by മര്‍ജാന – റഷ്യ
——————-
എന്റെ ജീവിതത്തിലെ ആദ്യറമദാനായിരുന്നു അത്. നോമ്പനുഷ്ഠിക്കുന്നതിനെക്കുറിച്ച് ആലോചിച്ചപ്പോള്‍ ഒത്തിരി ആശങ്ക തോന്നാതിരുന്നില്ല. പകല്‍മുഴുവന്‍ ഭക്ഷണവും പാനീയവും ഒഴിവാക്കി കഴിഞ്ഞുകൂടുന്നതെങ്ങനെയെന്നതായിരുന്നു എന്റെ ചിന്ത. എന്റെ അടുത്തബന്ധുക്കളും സുഹൃത്തുക്കളും തദ്‌സംബന്ധിയായ പ്രശ്‌നങ്ങളും പ്രയാസങ്ങളും എന്നോട് ചര്‍ച്ച ചെയ്തുകൊണ്ടിരുന്നു. ശാരീരികാവശ്യങ്ങളെ വിശ്വാസത്തിന്റെ പേരുപറഞ്ഞ് ഒഴിവാക്കുന്നതിലെ അര്‍ഥശൂന്യതയെപ്പറ്റി ചിലര്‍ വിമര്‍ശിച്ചു. ഭക്ഷണവും പാനീയവും ദീര്‍ഘസമയം ഒഴിവാക്കുമ്പോള്‍ അള്‍സര്‍ പിടിപെടുമെന്നും പഠനകാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ സാധിക്കില്ലെന്നും അവരെന്നെ ഭയപ്പെടുത്താന്‍ ശ്രമിച്ചു. വ്രതാനുഷ്ഠാനത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ എത്രമാത്രം അവര്‍ ശ്രമിച്ചുവോ അത്രത്തോളം നോമ്പുപിടിക്കണമെന്ന എന്റെ നിശ്ചയദാര്‍ഢ്യം വര്‍ധിച്ചുവന്നു.
മുസ്‌ലിംസമൂഹവും അതിന്റെ അടയാളങ്ങളും ഉള്ള ഒരു നാട്ടില്‍നിന്നും തികച്ചും വ്യത്യസ്തമായി മുസ് ലിംകളെയൊന്നും കാണാത്ത ഒരു അമുസ് ലിംഭൂരിപക്ഷരാജ്യത്ത് നോമ്പനുഷ്ഠിക്കുകയെന്നുപറഞ്ഞാല്‍ വളരെ പ്രയാസകരമായിരുന്നു. ഇസ് ലാമിലേക്ക് തൊട്ടുമുമ്പ് കടന്നുവന്നതിനാലും മുസ്‌ലിംസുഹൃത്തുക്കള്‍ എണ്ണിപ്പറയാനില്ലാത്തതിനാലും വിരസമായി റമദാന്‍ കടന്നുപോകുമോയെന്ന് ഞാന്‍ ഭയപ്പെട്ടു. എന്റെ പരിചയക്കാരായ ആളുകള്‍, റമദാനിലാണ് ഇപ്പോഴുള്ളതെന്നറിയുമ്പോള്‍ പകല്‍മുഴുവന്‍ ഭക്ഷണമൊന്നും ഇല്ലാതെ എങ്ങനെ കഴിഞ്ഞുകൂടുമെന്ന് സഹതാപം പ്രകടിപ്പിച്ചുകൊണ്ടിരുന്നു.
യഥാര്‍ഥത്തില്‍ അനുഷ്ഠാനം എന്ന നിലയ്ക്ക് അത്രയൊന്നും പ്രയാസകരമായിരുന്നില്ല റമദാന്‍ നോമ്പ്. എന്നാല്‍, അടുത്തസുഹൃത്തുക്കളുടെ സന്തോഷനിമിഷങ്ങളില്‍ പങ്കുകൊള്ളാനാകില്ലല്ലോയെന്നത് അങ്ങേയറ്റം വിഷമകരമായിരുന്നു. അതിനാല്‍ എനിക്ക് എന്റെതായ സന്തോഷങ്ങള്‍ കണ്ടെത്തേണ്ടിയിരുന്നു. റമദാന്‍ അതിന് നല്ല ഒരു അവസരമായിരുന്നു. അശരണര്‍ക്ക് ഭക്ഷണവും സഹായവും എത്തിക്കുക, രോഗികളെ ആശ്വസിപ്പിക്കുക ഇതിലൂടെയെല്ലാം സന്തോഷം കണ്ടെത്തി. റമദാന്‍ ഇതിനെയെല്ലാം പ്രോത്സാഹിപ്പിക്കുന്നുണ്ടല്ലോ. വല്ലപ്പോഴുമൊക്കെ ഏതെങ്കിലും മുസ്‌ലിംസഹോദരനെ കാണുമ്പോള്‍ പതിന്‍മടങ്ങ് സന്തോഷം തോന്നിയിരുന്നു.
ഇടയ്ക്ക് മാര്‍ക്കറ്റില്‍ പോയി തിരികെ വീട്ടിലെത്തി പൊതിയഴിച്ചുനോക്കുമ്പോള്‍ മുസ്‌ലിംസെയില്‍സ്മാന്‍ അധികമായി വെച്ചിട്ടുള്ള സമ്മാനങ്ങള്‍ കാണാറുണ്ട്. അതൊരുപക്ഷേ, ആപ്പിളോ അല്ലെങ്കില്‍ പീച്ചുപഴമോ ഒക്കെ ആയിരിക്കും. ആളുകള്‍ക്ക് എന്തെങ്കിലും നന്‍മചെയ്യണമെന്ന ആഗ്രഹത്തെ അത് പ്രചോദിപ്പിക്കാറുണ്ട്.
റമദാന്റെ ആദ്യദിനങ്ങള്‍ പോഷണക്കുറവിന്റെ പ്രയാസം അനുഭവപ്പെട്ടേക്കാം. നോമ്പുതുറയുടെ സമയത്ത് ഭക്ഷണം കഴിക്കുന്നതില്‍ നിയന്ത്രണം വെക്കാന്‍ ബുദ്ധിമുട്ടായിരുന്നു. ഇസ് ലാമിലേക്ക് വരുന്നതിനുമുമ്പ് എന്റെ കൂട്ടുകാര്‍ പറയുന്നത് ഞാന്‍കേട്ടിട്ടുണ്ട്: ‘മുസ് ലിംകള്‍ പകല്‍ പട്ടിണികിടക്കുമെങ്കിലും രാത്രിയില്‍ വയര്‍നിറച്ച് കഴിക്കുന്നവരാണ്.’ അതുപക്ഷേ, റമദാനിന്റെ ചൈതന്യത്തിനെതിരാണ്. ഇസ് ലാമിലേക്ക് കടന്നുവന്ന ആദ്യമായി നോമ്പനുഷ്ഠിക്കുന്നവരെ സംബന്ധിച്ചിടത്തോളം നോമ്പുതുറസമയത്ത് ഭക്ഷണപാനീയങ്ങളില്‍ നിയന്ത്രണം കൊണ്ടുവരികയെന്നത് അല്‍പം പ്രയാസകരമായിരിക്കും. ഇക്കാര്യത്തില്‍ ഖുര്‍ആന്‍ നമുക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം പാലിക്കുകമാത്രമാണ് നമ്മുടെ മുമ്പിലെ പോംവഴി.’ആദം സന്തതികളേ, എല്ലാ ആരാധനകളിലും നിങ്ങള്‍ നിങ്ങളുടെ അലങ്കാരങ്ങളണിയുക. തിന്നുകയും കുടിക്കുകയും ചെയ്യുക. എന്നാല്‍ അമിതമാവരുത്. അമിതവ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല'(അല്‍അഅ്‌റാഫ്:31)
ആദ്യനോമ്പിനെത്തുടര്‍ന്ന് വയറുവേദനയും വയറിളക്കവും പിടിച്ചതിനെത്തുടര്‍ന്ന് എന്റെ ഇഫ്താര്‍ ഭക്ഷണക്രമത്തില്‍ ചിലമാറ്റങ്ങള്‍ വരുത്താന്‍ ഞാന്‍ നിര്‍ബന്ധിതയായി. ശരിയായ റമദാന്‍ ഭക്ഷണക്രമത്തിന് ഞാന്‍ പ്രവാചകന്‍തിരുമേനി(സ)യുടെ ചര്യ പരതി. മുഹമ്മദ് നബി(സ) പറഞ്ഞു:’തന്റെ വയറിനേക്കാള്‍ മോശമായ മറ്റൊരു പാത്രവും മനുഷ്യന്‍ നിറച്ചിട്ടില്ല. ആദം സന്തതിക്ക് തന്റെ നടുനിവര്‍ത്താന്‍ ഏതാനും ഉരുളകള്‍ മതി. ഇനി അവന് ഏറെ ആവശ്യമുണ്ടെങ്കില്‍ ആമാശയത്തിന്റെ മൂന്നിലൊന്ന് ഭക്ഷണത്തിനും മൂന്നിലൊന്ന് പാനീയത്തിനും ശേഷിക്കുന്നത് വായുവിനും വേണ്ടി ഒഴിച്ചിടട്ടെ!'(തിര്‍മിദി, ഇബ്‌നുമാജഃ).
പ്രവാചകചര്യയനുസരിച്ച് ഒരാള്‍തന്റെ വ്രതം അവസാനിപ്പിക്കുന്നത് കാരക്ക ഉപയോഗിച്ചായിരിക്കണം. ഇനി കാരക്കയില്ലെങ്കില്‍ കുറച്ച് വെള്ളം കുടിച്ചുകൊണ്ടാകാം. ഇപ്രകാരം നോമ്പുതുറന്നശേഷം മഗ് രിബ് നമസ്‌കരിക്കുന്നു. ശേഷമാണ് ഭക്ഷണം കഴിക്കുക. നബിതിരുമേനി(സ) പറഞ്ഞു:’ആരെങ്കിലും നോമ്പ് തുറക്കാനുദ്ദേശിക്കുന്നുവെങ്കില്‍ അത് കാരക്ക ഉപയോഗിച്ചാകട്ടെ. ഇനി കാരക്ക കിട്ടിയില്ലെങ്കില്‍ വെള്ളം കുടിച്ചെങ്കിലും അത് നിര്‍വഹിക്കട്ടെ. കാരണം അത് ശുദ്ധിയാണ്.’ ഇത്തരം പ്രവാചകനിര്‍ദ്ദേശങ്ങള്‍ അറിയാനിടവന്നപ്പോള്‍ ഞാന്‍ കാരക്ക ഭക്ഷിക്കാന്‍ തുടങ്ങി. അതോടെ കഠിനമായ വിശപ്പ് കെട്ടടങ്ങി. എല്ലാം തിന്ന് വയറുനിറക്കുന്നതിനുപകരം ഈ ഒരു രീതി സ്വീകരിച്ചത് ആത്മനിയന്ത്രണത്തിന് സഹായിച്ചു. മാത്രമല്ല, തുടര്‍ന്നുള്ള ദിനങ്ങളില്‍ നോമ്പ് വളരെ എളുപ്പമായിത്തീരുകയുംചെയ്തു.
ഒരു ദിവസം എന്റെ സഹപ്രവര്‍ത്തകരിലൊരാള്‍ എന്നോട് ചോദിച്ചു:’താങ്കള്‍ ഒന്നുംതന്നെ തിന്നില്ലെന്നോ? ആരും താങ്കളെ കാണാത്ത അവസ്ഥയിലും ഒന്നും തിന്നാറില്ലെന്നോ?’ അവരുടെ ചോദ്യം എന്നില്‍ ചിരിയുയര്‍ത്തി. നോമ്പ് എന്നാല്‍ കേവലം അന്ന-പാനീയ-ഭോഗങ്ങളുപേക്ഷിക്കല്‍ മാത്രമല്ലെന്ന് ഞാന്‍ വിശദീകരിച്ചു. മുസ് ലിംകള്‍ അല്ലാഹുവിന് വേണ്ടിയാണ് നോമ്പനുഷ്ഠിക്കുന്നത്. ഓരോ വിശ്വാസിയും തന്നാലാകുംവിധം മനസ്സിനെയും ശരീരത്തെയും തിന്‍മകളില്‍നിന്ന് അകറ്റിനിര്‍ത്തുന്നു. റമദാനില്‍ അത്തരം വ്യക്തികള്‍ക്ക് കിട്ടുന്ന അനുഗ്രഹത്തെ ഉപമിക്കാനാകില്ല. ഭക്ഷണവും പാനീയവും മാത്രം ഉപേക്ഷിക്കുന്നതോടൊപ്പം തന്നെ അല്ലാഹുവിന് സമര്‍പ്പിക്കുമ്പോള്‍ മാത്രമേ റമദാനിന്റെ ചൈതന്യം സ്വാംശീകരിക്കാനാകൂ എന്ന് വിശ്വാസികള്‍ക്കറിയാം. അങ്ങനെ സത്കര്‍മങ്ങള്‍ക്കായി സദാ മത്സരിക്കുന്ന മനസ്സുമായാണ് അവര്‍ റമദാനെ സജീവമാക്കുന്നത്.
ഖുദ്‌സിയായ ഹദീഥില്‍ ഇപ്രകാരം വന്നിരിക്കുന്നു:’അല്ലാഹു സുബ്ഹാനഹു വ തആലാ പറഞ്ഞു: ആദം സന്തതിയുടെ എല്ലാ കര്‍മങ്ങളും അവനുള്ളതാണ്, നോമ്പൊഴികെ. അത് എനിക്കുള്ളതാണ് നാമാണതിന് പ്രതിഫലം നല്‍കുക.'(മുസ്‌ലിം)
റമദാനിലെ രാത്രികളില്‍ ഖുര്‍ആനിലെ ഏറ്റവും ചെറിയ അധ്യായങ്ങള്‍ മനഃപാഠമാക്കാന്‍ കഴിഞ്ഞപ്പോളുണ്ടായ സന്തോഷത്തിന് അതിരുണ്ടായിരുന്നില്ല. അറബി എഴുതാനോ വായിക്കാനോ അറിയാതിരുന്ന വ്യക്തിയെന്ന നിലക്ക് ഇതെല്ലാംവലിയ നേട്ടമായിരുന്നു. മനഃപാഠമാക്കാന്‍ ഒത്തിരി ബുദ്ധിമുട്ടിയെങ്കിലും അതിന് പ്രചോദനമേകിയത് റമദാനാണെന്നതില്‍ തര്‍ക്കമില്ല. മനഃപാഠമാക്കിയവ നമസ്‌കാരത്തില്‍ ഓതുമ്പോള്‍ അത് പകര്‍ന്നുതന്നിരുന്ന നിര്‍വൃതി വിവരിക്കാന്‍ വാക്കുകളില്ല.
ബുഖാരിയിലും മുസ് ലിമിലും വന്നിട്ടുള്ള ഹദീഥില്‍ ഇപ്രകാരം കാണാം.’നോമ്പനുഷ്ഠിക്കുന്നവന് രണ്ടു സന്തോഷങ്ങളുണ്ട്. അതിലൊന്ന് നോമ്പുതുറയുടെ വേളയാണ്. രണ്ടാമത്തേത് തന്റെ നോമ്പിന്റെ ഫലമായി റബ്ബിനെ കണ്ടുമുട്ടുമ്പോഴാണ്.’ ആദ്യറമദാനില്‍ ഇതുരണ്ടും ഞാന്‍ അനുഭവിച്ചു.
ആ റമദാനില്‍ എന്റെ വികാരങ്ങളെ, ആഗ്രഹങ്ങളെ ,കാമനകളെ ഒക്കെ നിയന്ത്രിക്കാന്‍ ഞാന്‍ പഠിച്ചു. ക്ഷമയുടെ പാഠങ്ങള്‍ ഞാന്‍ അഭ്യസിച്ചു. റമദാനിനുമുമ്പ് ഞാന്‍ ഒട്ടേറെ സമയം പാഴാക്കിയിരുന്നു. വായനയിലൂടെയും പഠനത്തിലൂടെയും മനസ്സിനെ പ്രബൂദ്ധമാക്കുന്നതിനുപകരം ടിവി സീരിയലും പാട്ടും മൊബൈല്‍സംഭാഷണവുമായി ഞാന്‍ സമയം പാഴാക്കാറുണ്ടായിരുന്നു. റമദാനില്‍ ഇതിനെല്ലാം അറുതിവരുത്തി. പകരം, ഖുര്‍ആന്‍ വായിക്കുകയും ആശയം മനസ്സിലാക്കുകയും പ്രാര്‍ഥിക്കുകയുമായിരുന്നു. ഇടക്ക് ഇസ് ലാമിക് സെന്ററില്‍ ചെന്ന് ക്ലാസുകള്‍ കേള്‍ക്കുകയും ഇസ് ലാമിനെപ്പറ്റി കൂടുതല്‍ മനസ്സിലാക്കുകയുംചെയ്തു.
റമദാനിനെ അവഗണിക്കുന്ന മുസ് ലിംകളെക്കുറിച്ച് ഓര്‍ത്ത് വേദനതോന്നുന്നു. അവര്‍ റമദാനിന്റെ അനുഗ്രഹങ്ങളെ ബോധപൂര്‍വം അവഗണിക്കുകയാണ്. റമദാനിന്റെ ഓരോ നിമിഷത്തിലും തന്റെ നാഥങ്കല്‍നിന്ന് അനുഗ്രഹവര്‍ഷം ഉണ്ടെന്ന് അവര്‍ അറിഞ്ഞിരുന്നുവെങ്കില്‍. കഴിഞ്ഞുപോയ ഒരു നിമിഷവും തിരിച്ചുവരില്ലല്ലോ.