മനുഷ്യന്‍ ശരീരവും ആത്മാവും ചേര്‍ന്നത്. മണ്ണിന്റെ മണവും വിണ്ണിന്റെ ഗുണവും ഉള്ളവന്‍. ആത്മാവിന്റെ താല്‍പ്പര്യങ്ങളുടെയും ശരീരത്തിന്റെ ആസക്തികളുടെയും നിരന്തര സംഘട്ടനത്തില്‍ അടിസ്ഥാന പ്രകൃതി അവനോടാവശ്യപ്പെടുന്നത് ഉപരിലോകത്തേക്കുള്ള ഉയര്‍ച്ചയാണ്. അല്ലാഹുവിന്റെ അടുപ്പവും മാലാഖമാരുടെ നൈര്‍മല്യവും അവന്റെ അകം കൊതിക്കുന്നു. അത്യുല്‍കൃഷ്ടമായ ലക്ഷ്യത്തിലേക്ക് പറന്നുയരാന്‍ ആഗ്രഹിക്കുമ്പോഴും മണ്ണിന്റെ, ആസക്തിയുടെ താല്‍പ്പര്യത്തിനു അവന്‍ അടിപ്പെടുന്നു. സുഖഭോഗപരതയുടെ കണ്ണഞ്ചിപ്പിക്കുന്ന കെട്ടുകാഴ്ചകളില്‍ മതിമറക്കുന്നു. ശരീരകാമനകളാല്‍ ആത്മീയപ്രതലത്തില്‍ നിന്ന് വഴുതിമാറുന്ന മനുഷ്യനെ പിശാച് അവന്റെ വൃത്തികെട്ട വഴികളിലൂടെ സഞ്ചരിപ്പിക്കുന്നു. ഇസ്‌ലാം പ്രകൃതിയുടെ താളമാണ്. മനുഷ്യ പ്രകൃതിയിലെ മണ്ണിന്റെ മണം തിരിച്ചറിയുന്ന ഇസ്‌ലാം ആത്മീയതയെയും ഭൗതികതയെയും അതിശയകരമായി കൂട്ടിയോജിപ്പിക്കുന്നു. മണ്ണില്‍ ചവിട്ടിനില്‍ക്കേത്തന്നെ ആകാശവിതാനത്തേക്ക്, ആത്മീയതയുടെ ഔന്നത്യങ്ങളിലേക്ക് ഉയരാന്‍ മനുഷ്യനെ പ്രാപ്തമാക്കുകയാണ് ആരാധനകളിലൂ ടെയും അനുഷ്ഠാനങ്ങളിലൂടെയും ഇസ്‌ലാം.
കേവല ആരാധനകള്‍ക്കും അനുഷ്ഠാനപരതക്കും ഇസ്‌ലാമില്‍ ഇടമില്ല. ആരാധനകള്‍ തന്നെയും ആചാരപരമോ സാമ്പ്രാദായികമോ അല്ല. വ്യക്തിനിഷ്ഠതക്കൊപ്പം സാമൂഹികതയുടെ ഉള്ളടക്കവും ശഹാദത്തിലും സ്വലാത്തിലും സകാത്തിലും ഹജ്ജിലും പ്രകടമാണ്. റമദാനിലെ നോമ്പില്‍ അത് കുറേക്കൂടി ശക്തമായി നമുക്ക് അനുഭവപ്പെടും. കേവല സ്വകാര്യ സംഗതിയായല്ല വ്യക്തിയെ സമൂഹത്തോട് കണ്ണി ചേര്‍ത്ത് സാമൂഹിക പ്രതിബദ്ധതയുടെ ഉദാത്തഭാവം അവനില്‍ കരുപ്പിടിപ്പിക്കുന്ന സവിശേഷ അനുഷ്ഠാനമായി വ്രതത്തെ ഇസ്‌ലാം അടയാളപ്പെടുത്തുന്നു. മികവാര്‍ന്ന ഒരനുഷ്ഠാന രൂപത്തിലൂടെ ചാളയിലെ വിശന്നുപൊരിയുന്ന വയറില്‍ അമര്‍ത്തിപ്പിടിച്ച് വാവിട്ട് കരയുന്ന കൊച്ചു കുട്ടികളുടെയും, അവരെയൊന്നു സമാധാനിപ്പിക്കുവാന്‍ വാക്കുകള്‍ക്ക് പ്രയാസപ്പെടുന്ന നൊന്തുപെറ്റ ഉമ്മമാരുടെയും വിശപ്പിന്റേയും പട്ടിണിയുടേയും തിക്താനുഭവത്തെ രാജകൊട്ടാരത്തിലെ രാജാവും പണ്ഡിതസദസ്സിലെ പണ്ഡിതനും കര്‍ഷകഗൃഹത്തിലെ കര്‍ഷകനും തൊഴില്‍ശാലയിലെ തൊഴിലാളിയും വീടകങ്ങളിലെ വീട്ടമ്മയും ഒന്നിച്ചനുഭവിക്കുന്നു. അങ്ങിനെ ചാളപ്പുരയിലും കുടിലിലും കൊട്ടരത്തിലും അന്തപുരങ്ങളിലും സമ സാന്നിധ്യമാകുന്ന ഒരനുഗ്രഹീത ആരാധനയാണ് നോമ്പ്. ഈ അനുഭവത്തിന്റെ ഒരു നേര്‍സാക്ഷ്യം ജെഫ്രിലാംഗ് അനുസ്മരിക്കുന്നു:
‘ഒരു ദിവസം നോമ്പ് തുറക്കുവാന്‍ ആരംഭിക്കവേ ടി.വിയില്‍ ഒരു വാര്‍ത്താശകലം പ്രത്യക്ഷപ്പെട്ടു. എത്യോപ്യയേയും സോമാലിയയേയും ബാധിച്ച കടുത്ത പട്ടിണിയെക്കുറിച്ചുള്ളതായിരുന്നു അത്. ക്രമാതീതമായി ചീര്‍ത്തവയറുമായി അഴുക്കില്‍ കിടന്ന് പ്രാണസങ്കടത്താല്‍ പിടയുന്ന നഗ്നനായ തന്റെ കൊച്ചുകുഞ്ഞിനെ നിസ്സഹായനായി നോക്കിനില്‍ക്കുന്ന പട്ടിണിമൂലം മെലിഞ്ഞൊട്ടിയ ഒരു സൊമാലിയന്‍ പിതാവിന്റെ മുഖം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. കുടുംബ ങ്ങളിലെ മറ്റ് അംഗങ്ങളെല്ലാം അദ്ദേഹത്തിനു നഷ്ടപ്പെട്ടിരിക്കുന്നു. കുഞ്ഞിന്റെ ചാരത്ത് ശാന്തനായി ദീന ഭാവത്തോടെ കുഞ്ഞിനു ആശ്വാസമായെത്തുന്ന മരണത്തേയും കാത്ത് അയാള്‍ ഇരിക്കുക യാണ്. അതേ സമയം ഞാന്‍ വിഭവസമൃദ്ധമായ ആഹാരം കഴിച്ചു കൊണ്ട് അത് വീക്ഷിക്കുകയാണ്. അപ്പോഴും മരണത്തെ പുല്‍കിയിട്ടില്ലാത്ത ആ കുഞ്ഞ് അതിനോട് ചെയ്ത സകല അനീതികള്‍ക്കുമെതിരെ, ടെലിവിഷന്‍ ദൃശ്യത്തില്‍ അസ്വസ്ഥരാകുന്നതിനു പകരം അതാസ്വദിക്കുന്ന എന്നെ പ്പോലുള്ള ആളുകളുടെ ഹൃദയശൂന്യവും ക്രൂരവുമായ അവഗണനക്കെതിരെ പ്രതിഷേധിച്ചിട്ടെന്ന മട്ടില്‍ കഠോരമായും ധിക്കാരപൂര്‍വ്വമായും അലറിക്കൊണ്ടിരിക്കുന്ന സൊമാലിയയിലേയും എത്യോപിയയിലേയും ഈ ദുരന്തത്തെക്കുറിച്ച് ഞാന്‍ അറിയുന്നു. പക്ഷെ ഞാന്‍ ഒന്നും ചെയ്തിട്ടില്ല. അതൊന്നു ശ്രദ്ധിക്കുവാന്‍പോലും ഞാന്‍ സന്നദ്ധനായിട്ടില്ല. മുമ്പില്‍ ഭക്ഷണത്തളികയും വെച്ച് ടെലിവിഷന്‍ സ്‌ക്രീനില്‍ കണ്ണുനട്ടിരിക്കേ ഒരനീതി കണ്ണില്‍പ്പെട്ടാല്‍ കൈകള്‍ കൊണ്ട് തടയുക, സാധ്യമല്ലങ്കില്‍ നാവുകൊണ്ട് അതുമല്ലങ്കില്‍ ഹൃദയം കൊണ്ടെങ്കിലും. പക്ഷെ അത് വിശ്വാസത്തി ന്റെ ദുര്‍ബലമായ പ്രകടനമാണ് എന്ന നബി വചനം എന്നെ പിളര്‍ത്ത് കയറി. ഒരു മാസക്കാലം ഞാന്‍ നോമ്പെടുത്തിട്ടും എന്റെ കണ്‍മുന്നില്‍ മറ്റുള്ളവര്‍ പേറുന്ന പെരും ദുരിതങ്ങളെക്കുറിച്ച് ഒരിക്കല്‍പ്പോലും ഞാന്‍ ആലോചിച്ചിട്ടില്ല. യഥസ്ഥാനത്ത് എന്നെ നിര്‍ത്തി എനിക്ക് ലഭിച്ച സര്‍വ്വ വിഭ വങ്ങളും കാണിച്ച് തന്ന് ഞാനെത്ര നന്ദി കെട്ടവനാണെന്ന് എന്നെ ബോധ്യപ്പെടുത്താന്‍ അല്ലാഹു ആ നിമിഷം റ്റെരഞ്ഞെടുക്കുകയായിരുന്നു എന്ന് എനിക്ക് തോന്നി.’ (ജെഫ്രിലാംഗ്: മാലാഖമാര്‍ പോലും ചോദിക്കുന്നു; ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് കോഴിക്കോട്).
സമഭാവനയുടെ മാസമാണ് റമദാന്‍. ആര്‍ത്തിയിലും സ്വാര്‍തയിയിലും അഭിരമിക്കുന്നവര്‍ക്ക് അയല്‍വാസിയെയും അടുത്ത ബന്ധുവിനെയും അനാഥയെയും അഗതിയെയും കണ്ണു തുറന്ന് കാണാന്‍ കഴിയുന്ന മാസം. അന്യന്റെ ദു:ഖങ്ങളില്‍ ആശ്വാസമാകാന്‍, അവന്റെ അതി ജീവനശ്രമങ്ങള്‍ക്ക് റമദാന്‍ അവനെ പ്രാപ്തനാക്കുന്നു. വിശപ്പിന്റെയും പട്ടിണിയുടെയും രുചിയറിയുന്ന വിശ്വാസി ചുറ്റുവട്ടത്തുള്ളവന്റെ കണ്ണീരിനു ശമനമാകുന്നു. കഷ്ടപ്പെടുന്നവന്റെ ദുരിതപര്‍വ്വങ്ങള്‍ക്ക് ആശ്വാസമാകുന്നു. അവന്റെ നഷ്ടസ്വപ്നങ്ങള്‍ക്ക് നിറം പകരുന്നു.
അനുവദനീയമായ ശരീരചോദനകള്‍ക്ക് തന്നെ നിയന്ത്രണമേര്‍പ്പെടുത്തുന്നതോടെ റമദാനില്‍ വിശ്വാസിക്ക്, തന്നെ നശിപ്പിക്കുവാനും സ്വര്‍ഗ്ഗത്തില്‍നിന്ന് അകറ്റുവാനും ശ്രമിക്കുന്ന പിശാചിനെ പിടിച്ചുകെട്ടാനാവുന്നു. ആത്മസംസ്‌കരണത്തിനായി രൂപപ്പെടുത്തിയ മാര്‍ഗ്ഗങ്ങള്‍ക്ക് മതങ്ങളിലും ദര്‍ശനങ്ങളിലും വലിയ സ്ഥാനമുണ്ട്. ദേഹേഛകളുടെ സമ്മര്‍ദ്ദത്തില്‍പ്പെട്ടവര്‍ക്ക് രക്ഷപ്പെടാന്‍ കഴിയുന്ന കരുത്തുറ്റ ആയുധമാണ് നോമ്പ്. നബി തിരുമേനി പഠിപ്പിച്ചു, ‘പിശാച് മനുഷ്യശരീരത്തില്‍ രക്തം സഞ്ചരിക്കുന്നിടത്തെല്ലാം സഞ്ചരിക്കും. അതിനാല്‍ വിശപ്പുകൊണ്ട് അവന്റെ സഞ്ചാരമാര്‍ഗ്ഗത്തെ നിങ്ങള്‍ തടയുക’. നമ്മെ വഴികേടിലാക്കുവാന്‍ പ്രതിജ്ഞയെടുത്ത പിശാചിന്റെ സഞ്ചാരവേഗം നാം വര്‍ദ്ധിപ്പിക്കരുത്. ശരീരത്തിനെയും മനസ്സിനെയും എല്ലാ ദുര്‍വാസനകളില്‍ നിന്നും ദുഷ്പ്രവണതകളില്‍നിന്നും അകറ്റി അല്ലാഹുവിനോടുള്ള സാമീപ്യം വര്‍ദ്ധിപ്പിക്കുവാനുള്ള പ്രായോഗിക പരിശീലനമാണ് റമദാന്‍ വ്രതം.
ഒരിക്കല്‍ പത്‌നി ആഇശയോട് പ്രവാചക തിരുമേനി പറഞ്ഞു, ‘ആഇശാ നീ എപ്പോഴും സ്വര്‍ഗ്ഗത്തിന്റെ വാതിലില്‍ മുട്ടിക്കൊണ്ടിരിക്കുക’. ‘എന്തു കൊണ്ടാണു ഞാന്‍ സ്വര്‍ഗ വാതിലില്‍ മുട്ടേണ്ടത്?’ നബി തിരുമേനി:, ‘വിശപ്പ് കൊണ്ട്’. ഒരേസമയം പിശാചിനെ പ്രതിരോധിക്കുവാനുള്ള ആയുധമായും സ്വര്‍ഗ്ഗവാതില്‍ തുറക്കുവാനുള്ള ഉപകരണമായും വിശപ്പിനെ അല്ലാഹുവിന്റെ ദൂതന്‍ പഠിപ്പിക്കുന്നു.
അത്താഴം കഴിക്കാത്ത, പ്രദോഷസമയത്ത് നോമ്പ് തുറക്കാത്ത തുടര്‍ച്ചയായ ഉപവാസത്തെ നിരാകരിച്ച ഇസ്‌ലാം ആത്മീയ, ശാരീരികപീഢനത്തെ ഒരിക്കലും ഇസ്‌ലാം അംഗീകരിക്കുന്നില്ല. ആത്മീയ തീവ്രവാദത്തിനും ദേഹേഛയുടെ അതിരുകവിച്ചിലിനും മധ്യേ റമദാനിലെ നോമ്പിലൂടെയും ആത്മീയ ഭൗതിക സമന്വയത്തിന്റെ പാലം പണിയുന്നു ഇസ്‌ലാം. കണ്‍മുന്നില്‍ നിറഞ്ഞ വിഭവങ്ങളുടെ സമൃദ്ധിയില്‍ ആത്മനിയന്ത്രണത്തിലൂടെ ഒരു മാസക്കാലത്തെ പകലുകളില്‍ വിശ്വാസി വിശപ്പ് അറിയുകയാണ്. വിശക്കുന്നവന്റെ വയറിന്റെ കത്തലും കാളലും ഇപ്പോഴവനു ശരിയായി തിരിച്ചറിയാനാകുന്നു. അമിതമായ ഭോജനവും ഭൗതികസുഖസൗകര്യങ്ങളെക്കുറിച്ച് മാത്രമായ സ്വപ്നങ്ങളും ആര്‍ത്തിപൂണ്ട പ്രവര്‍ത്തനങ്ങളും അന്തിമമായി തനിക്ക് നാശം വിതക്കുന്നതാണ് എന്ന് അവന്‍ തിരിച്ചറിയുന്നു.
നാഥനെ വിസ്മരിക്കുകയും താനല്ലാത്ത മറ്റെല്ലാറ്റിനെയും നിസ്സാരമാക്കുകയും ആരാ ധനാനുഷ്ഠാനങ്ങളില്‍ അലസരാകുകയും ഒരുപദേശത്തിനും ചെവി നല്‍കാതിരിക്കുകയും മറ്റുള്ളവര്‍ക്ക് ഉപദേശം നല്‍കിയാല്‍ അവരത് അനുസരിക്കാതിരിക്കുകയും ഇഛകളേയും താല്‍പ്പര്യങ്ങളേയും തടവറയിലാക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്നവരായി അമിത ഭോജികളും സുഖാഢംബരങ്ങള്‍ക്ക് പിന്നാലെ പായുന്നവരും മാറുമെന്ന് ഇമാം ഗസ്സാലി നിരീക്ഷിക്കുന്നുണ്ട്.
സ്വര്‍ഗ കവാടങ്ങള്‍ തുറക്കുവാന്‍ ശേഷിയുള്ള, പിശാചിനെ പിടിച്ചുകെട്ടാന്‍ കെല്‍പ്പ് നല്‍കുന്ന വിശപ്പ് അനുഭവിക്കുന്ന റമദാന്‍ വിശ്വാസിയെ ചുറ്റുവട്ടത്തെ വിഷമങ്ങളെയും ദാരിദ്ര്യത്തെയും പട്ടിണിയെയും വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. അതിനാലവന്‍ അത്യതിധികം ഉദാരനാവാനാകുന്നു. അഗതിക്കും അനാഥക്കും ആശ്വാസം നല്‍കുന്നു. തന്റെ കീഴിലുള്ളവര്‍ക്ക് തണലാവുന്നു. കൂടെയുള്ളവര്‍ക്ക് സാന്ത്വനമാകുന്നു. നിര്‍ബന്ധവും ഐഛിക വുമായ ദാനങ്ങളിലൂടെ, നല്ല വാക്കിലൂടെ, മുഖത്തെ പുഞ്ചിരിയിലൂടെ സ്വര്‍ഗ്ഗത്തെ സ്വപ്നം കണ്ട് സ്വര്‍ഗ്ഗത്തിലേക്ക് വഴിനടക്കുന്ന ഒരു നല്ല മനുഷ്യനായി റമദാന്‍ വിശ്വാസിയെ പരിവര്‍ത്തിപ്പിക്കുന്നു.
ഹബീബുര്‍റഹ്മാന്‍ കിഴിശേരി
(Islam Onlive,2014 Jun-12)