അബ്ദുല്‍ ഖാദിര്‍ മുല്ല തന്റെ പ്രിയതമക്ക് അവസാനമായി
അയച്ച കത്ത്
2013 ഡിസംബര്‍ 12 ന് ബംഗ്ലാദേശ് സര്‍ക്കാര്‍ തൂക്കിക്കൊന്ന ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി നേതാവ് അബ്ദുല്‍ ഖാദര്‍ മുല്ല, വധശിക്ഷ നടപ്പിലാക്കുന്നതിന് ഒരു ദിവസം മുമ്പ് തന്റെ പ്രിയ പത്‌നിക്ക് അയച്ച കത്ത്.
എന്റെ പ്രിയ സഹധര്‍മിണിക്ക്,
അല്ലാഹുവിന്റെ കാരുണ്യവും സമാധാനവും നിങ്ങള്‍ക്കുണ്ടാവട്ടെ,
കോടതിയുടെ അന്തിമ വിധി ഇന്ന് പുറത്ത് വന്നിരിക്കുന്നു. കോടതി വിധി ജയിലിലെത്തുന്ന നിമിഷം, ഇന്നോ നാളെയോ, വധശിക്ഷ നടപ്പിലാക്കുന്ന ഇടത്തേക്ക് എന്നെ കൊണ്ടുപോകും.
ഈ സര്‍ക്കാറിന്റെ കാലാവധി അവസാനിക്കാന്‍ പോകുകയാണ്. അവരുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പായി ഈ ഹീനകൃത്യം എത്രയും വേഗം അവര്‍ നടപ്പിലാക്കുകയും ചെയ്യും. കോടതി വിധിയുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കപ്പെട്ടിട്ടുള്ള റിവ്യൂ ഹരജി അവര്‍ പരിഗണിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഇനി അത് പരിഗണിച്ചാല്‍ തന്നെ വിധിയില്‍ പുനഃപരിശോധനക്ക് ഒരിക്കലും അവര്‍ തയ്യാറാകാനും ഇടയില്ല. എന്നാല്‍ അവരുടെ വിധിയില്‍ അല്ലാഹു ഇടപെട്ടാല്‍ കാര്യങ്ങള്‍ തീര്‍ച്ചയായും മറ്റൊരു വിധത്തിലായിരിക്കും നടക്കുക.
എന്നാല്‍, അല്ലാഹുവിന്റെ സ്ഥിരമായ നടപടി ക്രമങ്ങള്‍ പ്രകാരം ഇത്തരം കാര്യങ്ങളില്‍ അല്ലാഹു ഒരിക്കലും ഇടപെടാറില്ല. അവന്റെ പ്രവാചകന്‍മാര്‍ പോലും അവിശ്വാസികളാല്‍ തികച്ചും അന്യായമായി വധിക്കപ്പെട്ടിട്ടുണ്ട്. മഹാനായ നമ്മുടെ പ്രവാചകന്‍ (സ) യുടെ വനിതകളടക്കമുള്ള നിരവധി അനുചരന്മാര്‍ ക്രൂരമായി കൊലചെയ്യപ്പെട്ടിട്ടുണ്ട്. തീര്‍ച്ചയായും അവരുടെ രക്തസാക്ഷ്യത്വത്തിലൂടെ അല്ലാഹു ഇസ്‌ലാമിന് വിജയം നല്‍കി അനുഗ്രഹിക്കുകയായിരുന്നു. എന്നാല്‍ എന്റെ കാര്യത്തില്‍ എന്താണ് സംഭവിക്കുകയെന്ന് പ്രവചിക്കുവാന്‍ സാധ്യമല്ല.
ഞാനടക്കമുള്ള ജമാഅത്തെ ഇസ്‌ലാമി നേതാക്കളെ കുറ്റവാളികളാക്കി ചിത്രീകരിക്കാനും ശിക്ഷിക്കാനും സര്‍ക്കാര്‍ സ്വീകരിച്ച നിയമ വ്യവസ്ഥയെ കുറിച്ച് നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. തികച്ചും അന്യായമായ നടപടികളിലൂടെ ജമാഅത്ത് നേതാക്കളെ കുറ്റവാളികളായി ചിത്രീകരിക്കുന്നതില്‍ നമ്മുടെ രാജ്യത്തെ മാധ്യമങ്ങളും സര്‍ക്കാറിനെ വലിയ അളവില്‍ സഹായിച്ചിട്ടുണ്ട്. നീതിന്യായ വ്യവസ്ഥകള്‍ പാലിക്കാന്‍ സര്‍ക്കാറിന് ബാധ്യതയില്ലേ? നിരപരാധികളായ ജനങ്ങളെ തൂക്കിക്കൊല്ലാന്‍ വിധിക്കുന്നതില്‍ അതീവ തല്‍പ്പരരായ ജഡ്ജിമാര്‍ ആരാച്ചാരുടെ പണിയെടുക്കാന്‍ വെമ്പല്‍ കൊള്ളുമ്പോള്‍ നീതിയുക്തമായ വിചാരണ നടപടികള്‍ പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല.
സൂറത്ത് തൗബയില്‍ 17 മുതല്‍ 24 വരെയുള്ള സൂക്തങ്ങള്‍ ഞാന്‍ ഇന്നലെ ഒരാവര്‍ത്തി കൂടി വായിച്ചു. കഅ്ബയെ പരിപാലിക്കുന്നതിനേക്കാളും, അവിടെയെത്തുന്ന തീര്‍ഥാടകര്‍ക്ക് ദാഹജലം നല്‍കുന്നതിനേക്കാളും പുണ്യകരമായ പ്രവര്‍ത്തിയാണ് സ്വന്തം ശരീരവും സമ്പത്തും കൊണ്ടുള്ള ദൈവിക മാര്‍ഗത്തിലെ സമരം എന്ന് 19 ാമത്തെ സൂക്തത്തില്‍ അല്ലാഹു പറയുന്നുണ്ട്. അനീതിക്കെതിരെ പോരാടി കൊല്ലപ്പെടുന്നവര്‍ക്കും ദൈവിക വ്യവസ്ഥയായ ഇസ്‌ലാമിനെ സ്ഥാപിക്കുവാന്‍ വേണ്ടി പരിശ്രമിക്കുന്നവര്‍ക്കും മഹത്തായ പദവി നല്‍കുമെന്നും അല്ലാഹു വാഗ്ദാനം ചെയ്തിട്ടുണ്ട്. സ്വര്‍ഗത്തിലെ ഉന്നതമാായ സിംഹാസനത്തില്‍ എന്നെ ഇരുത്താന്‍ അല്ലാഹു ആഗ്രഹിക്കുന്നുവെങ്കില്‍ അത്തരമൊരു മരണം ഞാന്‍ പുല്‍കേണ്ടതുണ്ട്.
1966 ല്‍ സയ്യിദ് ഖുതുബ്, അബ്ദുല്‍ ഖാദര്‍ ഔദ തുടങ്ങി നിരവധി പേരെ ഈജിപ്തിലെ ഏകാധിപതിയായ ഭരണാധികാരി തൂക്കികൊല്ലുകയുണ്ടായി. പരിശീലന ക്യാമ്പുകളില്‍ ‘ഇസ്‌ലാമിക പ്രവര്‍ത്തകര്‍ അഭിമുഖീകരിക്കേണ്ടി വരുന്ന തീകൊണ്ടുള്ള വിചാരണ’ എന്ന വിഷയത്തില്‍ നിരവധി പ്രസംഗങ്ങള്‍ ഞാന്‍ കേട്ടിട്ടുണ്ട്. കൈ കഴുത്തിന് നേരെ ചൂണ്ടിക്കൊണ്ട് ‘തൂക്കു കയര്‍ എപ്പോള്‍ വേണമെങ്കിലും നിങ്ങളുടെ കഴുത്തിലേക്ക് വീണേക്കാമെന്ന്’ പ്രഫസര്‍ ഗുലാം അഅ്‌സം പറയുന്നത് പലപ്പോഴും ഞാന്‍ കേട്ടിട്ടുണ്ട്. ചിലപ്പോഴൊക്കെ ഞാനും എന്റെ പ്രസംഗങ്ങളില്‍ ഇങ്ങനെ പറയാറുണ്ടായിരുന്നു. ഇപ്പോള്‍ അദ്ദേഹത്തേക്കാള്‍ മുമ്പ് എന്നെ കഴുമരത്തിലേറ്റി മര്‍ദ്ദക ഭരണത്തിനെതിരെ ഇസ്‌ലാമിന് വിജയിക്കാനുള്ള മാര്‍ഗം അല്ലാഹു തുറന്നു തരികയാണെങ്കില്‍ അതുകൊണ്ട് ആര്‍ക്കാണ് നഷ്ടം? രക്തസാക്ഷിത്വത്തിനു വേണ്ടി അതിയായി കൊതിച്ചിരുന്ന പ്രവാചകന്‍(സ) മരണത്തിന് ശേഷം വീണ്ടും ജീവിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ രക്തസാക്ഷികള്‍ മാത്രമായിരിക്കുമെന്നും ഒരിക്കല്‍ കൂടി ജീവിച്ച് വീണ്ടും രക്തസാക്ഷിയാവാന്‍ അവര്‍ കൊതിക്കുമെന്നും പറയുകയുണ്ടായി. അല്ലാഹുവിന്റെയും അവന്റെ പ്രവാചകന്റെയും വാക്കുകളില്‍ യഥാര്‍ഥ വിശ്വാസികള്‍ക്ക് ഒട്ടും സംശയമുണ്ടാകുകയില്ല.
എന്നെ തൂക്കിക്കൊന്നാല്‍, എന്റെ മരണാനന്തര കര്‍മ്മങ്ങള്‍ ധാക്ക സിറ്റിയില്‍ വെച്ച് നടത്താന്‍ അവര്‍ അനുവദിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. സാധ്യമാകുകയാണെങ്കില്‍ എന്റെ ഗ്രാമത്തിലെ പ്രാദേശിക പള്ളിയില്‍ മരണാനന്തര കര്‍മ്മങ്ങള്‍ നടത്തുക. പത്മ നദിയുടെ അപ്പുറത്തുള്ളവര്‍ എന്റെ മരണാന്തര കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമ്മുടെ നാട്ടിലേക്ക് വരാനുള്ള അവസരം അവര്‍ക്ക് നല്‍കണം. എന്റെ ഖബറിടത്തെ കുറിച്ച് ഞാന്‍ നേരത്തെ തന്നെ നിന്നോട് പറഞ്ഞിട്ടുണ്ട്. എന്റെ ഉമ്മയുടെ ഖബറിന് അരികില്‍ തന്നെ എന്നെയും മറമാടുക. ഖബറിടത്തില്‍ ഒരുവിധത്തിലുള്ള ജാഹിലി സമ്പ്രദായങ്ങളോ മറ്റു അനാചാരങ്ങളോ നടത്തരുത്. വേണമെങ്കില്‍ അനാഥാലയങ്ങള്‍ക്ക് സഹായം നല്‍കാവുന്നതാണ്. ഇസ്‌ലാമിക പ്രസ്ഥാനത്തില്‍ അണിനിരന്നതിന്റെ പേരില്‍ പ്രയാസമനുഭവിക്കേണ്ടി വന്ന കുടുംബങ്ങളെ നിങ്ങള്‍ സഹായിക്കണം. പ്രത്യേകിച്ച്, എന്നെ അറസ്റ്റ് ചെയ്തപ്പോഴും എനിക്ക് വധശിക്ഷ വിധിച്ചപ്പോഴും പ്രതിഷേധം പ്രകടനം നടത്തി രക്തസാക്ഷികളായ ദരിദ്രരായ ആളുകളുടെ കുടുംബങ്ങളെ നിങ്ങള്‍ സഹായിക്കണം.
ഹസ്സന്‍ മൗദൂദിന്റെയും നസ്‌നീനിന്റെയും പഠനത്തിലും അവരുടെ വിവാഹ കാര്യത്തിലും പ്രത്യേകം ശ്രദ്ധിക്കുക. പ്രിയപ്പെട്ടവളേ, നിന്നോടും മക്കളോടുമുള്ള ഉത്തരവാദിത്വങ്ങള്‍ പൂര്‍ണമായും നിര്‍വഹിക്കുവാന്‍ എനിക്കായിട്ടില്ലെന്ന തികഞ്ഞ ബോധ്യം എനിക്കുണ്ട്. നാഥന്റെ പ്രതിഫലം കാംക്ഷിച്ച് അതെല്ലാം നീ എനിക്ക് പൊറുത്തു തരിക. അല്ലാഹു ഏല്‍പ്പിച്ച ഉത്തരവാദിത്വമാണെന്ന് മനസിലാക്കി മക്കളുടെ ആവശ്യങ്ങള്‍ നിര്‍വഹിച്ചു കൊടുക്കുക, അങ്ങനെ നമുക്ക് വീണ്ടും ഒരുമിച്ച് കൂടാനാകട്ടെ എന്ന് ഞാന്‍ അല്ലാഹുവോട് പ്രത്യേകം പ്രാര്‍ഥിക്കുകയും ചെയ്യുന്നു. അതോടൊപ്പം, അല്ലാഹുവിനോടും അവന്റെ പ്രവാചകനോടുമുള്ള സ്‌നേഹം എന്റെ ഹൃദയത്തില്‍ നിറക്കുവാനും ഇഹലോക ജീവിതത്തോടുള്ള പ്രേമത്തില്‍ നിന്നും എന്റെ ഹൃദയത്തെ മുക്തമാക്കുവാനും നീ അല്ലാഹുവിനോട് പ്രാര്‍ഥിക്കുക. അല്ലാഹു അനുഗ്രഹിച്ചാല്‍ സ്വര്‍ഗ കവാടത്തില്‍ നമ്മള്‍ വീണ്ടും കണ്ടുമുട്ടും.
നമ്മുടെ മക്കള്‍ അനുവദനീയമായ ഭക്ഷണം മാത്രമാണ് ആഹരിക്കുന്നതെന്ന് ഉറപ്പു വരുത്തണമെന്ന് ഞാന്‍ പ്രത്യേകം ഉപദേശിക്കുന്നു. നമസ്‌കാരമുള്‍പ്പെടെയുള്ള നിര്‍ബന്ധ കര്‍മ്മങ്ങളുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വെച്ചു പുലര്‍ത്തുക. നമ്മുടെ ബന്ധുക്കള്‍ക്കും ഇതേ ഉപദേശം തന്നെ നല്‍കുക. എന്റെ പിതാവ് ജീവിച്ചിരിക്കുന്നിടത്തോളം കാലം അദ്ദേഹത്തെ നന്നായി സേവിക്കുകയും ചെയ്യുക.
എന്ന്,
അബ്ദുല്‍ ഖാദര്‍ മുല്ല