വിപ്ലവ വാര്‍ഷികത്തില്‍ ഈജിപ്തില്‍ സമരം ശക്തമാക്കാന്‍ ആഹ്വാനം
കൈറോ : ഈജിപ്തില്‍ വിപ്ലവത്തിന്റെ മൂന്നാം വാര്‍ഷികമായ ജനുവരി 25 ന് രാജ്യത്തുടനീളം ശക്തമായ അട്ടിമറി വിരുദ്ധ സമരത്തിന് ആഹ്വാനം. ജനുവരി 24 വെള്ളിയാഴ്ച്ച മുതല്‍ വിപ്ലവ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തെരുവീഥികളില്‍ സമരജ്വാല ഉയര്‍ത്താനും അട്ടിമറി സര്‍ക്കാറിനെതിരെ തെരുവിലിറങ്ങാനും മുഴുവന്‍ ഈജിപ്ഷ്യന്‍ പൗരന്‍മാരോടും മുര്‍സി അനുകൂല ജനാധിപത്യ സഖ്യം ആവശ്യപ്പെട്ടു. ജനുവരി വിപ്ലവത്തിന്റെ ചിഹ്നങ്ങളായ കൈറോയിലെ തഹ്‌രീര്‍ ചത്വരത്തിലും അലക്‌സാണ്ട്രിയയിലെ അല്‍ ഖായിദ് ഇബ്രാഹീം മൈതാനത്തും സമരക്കാര്‍ പ്രകടനം നടത്തുമെന്നും മുര്‍സി അനുകൂലികള്‍ വ്യക്തമാക്കി. വിപ്ലവ വാര്‍ഷികം മൂന്‍ നിര്‍ത്തി അട്ടിമറി സര്‍ക്കാര്‍ ജനുവരി 25 വരെ തഹ്‌രീര്‍ മൈതാനം അടച്ചിട്ടിരിക്കുകയാണ്. അതേസമയം, സൈനിക അട്ടിമറിക്ക് നേതൃത്വം കൊടുത്ത അബ്ദുല്‍ ഫത്താഹ് സീസിയുടെ അനുയായികളും ജനുവരി 25 ന് തഹ്‌രീര്‍ ചത്വരത്തില്‍ പ്രകടനം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ ഭരണഘടനയുടെ ഹിതപരിശോധനാ വിജയം ആഘോഷിക്കുന്നതിന്നും സീസിയെ പുതിയ പ്രസിഡന്റായി നോമിനേറ്റ് ചെയ്യുന്നതിനും വേണ്ടിയാണ് സീസി അനുകൂലികള്‍ പ്രകടനം നിശ്ചയിച്ചിട്ടുള്ളത്.
ജനുവരി 25 ലെ വിപ്ലവ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി രാജ്യത്ത് സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി വന്‍ സൈനിക സജ്ജീകരണം നടത്തുമെന്ന് ഈജിപ്ത് സുരക്ഷാ വിഭാഗം വ്യക്തമാക്കി.