിലാണ്. സുറതുല്‍ ബഖറയിലെ 185 ാം സൂക്തം അത് വിവരിക്കുന്നുണ്ട്.     ‘ജനങ്ങള്‍ക്ക് സന്‍മാര്‍ഗദര്‍ശനമായും സത്യാസത്യവിവേചനമായും പരിശുദ്ധ റമദാന്‍ മാസത്തില്‍ നാം വിശുദ്ധ ഖുര്‍ആനെ ഇറക്കി’

Mokuleia

lilathul qadur

ലൈലതുല്‍ ഖദ്‌റുമായി ബന്ധപ്പെട്ട് വന്നിട്ടുള്ള ഹദീസുകളില്‍ നിന്ന് നമുക്കു മനസ്സിലാകുന്നത് അവസാന പത്തുകളിലാണ് ലൈലതുല്‍ ഖദ്ര്‍ എന്നാണ്. റമദാനിന്റെ അവസാന നാളുകളില്‍ തിരുമേനി പള്ളിയില്‍ ഇഅ്തികാഫ് ഇരിക്കുമായിരുന്നു. അവസാന പത്തില്‍ നബി (സ) പറഞ്ഞു. ‘അവസാന പത്തുകളില്‍ നിങ്ങള്‍ ലൈലതുല്‍ ഖദ്ര്‍ പ്രതീക്ഷിച്ചുകൊള്ളുക’.
അബീ സഈദില്‍ നിന്ന് നിവേദനം. ഇരുപതുകളുടെ തുടക്കത്തില്‍ നബി സ്വഹാബാക്കളോടു വന്നിട്ട് പറഞ്ഞു. ലൈലതുല്‍ ഏത് രാവിലാണെന്ന് ഞാന്‍ കണ്ടു. എന്നാല്‍ ഞാന്‍ അത് എന്നാണെന്ന് മറന്നു. എന്നാണെന്ന് അല്ലാഹു എന്നെ മറപ്പിച്ചു. നിങ്ങള്‍ അവസാന പത്തുകളില്‍ അതിനെ പ്രതീക്ഷിച്ചുകൊള്ളുക. ഒറ്റയൊറ്റ രാവുകളില്‍ പ്രതീക്ഷിച്ചുകൊള്ളുക. മറ്റൊരു രിവായതില്‍ നിങ്ങള്‍ എല്ലാ ഒറ്റയൊറ്റ രാവുകളിലും  അതിനെ പ്രതീക്ഷിക്കുക.
ഒറ്റയൊറ്റ രാവുകള്‍ എന്ന് പറഞ്ഞാല്‍ 21, 23, 25, 27, 29 രാവുകളാണ്.

എന്നാല്‍ പല രാജ്യങ്ങളിലും റമദാന്‍ ആരംഭിക്കുന്നത് വ്യത്യസ്ത ദിവസങ്ങളിലാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ലൈലതുല്‍ ഖദ്ര്‍ ചില ഭാഗങ്ങളുടേതില്‍ നിന്ന് നേരെ വിപരീതമായി വരുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ മുഴുവന്‍ ദിവസങ്ങളിലും ലൈലതുല്‍ ഖദ് റിനെ പ്രതീക്ഷിക്കുന്നതാണ് നല്ലത്.
റമദാനിലെ ഇരുപത്തിയേഴാം രാവിലാണ് ലൈലതുല്‍ ഖദ്ര്‍ എന്നു സൂചിപ്പിക്കുന്ന ഒരു ഹദീസുമുണ്ട്. ഇബ്‌നു ഉമറില്‍ നിന്ന് നിവേദനം. തിരുമേനിയുടെ സ്വഹാബാക്കളില്‍ ചിലര്‍ക്ക് ലൈലതുല്‍ ഖദ്ര്‍ ഇരുപത്തിയേഴാം രാവിലാണെന്ന് സ്വപ്‌നദര്‍ശനമുണ്ടായി. അത് നബിയോടു പറഞ്ഞപ്പോള്‍ തിരുമേനി പറഞ്ഞു നിങ്ങളുടെ സ്വപ്‌നം ഞാന്‍ കണ്ടതുമായി യോജിക്കുന്നു. ആരെങ്കിലും ഇരുപത്തിയേഴാം രാവില്‍ അതിനെ പ്രതീക്ഷിക്കുന്നുവെങ്കില്‍ അവന്‍ അങ്ങനെ ചെയ്തുകൊള്ളട്ടെ. ഇബ്‌നു ഉമര്‍ പറയുന്നു. നിങ്ങള്‍ അവസാന പത്തുകളില്‍ അതിനെ പ്രതീക്ഷിക്കുക. ആര്‍ക്കെങ്കിലും ശാരീരിക വിഷമതകളും ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടെങ്കില്‍ അവന്‍ അവസാന എഴുകള്‍ അതിന് വേണ്ടി മാറ്റി വെക്കട്ടെ.
സബ്ഉല്‍ അവാഖിര്‍ എന്നതു കൊണ്ട് ഉദ്യേശിക്കുന്നത് 23 മുതല്‍ തുടങ്ങുന്ന ഒറ്റയൊറ്റ രാത്രികളാണ്.
ഇബ്‌നു അബ്ബാസ്, ഉബയ്യുബ്‌നു കഅ്ബിനെ പോലുള്ള സ്വഹാബികള്‍ ലൈലതുല്‍ ഖദ്ര്‍ ഇരുപത്തിയേഴിനാണെന്ന വീക്ഷണക്കാരാണ്. ആ ദിവസത്തില്‍ താന്‍ അതിന്റെ അടയാളങ്ങള്‍ കണ്ടതായി ഉബയ്യ് സത്യം ചെയ്തു പറയുന്നു. ഭൂരിപക്ഷ മുസ്‌ലിംകളും ഈ അഭിപ്രായമാണ് സ്വീകരിച്ചിട്ടുള്ളത്. ചില രാജ്യങ്ങളില്‍ റമദാന്‍ ഇരുപത്തേഴ് ഔദ്യോഗികമായി തന്നെ ലൈലതുല്‍ ഖദ്‌റായി കൊണ്ടാടുന്നുമുണ്ട്. എന്നാല്‍ അത് ആ ദിവസം തന്നെയാണെന്ന് ഖണ്ഡിതമായി ഒരഭിപ്രായം പറയാന്‍ സാധ്യമല്ല. ഹാഫിദ് ഇബ്‌നു ഹജറുല്‍ അസ്ഖലാനി ഈ വിഷയത്തില്‍ 46 വ്യത്യസ്ത അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചിട്ടുണ്ട്.

Related Post