ഹിജാബ് ഒരു സമരചിഹ്നം കൂടിയാണ്‌

സെപ്തംബര്‍ 11 നു ശേഷം അമേരിക്കയുടെ നേതൃത്വത്തില്‍ hijab my rightതുടക്കമിട്ട ഭീകരവേട്ടയും അതിനെ തുടര്‍ന്ന് ആഗോള തലത്തില്‍ വ്യാപിച്ച ഇസ്‌ലാമോഫോബിയയുമാണ് മുസ്‌ലിം സ്ത്രീയെയും ശിരോവസ്ത്രത്തെയും കുറിച്ച് ചൂടന്‍ ചര്‍ച്ചകള്‍ക്ക് കാരണമാകുന്നത്. ഹിജാബിനാല്‍ മുസ്‌ലിം സ്വത്വത്തെ പ്രത്യക്ഷമായി തന്നെ കൊണ്ടു നടക്കേണ്ടിവന്ന മുസ്‌ലിം സ്ത്രീകള്‍ ലിബറലുകളും സെക്യുലറുകളുമായ സമൂഹങ്ങളില്‍ കോരിയിട്ട ഉത്കണ്ഠകള്‍ ചെറുതായിരുന്നില്ല. ഹിജാബിനെ അടിച്ചമര്‍ത്തലിന്റെയും (Oppression) അസ്വാതന്ത്ര്യത്തിന്റെയും ഉപകരണമായി ഒരു ഭാഗത്ത് വ്യാഖ്യാനങ്ങള്‍ നിരന്നപ്പോള്‍ ഫ്രാന്‍സ്, ബെല്‍ജിയം പോലുള്ള രാജ്യങ്ങളില്‍ ഹിജാബ് നിരോധനത്തിലേക്ക് വരെ അത് ചെന്നെത്തി. ലോകത്താകമാനം ഹിജാബ് ധാരികള്‍ അവരുടെ മുസ്‌ലിം വ്യക്തിത്വത്തിന്റെ പേരില്‍ ക്രൂരമായ അവഹേളനങ്ങളും അപമാനവും അക്രമങ്ങളും നേരിട്ടു. ഇതില്‍ മറക്കാന്‍ പാടില്ലാത്ത നാമമാണ് ഈജിപ്ഷ്യന്‍ വംശയായ മര്‍വ ശര്‍ബാനിയുടേത്. ജര്‍മ്മനിയില്‍ വംശീയ വാദിയാല്‍ കോടതി മുറിയില്‍ വെച്ച് ഭീകരമായ കുത്തേറ്റ് വധിക്കപ്പെടുകയായിരുന്നു അവര്‍. ലോകത്തിന്റെ വിവിധ കോളുകളിലെ വിദ്യാലയങ്ങളിലും എയര്‍പോര്‍ട്ടുകളിലും ഗവണ്‍മെന്റ് ഓഫീസുകളിലും ജോലി സ്ഥലങ്ങളിലും തെരുവുകളിലും ഈ അപരവല്‍ക്കരണ പ്രക്രിയ തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.

ഈയിടെ ഒരു ഡോക്യുമെന്ററി ആവശ്യാര്‍ഥം നടത്തിയ യാത്രയില്‍ കണ്ടുമുട്ടിയ പ്രൈമറി സ്‌കൂള്‍ മുതല്‍ ജോലി സ്ഥലത്തോളം വരെ പോവുന്ന നൂറുകണക്കിന് മഫ്ത ധരിച്ച മുസ്‌ലിം പെണ്‍കുട്ടികള്‍ അപരവല്‍ക്കരണത്തിന്റെയും പീഡനത്തിന്റെയും കേരള മോഡല്‍ കഥകള്‍ പങ്കുവെച്ചു. ശിരോവസ്ത്രം സ്‌കൂളിന്റെ യൂണിഫോമിറ്റിക്ക് കളങ്കമേല്‍പ്പിക്കുമെന്നും വര്‍ഗീയത പ്രചരിപ്പിക്കുമെന്നും പറഞ്ഞ് കേരളത്തിലെ വ്യത്യസ്ത വിദ്യാലയങ്ങൡ നിന്നായി അനേകം വിദ്യാര്‍ഥികളെ ടി.സി നല്‍കി പിരിച്ചയക്കുകയോ ഇതരെ വിദ്യാര്‍ഥികൡ നിന്ന് മാറ്റി നിര്‍ത്തുകയോ ചെയ്തിട്ടുണ്ട്.

പണ്ടുതൊട്ടേ കീഴാളര്‍ മുണ്ടുടുക്കുന്നതും മാറു മറക്കുന്നതും തങ്ങളുടെ ഇച്ഛക്കനുസരിച്ചായിരിക്കണമെന്ന ധാര്‍ഷ്ട്യമുണ്ടായിരുന്നു ഇവിടത്തെ സവര്‍ണ ഭരണ വര്‍ഗത്തിന്. ഈ ധാര്‍ഷ്ട്യത്തിനെതിരെ ജീവന്‍ വരെ കൊടുത്തു കലഹിച്ചാണ് കീഴാള സ്ത്രീകള്‍ തങ്ങളുടെ വസ്ത്ര സ്വാതന്ത്ര്യം നേടിയെടുത്തത് എന്നതിന് ചേറൂര്‍ – ചാന്നാര്‍ ലഹളകളുടെ ചരിത്രം സാക്ഷ്യം വഹിക്കുന്നു. തങ്ങളുടെ തലച്ചോറുകളെയല്ല ഹിജാബ് മൂടിവെച്ചിരിക്കുന്നത് എന്ന് പ്രഖ്യാപിച്ച് കൊണ്ട് പുതിയ കാലത്തെ മുസ്‌ലിം പെണ്‍കുട്ടികള്‍ ഉയര്‍ത്തുന്ന പ്രതിരോധത്തിന്റെ സ്വരം വസ്ത്ര സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരങ്ങളുടെ തുടര്‍ച്ച കൂടിയാണ്.

മതപരമായ നൈതികതയുടെ തുടര്‍ച്ചയാവുമ്പോള്‍ തന്നെ ഗള്‍ഫിന്റെ സ്വാധീനവും പ്രതിരോധത്തിന്റെയും ഐക്യപ്പെടലിന്റെയും ഭാവങ്ങള്‍ കൂടിയാണ് ഹിജാബിനെ മുസ്‌ലിം സ്ത്രീകള്‍ക്കള്‍ക്കിടയില്‍ ‘ട്രന്റാക്കി’ മാറ്റിയത്. എന്നാല്‍ സെറ്റ് സാരിയെ ദേശീയ വസ്ത്രമായി ആഘോഷിക്കുന്നിടത്ത് പര്‍ദ്ദയും ശിരോവസ്ത്രവും ‘ട്രന്റു’ കളായി വ്യാപിക്കുന്നത് അംഗീകരിക്കാന്‍ കേരളത്തിന്റെ പൊതുബോധത്തിനും അതു നിര്‍മിച്ച state നും മനസ്സില്ലായ്മയുണ്ടാകുന്നത് സ്വാഭാവികം. അതുകൊണ്ട് തന്നെയാണ്, റയാനക്ക് വേണ്ടി സംസാരിക്കുമ്പോള്‍ ഹിജാബ് സ്ത്രീകളുടെ choice ആവണമെന്ന് വാദിക്കുന്ന വിമോചക ശബ്ദങ്ങള്‍, ഹിജാബ് ധരിക്കുന്ന മുസ്‌ലിം സ്ത്രീകളെപോലുള്ള ‘അപര’രുടെ കാര്യത്തില്‍ ഈ choice നെ കുറിച്ച് നിശബ്ദമായി പോകുന്നത്. ആഗോളാടിസ്ഥാനത്തില്‍ ‘ഹിജാബോഫോബിയ’യുടെ ഇരകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുമ്പോഴും ‘പ്രബുദ്ധ’ കേരളത്തിന് മുസ്‌ലിം പെണ്‍കുട്ടികള്‍ ഇത്തരമൊരു പ്രശ്‌നം നേരിടുന്നു എന്നു പോലും അംഗീകരിക്കാന്‍ കഴിയാത്തതും ഇതുകൊണ്ടാണ്.

 (Islam Onlive)

 

Related Post