കാലം ചെല്ലുന്തോറും മനുഷ്യരാശി നൂതനമായ ഒട്ടേറെ പുതിയ നേട്ടങ്ങള്‍ കൊയ്‌തുകൊണ്ടിരിക്കുന്നു. ശാസ്ത്രവിജ്ഞാന മേഖലകളിലുള്ള വളര്‍ച്ചയും സാങ്കേതിക രംഗത്തെ മുന്നേറ്റവും മനുഷ്യന്റെ ഭൗതിക ജീവിതം ഉത്തുംഗതയില്‍ എത്തിച്ചിരിക്കുന്നു. വാര്‍ത്താവിനിമയ രംഗത്തെ വിപ്ലവം ലോകത്തിന്റെ അഷ്‌ടദിക്കുകളെ പരസ്‌പരം ചേര്‍ത്തു കെട്ടിയിരിക്കുന്നു. പുതിയ കണ്ടുപിടുത്തങ്ങള്‍, ജീവിതം ആയാസരഹിതമാക്കുന്ന നിരവധി പുത്തന്‍ ഉല്‌പന്നങ്ങള്‍ സമ്മാനിച്ചിരിക്കുന്നു. ആരോഗ്യശാസ്‌ത്ര രംഗത്തെ വളര്‍ച്ചയുടെ ഫലമായി രോഗനിര്‍ണയ-ചികിത്സാ സൗകര്യങ്ങള്‍ പതിന്മടങ്ങ് വര്‍ധിക്കുകയും ആയുര്‍ദൈര്‍ഘ്യ ശരാശരി ഉയരുകയും ചെയ്‌തിരിക്കുന്നു. ഭൗതിക ജീവിതത്തെ സമൃദ്ധമാക്കുന്ന ഇത്തരം നേട്ടങ്ങള്‍ അനുദിനം പെരുകിക്കൊണ്ടിരിക്കുമ്പോഴും അഗാധമായ ആന്തരിക സംഘര്‍ഷങ്ങള്‍ മനുഷ്യനെ തകര്‍ത്തുകൊണ്ടിരിക്കുന്നു എന്നതാണ് അനുഭവ സത്യം.
ശാസ്‌ത്രത്തിന് നിരീക്ഷണ, പരീക്ഷണങ്ങളിലൂടെ ഭൗതിക പുരോഗതി നേടിത്തരാന്‍ മാത്രമേ സാധിക്കൂ. അത്തരം വിജ്ഞാനങ്ങളും അതിന്റെ നേട്ടങ്ങളായ ഉല്‌പന്നങ്ങളും അനുഭവ വേദ്യമാക്കുന്നത് മനുഷ്യരാണ്. അതിനാല്‍, സമ്പത്തും സമൃദ്ധിയും ഒരു ഭാഗത്തു കുന്നുകൂടി കിടക്കുന്നു. അത് സന്തുലിതമായി ഒഴുകി എല്ലാവരിലുമെത്തുന്നില്ല. മുമ്പത്തേക്കാളുപരി, സാമ്പത്തിക അസമത്വവും വിവേചനവും ഭൗതിക പുരോഗതിയുടെ ഇക്കാലത്താണ് കുതിച്ചുയരുന്നത്. സമ്പന്ന രാജ്യങ്ങളില്‍ പണക്കൊഴുപ്പ് അരങ്ങു തകര്‍ക്കുമ്പോള്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പട്ടിണി കൊണ്ടും പോഷകാഹാരക്കമ്മി കൊണ്ടും മനുഷ്യര്‍ ചത്തൊടുങ്ങുന്നു. ഒരു വശത്ത് ആളോഹരി വരുമാനം കൂടുകയും സഹസ്ര കോടീശ്വരന്മാര്‍ വര്‍ധിക്കുകയും ചെയ്യുമ്പോള്‍, നിത്യക്കൂലി കൊണ്ട് ജീവിതം തള്ളി നീക്കാന്‍ സാധിക്കാത്ത ദരിദ്രരുടെയും കടക്കെണിയില്‍ പെട്ട് ആത്മഹത്യ ചെയ്യുന്നവരുടെയും സംഖ്യ ഭീകരമായി പെരുകുന്നു.
ഇനി, സാമ്പത്തിക സമൃദ്ധിയില്‍ ആറാടുന്നവര്‍ തന്നെ സമ്പൂര്‍ണ സന്തോഷത്തോടെ ജീവിതം ആസ്വദിക്കുന്നുണ്ടോ? നഗരങ്ങളില്‍ ഉയര്‍ന്നുനില്‌ക്കുന്ന മാളുകളില്‍ നിന്ന് വാങ്ങിക്കൊണ്ടുവരുന്ന ഉപഭോഗ ഉല്‌പന്നങ്ങള്‍ കൊണ്ട് നിറഞ്ഞ, അംബരചുംബികളായ സൗധങ്ങളിലും അസംതൃപ്‌തി ബാക്കിയാവുന്നു. കമ്പോളങ്ങള്‍ മനുഷ്യരെ കീഴ്‌പ്പെടുത്തിയപ്പോള്‍, വീണ്ടും വീണ്ടും വാങ്ങാനുള്ള ത്വര അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഉള്ളതിലും അനുഭവിച്ചതിലുമപ്പുറം ഇനിയും വെട്ടിപ്പിടിക്കാനുള്ള ദുര മനസ്സില്‍ അസംതൃപ്‌തിയായി പുകഞ്ഞ് ജീവിതം ദുര്‍ഘടമായിത്തീരുന്നു. ആ ദുരയും ആസക്തിയും മനുഷ്യവര്‍ഗത്തിനു മാത്രമല്ല പരിസ്ഥിതിക്കും പ്രകൃതിക്കും പോലും ദുരന്തങ്ങള്‍ സൃഷ്‌ടിച്ചുകൊണ്ടിരിക്കുന്നു.
ഭൗതിക പുരോഗതിയും ശാസ്‌ത്ര വിജ്ഞാനങ്ങളും സാങ്കേതിക വിദ്യയും അതിന്റെ ഫലമായ കണ്ടുപിടുത്തങ്ങളുമൊക്കെ മനുഷ്യന്റെ ആഗ്രഹങ്ങളെയും ആസക്തിയെയും പൊലിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. മാര്‍ക്കറ്റുകളില്‍ കുന്നുകൂടുന്ന ഉല്‌പന്നങ്ങള്‍ ഭോഗതൃഷ്‌ണയെയും ശരീര കാമനകളെയും മാത്രമേ തൃപ്‌തിപ്പെടുത്തുന്നുള്ളൂ. ആധുനിക ജീവിതത്തെ നിര്‍ണയിക്കുകയും നയിക്കുകയും ചെയ്യുന്ന മുതലാളിത്ത സംസ്‌കാരം മനുഷ്യനെ വെറുമൊരു ജന്തുവായി മാത്രമേ കാണുന്നുള്ളൂ. തിന്നുക, കുടിക്കുക, രമിക്കുക, ആസ്വദിക്കുക തുടങ്ങിയ ജന്തുസഹജമായ ശാരീരികാവശ്യങ്ങള്‍ ശമിപ്പിക്കുന്നതിനപ്പുറം മനുഷ്യന്റെ മൂല്യതലം ഉയര്‍ത്തുന്നതില്‍ അവയ്‌ക്കെന്തുണ്ട് സംഭാവന ചെയ്യാന്‍? മനുഷ്യന് മാത്രം സിദ്ധമായിട്ടുള്ള അപാരമായ ചിന്താശേഷിയും ധിഷണാ വൈഭവവും ഭാവനാപാടവവും, ഈ സിദ്ധികളില്ലാത്ത നാല്‍ക്കാലികള്‍ക്കു സമാനം വെറും `ജന്തു’വായി ജീവിക്കാനാണ് പ്രയോജനപ്പെടുത്തുന്നതെങ്കില്‍ ഈ ജീവലോകത്ത് മനുഷ്യന് എന്താണ് സവിശേഷത?
മനുഷ്യന്‍ മണ്ണില്‍ നിന്നാണ് സൃഷ്‌ടിക്കപ്പെട്ടിരിക്കുന്നത്. അതിനാല്‍ പദാര്‍ഥ ലോകത്തിന്റെ ഭാഗമാണ്. പ്രത്യുല്‌പാദനം നടത്തുകയും ജനിച്ചുവളരുകയും തിന്നും കുടിച്ചും ഭോഗിച്ചും ഒടുങ്ങുകയും ചെയ്യുക എന്ന ജൈവ പ്രകൃതി പിന്തുടരുന്ന ജന്തുവര്‍ഗമാണ് മനുഷ്യന്‍. എന്നാല്‍ ജന്തുസഹജമായ പരിമിതികളെ ഭേദിച്ച്, ഉന്നതമായ ഒരു വിതാനത്തിലേക്ക് ഉയരാനുള്ള പ്രാപ്‌തി മനുഷ്യാസ്‌തിത്വത്തില്‍ അന്തര്‍ഹിതമാണെന്ന് ഖുര്‍ആന്‍ പറയുന്നു. “മനുഷ്യാസ്‌തിത്വത്തെയും അതിനെ സംവിധാനിച്ച രീതിയെയും തന്നെയാണ് സത്യം. എന്നിട്ട് അതിന് അതിന്റെ ദുഷ്‌ടതയും അതിന്റെ സൂക്ഷ്‌മതയും സംബന്ധിച്ച് അവന്‍ ബോധം നല്‌കുകയും ചെയ്‌തിരിക്കുന്നു.” (91:7,8)
ധര്‍മനിഷ്‌ഠതയുടെ ഈ സഹജ ബോധം ആര്‍ജിച്ചു വികസിപ്പിക്കുമ്പോഴാണ് പൂര്‍ണതയിലേക്ക് മനുഷ്യന്‍ സഞ്ചരിക്കുന്നത്. അതാണ് ജന്തുസഹജഭാവങ്ങളില്‍ നിന്ന് അതുല്യമായ മാനവികതയിലേക്ക് നയിക്കുന്നത്. എന്നാല്‍, ശരീരത്തിന്റെ ഇച്ഛകളില്‍ അമര്‍ന്ന് വെറും ജന്തുവായി തരം താഴുകയാണ് മഹാഭൂരിപക്ഷം മനുഷ്യരും. തന്നിഷ്‌ടങ്ങളെ പിന്‍പറ്റുന്നവരെ ഖുര്‍ആന്‍ നായയോടാണ് ഉപമിച്ചിരിക്കുന്നത്. “അവന്‍ ഭൂമിയിലേക്ക് (അത് ശാശ്വതമാണെന്ന ഭാവേന) തിരിയുകയും അവന്റെ തന്നിഷ്‌ടത്തെ പിന്‍പറ്റുകയുമാണ് ചെയ്‌തത്. അപ്പോള്‍ അവന്റെ ഉപമ ഒരു നായയുടേത് പോലെയാകുന്നു”(7:176). കണ്ണും കാതും മനസ്സും തുറന്നുവെച്ച് തന്റെ അസ്‌തിത്വത്തിന്റെ ലക്ഷ്യം തിരിച്ചറിയാതെ ജീവിക്കുന്ന മനുഷ്യര്‍ കാലികളെക്കാള്‍ പിഴച്ചവരാണെന്നും ഖുര്‍ആന്‍ തുടര്‍ന്നു വിശേഷിപ്പിക്കുന്നു. “അവര്‍ക്ക് മനസ്സുകളുണ്ട്. അതുപയോഗിച്ച് അവര്‍ കാര്യം ഗ്രഹിക്കുന്നില്ല. അവര്‍ക്ക് കണ്ണുകളുണ്ട്. അതുപയോഗിച്ച് അവര്‍ കണ്ടറിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട്. അതുപയോഗിച്ച് അവര്‍ കേട്ടു മനസ്സിലാക്കുകയില്ല. അവര്‍ കാലികളെ പോലെയാകുന്നു. അല്ല; അവരാണ് കൂടുതല്‍ പിഴച്ചവര്‍. അവര്‍ തന്നെയാണ് അശ്രദ്ധര്‍”(7:179). മനുഷ്യരില്‍ മഹാഭൂരിപക്ഷവും `മാനവിക’മായി ഉയരാതെ മൃഗീയതലത്തില്‍ അധപ്പതിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ഖുര്‍ആന്‍ അര്‍ഥശങ്കയ്‌ക്കിട നല്‌കാതെ പ്രസ്‌താവിക്കുന്നുണ്ട്.
“തന്റെ ദൈവത്തെ തന്റെ തന്നിഷ്‌ടമാക്കി മാറ്റിയവനെ നീ കണ്ടുവോ? എന്നിരിക്കെ നീ അവന്റെ കാര്യത്തിന് ചുമതലപ്പെട്ടവനാണോ? അതല്ല, അവരില്‍ അധികപേരും കേള്‍ക്കുകയോ ചിന്തിക്കുകയോ ചെയ്യുമെന്ന് നീ വിചാരിക്കുന്നുണ്ടോ? അവര്‍ കന്നുകാലികളെ പോലെ മാത്രമാകുന്നു. അല്ല, അവരാകുന്നു കൂടുതല്‍ വഴിപിഴച്ചവര്‍”(25:43,44). “സത്യനിഷേധികള്‍ സുഖിക്കുകയും നാല്‌ക്കാലികളെ പോലെ ഭുജിക്കുകയും ചെയ്‌തുകൊണ്ടിരിക്കുന്നു.” (57:12). ദുഷ്‌ട സാധ്യത കണ്ടറിഞ്ഞ് അതിനെ സംസ്‌കരിച്ച് അസ്‌തിത്വത്തെ വിമലമാക്കുന്നവനാണ് മനുഷ്യരില്‍ വിജയിക്കുന്നവന്‍. “തീര്‍ച്ചയായും അസ്‌തിത്വത്തെ സംസ്‌കരിച്ചവന്‍ വിജയം കൈവരിച്ചു. അതിനെ കളങ്കപ്പെടുത്തിയവന്‍ തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്‌തു.”(91:9,10)
നടേ സൂചിപ്പിച്ച, ദുര, അഹന്ത, അനീതി, വിവേചനം, ധൂര്‍ത്ത്, തുടങ്ങി കടുത്ത മാനവിക പ്രതിസന്ധിയിലേക്ക് നയിക്കുന്ന സകല ദുഷ്‌ടതകളും ശരീരത്തിന്റെ കുടുസ്സായ തടവറയില്‍ മനുഷ്യന്‍ കുരുങ്ങിയതിന്റെ പ്രകടനമാണ്. `മൃഗങ്ങളെക്കാള്‍ അധപ്പതിച്ച’ ആധുനിക മനുഷ്യനെ ആകാശത്തേക്ക് പിടിച്ചുയര്‍ത്താന്‍ ധര്‍മ ബോധവും ആത്മസംസ്‌കരണവും മാത്രമേ പോംവഴിയുള്ളൂ. മനുഷ്യന്റെ അന്തശ്ചോദനകളെ മെരുക്കി സംസ്‌കരിക്കാന്‍ ഇച്ഛകളെ നിയന്ത്രണ വിധേയമാക്കുകയാണ് മുന്നുപാധി. സ്വന്തം ഇച്ഛകളുടെ ശമനത്തില്‍ സായൂജ്യമടയുന്ന മനുഷ്യനെ, എല്ലാ മനുഷ്യരുടെയും സഹ സൃഷ്‌ടികളുടെയും പ്രപഞ്ചത്തിലെ ചരാചരങ്ങളുടെയും സുസ്ഥിതി കൂടി കണക്കിലെടുത്ത് ഒരു സംസ്‌കൃത ഭോഗശീലത്തിലേക്ക് ആനയിക്കാന്‍ ആത്മനിയന്ത്രണസാധനകളിലൂടെ മാത്രമേ കഴിയൂ. ഒരു മാസക്കാലത്തെ കഠിന വ്രതം ഇക്കാലത്തും പ്രസക്തമായിത്തീരുന്നത് ഇക്കാരണം കൊണ്ടാണ്.
സൂക്ഷ്‌മത, ജാഗ്രത
“സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‌പിച്ചിരുന്ന പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കിയിരിക്കുന്നു. നിങ്ങള്‍ സൂക്ഷ്‌മതയുള്ളവരായിത്തീരാന്‍ വേണ്ടിയത്രെ അത്” (2:183). റമദാന്‍ വ്രതത്തിന്റെ മൗലികമായ ലക്ഷ്യം `തഖ്‌വ’ ആണെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. `തഖ്‌വ’ ഭാഗികമായ ഭയഭക്തിയോ താല്‌ക്കാലികമായ ആത്മീയ നിര്‍വൃതിയോ അല്ല. പ്രത്യുത, അത് ജീവിതത്തെ സമ്പൂര്‍ണമായി ചൂഴ്‌ന്നുനില്‌ക്കുന്ന കഠിനജാഗ്രതയാണ്. മനുഷ്യനെ അധമനും നികൃഷ്‌ടനുമാക്കുന്ന സകല പൈശാചികതകളില്‍ നിന്നും ജീവിതത്തെ മുക്തമാക്കുകയും മനുഷ്യനെ ഉത്‌കൃഷ്‌ടമാക്കുന്ന ഉദാത്ത മൂല്യങ്ങളിലേക്ക് ഉയര്‍ത്തുകയും ചെയ്യുന്ന നിതാന്ത ജാഗ്രതയെയാണ് `തഖ്‌വ’ എന്ന് സാങ്കേതികമായി പറയുന്നത്.
`തഖ്‌വ’ വിശ്വാസിയുടെ ജീവിതത്തില്‍ സദാ പുലര്‍ത്തേണ്ട ജാഗ്രതയും സൂക്ഷ്‌മതയുമാണ്. എന്നാല്‍, ഭൗതിക ജീവിതത്തിന്റെ താല്‌പര്യ സംഘട്ടനങ്ങളില്‍ മനുഷ്യന്‍ പരാജയപ്പെട്ടുപോകും. അതിനാല്‍, മനസ്സിന് കൂടുതല്‍ കരുത്തും ദാര്‍ഢ്യവും നല്‌കി പ്രതിരോധ സജ്ജമാക്കാന്‍ കഠിന പരിശ്രമം തന്നെ അനിവാര്യമായിത്തീരുന്നു. ഒരു വ്യക്തിമാത്രം കരുതിയാല്‍ `തഖ്‌വ’ നേടാന്‍ പലപ്പോഴും കഴിയില്ല. സാഹചര്യവും പ്രധാനമാണ്. അതിനാല്‍ `തഖ്‌വ’ സമാര്‍ജിക്കുന്നതിനുള്ള ആസൂത്രിതവും സംഘടിതവുമായ സാഹചര്യം സൃഷ്‌ടിക്കുകയാണ് റമദാന്‍ മാസം. സമൂഹം മൊത്തത്തില്‍ ഒരു സവിശേഷ മാനസിക വ്രതനിഷ്‌ഠയിലാകുമ്പോള്‍ പൈശാചിക പ്രേരണകള്‍ അസ്‌ത പ്രജ്ഞമാകും. പകരം നന്മയുടെ പൊതുവായ അന്തരീക്ഷം സൃഷ്‌ടിക്കപ്പെടും. റമദാനില്‍ സ്വര്‍ഗകവാടങ്ങള്‍ തുറക്കുമെന്ന പ്രവാചക വചനത്തില്‍ ഈ വസ്‌തുതയാണ് ധ്വനിക്കുന്നത്.
അബൂഹുറയ്‌റ(റ) നിവേദനം: നബി(സ) പറഞ്ഞു. റമദാനിലെ പ്രഥമ രാവ് വന്നണഞ്ഞാല്‍ പിശാചുക്കളും തിന്മ പ്രചരിപ്പിക്കുന്ന ജിന്നുകളും തടവിലാക്കപ്പെടും. നരകകവാടങ്ങള്‍ അടയ്‌ക്കപ്പെടും. പിന്നീട് അതില്‍നിന്ന് ഒരു കവാടവും തുറക്കപ്പെടുകയില്ല. അപ്രകാരം സ്വര്‍ഗകവാടങ്ങളും തുറക്കപ്പെടും. പിന്നീട് അതില്‍നിന്ന് ഒരു കവാടവും അടയ്‌ക്കപ്പെടുകയില്ല. അനന്തരം ഒരു വിളിയാളം ഉയരും. `നന്മ ആഗ്രഹിക്കുന്നവരേ, കടന്നുവരിക. തിന്മ ഇച്ഛിക്കുന്നവരേ, പിന്മാറുക. അല്ലാഹു നരകശിക്ഷയില്‍നിന്ന് മോചിപ്പിക്കുന്ന ചില ആളുകളുണ്ട്. എല്ലാ രാത്രിയിലും അതുണ്ടായിരിക്കും. (തിര്‍മിദി)
`സൗമ്’ എന്ന അറബി പദത്തിന്റെ അര്‍ഥം ത്യജിക്കുക, ഉപേക്ഷിക്കുക എന്നൊക്കെയാണ്. നാശത്തിലേക്ക് നയിക്കുന്ന ശരീരകാമനകളെയും ജീവിതാസക്തികളെയും വെടിയുമ്പോള്‍ മാത്രമാണ് മനുഷ്യജീവിതത്തില്‍ ഭൗതികവും ആന്തരികവുമായ സമാധാനം ഉണ്ടായിത്തീരുക. ഭക്ഷണം, ഭാര്യാസംസര്‍ഗം, ഭാഷണം, തുടങ്ങി സാധാരണ ജീവിതത്തില്‍ അനുവദനീയമായ, പ്രാഥമിക ചോദനകളെ തന്നെ കഠിനനിയന്ത്രണത്തിലൂടെ വരുതിയില്‍ കൊണ്ടുവരാനുള്ള പരിശീലന പ്രക്രിയയാണ് നോമ്പ്. ശരീരത്തിന്റെ ഇച്ഛകള്‍ക്കു പകരം ദൈവത്തിന്റെ ഇച്ഛകള്‍ സ്വയം വരിക്കാനുള്ള തയ്യാറെടുപ്പാണിത്. “മനുഷ്യന്റെ കര്‍മങ്ങളെല്ലാം അവന്റേതാണ്. അവന്‍ ചെയ്യുന്ന ഓരോ സല്‍കര്‍മത്തിനും പത്തിരട്ടി മുതല്‍ എഴുന്നൂറിരട്ടി വരെ പ്രതിഫലം ലഭിക്കുന്നതുമാണ്. എന്നാല്‍ അല്ലാഹു പറയുന്നു: നോമ്പ് അങ്ങനെയല്ല, ഞാനാണതിന് പ്രതിഫലം നല്‍കുന്നത്. നോമ്പുകാരന്‍ ഭക്ഷണമുപേക്ഷിക്കുന്നത് എനിക്കു വേണ്ടിയാണ്. സുഖഭോഗങ്ങള്‍ ത്യജിക്കുന്നത് എനിക്കു വേണ്ടിയാണ്. തന്റെ ഭാര്യയില്‍ നിന്നും അകന്നുനില്‌ക്കുന്നതും എനിക്കു വേണ്ടിയാണ്” (ബുഖാരി). ഈ വചനത്തില്‍ വ്രതനിഷ്‌ഠയുടെ ഹൃദയം, ഭൗതിക സൗകര്യങ്ങള്‍ ദൈവപ്രീതിക്കുവേണ്ടി ത്യജിക്കാനുള്ള നിശ്ചയത്തിലാണെന്ന് വ്യക്തമാക്കുന്നു.
സംസ്‌കാരം, സംസ്‌കരണം
ശരീരത്തിന്റെ ആഗ്രഹങ്ങളെ മെരുക്കുന്നതോടൊപ്പംതന്നെ, സമൂഹവുമായുള്ള ബന്ധത്തെ ചിട്ടപ്പെടുത്തുകയും ചെയ്യുമ്പോള്‍ മാത്രമാണ് മാനവികത സാക്ഷാത്‌കരിക്കപ്പെടുക. `തഖ്‌വ’ എന്നത് ഒരാളുടെ സ്വകാര്യ ജീവിതത്തിലെ ജാഗ്രത മാത്രമല്ല, പൊതുജീവിതത്തിലെ വിശുദ്ധീകരണം സാധ്യമാക്കുന്ന ഒന്നുകൂടിയാണെന്നര്‍ഥം. ഈ ലക്ഷ്യം നേടാന്‍ മനുഷ്യര്‍ക്കിടയിലെ വിനിമയങ്ങളെ സംസ്‌കൃതമാക്കേണ്ടതുണ്ട്. ഇടപഴക്കങ്ങളുടെ പ്രധാന മാധ്യമമായ വാക്കുകള്‍ ഉദാത്തവും മൂല്യവത്തുമാക്കുക കൂടി നോമ്പിന്റെ പരിശീലന പദ്ധതിയില്‍ പ്രധാനമായിത്തീരുന്നത് അതുകൊണ്ടാണ്. ഭക്ഷണപാനം നിയന്ത്രിക്കുകയും വാക്കുകളെ അനിയന്ത്രിതമായി കെട്ടഴിച്ചുവിടുകയും ചെയ്യുന്ന ഒരാളുടെ വ്രതം നിഷ്‌ഫലമാണ്.
നബി(സ) പറയുന്നു: `ഒരാള്‍ വ്യാജമായ വാക്കും അപ്രകാരമുള്ള പ്രവര്‍ത്തനവും ഉപേക്ഷിക്കുന്നില്ലെങ്കില്‍ അവന്‍ അന്നപാനം വര്‍ജിക്കണമെന്ന് അല്ലാഹുവിന് യാതൊരു ആവശ്യവുമില്ല” (ബുഖാരി). നോമ്പിലൂടെ സമൂലമായ സംസ്‌കാര രൂപീകരണമാണ് ലക്ഷ്യമിടുന്നത് എന്ന് സൂചിപ്പിക്കുന്ന വേറെയും വചനങ്ങള്‍ കാണാം. നബി(സ) പറഞ്ഞു: കേവലം അന്നപാനീയങ്ങള്‍ ഉപേക്ഷിക്കുന്നതല്ല നോമ്പ്. മ്ലേച്ഛവും അനാവശ്യവുമായ മുഴുവന്‍ കാര്യത്തില്‍ നിന്നും അകന്നുനില്‌ക്കുക എന്നതാണ്. ഒരാള്‍ നിന്നെ ചീത്ത വിളിക്കുകയോ അവിവേകം കാണിക്കുകയോ ചെയ്‌താല്‍ നീ അയാളോട് ഞാന്‍ നോമ്പുകാരനാണ്, ഞാന്‍ നോമ്പുകാരനാണ് എന്നുമാത്രം പ്രതിവചിക്കുക (ഇബ്‌നുഖുസൈമ)
ശരീരത്തിന്റെയും മനസ്സിന്റെയും സംയുക്തമായ ധ്യാനപൂര്‍ത്തിയാണ് നോമ്പില്‍ സംഭവിക്കുന്നത്. ശരീരത്തിന്റെ നിയന്ത്രണവും മനസ്സിന്റെ കടിഞ്ഞാണും ഒന്നിച്ചു സാധിക്കുന്ന വിധമാണ് നോമ്പിന്റെ ചിട്ടവട്ടങ്ങള്‍. ജാബിറിബ്‌നു അബ്‌ദില്ല(റ) പറയുന്നു: നീ നോമ്പെടുത്താല്‍ വ്യാജ ഭാഷണങ്ങളില്‍ നിന്നും പാപവൃത്തികളില്‍ നിന്നും വിട്ടകന്ന് നിന്റെ കാതും കണ്ണും നാവും കൂടി നോമ്പെടുക്കട്ടെ. നിന്റെ വേലക്കാരനെ നീ ഉപദ്രവിക്കാതിരിക്കുക, മറ്റു ദിവസങ്ങളില്‍ നിന്ന് ഭിന്നമായി വ്രതനാളില്‍ ഒരു ഗാംഭീര്യവും ശാന്തതയും നിന്നിലുണ്ടായിത്തീരണം. നോമ്പെടുത്ത ദിവസവും നോമ്പെടുക്കാത്ത ദിവസവും ഒരേപോലെ ആയിരിക്കരുത്. (ബുഖാരി). വ്രതത്തില്‍ ഉള്ളടങ്ങിയിരിക്കുന്ന മനുഷ്യ വിമോചനത്തിന്റെ ഉള്‍തലങ്ങള്‍ അനാവരണം ചെയ്യുന്നതാണ് ഈ വചനം. ഈ ലക്ഷ്യങ്ങള്‍ സഫലീകരിക്കാന്‍ സാധിക്കാത്ത തരത്തില്‍ യാന്ത്രികമായി നോമ്പെടുക്കുന്ന പ്രവണതയെ പ്രവാചകന്‍ അപലപിക്കുകയും ചെയ്‌തിരിക്കുന്നു.
“എത്രയെത്ര നോമ്പുകാരുണ്ട്! നോമ്പുമൂലം ദാഹമല്ലാതെ മറ്റൊന്നും അവര്‍ക്ക് ലഭിക്കുന്നില്ല. എത്രയെത്ര നിശാനമസ്‌കാരക്കാരുണ്ട്. ഉറക്കമിളക്കലല്ലാതെ അതുകൊണ്ടവര്‍ മറ്റൊന്നും നേടുന്നില്ല” (ഇബ്‌നുമാജ)
പ്രതിരോധത്തിന്റെ പരിച
ഭൗതിക ആസക്തികളുമായുള്ള മല്‍പ്പിടുത്തമാണ് മനുഷ്യജീവിതം. ഈ യുദ്ധത്തില്‍ എപ്പോഴും കാത്തുവെക്കേണ്ട പരിചയാണ് തഖ്‌വ. നോമ്പിനെ `പരിച’ എന്നാണ് നബിതിരുമേനി വിശേഷിപ്പിച്ചത് എന്നതില്‍ അതിന്റെ ലക്ഷ്യസാരം വ്യക്തമാണ്. നബി(സ) അരുളി: നോമ്പ് ഒരു പരിചയാണ്. അതില്‍ വിള്ളല്‍ വീഴുന്നില്ലെങ്കില്‍. അപ്പോള്‍ ഒരാള്‍ തിരിച്ചുചോദിച്ചു: എങ്ങനെയാണ് അതില്‍ വിള്ളലുണ്ടാവുക? നബി(സ) പറഞ്ഞു: വ്യാജഭാഷണങ്ങളിലൂടെയും പരദൂഷണങ്ങളിലൂടെയും. (ത്വബ്‌റാനി)
പരിച എന്ന രൂപകത്തിലൂടെ റമദാന്‍ വ്രതത്തിന്റെ നിത്യപ്രസക്തി ബോധ്യമാകും. ഈ ലേഖനത്തിന്റെ തുടക്കത്തില്‍ പരാമര്‍ശിച്ച, ആധുനിക ലോകം അനുഭവിച്ചുവരുന്ന സകല മാനസിക പ്രതിസന്ധികളുടെയും ഒരേഒരു പരിഹാരം ആത്മീയ തലത്തില്‍ മാത്രമാണ്. മനുഷ്യനെ ജന്തുത്വത്തില്‍ നിന്ന് മാലാഖമാരുടെ വിതാനത്തിലേക്ക് ഉയര്‍ത്താന്‍ സാധിക്കുന്ന ആന്തരിക ജാഗ്രത ദൈവവിശ്വാസത്തിന്റെ മാത്രം ഫലമാണ്. ഭൗതിക മാപിനികള്‍ക്ക് അപ്രാപ്യമായ `ആത്മീയ ഭാവ’ത്തിലൂടെ മാത്രമേ മനുഷ്യന്റെ അസ്‌തിത്വം ഉത്‌കൃഷ്‌ടവും മാനവകവുമാക്കി വളര്‍ത്താന്‍ കഴിയൂ. ആത്മ ജ്ഞാനത്തിലൂടെ കൈവരുന്ന ജാഗ്രത മനുഷ്യജീവിതത്തില്‍ സാധിക്കുന്ന കാവലും കരുതലും ഭൗതികമായ യാതൊരു നിരീക്ഷണസംവിധാനത്തിനോ നിയമങ്ങള്‍ക്കോ ശിക്ഷാ നടപടികള്‍ക്കോ സാധ്യമല്ല. ഈ ആത്മജ്ഞാനത്തെ ഉണര്‍ത്തി നിര്‍ത്തുകയാണ്, പ്രവര്‍ത്തനക്ഷമമാക്കുകയാണ് റമദാന്‍ വ്രതം ചെയ്യുന്നത്.
നാസ്വിഹ് അമീന്‍
(Shabab Weekly,2014 June 27)