റഷ്യന്‍ പൊതുസമൂഹത്തിലും മുസ്‌ലിംകള്‍ക്കിടയിലും
– ഇസ്‌ലാമിനെ തേടികൊണ്ടുള്ള നിങ്ങളുടെ അന്വേഷണം വായനക്കാരുമായി പങ്കുവെക്കുമല്ലോ?
സത്യം തേടിയുള്ള എന്റെ യാത്ര വളരെ ചെറുപ്പത്തില്‍ തന്നെ ആരംഭിച്ചതാണ്. നിശ്ചിതമായ പേരൊന്നും വിളിക്കാതെ ഉന്നതനായ ദൈവത്തില്‍ ഞാന്‍ വിശ്വസിച്ചു. ദൈവത്തെ തിരിച്ചറിയുന്നതിന് നിരീശ്വരതയിലധിഷ്ടിതമായ വിദ്യാഭ്യാസം എനിക്ക് തടസ്സമായില്ല. എന്നാല്‍ എന്റെ കാഴ്ച്ചപ്പാട് കൃത്യപ്പെടുത്തേണ്ടതുണ്ടായിരുന്നു. ആയിടക്കാണ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ ഫാദര്‍ അലക്‌സാണ്ടര്‍മാനെ ഞാന്‍ പരിചയപ്പെടുന്നത്. ഞാന്‍ എന്റെ ക്രിസ്ത്യന്‍ ജീവിതം ആരംഭിച്ചു. എന്നാല്‍ മതപരമായ പ്രവര്‍ത്തനം നിയമവിരുദ്ധമായതിനാല്‍ ഞാന്‍ അറസ്റ്റ് ചെയ്യപ്പെട്ടു. 1982-ല്‍ എനിക്കെതിരെ മൂന്നുവര്‍ഷം തടവ് ശിക്ഷയും വിധിക്കപ്പെട്ടു. സൈബീരിയയിലെ തുവായിലെ തടവുശിക്ഷയും കഴിഞ്ഞ് 1985-ല്‍ ഞാന്‍ വീണ്ടും മോസ്‌കോയില്‍ മടങ്ങിയെത്തി.
ഗോര്‍ബച്ചേവിന്റെ ‘പെരിസ്ട്രീക്ക’ പ്രഖ്യാപനവും മതസംഘങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന് അനുവദിക്കപ്പെട്ട സ്വാതന്ത്ര്യവും അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. കാലം പിന്നെയും കഴിഞ്ഞു, 1990-ല്‍ റഷ്യന്‍ റേഡിയോയില്‍ മതപരമായ പരിപാടിക്ക് ചുക്കാന്‍ പിടിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ഞാന്‍ പ്രതീക്ഷിച്ചതിലും എത്രയോ അധികം സ്വാതന്ത്ര്യമാണ് എന്റെ പരിപാടിയിലും സംസാരത്തിലും എനിക്ക് അനുഭവിക്കാന്‍ സാധിച്ചത്. കമ്മ്യൂണിസത്തിന്റെ അന്ത്യത്തോടെ രാജ്യത്ത് വലിയ മാറ്റങ്ങളും ഉണ്ടായി. ചെറിയ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന റേഡിയോ ഔദ്യോഗിക റേഡിയോ ആയി മാറി. റഷ്യയുടെ എല്ലാ ഭാഗങ്ങളിലും അതിന്റെ പ്രക്ഷേപണം വ്യാപിക്കുകയും ചെയ്തു. റഷ്യയിലെ എല്ലാ മതങ്ങളെയും ഉള്‍പ്പെടുത്തി കൊണ്ടുള്ള പരിപാടിയെ കുറിച്ച് ഞങ്ങള്‍ ചിന്തിക്കുന്നതിന് അത് കാരണമായി. റഷ്യയുടെ ഔദ്യോഗിക റേഡിയോയിലെ മതപരിപാടിക്ക് തുടക്കം കുറിച്ചത് ഞാനായിരുന്നു. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ പരിപാടിയില്‍ ഞാന്‍ തന്നെ അവതാരകനായി. കത്തോലിക്ക, പ്രൊട്ടസ്റ്റന്റ്, ബുദ്ധമതം തുടങ്ങിയവക്ക് അവതാരകരെ തേടിയുള്ള അന്വേഷണവും ഞാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ ഇസ്‌ലാമുമായി ബന്ധപ്പെട്ട പരിപാടിക്ക് അവതാരകനെ കണ്ടെത്തല്‍ വലിയ പ്രയാസമായിരുന്നു. മാധ്യമരംഗത്ത് കഴിവും ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലെ അറിവും ഒത്തു ചേര്‍ന്ന ഒരാളെ ലഭിക്കുക എന്നത് തന്നെയായിരുന്നു പ്രധാന പ്രതിസന്ധി. എന്നാല്‍ പരിപാടി ആരംഭിച്ച് ആറു വര്‍ഷം കൊണ്ട് ലൈല ഹസനോവയുടെ നേതൃത്വത്തിലുള്ള ഒരു ടീമിനെ തന്നെ സൃഷ്ടിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. ഇസ്‌ലാമിനെയും റഷ്യയിലെ മുസ്‌ലിംകളെയും കുറിച്ചുള്ള പരമ്പരക്ക് മേല്‍നോട്ടം വഹിച്ചിരുന്നത് അവരായിരുന്നു. അങ്ങനെ റഷ്യന്‍ ചരിത്രത്തില്‍ ആദ്യമായി ഇസ്‌ലാമിനെ കുറിച്ച റേഡിയോ പരിപാടിക്ക് തുടക്കം കുറിച്ചു. എല്ലാ വെള്ളിയാഴ്ച്ചയും സംപ്രേഷണം ചെയ്തിരുന്ന പരിപാടിക്ക് ‘വോയ്‌സ് ഓഫ് ഇസ്‌ലാം’ എന്നായിരുന്നു പേര് നല്‍കിയിരുന്നത്. പ്രമുഖ ഇസ്‌ലാമിക വ്യക്തിത്വങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതിനുള്ള സുവര്‍ണാവസരമായിരുന്നു പ്രസ്തുത പരിപാടി. അതിലൂടെ റഷ്യയിലെ വലിയ മതവിഭാഗങ്ങളിലൊന്നായ മുസ്‌ലിംകളുടെ പ്രതിനിധികളെ പരിചയപ്പെടാന്‍ എനിക്ക് സാധിച്ചു.
– നിങ്ങളെ ഈ മാര്‍ഗത്തിലേക്ക് നയിച്ചത് ദൈവിക വിധി മാത്രമാണെന്ന് പറയാനാകുമോ?
യഥാര്‍ത്ഥത്തില്‍ അത് തന്നെയാണ് സംഭവിച്ചത്. ക്രിസ്തുമത പരിപാടിയുടെ അവതാരകനായിരുന്നു ഞാന്‍. അതോടൊപ്പം മതപരിപാടിയുടെ ചീഫ് എഡിറ്ററും ഞാന്‍ തന്നെയായിരുന്നു. അതുകൊണ്ട് തന്നെ എന്റെ പരിപാടി തയ്യാറാക്കുന്നതു പോലെ മറ്റു പരിപാടികള്‍ ഞാന്‍ കേള്‍ക്കുകയും ചെയ്യുമായിരുന്നു. അതിലെ ഇസ്‌ലാമിക പരിപാടികള്‍ കേള്‍ക്കാന്‍ തുടങ്ങിയപ്പോള്‍ അത് എന്നെ വല്ലാതെ സ്വാധീനിക്കാന്‍ തുടങ്ങി. ആറുവര്‍ഷത്തെ കഠിനമായ അധ്വാനം ലൈല ഹസനോവയെ പരിപാടിയില്‍ നിന്ന് വിരമിക്കുന്നതിലേക്ക് എത്തിച്ചു. അങ്ങനെ ഇസ്‌ലാമിനെ കുറിച്ച പരിപാടി കുറച്ചു കാലത്തേക്ക് നിര്‍ത്തി വെക്കേണ്ടി വന്നു. ഇസ്‌ലാമിനെ കുറിച്ചുള്ള പരിപാടി പുനരാരംഭിക്കേണ്ടത് അനിവാര്യമാണെന്ന് റഷ്യന്‍ പ്രധാനമന്ത്രി റേഡിയോ മേധാവി സെര്‍ജി ഡേവിഡോവിയെ വിളിച്ച് അറിയിച്ചു. ഇരുപത് ദശലക്ഷത്തോളം വരുന്ന റഷ്യന്‍ മുസ്‌ലിംകളെ രാഷ്ട്രത്തോട് ചേര്‍ത്തു നിര്‍ത്തിയിരുന്ന പരിപാടിയായതിനാല്‍, അത് നിര്‍ത്തി വെക്കുന്നത് ആഭ്യന്തര രാഷ്ട്രീയത്തെ ദോഷകരമായി ബാധിക്കുമെന്നതായിരുന്നു അതിന്റെ കാരണം. ഒരു അപരനാമം സ്വീകരിച്ച് ശബ്ദവ്യത്യാസത്തോടെ പരിപാടി നടത്താന്‍ എന്നോട് സ്‌റ്റേഷന്‍ മാസ്റ്റര്‍ എന്നോട് ആവശ്യപ്പെട്ടു. ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികള്‍ക്കിടിയില്‍ ഞാന്‍ വളരെ പ്രസിദ്ധി നേടിയതിനാല്‍ ഞാനത് അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. അന്‍ദരി ഹസാനോവ് എന്ന പേരില്‍ ഇസ്‌ലാമിനോടൊത്തുള്ള എന്റെ യാത്രക്ക് തുടക്കം കുറിച്ചു. റഷ്യന്‍ സംസ്‌കാരത്തിനും ഇസ്‌ലാമിനും ഇടയില്‍ ഒരു പാലമായി നിലകൊള്ളുന്നതില്‍ പേര് മാറ്റല്‍ വളരെ പ്രാധാന്യമുള്ള ഒന്ന് തന്നെയായിരുന്നു. അതിന് ഇസ്‌ലാമിക സംസ്‌കാരത്തില്‍ ആഴത്തില്‍ ഇറങ്ങി ചെല്ലുക ആവശ്യമായിരുന്നു. പരിപാടിക്കിടയില്‍ ഉപയോഗിക്കുന്ന അറബ് ഇസ്‌ലാമിക സംഗീതത്തെ മനസ്സിലാക്കുന്നതും അതിന് ആവശ്യമായിരുന്നു. നിരവധി ഇസ്‌ലാമിക വ്യക്തിത്വങ്ങളെ പരിചയപ്പെടാന്‍ എനിക്ക് സാധിച്ചു. ഇസ്‌ലാമിക സംസ്‌കാരത്തില്‍ ഭാഗികമായി അവഗാഹം നേടിയ വ്യക്തിയായി ഞാന്‍ മാറി. എന്നാല്‍ എന്റെ ശബ്ദം എനിക്ക് എല്ലാവരില്‍ നിന്നും മറച്ചു വെക്കാന്‍ സാധിച്ചില്ല. നിങ്ങള്‍ ഇസ്‌ലാം സ്വീകരിച്ചതായി ഞങ്ങള്‍ വിശ്വസിക്കുന്നു എന്ന് ഒട്ടേറെ കൂട്ടുകാര്‍ എന്നോട് പറഞ്ഞു. എന്നാല്‍ ഞാനത് പൂര്‍ണമായും നിഷേധിക്കുകയാണ് ചെയ്തത്. അത്തരം ഒരു ചിന്ത പോലും എന്റെ മനസ്സില്‍ വന്നിട്ടില്ലെന്നതായിരുന്നു എന്നത് തന്നെയായിരുന്നു കാരണം. ഏതൊരു വ്യക്തിയെയും പോലെ എന്റെ ഉത്തരവാദിത്വം നിര്‍വഹിക്കുക മാത്രമാണ് ഞാന്‍ ചെയ്യുന്നതെന്ന് അവരോട് വിശദീകരിച്ചു. എന്നാല്‍ 2000-ലാണ് ശരിക്കും മാറ്റം ഉണ്ടായത്. ചിന്തകളുടെ ആധിക്യം കാരണം ഒരു രാത്രി അതിശക്തമായ തലവേദന എന്നെ ബാധിച്ചു. ‘യഥാര്‍ഥത്തില്‍ ഞാന്‍ ഇസ്‌ലാം സ്വീകരിക്കുമോ?’ എന്ന ചോദ്യമായിരുന്നു എന്റെ ഉള്ളില്‍ കടന്നു അസ്വസ്ഥപ്പെടുത്തിയിരുന്നത്.
– യാഥാര്‍ത്ഥ്യം തേടിലുള്ള അന്വേഷണമായിരുന്നില്ല നിങ്ങളെ ഇസ്‌ലാമില്‍ എത്തിച്ചത് എന്നാണോ ഉദ്ദേശിക്കുന്നത്?
പരിപാടിക്ക് വേണ്ടി നടത്തിയ മുന്നൊരുക്കങ്ങള്‍ എന്നെ ദീനില്‍ അവഗാഹം നേടിയവനാക്കി എന്ന് നേരത്തെ ഞാന്‍ സൂചിപ്പിച്ചുവല്ലോ. ക്രിസ്ത്യാനിസത്തിലെ ഉത്തരം കിട്ടാത്ത പല ചോദ്യങ്ങള്‍ക്കും അതിലൂടെ എനിക്ക് ഉത്തരം ലഭിച്ചു. സ്രഷ്ടാവും അടിമയും തമ്മിലുള്ള ബന്ധം, ത്രിയേകത്വം, ഈസാ നബിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ എനിക്ക് ഉത്തരം ലഭിച്ചു. യേശുവിനോട് സ്‌നേഹം ഉണ്ടായിരുന്നുവെങ്കിലും എന്തുകൊണ്ട് ആളുകള്‍ അദ്ദേഹത്തെ ദൈവമായി കാണുന്നു എന്ന് എനിക്ക് മനസിലാക്കാന്‍ സാധിച്ചിരുന്നില്ല. ഏകദൈവത്വവും ഈസാ നബിയുമായുള്ള ബന്ധവും എല്ലാ ക്രിസ്ത്യാനികളെയും പോലെ എന്നെയും വേട്ടയാടിയിരുന്ന വിഷയമായിരുന്നു. ഈ കാര്യങ്ങളെല്ലാം കെട്ടികുടുക്കുകളില്ലാതെ ലളിതമായി ഇസ്‌ലാമില്‍ നിന്ന് മനസിലാക്കാന്‍ എനിക്ക് സാധിച്ചു. അവക്കെല്ലാം വ്യക്തമായ ഉത്തരവും എനിക്ക് കിട്ടി. ഇസ്‌ലാമില്‍ എന്നെ വളരെയധികം ആകര്‍ഷിച്ച സംഗതി അതിലെ ആരാധനാ കാര്യങ്ങളായിരുന്നു. അല്ലാഹുവോടുള്ള അടിമത്വത്തിന്റെ മൂര്‍ത്തീഭാവമായ സുജൂദാണ് അതില്‍ എന്നെ ഏറ്റവും അധികം ആകര്‍ഷിച്ചിരുന്നത്. കാല്‍മുട്ടുകള്‍ നിലത്തൂന്നി നെറ്റിത്തടം അല്ലാഹുവിന്റെ മുന്നില്‍ വെച്ച് അവന് കീഴ്‌പ്പെടുന്ന സുജൂദ് വളരെ ആകര്‍ഷകമായ ഒരു കാര്യം തന്നെയാണ്. ഞാന്‍ വിഷയത്തിലേക്ക് മടങ്ങി വരാം, മനസിനകത്തെ ആന്തരിക സംഘര്‍ഷത്തോടൊപ്പം തന്നെ ഞാന്‍ ഇസ്‌ലാം സ്വീകരിക്കുമോ എന്ന ചോദ്യം കൂടുതല്‍ ശക്തിയോടെ ആവര്‍ത്തിക്കാന്‍ തുടങ്ങി. ‘നിനക്ക് ഇസ്‌ലാം സ്വീകരിക്കാന്‍ കഴിയില്ല, എന്നാല്‍ ഇസ്‌ലാം നിന്നെയും നിന്റെ ഹൃദയത്തെയും ആശ്ലേഷിച്ചിരിക്കുന്നുവെന്ന’ എന്ന് ശബ്ദം ഒരു സ്വപ്‌നത്തില്‍ കേട്ടു. ‘ഞാന്‍ മുസ്‌ലിമായിരിക്കുന്നുവെന്ന്’ ഉണര്‍ന്ന ഞാന്‍ പറയുകയും ചെയ്തു. ഇസ്‌ലാമിനെ സ്വീകരിക്കാന്‍ ഹൃദയങ്ങള്‍ക്ക് വിശാലത നല്‍കുന്നത് അല്ലാഹു മാത്രമാണ്.
– അതോടെ കാര്യങ്ങളെല്ലാം അവസാനിച്ചുവോ ?
ഇല്ല, ഞാന്‍ അവിടെ വെച്ച് അവസാനിപ്പിച്ചില്ല. സമൂഹത്തില്‍ നിന്നുണ്ടാകുന്ന പ്രതികരണം എന്നില്‍ ഉല്‍കണ്ഠയുണ്ടാക്കിയിരുന്നു. ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ക്കിടയില്‍ അറിയപ്പെടുന്ന ഒരാളായിരുന്നു ഞാന്‍. റഷ്യയിലെ പാത്രിയാര്‍ക്കീസ് അലക്‌സ് രണ്ടാമനുമായി എനിക്ക് നേരിട്ട് ബന്ധവുമുണ്ടായിരുന്നു എന്ന് മാത്രമല്ല അദ്ദേഹത്തിന്റെ ആശീര്‍വാദത്തോടെയായിരുന്നു ഞാന്‍ പരിപാടി ആരംഭിച്ചതും. ഇങ്ങനെ പല കാര്യങ്ങളും എന്നെ അസ്വസ്ഥപ്പെടുത്തി കൊണ്ടിരുന്നു. ആത്മീയ കാര്യത്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്ന് നിശ്ചയിച്ചുറച്ചു. മറ്റു കാര്യങ്ങളെല്ലാം കാലത്തിനും സ്രഷ്ടാവിനും വിട്ടുകൊടുക്കാനും ഞാന്‍ തീരുമാനിച്ചു. എനിക്ക് മുമ്പ് ഇസ്‌ലാം ആശ്ലേഷിച്ച അലി ബാലോസിന്റെ ഉപദേശം തേടാനും ഞാന്‍ നിശ്ചയിച്ചു. ഓര്‍ത്തഡോക്‌സ ചര്‍ച്ചിലെ പുരോഹിതനും അറിയപ്പെടുന്ന മതവ്യക്തിത്വവും തത്വചിന്തകനുമായിരുന്നു അദ്ദേഹം. എന്റേതിന് സമാനമായ ഒരു അവസ്ഥ തന്നെയായിരുന്നു അദ്ദേഹത്തിന്റെയും മുമ്പിലുണ്ടായിരുന്നത്. പ്രത്യേക കാരണങ്ങളാല്‍ അദ്ദേഹം തന്റെ ഇസ്‌ലാം ആശ്ലേഷണം പ്രഖ്യാപിക്കുക തന്നെ ചെയ്തു. എന്റെ ഇസ്‌ലാം സ്വീകരണം തല്‍ക്കാലം പരസ്യപ്പെടുത്തേണ്ട എന്നാണ് ബാലോസിന്‍ ഉപദേശിച്ചത്. അതിന് അനുയോജ്യമായ ഒരു സമയം വരുന്നത് വരെ നീട്ടിവെക്കാനാണ് അദ്ദേഹം പറഞ്ഞത്. മതങ്ങളുമായി ബന്ധപ്പെട്ട എന്റെ പരിപാടി ഞാന്‍ തുടര്‍ന്നു. മാറ്റം വളരെ സാവധാനമായിരുന്നിട്ടു പോലും വളരെ അടുത്ത മിക്ക കൂട്ടുകാരും എന്നെ ഉപേക്ഷിച്ചു. ഞാന്‍ ചിന്തിക്കുക പോലും ചെയ്യാത്ത ഹജ്ജ് യാത്രക്ക് ലഭിച്ച അവസരം ആഴത്തില്‍ എന്നെ സ്വാധീനിച്ചു. നിരവധി വ്യക്തിത്വങ്ങളെ എനിക്ക് കണ്ടു മുട്ടാന്‍ സാധിച്ചു. പുതുതായി ഇസ്‌ലാം ആശ്ലേഷിച്ചവരും അക്കൂട്ടത്തിലുണ്ടായിരുന്നു. ഞാന്‍ ഈ വഴിയില്‍ ഏകനല്ലെന്ന് എന്നെ ബോധ്യപ്പെടുത്തിയ അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹമായിട്ടാണ് ഞാനതിനെ കാണുന്നത്.
– റഷ്യന്‍ സംസ്‌കാരത്തില്‍ വേരുകള്‍ ആഴത്തിലിറങ്ങിയ കവിയും എഴുത്തുകാരനും ഗവേഷകനുമായ താങ്കള്‍ മറ്റൊരു സംസ്‌കാരത്തിലേക്ക് മാറിയിരിക്കുകയാണ്. ഈ മാറ്റം നിങ്ങള്‍ക്കെങ്ങനെ അനുഭവപ്പെടുന്നു?
യഥാര്‍ത്ഥത്തില്‍ സാമൂഹ്യപരമായും വ്യക്തിപരമായും ഇസ്‌ലാം സ്വീകരിക്കുക എന്നെ സംബന്ധിച്ചടത്തോളം വളരെ പ്രയാസം തന്നെയായിരുന്നു. കാരണം അടിസ്ഥാനപരമായി ഞാന്‍ റഷ്യക്കാരനാണ്. റഷ്യന്‍ ഭാഷയെ സ്‌നേഹിക്കുന്ന അതില്‍ രചനകള്‍ നിര്‍വഹിക്കുന്ന കവിയുമാണ്. ഞാന്‍ എന്റെ രാജ്യത്തെ വളരെയധികം സ്‌നേഹിച്ചിരുന്നു. ഒരു നിമിഷം കൊണ്ട് അതെല്ലാം കൈവെടിയല്‍ എനിക്ക് പ്രയാസകരമായിരുന്നു. എന്നാല്‍ അതോടൊപ്പം ഞാന്‍ പരിചയിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നതല്ലാത്ത ഒരു സംസ്‌കാരം എന്നെ വല്ലാതെ സ്വാധീനിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഞാന്‍ ഇസ്‌ലാമിനെ സ്വീകരിക്കുകയായിരുന്നില്ല, മറിച്ച് അതെന്നെ സ്വീകരിക്കുകയായിരുന്നു എന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി. ഞാന്‍ അവ രണ്ടിനുമിടയില്‍ സംന്തുലിതത്വം കാത്തുസൂക്ഷിക്കേണ്ടവനാണെന്ന് തിരിച്ചറിഞ്ഞു. ഞാന്‍ മുസ്‌ലിമാണ് അതോടൊപ്പം ദേശീയതയും സംസ്‌കാരവും പ്രകൃതവും കൊണ്ട് ഒരു റഷ്യക്കാരനുമാണ്. ഞാന്‍ വളര്‍ന്നു വന്ന സംസ്‌കാരം ഉപേക്ഷിക്കാന്‍ ഇസ്‌ലാം എന്നോട് ആവശ്യപ്പെടുന്നില്ലെന്നത് എനിക്ക് ആശ്വാസമായി. സഹാബികള്‍ അങ്ങനെയായിരുന്നു. അവരുടെ കൂട്ടത്തില്‍ സുഹൈബ് റൂമിയും സല്‍മാനുല്‍ ഫാരിസിയും അബീസീനിയക്കാരനായ ബിലാലും ഉണ്ടായിരുന്നു. അവര്‍ ഓരോരുത്തരും വ്യത്യസ്ത സംസ്‌കാരങ്ങളില്‍ നിന്ന് വന്നവരായിരുന്നു. ദീനിനെ ആഴത്തില്‍ മനസിലാക്കി സമൂഹത്തിന് മനസിലാകുന്ന ഭാഷയില്‍ അതിന്റെ പ്രചാരകരാവുകയാണ് മുസ്‌ലിംകള്‍ ചെയ്യേണ്ടത്.
സെര്‍ജി ജന്നാത് മാര്‍കസ്
വിവ : അഹ്മദ് നസീഫ്
(islam online)