അഖ്‌സയെ വിഭജിക്കാനുള്ള പദ്ധതിയെ കുറിച്ച് മുന്നറിയിപ്പ്

 

By:Islam Onlive

 

മസ്ജിദുല്‍ അഖ്‌സയെ വിഭജിക്കാനും പിന്നീട് aqsaജൂതവല്‍കരിക്കാനും ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തുന്ന നീക്കങ്ങളെ കുറിച്ച് ഫലസ്തീനിലെയും അറബ് ഇസ്‌ലാമിക ലോകത്ത് നിന്നുള്ളവരുടെയും മുന്നറിയിപ്പ്. കഴിഞ്ഞ ബുധനാഴ്ച്ച നമസ്‌കരിക്കാനെത്തിയ മുസ്‌ലിംകളെ തടയുകയും വിദ്യാര്‍ഥികള്‍ക്കും മസ്ജിദിലെ ഉദ്യോഗസ്ഥര്‍ക്കും പ്രവേശനം നിഷേധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മുന്നറിയിപ്പ്. അതേസമയം തീവ്രചിന്താഗതിക്കാരായ അനേകം ജൂതന്‍മാര്‍ക്ക് മസ്ജിദിന്റെ അങ്കണത്തില്‍ പ്രവേശനം നല്‍കുകയും ചെയ്തു.
അഖ്‌സക്ക് നേരെയുള്ള ഇസ്രയേലിന്റെ ശത്രുതാപരമായ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം വെക്കുന്നത് അതിന്റെ ജൂതവല്‍കരണവും വിഭജനവുമാണെന്ന് ഫലസ്തീനിയന്‍ നാഷണല്‍ കൗണ്‍സില്‍ വ്യക്തമാക്കി. അഖ്‌സക്ക് നേരെയുള്ള ഇസ്രയേലിന്റെ ഈയടുത്ത് നടന്ന കയ്യേറ്റങ്ങള്‍ ഇസ്രയേല്‍ ആഭ്യന്തരവകുപ്പിന്റെയും കെനസ്റ്റിന്റെയും അംഗീകാരത്തോടെയാണെന്ന് കൗണ്‍സില്‍ വെളിപ്പെടുത്തി. ജൂത ആഘോഷങ്ങള്‍ മുതലെടുത്ത് അഖ്‌സക്ക് നേരെയുള്ള കയ്യേറ്റങ്ങള്‍ നടത്തുന്നത് അതിനെ വിഭജിക്കുന്നതിനാണെന്നും അഖ്‌സക്ക് മേല്‍ ആധിപത്യം ഉറപ്പിക്കുന്നതിന്റെ ആദ്യപടിയാണതെന്നും കൗണ്‍സില്‍ ബുധനാഴ്ച്ച പുറത്ത് വിട്ട പ്രസ്താവന പറയുന്നു. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാന്‍ ആസ്ഥാനമായിട്ടാണ് ഫലസ്തീന്‍ നാഷണല്‍ കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നത്.
അഖ്‌സക്ക് നേരെയുള്ള കയ്യേറ്റങ്ങള്‍ വിഭജനം ലക്ഷ്യമാക്കിയുള്ളതാണെന്ന് ഹമാസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അല്‍-ജിഹാദുല്‍ ഇസ്‌ലാമിയും അഖ്‌സയെ വിഭജിക്കാനുള്ള ജൂതനീക്കത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇരുപത് വര്‍ഷം നീണ്ട സമാധാന ചര്‍ച്ചകളുടെ കയ്പുറ്റ ഫലമാണ് അഖ്‌സക്ക് നേരെയുള്ള കയ്യേറ്റം ആവര്‍ത്തിക്കുന്നതെന്ന് സംഘടന അഭിപ്രായപ്പെട്ടു.
മസ്ജിദുല്‍ അഖ്‌സയില്‍ നമസ്‌കരിക്കാനെത്തിയവരെ തടഞ്ഞതില്‍ അമ്മാനിലെ ഇസ്രയേല്‍ അംബാസഡറെ വിളിച്ചു വരുത്തി ശക്തമായ ഭാഷയില്‍ പ്രതിഷേധം അറിയിക്കാന്‍ ജോര്‍ദാന്‍ പാര്‍ലമെന്റിലെ 150 അംഗങ്ങളില്‍ 81 പേര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിശുദ്ധ പ്രദേശങ്ങളില്‍ ഇസ്രയേല്‍ കുടിയേറ്റക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ അപലപിക്കാന്‍ അറബ് – ഇസ്‌ലാമിക ലോകത്തെ പാര്‍ലമെന്റ് സ്പീക്കര്‍മാരോട് ജോര്‍ദാന്‍ എം.പിമാര്‍ ആവശ്യപ്പെടുകയും ചെയ്തു. ഇസ്രയേല്‍ അഖ്‌സക്ക് നേരെ നടത്തുന് കയ്യേറ്റത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ മേയില്‍ ഇസ്രയേല്‍ അംബാസഡറെ പുറത്താക്കാന്‍ ജോര്‍ദാന്‍ പാര്‍ലമെന്റംഗങ്ങള്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിരുന്നു.
മസ്ജിദില്‍ ഇസ്രയേല്‍ ഉപരോധം ഏര്‍പ്പെടുത്തുകയും നമസ്‌കരിക്കാനെത്തിയവര്‍ക്ക് നേരെ ആക്രമണം നടത്തുകയും ചെയ്ത സംഭവത്തെ ഒ.ഐ.സി ജനറല്‍ സെക്രട്ടറി അക്മലുദ്ദീന്‍ ഇഹ്‌സാന്‍ ഓഗ്‌ലു  അപലപിച്ചു. മുസ്‌ലിം സമൂഹത്തിന്റെ ഏറ്റവും വിശുദ്ധവും ഉന്നതവുമായ കേന്ദ്രത്തിന് നേരെയാണ് അതിക്രമം കാണിച്ചിരിക്കുന്നതെന്ന് ഒ.ഐ.സി ബുധനാഴ്ച്ച നല്‍കിയ പ്രസ്താവന പറയുന്നു. അതിനെതിരെ നിലകൊള്ളാനും കയ്യേറ്റങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയാനും പ്രസ്താവന ആവശ്യപ്പെടുന്നുണ്ട്. പ്രവാചകന്‍(സ) ഇസ്‌റാഅ് യാത്ര നടത്തിയ പ്രദേശത്തിന് നേരെയുള്ള കയ്യേറ്റം തുടരുന്നതില്‍ മുസ്‌ലിം സമൂഹം മൗനം പാലിക്കില്ലെന്നും പ്രസ്താവന സൂചിപ്പിക്കുന്നുണ്ട്.

 

Related Post