അമേരിക്കന്‍ ഐക്യനാടുകളിലെ മുസ്‌ലിം സമൂഹം മുഖ്യധാരാ സമൂഹത്തില്‍ നിന്നും ധാരാളം വെല്ലുവിളികളെ നേരിടുന്നുണ്ട്. മാധ്യമങ്ങളുടെ സ്വാധീനവും, വ്യാപകമായ ആയുധമുപയോഗവും, മദ്യവും മയക്കുമരുന്നുകളും വലിയ തോതില്‍ അധികരിച്ചതും ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. വ്യഭിചാരത്തിന്റെയും ലൈംഗിക കുറ്റകൃത്യങ്ങളുടെയും തോത് വളരെയധികം ഉയര്‍ന്നിരിക്കുന്നു. ഇതെല്ലാം നേരിടുന്ന സമൂഹത്തിന് ലഭിക്കേണ്ട മാര്‍ഗനിര്‍ദേശത്തിന്റെ അഭാവവും അവിടത്തെ മുസ്‌ലിം സമൂഹം നേരിടുന്ന വെല്ലുവിളിയാണ്. ഈ ബാഹ്യഘടകങ്ങള്‍ കുടുംബത്തിന്റെ രൂപീകരണം, സന്താന പരിപാലനം, കൂട്ടുകാരും അയല്‍ക്കാരുമായുള്ള സഹവര്‍ത്തിത്വം പോലുള്ള ചെറിയ കാര്യങ്ങളെ വളരെ ഭാരിച്ചതാക്കുന്നു. ഖുര്‍ആനും പ്രവാചകചര്യയും ഉപയോഗിച്ച് സാമൂഹിക പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാനുള്ള ചുമതല അല്ലാഹു നമ്മെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. അതിനു പുറമെ മനുഷ്യന്റെ വിവിധങ്ങളായ പ്രശ്‌നങ്ങള്‍ക്ക് ദൈവഭയത്തിന്റെയും സ്‌നേഹത്തിന്റെയും അടിസ്ഥാനത്തില്‍ ഭൂമിയില്‍ അല്ലാഹുവിന്റെ അടിമകളെന്ന ഉത്തരവാദിത്തം നിര്‍വഹിക്കുന്നത് വഴി ആത്മീയ പരിഹാരം സമര്‍പ്പിക്കുകയാണ് ഇസ്‌ലാമിക് കൗണ്‍സിലിങ്ങ്.
‘നബിയെ ദ്രോഹിക്കുന്ന ചിലരും അവരിലുണ്ട്. അദ്ദേഹം എല്ലാറ്റിനും ചെവികൊടുക്കുന്നവനാണെന്ന് അവരാക്ഷേപിക്കുന്നു. പറയുക: അദ്ദേഹം നിങ്ങള്‍ക്ക് ഗുണകരമായതിനെ ചെവിക്കൊള്ളുന്നവനാകുന്നു. അദ്ദേഹം അല്ലാഹുവില്‍ വിശ്വസിക്കുന്നു. സത്യവിശ്വാസികളില്‍ വിശ്വാസമര്‍പ്പിക്കുന്നു.’ (അത്തൗബ: 61)
‘തന്റെ ഭര്‍ത്താവിനെക്കുറിച്ച് നിന്നോട് തര്‍ക്കിക്കുകയും അല്ലാഹുവോട് ആവലാതിപ്പെടുകയും ചെയ്യുന്നവളുടെ വാക്കുകള്‍ അല്ലാഹു കേട്ടിരിക്കുന്നു; തീര്‍ച്ച. അല്ലാഹു നിങ്ങളിരുവരുടെയും സംഭാഷണം ശ്രവിക്കുന്നുണ്ട്. നിശ്ചയമായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു.’ (അല്‍ മുജാദല: 1)
നമ്മുടെ എല്ലാ സ്വകാര്യ സംഭാഷണങ്ങളും കൗണ്‍സിലിങും അല്ലാഹു കേള്‍ക്കുന്നുണ്ടെന്ന് ഖുര്‍ആന്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. (58:57) അതുപോലെ തന്നെ നാം നടത്തുന്ന രഹസ്യസംഭാഷണങ്ങള്‍ നന്മയുടെയും ഭക്തിയുടെയും മാര്‍ഗത്തിലായിരിക്കണമെന്നും ഖുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്. (58:9) ആളുകളെ കൂട്ടിയിണക്കാന്‍ നടത്തുന്ന എല്ലാ കര്‍മ്മങ്ങളും പുണ്യമാണ്. അല്ലാഹു അതിന് പ്രതിഫലം നല്‍കുകയും ചെയ്യും.
കൗണ്‍സിലിങില്‍ വളര പ്രാധാന്യമുള്ളതാണ് വൈവാഹിക കൗണ്‍സിലിങ്. വിവാഹത്തിന് മുമ്പ്, അതിന് ശേഷം, വിവാഹത്തോടനുബന്ധിച്ചുള്ള ഫാമിലി കൗണ്‍സിലിങ് എന്നീ മുന്നു പ്രധാന ഘടകങ്ങളാണ് അതിനുള്ളത്. വൈവാഹിക കൗണ്‍സിലിങിനും വിവാഹത്തിനു മുമ്പുള്ള കൗണ്‍സിലിങുമാണ് ഈ പഠനത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
ദാമ്പത്യ ബന്ധം, വിവാഹത്തിലൂടെ കൈവരുന്ന ഉത്തരവാദിത്വം, ഇണയെ കുറിച്ചുള്ള തങ്ങളുടെ പ്രതീക്ഷകള്‍ തുടങ്ങിയ കാര്യങ്ങള്‍ മനസിലാക്കി കൊടുക്കുന്നതില്‍ വളരെ സഹായകമാണ്. പ്രധാനമായും രണ്ടു രൂപത്തിലാണത് ചെയ്യാറുളളത്. വ്യക്തികളുടെ ചെറിയ സംഘങ്ങളാക്കി അവര്‍ക്ക് കൗണ്‍സിലിങ് നല്‍കുന്ന അധ്യയന രീതിയാണ് ഒന്ന്. അതില്‍ പങ്കെടുക്കുന്നവര്‍ വിവാഹിതരാകാന്‍ തയ്യാറായിരിക്കണമെന്ന നിബന്ധനയില്ല, കേവലം പഠനം എന്ന രൂപത്തില്‍ മാത്രമാണത്. വിവാഹം നിശ്ചയിക്കപ്പെട്ടവര്‍ക്കും പ്രത്യേകമായ പഠന ക്ലാസുകള്‍ നല്‍കാറുണ്ട്. രണ്ടാമത്തെ രീതി കൗണ്‍സിലര്‍ ഭാര്യക്കും ഭര്‍ത്താവിനും വിവാഹത്തിന് മുമ്പ് നല്‍കുന്നതാണ്. ഇത് കൂടുതല്‍ സ്വകാര്യവും വിവാഹിതരാകാനിരിക്കുന്ന ദമ്പതികളുടെ ഭാവി ലക്ഷ്യം വെക്കുന്നതുമായിരിക്കും.
ഓരോ ബന്ധങ്ങളെയും മറ്റുള്ളവയില്‍ നിന്നും വേര്‍തിരിക്കുന്ന പ്രത്യേക ഘടകങ്ങളെ ഇമാമുകളുടെയും കൗണ്‍സിലര്‍മാരുടെയും പരിഗണയിലുണ്ടായിരിക്കണം. വ്യത്യസ്ത സംസ്‌കാരങ്ങളില്‍ നിന്നുള്ള ഇണകള്‍ക്ക് അവരുടെ സംസ്‌കാരങ്ങള്‍ തമ്മിലുളള സാമ്യതകളും വ്യത്യാസങ്ങളും കൗണ്‍സിലര്‍ വ്യക്തമാക്കി കൊടുക്കേണ്ടതുണ്ട്. വിവാഹിതരാകുന്നവരില്‍ ആരെങ്കിലും മുമ്പ് വിവാഹം കഴിച്ചിട്ടുള്ളവരാണെങ്കില്‍ ആദ്യവിവാഹത്തിലെ പ്രശ്‌നങ്ങള്‍ വ്യക്തമാക്കി കൊടുക്കുകയും പുതിയ വിവാഹത്തിലൂടെ ഒരു ജീവിതം കെട്ടിപടുക്കാന്‍ സഹായിക്കുകയും വേണം. ആദ്യവിവാഹത്തില്‍ സന്താനങ്ങളുണ്ടെങ്കില്‍ അതു കൂടി കൗണ്‍സിലിങില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. വിവാഹത്തിന് ശേഷം എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമേ ചിലര്‍ വിവാഹത്തിന് മുമ്പുള്ള കൗണ്‍സിലിങിനെ കുറിച്ച് ബോധവാന്‍മാരാകുന്നുള്ളൂ. രക്ഷിതാക്കളും കൗണ്‍സിലര്‍മാരും അധ്യാപകരും ഇമാമുമാരുമാണ് അതിന്റെ പ്രാധാന്യം ആളുകള്‍ക്ക് മനസിലാക്കി കൊടുക്കേണ്ടത്.
കൗണ്‍സിലിങില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാമത്തെ കാര്യം വിവാഹം, മതം, സ്ത്രീയുടെയും പുരുഷന്റെയും ഉത്തരവാദിത്വങ്ങള്‍ തുടങ്ങിയ വിശദീകരിക്കുകയാണ്.
രണ്ടാമതായി അവരെ ബോധ്യപ്പെടുത്തേണ്ടത് ആശയവിനിമയമാണ്. ദാമ്പത്യബന്ധത്തിലെ വളരെ സുപ്രധാനമായ ഒന്നാണിത്. ഫലപ്രദമായ സംസാരത്തെയും കേള്‍വിയെയും കുറിച്ചവരെ ബോധവാന്‍മാരാക്കണം. ആശയവിനിമയത്തിലുണ്ടായേക്കാവുന്ന വീഴ്ചകളെയും അവ എങ്ങനെ പരിഹരിക്കണമെന്നതും അവരെ പഠിപ്പിക്കണം.
അധിക്ഷേപത്തെ കുറിച്ചാണ് മൂന്നാമതവര്‍ക്ക് മനസിലാക്കി കൊടുക്കേണ്ടത്. വിവിധ അധിക്ഷേപങ്ങളെ കുറിച്ച് അവരോട് ചോദിക്കുകയും ചര്‍ച്ച ചെയ്യുകയും വേണം. കാരണം അധിക്ഷേപം വാക്കുകളാലോ പ്രവൃത്തിയാലോ അല്ലെങ്കില്‍ വികാരപ്രകടനങ്ങളിലൂടെയോ ഉണ്ടാവാറുണ്ട്.
സന്താനപരിപാലനവും അതിന്റെ രീതികളുമാണ് നാലാമതായി അവരുടെ ശ്രദ്ധയില്‍ പെടുത്തേണ്ട കാര്യം. രക്ഷിതാവ് ആവുക എന്നതിന്റെ അര്‍ഥവും അത് അവരുടെ ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങളെ കുറിച്ചും വ്യക്തമാക്കണം. മുന്‍ബന്ധത്തില്‍ മക്കളുണ്ടെങ്കില്‍ അവരെ കുറിച്ചുള്ള അവരുടെ നിലപാടുകളും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. സന്താനപരിപാലനത്തെ കുറിച്ച നല്ല പുസ്തകങ്ങള്‍ വായിക്കാന്‍ ഉപദേശിക്കുകുയും വേണം.
കൗണ്‍സിലിങില്‍ അഞ്ചാമതായി ഉള്‍പ്പെടുത്തേണ്ട കാര്യമാണ് സാമ്പത്തികാസൂത്രണം. വീട്ടുചെലവുകളെയും സാമ്പത്തിക ബുദ്ധിമുട്ടുകളെയും കുറിച്ച് ബോധവാന്‍മാരായിരിക്കുകയെന്നത് വളരെ സുപ്രധാനമായ കാര്യമാണ്. ബജറ്റ് കണക്കാക്കല്‍, സമ്പാദ്യം തുടങ്ങിയ കാര്യങ്ങളെല്ലാം അവര്‍ പഠിച്ചിരിക്കണം. കൗണ്‍സിലര്‍ അതിനു സഹായകമായ മാര്‍ഗങ്ങള്‍ അവര്‍ക്ക് നിര്‍ദേശിച്ചു നല്‍കണം.
വിവാഹത്തോടെ വിശാലമാകുന്ന കുടുംബത്തില്‍ ഓരോരുത്തര്‍ക്കും വന്നുചേരുന്ന ഉത്തരവാദിത്വത്തെ കുറിച്ച് ബോധവല്‍കരണമാണ് ആറാമതായി പരിഗണിക്കേണ്ടത്. കൗണ്‍സിലര്‍ ഇണകള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും കുടുംബങ്ങള്‍ക്കും പരസ്പരം ആശയവിനിമയത്തിനുള്ള സൗകര്യമേര്‍പ്പെടുത്തണം. മുസ്‌ലിം സമുദായത്തിലെ വിവാഹമോചനങ്ങളിലധികവും പുതുതായി കുടുംബത്തില്‍ വന്നു കയറുന്ന വ്യക്തിയും വീട്ടുകാരും തമ്മിലുണ്ടാകുന്ന പ്രശ്‌നങ്ങളുടെ ഫലമാണെന്നത് ശ്രദ്ധേയമാണ്. വിവാഹിതാരുകന്നവര്‍ക്ക് അതിനുളള നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും തങ്ങളുടെ മക്കള്‍ക്ക് സുരക്ഷിതമായ കൂടൊരുക്കുന്നതിനായി രക്ഷിതാകളെ പ്രേരിപ്പിക്കുയും ചെയ്യേണ്ടത് കൗണ്‍സിലറാണ്.
തീരുമാനമെടുക്കലാണ് ഏഴാമത്തെ ഘട്ടം. വിവാഹത്തിനു മുമ്പുതന്നെ തങ്ങളുടെ ജീവിതത്തെ പറ്റി വ്യക്തമായ തീരുമാനമെടുക്കാന്‍ സ്ത്രീ-പുരുഷന്‍മാരെ കൗണ്‍സിലര്‍ പ്രാപ്തരാക്കണം. വിവാഹത്തിലൂടെ ഇണകളാകുന്നത് തങ്ങളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുമെന്നവര്‍ക്ക് മനസിലാക്കി കൊടുക്കാന്‍ ശ്രമിക്കണം. കൂടിയാലോചനയുടെയും പരസ്പര ധാരണയുടെ പ്രാധാന്യത്തെ ഊന്നിയായിരിക്കണം അത് നിര്‍വ്വഹിക്കേണ്ടത്.
വിവാഹത്തിന്റെ ശാരീരിക ബന്ധവും വിവാഹത്തിന് മുമ്പുള്ള കൗണ്‍സിലിങില്‍ ഉള്‍പ്പെടുത്തേണ്ട കാര്യമാണ്. അതിനായി പുരുഷന്‍മാര്‍ പുരുഷകൗണ്‍സിലര്‍മാരെയും സ്ത്രീകള്‍ സ്ത്രീകൗണ്‍സിലര്‍മാരെയും സമീപിക്കണം. വിവാഹത്തിലെ ശാരീരിക ബന്ധത്തിന് വധൂവരന്‍മാരെ മാനസികമായി ഒരുക്കുകയാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്. ഇതിനായി നല്ല പുസ്തകങ്ങള്‍ തെരെഞ്ഞെടുത്ത് വായിക്കുകയും ചെയ്യാവുന്നതാണ്.
അഭിപ്രായ ഭിന്നകളെ പരിഹരിക്കുന്നതിന്റെ ആവശ്യകതയെപറ്റി ദമ്പതികള്‍ ബോധവാന്‍മാരായിരിക്കണം. എങ്ങനെയാണ് അഭിപ്രായ വ്യത്യാസങ്ങളെ പരിഹരിക്കേണ്ടതെന്നും അതിനുള്ള കാരണങ്ങളെയും അതിനുള്ള ഇസ്ാമിലെ പരിഹാരത്തെയും പറ്റി കൗണ്‍സിലര്‍ അവരെ പഠിപ്പിക്കണം.
വിവാഹത്തിന് ശേഷമുള്ള കൗണ്‍സിലിങും വിവാഹത്തിന് മുമ്പുള്ള കൗണ്‍സിലിങും തമ്മില്‍ ചെറിയ വ്യത്യാസമുണ്ട്. കുട്ടികളുള്ളവരോ ഇല്ലാത്തവരോ ആയ നിലവില്‍ വിവാഹം കഴിഞ്ഞ ആളുകളെ ഉദ്ദേശിച്ചു നടത്തുന്നതാണിത്. ഇരുകൂട്ടരും പറയുന്നത് കേള്‍ക്കാനാന്‍ സന്നദ്ധനായ ഒരു നല്ല ശ്രാതാവാകാനാണ് കൗണ്‍സിലര്‍മാര്‍ ശ്രദ്ധിക്കേണ്ടത്. പരിഗണനീയമായ എല്ലാ കാര്യങ്ങളും ചര്‍ച്ചക്കുകയും മനസു തുറന്ന് സംസാരിക്കാനുള്ള സാഹചര്യമൊരുക്കുകയും വേണം. ദമ്പതികള്‍ക്കും കൗണ്‍സിലര്‍ക്കുമിടയിലെ വിശ്വാസത്തിന്റെ അടിസ്ഥാനമായിരിക്കണം സ്വകാര്യത. ഇമാമുകളും കൗണ്‍സിലര്‍മാരും മാനസിക പ്രശ്‌നമുള്ളവരെയും ലഹരിക്കടിപ്പെട്ടവരെയും കോപനിയന്ത്രണമാവശ്യമായരെയും വിദഗ്ദരുടെ അടുത്തേക്ക് അയക്കാന്‍ സന്നദ്ധരാവണം.
വിവാഹ മോചനകേസുകളില്‍ രാജ്യത്തെ നിയമത്തെ കുറിച്ച് അവരെ ബോധവാന്‍മാരാക്കുന്നതോടൊപ്പം ഇസ്‌ലാമിക നിയമങ്ങളെ പറ്റിയും അവബോധമുള്ളവരാക്കണം. കൗണ്‍സിലിങ് നടത്തുന്ന വ്യക്തി നിയമകാര്യങ്ങളില്‍ നിപുണനല്ലെങ്കില്‍ അതിന് യോഗ്യരായവരുടെ അടുത്തേക്ക് നിര്‍ദേശിക്കണം. വിവാഹമോചനത്തിനു മുമ്പുള്ള കൗണ്‍സിലിങില്‍ ഉള്‍പ്പെടുത്തേണ്ട വിഷയമാണ് ആ ബന്ധത്തിലുള്ള മക്കളുടെ ഭാവി. വിവാഹത്തിനു മുമ്പും ശേഷവുമുള്ള കൗണ്‍സിലിങുകളെ പറ്റി ശ്രദ്ധിക്കപ്പെടേണ്ട കാര്യങ്ങളെല്ലാം ഇതില്‍ വന്നിട്ടുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇതിന്റെ സേവനങ്ങള്‍ സമൂഹത്തില്‍ വ്യാപിപ്പിക്കുന്നതിന് നമ്മുടെ കൗണ്‍സിലര്‍മാര്‍ക്കും ഖതീബുമാര്‍ക്കും പ്രത്യേകം പരിശീലനം നല്‍കേണ്ടതുണ്ട്. ഇത്തരം കാര്യങ്ങള്‍ നമ്മുടെ ഖുതുബകളിലും പഠനവേദികളിലും സിലബസുകളിലും ഉള്‍പ്പെടുത്തേണ്ടതുണ്ട്.
വിവ: അഹ്മദ് നസീഫ് തിരുവമ്പാടി
(Islam Onlive)